ചോദ്യം: അറഫ ദിവസത്തിനു മുമ്പുള്ള എട്ട് ദിവസം നോമ്പനുഷ്ഠിക്കലും ബലപ്പെട്ട സുന്നത്താണ് എന്ന് പറഞ്ഞതിന്റെ ശേഷം ഫത്ഹുൽ മുഈനിൽ പറയുകയാണ് റംസാനിലെ അവസാനത്തെ പത്തിനേക്കാളും ദുൽഹിജ്ജ:10 ശ്രേഷ്ടമാണെന്ന് ജനിപ്പിക്കുന്ന സ്വഹീഹായ ഹദീസുണ്ടായതാണിതിന്ന് കാരണം എന്ന്. എന്നാൽ റമസാൻ അവസാനത്തെ പത്തിനാണ് മറ്റെല്ലാകാലത്തേക്കാളും ശ്രേഷ്ടത എന്ന് തെളിയിക്കുന്ന സ്വഹീഹായ ഹദീസുകൾ വേറേയും ഉള്ളതല്ലെ ? ഒന്ന് വിശദീകരിച്ചാലും ?

ഉത്തരം: ചോദ്യത്തിൽ സൂചിപ്പിച്ച ഹദീസിന്റെ അടിസ്ഥാനത്തിൽ ദുൽഹജ്ജയിലെ ആദ്യത്തെ എട്ടു ദിവസം വ്രതമനുഷ്ടിക്കൽ ബലപ്പെട്ട സുന്നത്താണെന്ന് പ്രസ്താവിക്കുകയാണ് ഫത്ഹുൽ മുഈൻ ചെയ്തത്. അല്ലാതെ ദുൽഹജ്ജ്‌ പത്ത്‌ വരെയുള്ള കാലത്തിനാണ് റമസാൻ അവസാന പത്തിനേക്കാളും ശ്രേഷ്ടത എന്ന് പ്രഖ്യാപിക്കുകയല്ല. എന്നാൽ ദുൽഹജ്ജയിലെ ആദ്യത്തെ പത്ത് ദിവസങ്ങൾക്ക് ഇതര ദിവസങ്ങളേക്കാളെല്ലാം ശ്രേഷ്ടതയുണ്ടെന്ന് ജനിപ്പിക്കുന്ന ഹദീസുണ്ടെങ്കിലും ആ ഹദീസിന്റെ വിവക്ഷ റമസാനിലെ ദിനരാത്രികൾ ഒഴിച്ച് മറ്റു ദിവസങ്ങളേക്കാൾ ദുൽഹജ്ജയിലെ പത്തു ദിവസങ്ങൾക്ക് ഉത്കൃഷ്ടതയുണ്ടെന്ന് മാത്രമാണ്. ഇത് കാര്യകാരണ സഹിതം തുഹ്ഫഃ 3-454ൽ വിവരിച്ചിട്ടുണ്ട്.