വുളൂഅ് ചെയ്യുമ്പോള്‍ ഫര്‍ളിന്‍റെ മേല്‍ ചുരുക്കാന്‍ ഉദ്ദേശിച്ച ഒരാള്‍ (നിര്‍ബന്ധമായ ഭാഗങ്ങള്‍ ഒരു തവണ മാത്രം കഴുകല്‍) മുഖം കഴുകിയ ശേഷം കൈ കഴുകാന്‍ വെള്ളമെടുത്തപ്പോള്‍ അതിലേക്ക് മുഖത്തുനിന്നും വെള്ളം ഇറ്റിവീണാല്‍ കൈ കഴുകാനെടുത്ത വെള്ളം മുസ്തഅ്മല്‍(ഫര്‍ളില്‍ ഉപയോഗിക്കപ്പെട്ട വെള്ളം) ആകുമോ? മുസ്തഅ്മലാകുമെങ്കില്‍ അതിന് വിട്ടുവീഴ്ചയുണ്ടോ?

നിര്‍ബന്ധമായ ശുദ്ധീകരണത്തില്‍(ഫര്‍ള്) ഉപയോഗിക്കപ്പെട്ടത് എന്നാണ് മുസ്തഅ്മലായ വെള്ളം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടെ ഉന്നയിക്കപ്പെട്ട ചോദ്യത്തില്‍ കൈ കഴുകാന്‍ എടുത്ത വെള്ളം മുസ്തഅ്മല്‍ അല്ല. പ്രസ്തുത വെള്ളം മുസ്തഅ്മലായ ഏതാനും തുള്ളികള്‍ ഇറ്റിവീണ വെള്ളം മാത്രമാണ്.

വെള്ളത്തെ മധ്യനിലവാരത്തില്‍ പകര്‍ച്ചയാക്കുന്ന ഒരു വസ്തുവാണ് ആ ഇറ്റിവീണ തുള്ളിയെന്ന് സങ്കല്‍പ്പിച്ചാല്‍, ആ വെള്ളം ധാരാളം പകര്‍ച്ചയാകും എന്ന രൂപത്തിലാണെങ്കില്‍ അതുപയോഗിച്ച് ശുദ്ധീകരണം നടത്തിയാല്‍ സ്വഹീഹാവുകയില്ല. അതേസമയം കൈ കഴുകാന്‍ വേണ്ടി എടുത്ത വെള്ളത്തില്‍ ഒരു തുള്ളി ഉറ്റിവീഴുമ്പോള്‍ മേല്‍പറഞ്ഞതു പ്രകാരം സങ്കല്‍പ്പിച്ചാല്‍ തന്നെയും വെള്ളം പകര്‍ച്ചയാകുന്നതിന് സാധ്യതയില്ലാത്തത് കാരണം ചോദ്യത്തില്‍ ഉന്നയിക്കപ്പെട്ട കൈയ്യിലുള്ള വെള്ളം മുസ്തഅ്മലാവുകയില്ല (തുഹ്ഫതുല്‍ മുഹ്താജ് മഅശ്ശര്‍വാനി: 1/76, 77).