ഇന്ത്യയുടെ തലസ്ഥാന നഗരത്തിന് അനുഗ്രഹം പകര്‍ന്നുകൊണ്ടിരിക്കുന്ന പുണ്യകേന്ദ്രമാണ് ഹസ്‌റത്ത് നിസാമുദ്ദീന്‍ ഔലിയ ദര്‍ഗ. ചിശ്തിയ്യ ത്വരീഖത്തിന്റെ പ്രമുഖ സൂഫിവര്യരായ ഖാജാ നിസാമുദ്ദീന്‍ സുല്‍ത്താന്‍ മഹ്ബൂബെ ഇലാഹിയാണ് ഇവിടെ അന്ത്യവി ശ്രമംകൊള്ളുന്നത്.
1238 ല്‍ ബദിയൂനിലാണ് മഹാനവര്‍കള്‍ ജനിച്ചത്. അഞ്ചാം വയസ്സില്‍ തന്നെ പിതാവ് മരണപ്പെട്ടു. പതിനാറാം വയസ്സില്‍ ഉമ്മയോടും സഹോരദിമാരോടുമൊപ്പം ഡല്‍ഹിയില്‍ താമസമാക്കി. ശൈഖ് ഫരീദുദ്ദീന്‍ ഗഞ്ചിശക്കര്‍, ശൈഖ് ബഹാഉദ്ദീന്‍ സകരിയ്യ തുടങ്ങിയ പണ്ഡിതന്‍മാരുമായി മഹാന് അഗാധ ബന്ധമുണ്ടായിരുന്നു. ജമാഅത്ത് ഖാന എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കീഴില്‍ നടന്നിരുന്ന പഠന ക്ലാസുകളില്‍ രാജകുടുംബാംഗങ്ങളടക്കമുള്ളവരുടെ നിറ സാന്നിധ്യമുണണ്ടായിരുന്നു.
ജനങ്ങളുടെ ദുഖ:ങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും പരിഹാരം നിര്‍ദ്ദേശിച്ചിരുന്ന മഹാന്‍ ലളിത ജീവിതം നയിക്കുകയും തനിക്ക് ലഭിക്കുന്ന ഹദ്‌യകള്‍ അപ്പോള്‍ തന്നെ പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തു പോരുകയും ചെയ്തു. അക്കാലത്തെ ഭരണാധികാരികള്‍ അദ്ദേഹത്തിന് വലിയ ആദരവും ബഹുമാനവും നല്‍കിയിരുന്നു.
1325 ഏപ്രില്‍ മൂന്നിനാണ് മഹാനവര്‍കള്‍ ഈ ലോകത്തോട് വിടപറഞ്ഞത്. എഴുനൂറോളം കൊല്ലമായി ഇന്ത്യക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങള്‍ മഹാന്റെ സാമീപ്യം തേടി അവിടുത്തെ ഹള്‌റത്തിലിലേക്ക് ഒഴുകികൊണ്ടിരിക്കുന്നു.