ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന് നാം കാണുന്നതു പോലെ അവ ക്രമീകരിക്കപ്പെടുകയോ സമാഹരിക്കപ്പെടുകയോ ചെയ്തിരുന്നില്ല.  മനഃപാഠം മുഖേനയും എഴുത്ത് മുഖേനയുമാണ് വിശുദ്ധ ഖുര്‍ആനിന്‍റെ ക്രോഡീകരണം നടന്നത്.
ഖുര്‍ആന്‍ അവതീര്‍ണമായി തുടങ്ങിയപ്പോള്‍ തന്നെ അതു മനഃപാഠമാക്കാനാണ് നബി(സ്വ) ശ്രമിച്ചത്. ശേഷം സ്വഹാബികളും  മനഃപാഠമാക്കാന്‍ വേണ്ടി അവിടുന്ന് ഓതിക്കൊടുക്കുകയാണ് ചെയ്തത്. കാരണം നബി(സ്വ) അക്ഷരജ്ഞാനം ലഭിക്കാത്തവര്‍ (ഉമ്മിയ്യ്) ആണ്. അവിടുത്തെ നിയോഗവും അക്ഷര ജ്ഞാനം ലഭിക്കാത്തവരിലേക്കാണ്. ‘അവരുടെ  പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും എഴുതപ്പെട്ടു കാണുന്ന, അക്ഷര ജ്ഞാനം ലഭിക്കാത്ത പ്രവാചകനായ ദൂതനെ പിന്തുടരുന്നവരാണവര്‍. അദ്ദേഹം അവരോട് നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യുന്നു’ (വിശുദ്ധ ഖുര്‍ആന്‍ 7/157).
‘അക്ഷര ജ്ഞാനമില്ലാത്തവര്‍ക്ക് അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാണവന്‍. അവിടുന്ന് അല്ലാഹുവിന്‍റെ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുക്കുകയും അവരെ ശുദ്ധീകരിക്കുകയും വേദവും വിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു. അതിനു മുമ്പ് അവര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലായിരുന്നു’ (ഖുര്‍ആന്‍ 62/2).
ഖുര്‍ആനിലെ ഓരോ വചനവും അവതീര്‍ണമാകുമ്പോള്‍ അതു മന:പാഠമാക്കാന്‍ വേണ്ടി തിരു നബി(സ്വ) ധൃതി കാണിച്ചിരുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ‘നബിയേ, ധൃതിപ്പെട്ട് മനഃപാഠമാക്കാന്‍ വേണ്ടി താങ്കള്‍ ഖുര്‍ആന്‍ കൊണ്ട് താങ്കളുടെ നാവിനെ ചലിപ്പിക്കരുത്. അതിനെ ഒരുമിച്ച് കൂട്ടലും ഓതിത്തരലും നമ്മുടെ ബാധ്യത തന്നെയാണ്. അതിനാല്‍ നാമത് ഓതിത്തരുമ്പോള്‍ അതിന്‍റെ ഓത്തിനെ നിങ്ങള്‍ പിന്തുടരുക. പിന്നീടത് വിശദീകരിക്കുന്നതും നമ്മുടെ ബാധ്യത തന്നെയാണ്’ (സൂറത്തുല്‍ ഖിയാമ/16-19).
‘യഥാര്‍ത്ഥ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. (നബിയേ) ബോധനം പൂര്‍ണമായി നിര്‍വ്വഹിക്കപ്പെടുന്നതിനു മുമ്പ് ഖുര്‍ആനോതാന്‍ താങ്കള്‍ ധൃതിപ്പെടരുത്. ‘എന്‍റെ നാഥാ എനിക്ക് നീ അറിവ് വര്‍ധിപ്പിക്കേണമേ’ എന്ന് പറയുകയും ചെയ്യുക’ (സൂറത്തു ത്വാഹ/114).
ജിബ്രീല്‍(അ) ഖുര്‍ആന്‍ ഓതിക്കേള്‍പ്പിക്കുന്നിനു മുമ്പു തന്നെ അതു മനഃ:പാഠമാക്കാന്‍ വേണ്ടി ധൃതി കാണിക്കേണ്ടെന്നും അറിവ് വര്‍ധിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നുമാണ് നബി(സ്വ) യോട് അല്ലാഹു ഉണര്‍ത്തിയത്. അല്ലാഹുവിന്‍റെ നിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിച്ചതോടെ തിരുനബി(സ്വ)ക്ക് ഖുര്‍ആന്‍ മുഴുവന്‍ അനായാസം ഹൃദിസ്ഥമാക്കാനും അക്കാലത്തെ  ഹാഫിളുകളുടെ നേതാവായിത്തീരാനും സാധിച്ചു. ജിബ്രീല്‍(അ) എല്ലാ വര്‍ഷവും ഓരോ തവണയും തിരുനബി(സ്വ)യുടെ അവസാന വര്‍ഷത്തില്‍ രണ്ട് തവണയും വന്ന് ഖുര്‍ആന്‍ നോക്കിയിട്ടുണ്ടെന്ന ഹദീസ് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ആഇശ(റ), ഫാത്വിമ(റ) എന്നിവര്‍ പറയുന്നു: ‘നബി(സ്വ) പറയുന്നതായി ഞങ്ങള്‍ കേട്ടു. എല്ലാ വര്‍ഷവും ഓരോ തവണ ജിബ്രീല്‍(അ) വന്ന് എന്‍റെ ഖുര്‍ആന്‍ ഒത്തുനോക്കാറുണ്ട്. ഈ വര്‍ഷം രണ്ട് തവണ വന്നു നോക്കുകയുണ്ടായി. എന്‍റെ അവധിയെത്തിയിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു’ (സ്വഹീഹുല്‍ ബുഖാരി/3624).
നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബികളും മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ വീടുകള്‍ക്കരികിലൂടെ നടന്നുപോകുന്നവര്‍ക്ക് ഖുര്‍ആന്‍ പാരായണം മൂലം തേനീച്ചയുടെ മുഴക്ക ത്തോട് സമാനമായ ശബ്ദം കേള്‍ക്കാമായിരുന്നു. വിശുദ്ധ ഖുര്‍ആനിന്‍റെ പഠനത്തിനു വേണ്ടി നബി(സ്വ) അവര്‍ക്ക് നല്ല പ്രോത്സാഹനമാണ് നല്‍കിയിരുന്നത്. വീട് വിദൂരത്തുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കാന്‍ വേണ്ടി അവിടുന്ന് തന്നെ സ്വഹാബികളെ നിയമിച്ചിട്ടുമുണ്ട്.
ഹിജ്റക്കു മുമ്പ് മദീനയിലെ ജനങ്ങള്‍ക്ക് ഇസ്‌ലാം പഠിപ്പിക്കാനും ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും വേണ്ടി മിസ്അബ് ബ്നു ഉമൈര്‍(റ), ഇബ്നു ഉമ്മി മക്തൂം(റ) എന്നിവരെയാണ് നിയമിച്ചത്. ഹിജ്റക്കു ശേഷം മക്കയിലുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്തു കൊടുക്കാനും ഹൃദിസ്ഥമാക്കിക്കൊടുക്കാനും വേണ്ടി മുആദ്ബനു ജബല്‍(റ)നെയും അയക്കുകയുണ്ടായി. അങ്ങനെ നബി(സ്വ)യുടെ കാലത്ത് തന്നെ നിരവധി സ്വഹാബികള്‍ വിശുദ്ധ ഖുര്‍ആന്‍ മനഃപാഠമുള്ളവരായിത്തീര്‍ന്നു.