അത്താഴപ്പെരുമ
റമള്വാന്‍ മാസത്തിലെ വിശേഷപ്പെട്ട ഭക്ഷണരീതിയാണ് അത്താഴം. അത്താഴം കഴിക്കല്‍ സുന്നത്താണ്. ഈ വിഷയത്തില്‍ ധാരാളം ഹദീസുകള്‍ കാണാം. ചിലത് ശദ്ധിക്കുക: അനസ്(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ അത്താഴമുണ്ണുക. തീര്‍ച്ച, അത്താഴത്തില്‍ ബറകതുണ്ട്’(ബുഖാരി, മുസ്ലിം, തിര്‍മുദി, നസാഇ, ഇബ്നുമാജ), സല്‍മാന്‍(റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: മൂന്നു കാര്യത്തില്‍ പുണ്യം ഉള്‍ക്കൊണ്ടിരിക്കുന്നു. അതില്‍ ഒന്നാണ് അത്താഴം’(ത്വബ്റാനി). അംറുബ്നു ആസ്വി(റ)വില്‍ നിന്ന്, നബിതങ്ങള്‍ പറഞ്ഞു: ‘അഹ്ലുകിതാബിന്റെയും നമ്മുടെയും വ്രതങ്ങള്‍ തമ്മിലുള്ള വ്യത്യാസം അത്താഴഭോജനമാകുന്നു’(മുസ്ലിം, അബൂദാവൂദ്, തിര്‍മുദി, നസാഇ, ഇബ്നുഖുസൈമ). ഇബ്നു ഉമര്‍ (റ)വില്‍ നിന്ന്, നബി(സ്വ) പറഞ്ഞു: അല്ലാഹുവും അവന്റെ മാലാഖമാരും അത്താഴമുണ്ണുന്നവര്‍ക്ക് സ്തുതിയര്‍പ്പിക്കുകയും അവരുടെ ഗുണത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ചെയ്യുന്നു’(ത്വബ്റാനി, ഇബ് നുഹിബ്ബാന്‍).
അത്താഴ വിധികള്‍
ഹദീസുകളെ ആധാരമാക്കി കര്‍മശാസ്ത്ര പണ്ഢിതന്മാര്‍ രൂപപ്പെടുത്തിയ അത്താഴവിധികള്‍ ശ്രദ്ധിക്കുക. (1) അത്താഴം കഴിയുന്നത്ര പിന്തിക്കല്‍ സുന്നത്താകുന്നു. (2) ഒരു ഇറക്ക് വെള്ളമാണ് അത്താഴമെങ്കില്‍ തന്നെയും അടിസ്ഥാനപരമായ സുന്നത്ത് ഉറപ്പുവരുത്താവുന്നതാണ്. (3) അത്താഴത്തിനു കാരക്ക ഉപയോഗിക്കുന്നത് പ്രത്യേകം പുണ്യമുള്ളതാണ്. (4) അര്‍ധരാത്രിയോടെയാണ് അത്താഴത്തിന്റെ സമയം.(5) പ്രഭാതമായെന്ന സംശയത്തിലാണെങ്കില്‍ അത്താഴം ഒഴിവാക്കുന്നതാണ് നല്ലത്. അത്തരമൊരവസ്ഥ വരെ വൈകിച്ച്, അ ത്താഴം പിന്തിക്കുക എന്ന പുണ്യം സ്വായത്തമാക്കാന്‍ ശ്രമിക്കരുത്. (6) അത്താഴം ഒഴിവാക്കുന്നത് കുറ്റകരമല്ല. (7) മിതമായ നിലയില്‍ അമ്പതു ഖുര്‍ആന്‍ വാക്യം ഓതിത്തീര്‍ ക്കാനെടുക്കുന്ന സമയം സ്വുബ്ഹി ബാങ്കിന് മുമ്പ് അവശേഷിക്കുന്നതുവരെ അത്താഴം പിന്തിക്കുകയായിരുന്നു പൂര്‍വ്വികരുടെ ശൈലി.
