*പ്രശ്നം:* “കുറ്റകരമായ വാക്കുകളും പ്രവൃത്തികളും വല്ലവനും ഒഴിവാക്കിയില്ലെങ്കിൽ അവൻ അന്നപാനാദികളെ ഒഴിവാക്കുന്നതിൽ അല്ലാഹുവിന് യാതൊരാവശ്യവുമില്ല” എന്ന് ഒരു ഹദീസുണ്ടല്ലോ. ഇത് സ്വഹീഹാണോ? എന്താണ് ഇതിന്റെ ഉദ്ദേശ്യം? അത്തരം വാക്കു – പ്രവൃത്തികൾ കൊണ്ടു നോമ്പ് അസാധുവാകുമോ? പുണ്യം നഷ്ടപ്പെടുമോ?

 

_ഉത്തരം:_ *പ്രസ്തുത ഹദീസ് ഇമാം ബുഖാരി തന്റെ സ്വഹീഹിൽ നിവേദനം ചെയ്തിട്ടുള്ളതാണ്.* *നോമ്പുകാരൻ കളവ്, പരദൂഷണം പോലുള്ള കുറ്റകരമായ വാക്കുകളും നിഷിദ്ധമായ പ്രവൃത്തികളും വെടിഞ്ഞു നില്ക്കുന്നതിൽ നോമ്പുകാരനെന്ന നിലക്കു തന്നെ നിഷ്കർഷ പുലർത്തേണ്ടതാണെന്നും അതില്ലെങ്കിൽ അവന്റെ നോമ്പ് പരിപൂർണ്ണമല്ലെന്നുമാണ് പ്രസ്തുത ഹദീസിന്റെ ഉദ്ദേശ്യം. പ്രസ്തുത കുറ്റകൃത്യങ്ങൾ നോമ്പില്ലാത്ത വേളയിലും വർജ്ജിക്കൽ നിർബ്ബന്ധമാണെങ്കിലും നോമ്പുവേളയിൽ ഈ വർജ്ജനം നോമ്പിന്റെ പ്രത്യേക ചിട്ടയിൽ പെട്ടതാണ്.* *നിഷിദ്ധമായ പരദൂഷണം പോലുള്ളവ നോമ്പുതന്നെ അസാധുവാക്കുമെന്ന് അഭിപ്രായപ്പെട്ടവരുണ്ടെങ്കിലും  നോമ്പു സാധുവാണെന്നും എന്നാൽ നോമ്പിന്റെ പുണ്യത്തെ ഇതു നഷ്ടപ്പെടുത്തുമെന്നുമാണ് പ്രബല വീക്ഷണം. ഇമാം ശാഫിഈയും അസ്ഹാബും ഇക്കാര്യം വ്യക്തമായും പ്രസ്താവിച്ചിട്ടുണ്ട്. തുഹ്ഫ: 3-424.*