നജസ് കൊണ്ട് ചികിത്സ അനുവദനീയമാണോ? വിശദീകരിച്ചാലും.

നജസുകൊണ്ട് ചികിത്സിച്ചാല്‍ പെട്ടെന്ന് രോഗം സുഖപ്പെടുമെന്നോ, നജസായ മരുന്നിന് ബദലായി ശുദ്ധമായ മറ്റൊരു മരുന്നില്ലെന്നും പ്രസ്തുത നജസായ മരുന്ന് ഉപയോഗിച്ചാല്‍ രോഗം സുഖം പ്രാപിക്കുമെന്നോ ഉറപ്പായാല്‍, മദ്യമല്ലാത്ത നജസുകള്‍ ഉപയോഗിച്ച് ചികിത്സിക്കല്‍ അനുവദനീയമാണ്.

അനസ്(റ)വിനെ തൊട്ട് ഉദ്ധരണം. അദ്ദേഹം പറഞ്ഞു: മദീനയില്‍ ചിലര്‍ക്ക് കാലാവസ്ഥ മോശമായി. അപ്പോള്‍ നബി(സ്വ) ഒട്ടകം മേയ്ക്കുന്നവരിലേക്ക് പോകാനും അതിന്‍റെ പാലും മൂത്രവും കുടിക്കാനും കല്‍പ്പിച്ചു. അതുപ്രകാരം അവര്‍ ഒട്ടകത്തെ മേയ്ക്കുന്നവരുടെയരികില്‍ പോവുകയും സുഖം പ്രാപിക്കുന്നത് വരെ അതിന്‍റെ പാലും മൂത്രവും സേവിക്കുകയും ചെയ്തു (കിതാബുത്ത്വിബ്ബ്, സ്വഹീഹുല്‍ ബുഖാരി-5686).

ഇമാം നവവി(റ) കുറിച്ചു: മദ്യമല്ലാത്ത നജസുകള്‍ കൊണ്ട് ചികിത്സ അനുവദനീയമാണ്. പ്രസ്തുത മരുന്ന് മുഴുവനും ലഹരിയല്ലാത്ത നജസാണെങ്കിലും ശരി, വിരോധമില്ല. നജസ് കൊണ്ട് ചികിത്സ അനുവദനീയമാകുന്നത് അതിന് തതുല്യമായ ശുദ്ധിയുള്ളത് ലഭിക്കാത്ത സാഹചര്യത്തിലാണ്. പ്രസ്തുത നജസായ മരുന്നിന്‍റെ സ്ഥാനത്ത് നില്‍ക്കുന്ന ശുദ്ധിയുള്ള മരുന്ന് ലഭിച്ചാല്‍ നജസുകൊണ്ട് ചികിത്സ നടത്തല്‍ ഹറാമാകുമെന്നതില്‍ തര്‍ക്കമില്ല. അപ്പോള്‍ ‘അല്ലാഹു ഹറാമാക്കിയതില്‍ ശിഫയില്ല’ എന്ന ഹദീസ് ആ രോഗത്തിന് ശുദ്ധിയുള്ള മറ്റൊരു മരുന്ന് ഉള്ള അവസ്ഥയിലാണ്. അതേസമയം ശുദ്ധിയുള്ള മരുന്ന് പരിഹാരമായി ലഭിച്ചില്ലെങ്കില്‍ നജസുകൊണ്ടുള്ള ചികിത്സ ഹറാമാകില്ല.

നമ്മുടെ അസ്വ്ഹാബ് പറഞ്ഞു: നജസ് കൊണ്ടുള്ള ചികിത്സ അനുവദനീയമാകുന്നത്, ചികിത്സ സ്വീകരിക്കുന്ന വ്യക്തി ചികിത്സയെ സംബന്ധിച്ച് പരിജ്ഞാനമുള്ള ആളാവുകയും ശുദ്ധിയുള്ളൊരു മരുന്ന് ഇതിന്‍റെ സ്ഥാനത്ത് നില്‍ക്കില്ലെന്ന് അറിയുകയോ നീതിമാനും വിശ്വസ്ഥനുമായ ഡോക്ടര്‍ നജസ് കൊണ്ട് ചികിത്സിക്കണമെന്നും ഈ മരുന്നിന് സമാനമായ ശുദ്ധിയുള്ള മരുന്നില്ലെന്ന് പറയുകയോ ചെയ്താല്‍ മാത്രമാണ്. ഇത്തരം സാഹചര്യങ്ങളില്‍ ഡോക്ടറുടെ അഭിപ്രായം മതിയാകുമെന്ന് ഇമാം ബഗ്വി(റ)യും മറ്റു പണ്ഡിതന്മാരും വ്യക്തമാക്കിയിട്ടുണ്ട്.

നജസ് കൊണ്ട് ചികിത്സിച്ചാല്‍ അസുഖം പെട്ടെന്ന് സുഖപ്പെടുമെന്നും അല്ലെങ്കില്‍ സമയമെടുക്കുമെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടാല്‍, ഈ സാഹചര്യത്തില്‍ നജസ് കൊണ്ട് ചികിത്സിക്കാന്‍ പറ്റുമോ എന്ന വിഷയത്തില്‍ രണ്ട് അഭിപ്രായമുണ്ടെങ്കിലും ആ ചികിത്സ സ്വീകരിക്കാവുന്നതാണ് (ശറഹുല്‍ മുഹദ്ദബ്: 9/49-51 കാണുക).