(8) അത്താഴം സുന്നത്തായതിനുപിന്നില്‍ പ്രധാനമായി രണ്ട് ഉദ്ദേശ്യങ്ങളുണ്ട്. ഒന്ന്: വ്രതത്തിനു ശക്തിപകരുക. രണ്ട്: വേദക്കാരുടെ നോമ്പിന്റെ ശൈലിയില്‍ നിന്നുള്ളമാറ്റം. (9) അത്താഴം പിന്തിക്കുന്നത് സംബന്ധമായി പ്രമുഖ പണ്ഢിതനായ ഇബ്നു അബീജംറ(റ) പറയുന്നത് കാണുക: നബി(സ്വ) ഈ വിഷയത്തില്‍ സമുദായത്തിനു കൂടുതല്‍ ഗുണപ്രദവും ആയാസരഹിതവുമായ വ്യവസ്ഥയാണ് നിര്‍ണയിച്ചു തന്നിരിക്കുന്നത്. അത്താഴം വേണ്ടെന്നുവെച്ചാല്‍ അത് ജനങ്ങള്‍ക്കു വിഷമകരമാകും. എന്നാല്‍ പാതിരാത്രിയില്‍ തന്നെ വേണമെന്നാണെങ്കില്‍ പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടിവരും. ഉറക്കിന്റെ ആധിക്യത്താല്‍ ചിലരുടെ സ്വുബ്ഹി നഷ്ടപ്പെടാന്‍ കാരണമാകും. ഉറക്കൊഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും പ്രശ്നമാണ്. ഇതെല്ലാം അറിഞ്ഞുതന്നെയാണ് അത്താഴം പിന്തിക്കല്‍ സുന്നത്താണെന്നത് നിയമമാക്കിയിരിക്കുന്നത്’.
‘അത്താഴത്തില്‍ ബറകതുണ്ട്.’ എന്ന് പറഞ്ഞത് പ്രതിഫലത്തെ ഉദ്ദേശിച്ചാകാം. അല്ലെങ്കില്‍ അത്താഴ സമയത്തെ എഴുന്നേല്‍പ്പും ഉണര്‍വ്വും പ്രാര്‍ഥനയും അര്‍ഥമാക്കിയാകാം. ദിക്റ് ദുആകള്‍ക്ക് ഉത്തരം പ്രതീക്ഷിക്കാവുന്ന സമയമാണല്ലോ അത്.
ജനാബത് പോലെയുള്ള വലിയ അശുദ്ധിയുള്ളവര്‍ ഫജ്റി(സ്വുബ്ഹി)ന്റെ മുമ്പ് കുളിക്കലും സുന്നതാണ്. നോമ്പിന്റെ ആദ്യം മുതല്‍ തന്നെ ശുദ്ധിയുള്ളവനാകുന്നതിനും വുള്വൂഅ് മുറിയു ന്ന ഭാഗത്തേക്ക് വെള്ളം ചേരാതിരിക്കുന്നതിനും വേണ്ടിയാണിത്.
ആത്മാവിനെ കൊല്ലരുത്
നോമ്പുകാലം മനുഷ്യന് ആത്മീയൌന്നത്യം കരസ്ഥമാക്കാനുള്ള അവസരമാണ്. അതുകൊണ്ട് തെറ്റുകള്‍ പാടേ ഉപേക്ഷിച്ച്, സുഖാസ്വാദനമുക്തനായി, ഇലാഹീ സാമീപ്യത്തിനുവേണ്ടി പരിശ്രമിക്കണം. കേവലം ഉപരിപ്ളവമായ ചടങ്ങുകളിലൊതുങ്ങുന്ന നോമ്പ് ഉദ്ദിഷ്ടഫലം നേടിത്തരില്ല. വ്രതം ഫലവത്താകണമെന്നുണ്ടെങ്കില്‍ ആന്തരികമായ മൂല്യങ്ങള്‍ക്കും ചിട്ടകള്‍ക്കും വില കല്‍പ്പിക്കണം.
ചീത്ത വാക്കുകളും പ്രവൃത്തികളും ഉപേക്ഷിക്കേണ്ടത് സത്യവിശ്വാസിക്ക് എല്ലാ കാലത്തും നിര്‍ബന്ധം തന്നെയാണ്. എന്നാല്‍ റമള്വാന്‍ പരിഗണിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്താന്‍ പ്രത്യേകം നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു.
ചീത്ത പറയല്‍, പരദൂഷണം, കളവ് പറയല്‍ തുടങ്ങിയ നാവ് കൊണ്ടുള്ള എല്ലാ കുറ്റകൃത്യങ്ങളില്‍ നിന്നും നോമ്പുകാരന്‍ ഒഴിവായി നില്‍ക്കല്‍ ശക്തിയാര്‍ജ്ജിച്ച സുന്നതാകുന്നു. നോമ്പി ന്റെ പ്രതിഫലത്തെ അവ ഇല്ലാതാക്കുമെന്നതാണ് കാരണം. കര്‍മശാസ്ത്രപണ്ഢിതന്മാര്‍ വ്യക്തമാക്കിയതാണിക്കാര്യം. സ്വഹീഹായ ഹദീസുകള്‍ ഇത് കുറിക്കുകയും ഇമാം ശാഫി’ഈ(റ)യും അവിടുത്തെ അസ്വ്ഹാബും ഇത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. നോമ്പു തന്നെ അസാധുവാകുമെന്ന് പറഞ്ഞവരും പണ്ഢിതരിലുണ്ട്.
