ഹജ്ജ് എന്നും ഹിജ്ജ് എന്നും പ്രയോഗിക്കാം. ഭാഷാർത്ഥം: ലക്ഷ്യമാക്കൽ,ആദരിക്കപ്പെടുന്നതിലേക്കുള്ള വർധിതലക്ഷ്യം.താഴെ പറയുന്ന ആരാധനക്കു വേണ്ടി കഅബയെ ലക്ഷ്യം വെക്കൽ എന്നാണ് ശർഇൽ ഹജ്ജിന്റെ അർത്ഥം. പുരാതന ശരീഅത്തുകളിൽ തന്നെ ഹജ്ജ് ഉണ്ടായിരുന്നു. ആദം (അ) ഇന്ത്യയിൽ നിന്ന് നടന്നുപോയി നാൽപത് ഹജ്ജ് ചെയ്തുവെന്നും താങ്കൾക്ക് ഏഴായിരം വർഷം മുമ്പ് മുതൽ മലക്കു കൾ ഈ ഭവനം ത്വവാഫ് ചെയ്തുവരുന്നു എന്ന് ജിബ്രീൽ(അ) അവരോട് പറഞ്ഞെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹജ്ജ് ചെയ്യാത്ത ഒരു പ്രവാചക നേയും ഇബ്രാഹീം(അ)നു ശേഷം അല്ലാഹു അയച്ചിട്ടില്ല എന്ന് ഇബ്നു ഇസ്ഹാഖ് പ്രസ്താവിച്ചിട്ടുണ്ട്. മറ്റുള്ളവർ പറയുന്നത് ഇബ്രാഹിം നബിക്കുമുമ്പും ശേഷവും ഹജ്ജ് ചെയ്യാത്ത ഒരു നബിയുമില്ലെന്നാണ്. ചിലർ ഹൂദ്, സ്വാലിഹ്(അ) എന്നീ നബിമാരെ ഒഴിവാക്കിയിട്ടുണ്ട്.
ഹിജ്റ ആറാം വർഷമാണ് ഹജ്ജ് നിർബന്ധ മാക്കിയതെന്നാണ് പ്രബലം. നബി(സ) പ്രവാച കത്വം ലഭിക്കും മുമ്പും ശേഷവും ഹിജ്റക്കു മുമ്പുമായി നിരവധി ഹജ്ജുകൾ ചെയ്തിട്ടുണ്ട്. അതിന്റെ എണ്ണമറിയില്ല. ഹിജ്റക്കു ശേഷം ഹജ്ജതുൽ വിദാഅ് എന്ന ഒരു ഹജ്ജ് മാത്രമേ ചെയ്തിട്ടുള്ളൂ.
ഈ ഭവനത്തിൽ വന്ന് ഹജ്ജ് ചെയ്തവൻ ഉമ്മ പ്രസവിച്ചപ്പോഴെന്ന പോലെ പാപമുക്തനായിരിക്ക മെന്ന് ഹദീസിൽ കാണാം. ഉമ്മ പ്രസവിച്ച പോലെ എന്നു പറയുമ്പോൾ മനുഷ്യനുമായി ബന്ധപ്പെട്ട ബാധ്യതകൾ കൂടി അതുൾക്കൊള്ളുമെന്ന് ഇമാം ഇബ്നു ഹജറുൽ ഹൈതമി ഹാശിയതുൽ ഈളാഹിൽ പറഞ്ഞിരിക്കുന്നു. മറ്റൊരു റിപ്പോർട്ടിൽ അതു വ്യക്തമായി തന്നെ പറഞ്ഞിട്ടുണ്ട്. ചില പണ്ഡിതന്മാർ ഇതുൾപ്പെടു മെന്ന് ഫത്വവ നൽകിയിട്ടുമുണ്ട്. എങ്കിലും കർമ്മശാസ്ത്രപ്രമുഖരുടെ സംസാരത്തിൽ നിന്നു വ്യക്തമാ വുന്നത്. ഇതിനെതിരാണ്. ഹദീസുകളുടെ ബാഹ്യാശയങ്ങളോട് കൂടുതൽ യോജിക്കുന്നത് ഉൾപ്പെടു മെന്നതാണെങ്കിലും തത്വങ്ങൾക്കനുയോജ്യം ഉൾപ്പെടില്ലെന്നതാണ്. പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ കഴിവുള്ള എല്ലാ മുസ്ലിമിനും ഹജ്ജും ഉംറയും നിർബന്ധമാണ്. ഉംറ എന്നാൽ പരിപാലിച്ചു പോരുന്ന സ്ഥലം സന്ദർശിക്കുക എന്നാണ് ഭാഷാർത്ഥം. ശേഷം പറയുന്ന ആരാധനക്കു വേണ്ടി കഅബയെ ലക്ഷ്യം വെക്കുക എന്ന് മതസാങ്കേതി കാർത്ഥവും, ഹജ്ജിൽ ഉംറയും ഉൾക്കൊള്ളുന്നു ണ്ടെങ്കിലും ഉംറക്ക് പകരം ഹജ്ജ് മതിയാകില്ല.