ഇബ്നു ഹജറുല്‍ ഹൈതമി(റ) എഴുതി: നജസായ ഒരെല്ല് ചേര്‍ത്തുവെച്ചാല്‍, അത് കഠിന(മുഗല്ലള്)മായ നജസാണെങ്കിലും ശരി. അപ്രകാരം തന്നെ നജസായ എണ്ണ, അത് കഠിനമായ നജസാണെങ്കിലും; ചികിത്സക്ക് പറ്റുന്ന ശുദ്ധിയുള്ള വസ്തു ലഭിക്കാത്തത് കാരണമാണെങ്കില്‍ വിട്ടുവീഴ്ച ചെയ്യപ്പെടുന്നതാണ്. പരിചയ സമ്പന്നനായ വ്യക്തിയുടെ വാക്ക് കൊണ്ടാണത് സ്ഥിരപ്പെട്ടത്. നായ, പന്നി പോലുള്ള കഠിനമായ നജസുകള്‍ കൊണ്ട് ചികിത്സിച്ചാല്‍ പെട്ടെന്ന് അസുഖം ഭേദപ്പെടാന്‍ കാരണമാണെങ്കില്‍, ഇവിടെയും ശുദ്ധിയുള്ളത് ലഭിക്കാത്ത സന്ദര്‍ഭത്തില്‍ ഇളവ് ചെയ്യപ്പെടും. ഇനി ശുദ്ധിയുള്ളത് ലഭ്യമാണ്, പക്ഷേ അത് ബഹുമാനിക്കപ്പെടുന്ന മനുഷ്യന്‍റേതാണ്. ഇത്തരം സന്ദര്‍ഭത്തിലും നജസ് ഉപയോഗിച്ച് ചികിത്സിക്കുന്നതില്‍ ഇളവുണ്ട്. മേല്‍ പറഞ്ഞ കാര്യങ്ങള്‍ നജസ് കൊണ്ട് മുറിവ് ചികിത്സിക്കുന്ന എല്ലാവര്‍ക്കും ബാധകമാണ് (തുഹ്ഫതുല്‍ മുഹ്താജ്: 2/134,137).

‘നിങ്ങളുടെ ശമനം ഹറാമായതിലില്ല’ എന്ന നബിവചനവും ‘നജസ് കൊണ്ട് ശമനം നേടാന്‍ പാടില്ലെന്ന്’ പറയുന്ന ഹദീസും നിര്‍ബന്ധിതമല്ലാത്ത സാഹചര്യത്തിലാണെന്ന് ഗ്രാഹ്യം. ഹാഫിള് ഇബ്നു ഹജര്‍ അസ്ഖലാനി(റ) ഫത്ഹുല്‍ബാരിയില്‍ രേഖപ്പെടുത്തുന്നു: നജസായ ഒരു വസ്തു ഉപയോഗിച്ച് ചികിത്സ പാടില്ലെന്ന നബി(സ്വ)യുടെ ഹദീസും അല്ലാഹു ഹറാമാക്കിയതില്‍ ശമനമില്ലെന്നതും തെളിവ് പിടിച്ച്, നജസ് ഹറാമാണെന്നും അതിനാല്‍ അതുപയോഗിച്ച് ചികിത്സയില്ലെന്നും ചിലര്‍ പറഞ്ഞതായി കാണാം. എന്നാല്‍ ഈ പറഞ്ഞത് നജസായ മരുന്നിന്‍റെ സ്ഥാനത്ത് മറ്റു മരുന്നുള്ള അവസ്ഥയിലാണ്. ഹറാമായ വസ്തുവില്‍ ശമനമില്ലെന്ന് പറഞ്ഞതിന്‍റെ വിവക്ഷ ഇതത്രെ. നിര്‍ബന്ധ ഘട്ടങ്ങളില്‍ മേല്‍ വിവരിച്ചതു പ്രകാരം ചെയ്യുന്നതുകൊണ്ട് കുഴപ്പമില്ല. (അഥവാ നജസിന്‍റെ സ്ഥാനത്ത് ശുദ്ധിയുള്ളത് ലഭിക്കാത്ത സാഹചര്യത്തില്‍) നജസിന്‍റെ ഉപയോഗം ഹറാമാവുകയില്ല. നിര്‍ബന്ധിത ഘട്ടങ്ങളില്‍ ശവം ഭക്ഷിക്കല്‍ അനിവാര്യമായത്പോലെ. എന്നാല്‍ മദ്യത്തെ സംബന്ധിച്ച് നബി(സ്വ) പറഞ്ഞു: മദ്യം മരുന്നല്ല, രോഗമാണ്.’ മദ്യം കൊണ്ട് ചികിത്സ നടത്തട്ടേയെന്ന് ചോദിച്ചവര്‍ക്ക് മറുപടി നല്‍കിയ ഹദീസ് മദ്യത്തിന് പ്രത്യേക നിരോധനയാണ്. (മദ്യം ഉപയോഗിച്ചുള്ള ചികിത്സ ഒരര്‍ത്ഥത്തിലും പാടില്ലെന്നാണ് ആ ഹദീസിന്‍റെ വിവക്ഷ) ലഹരിയുണ്ടാക്കുന്ന മറ്റു വസ്തുക്കളും ഇപ്രകാരം തന്നെ (1/339).