കളവുപറയല്‍ അനുവദനീയമായ ഘട്ടമാണെങ്കില്‍ പോലും റമള്വാനില്‍ അതൊഴിവാക്കുകയാ ണ് പുണ്യമെന്നു പണ്ഢിതന്മാര്‍ പറയുന്നു. രണ്ടുപേര്‍ക്കിടയില്‍ യോജിപ്പുണ്ടാക്കാന്‍ ആവശ്യമെങ്കില്‍ ആരോഗ്യകരമായ അസത്യം പറയാവുന്നതാണ്. എന്നാല്‍ റമള്വാനില്‍ അത് ചെയ്യാതിരിക്കുന്നതാണ് നല്ലത്. അതേസമയം കളവുപറയല്‍ നിര്‍ബന്ധമായി വരുന്ന അവസരത്തില്‍ അങ്ങനെ പറയുന്നതിന് റമള്വാനില്‍ പ്രത്യേക തടസ്സമില്ല. ഉദാഹരണത്തിന് ഒരാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ പറയുന്ന അസത്യം.
ശരീരം പൂര്‍ണമായി ഹറാമില്‍ നിന്നൊഴിവാക്കി നിര്‍ത്തല്‍ അനിവാര്യമാണ്. ഗീബത്ത് പോലെയുള്ള നിഷിദ്ധ പ്രവര്‍ത്തനങ്ങളാല്‍ നോമ്പിന്റെ പ്രതിഫലം നഷ്ടപ്പെടുമെന്നാണ് പ്രമാണങ്ങള്‍ വ്യക്തമാക്കുന്നത്. ആവശ്യത്തിനാണെങ്കില്‍ പോലും ചീത്തപറയലും മറ്റും റമള്വാന്‍ കാലത്ത് ഒഴിവാക്കേണ്ടതാണ്. ആരെങ്കിലും തന്നെ ചീത്ത പറഞ്ഞാല്‍ മനസ്സില്‍ ഞാനൊരു നോമ്പുകാരനാണല്ലോ എന്നോര്‍ക്കല്‍ നല്ലതാണ്. ലോകമാന്യഭാവം വരാത്ത സന്ദര്‍ഭത്തില്‍ ഇക്കാര്യം രണ്ടോ മൂന്നോ തവണ തുറന്നുപറയാവുന്നതാണ്. കാരണം ഇത് ഒരുപക്ഷേ, എതിരാളിയെ പിന്തിരിപ്പിക്കാന്‍ ഇടയാക്കിയേക്കാം. സ്വയം വിരമിക്കാനുമിതു സഹായകമായേക്കാം.
ഹറാമിന്റെ കലര്‍പ്പുള്ള ഭക്ഷണം, കാണലും കേള്‍ക്കലും അനുവദനീയമായ കാര്യങ്ങളാണെങ്കില്‍ ത ന്നെ അവമൂലമുള്ള ആസ്വാദനം, സുഗന്ധ സ്പര്‍ശനം, അത് വാസനിക്കല്‍ തുടങ്ങിയ കാര്യങ്ങളെ വെ ടിഞ്ഞ് നില്‍ക്കലും സുന്നതാണ്.. ഇത്തരം അനുവദനീയമായ ആസ്വാദനങ്ങള്‍ തന്നെ റമള്വാനില്‍ കറാഹത്താണെന്നു പണ്ഢിതാഭിപ്രായം. ഇതനുസരിച്ച് നേരം പോക്കിന് നാം ചെയ്യുന്ന പല കാര്യങ്ങളും റമള്വാനില്‍ ഒഴിവാക്കേണ്ടതാണ്.
സുഗന്ധമുപയോഗിക്കല്‍ എന്ന കറാഹത്തും സുഗന്ധത്തിനെ തിരസ്ക്കരിക്കല്‍ എന്ന കറാഹത്തും വൈരുദ്ധ്യമായി വരുമ്പോള്‍ ഉപയോഗിക്കല്‍ എന്ന കറാഹത്തിനെ പരിഗണിച്ച് അതിനെ ഉപേക്ഷിക്കുകയാണ് വേണ്ടത്. നോമ്പിന്റെ പ്രതിഫലം കുറയാന്‍ അത് കാരണമാകുമെന്നത് കൊണ്ടു തന്നെ. ഒരാള്‍ തരുന്ന സുഗന്ധം റദ്ദ് ചെയ്തത് കൊണ്ട് നോമ്പിന്റെ പ്രതിഫലത്തിന് ചുരുക്കമൊന്നും വരുന്നില്ല. സുറുമയിടുന്നതിനെ ഉപേക്ഷിക്കലും നോമ്പുകാരന് അഭികാമ്യമാണെന്ന് ഇമാം റുഅ്യാനി(റ) ഹില്‍യയില്‍ പ്രസ്താവിച്ചിട്ടുണ്ട്.
അബൂഹുറയ്റ(റ)വില്‍ നിന്ന് നിവേദനം: നോമ്പ് തത്വത്തില്‍ തീറ്റയും കുടിയും ഒഴിവാക്കല്‍ മാത്രമല്ല. അനാവശ്യങ്ങളും ശരീരേച്ഛകളുംപാടേ നിയന്ത്രിക്കലാണ് നോമ്പിന്റെ കാതലായ വശം’ (ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍, ഹാകിം). ഒരു ഹദീസില്‍ ചിലനോമ്പുകാരെക്കുറിച്ച് പ്രവാചകര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു.’എത്രയെത്ര നോമ്പുകാരാണ്. കേവലം ദാഹവും വിശപ്പും സഹിച്ചുവെന്നല്ലാതെ അവര്‍ക്ക് മറ്റൊന്നും ലഭിക്കുന്നില്ല’ (ഇബ്നുമാജ, നസാഇ, ഹാകിം).
നോമ്പുതുറ
നോമ്പുതുറയുമായി ബന്ധപ്പെട്ട ചില ഹദീസുകളും കര്‍മവിധികളും കാണുക. സഹ്ല് ബിന്‍ സ’അ്ദില്‍ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു: “നോമ്പു തുറക്കാന്‍ സമയമായെന്നുറപ്പായാല്‍ പെട്ടെന്നുതന്നെ അത് ചെയ്യുന്നത് ജനങ്ങള്‍ക്ക് നന്മയല്ലാതെ വരുത്തുന്നതല്ല” (ബുഖാരി, മുസ്ലിം).
അബൂഅത്വിയ്യ(റ) പറയുന്നു: “ഞാനും വന്ദ്യരായ മസ്റൂഖും ആഇശാബീവിയുടെ സവിധത്തില്‍ ചെന്നു ചോദിച്ചു. പ്രിയ മാതാവേ, സ്വഹാബികളില്‍ രണ്ടുപേര്‍ നോമ്പുതുറയുടെ കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നത് കാണാന്‍ കഴിഞ്ഞു. ഒരാള്‍ സമയമായാല്‍ പെട്ടെന്നു തുറക്കുകയും നിസ്കരിക്കുകയും ചെയ്യുന്നു. അപരന്‍ നോമ്പു തുറ വൈകിയാണ് നടത്തുന്നത്. നിസ്കാരവും അല്‍പ്പം വൈകിച്ചാണ് നിര്‍വഹിക്കുന്നത്. ആരാണ് നോമ്പുതുറ ഉടനെ നിര്‍വഹിക്കുന്ന വ്യക്തി? അവര്‍ അന്വേഷിച്ചു. അബ്ദുല്ലാഹിബ്ന് മസ്’ഊദ്(റ)യാണ്. ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ മഹതി പറഞ്ഞു. നബിതങ്ങള്‍ അങ്ങനെയായിരുന്നു ചെയ്തിരുന്നത്. നോമ്പുതുറക്കാന്‍ സമയമായാല്‍ പിന്നെ തങ്ങള്‍ താമസിപ്പിക്കാറുണ്ടായിരുന്നില്ല. നിസ്കാരത്തിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു’ (മുസ്ലിം).
അബൂഹുറയ്റ(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു. അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാരില്‍ നിന്ന് ഞാനേറ്റവും ഇഷ്ടപ്പെടുന്ന വിഭാഗം നോമ്പു തുറക്കാന്‍ സമയമായാല്‍ വൈകാതെ അത് നിര്‍വഹിക്കുന്നവരാണ്’
കര്‍മ്മവിധികള്‍
സൂര്യാസ്തമനം ബോധ്യമായാല്‍ ഉടനെ നോമ്പ് തുറക്കലും സുന്നതാണ്. നടന്നുപോകുന്ന അവസരത്തിലാണ് സമയമാകുന്നതെങ്കില്‍ അപ്പോള്‍ തന്നെ വഴിയില്‍വെച്ച് നോമ്പുതുറക്കണം. സമയമായോ ഇല്ലേ എന്നു സംശയിക്കുന്ന സന്ദര്‍ഭത്തില്‍ ഉറപ്പാകാതെ നോമ്പുതുറക്കല്‍ നിഷിദ്ധമാണ്. നോമ്പുതുറന്ന ശേഷം നിസ്കരിക്കലാണ് സുന്നത്ത്. എന്നാല്‍ നോമ്പുതുറക്കാന്‍ നിന്നാല്‍ ജമാഅത്തോ, തക്ബീറതുല്‍ ഇഹ്റാമിന്റെ ശ്രേഷ്ഠതയോ നഷ്ടപ്പെടുമെന്നുണ്ടെങ്കില്‍ നോമ്പുതുറ പിന്തിക്കാവുന്നതാണ്. ജമാഅത്തും നിസ്കാരവും നോമ്പുതുറന്നതിനു ശേഷം ത ന്നെയാണ് നടത്തേണ്ടത്. നോമ്പ് തുറക്കുന്നത് കാരക്ക(ഉണങ്ങിയത്) കൊണ്ടായിരിക്കുന്നതും സുന്നതാണ്. എന്നാല്‍ ഈത്തപ്പഴം(പഴുത്തത്) കൊണ്ട് തുറക്കലാണ് ഏറ്റവും നല്ലത്. അത് മൂ ന്ന് എണ്ണം കൊണ്ടുമായിരിക്കലാണ് പരിപൂര്‍ണമായത്. ഇതില്ലെങ്കില്‍ പിന്നെ വെള്ളം ഉപയോഗിച്ച് കൊണ്ടായിരിക്കലാണ് സുന്നത്ത്. സംസം വെള്ളമായിരുന്നാല്‍ പോലും അതിനെക്കാളുത്തമം കാരക്ക തന്നെ.
പക്ഷേ, കാരക്ക ലഭിക്കാന്‍ സമയം പിന്തുന്ന പക്ഷം അത് പ്രതീക്ഷിച്ചിരിക്കുന്നതിലേറെ പരിഗണനീയമായത് വെള്ളം ഉപയോഗിച്ച് കൊണ്ടായാലും നോമ്പ് തുറക്കലിനെ മുന്തിക്കലാണ്. കൂടുതലും ഹറാമിന്റെ കലര്‍പ്പുള്ള കാരക്കയെക്കാളുത്തമം ഹറാമിന്റെ കലര്‍പ്പ് കുറഞ്ഞ വെള്ളം തന്നെയാണെന്ന് ഇമാം ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. കാരക്ക ഇല്ലെങ്കില്‍ പി ന്നെ ശ്രേഷ്ഠമായത് വെള്ളം തന്നെയാണെന്ന് ഇമാം നവവി(റ)യും റാഫി’ഈ(റ)യും പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ വെള്ളത്തെക്കാളുത്തമമായത് മധുരമുള്ള മറ്റേതെങ്കിലും വസ്തുക്കളാണെന്ന ചിലരുടെ അഭിപ്രായം ബലഹീനമാകുന്നു. കാരക്കയുടെ സ്ഥാനം മുന്തിരിക്കുണ്ടെന്ന അഭിപ്രായം ബലഹീനമായത് പോലെ തന്നെ. വെള്ളമില്ലെങ്കില്‍ നോമ്പുതുറക്കാന്‍ നല്ലത് വേവിക്കാതെ കഴിക്കുന്ന മധുരമുള്ള വസ്തുക്കളാണ്. മുന്തിരി, തേന്‍ എന്നിവ ഉദാഹരണം. സൂര്യനസ്തമിച്ച ഉടനെ, നോമ്പ് തുറക്കുന്നതിന് മുമ്പ് വെള്ളം വായിലെടുത്തു ചുഴറ്റിത്തുപ്പുന്നത് കറാഹത്താണ്. അത് ഉച്ചക്കുശേഷം ബ്രഷ് ചെയ്യുന്നത് പോലെയാണ്.
“അല്ലാഹുമ്മ ലക സ്വുംതു വ’അലാ രിസ്ഖ്വിക അഫ്ത്വര്‍തു’(അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിച്ചു. നിന്റെ രിസ്ഖ്വ് കൊണ്ട് ഞാന്‍ നോമ്പ് തുറക്കുകയും ചെയ്തു) എന്ന ദിക്റ് നോമ്പ് തുറന്ന ഉടനെ ചൊല്ലല്‍ സുന്നതാണ്. വെള്ളം കൊണ്ടാണ് നോമ്പ് തുറക്കുന്നതെങ്കില്‍ അവന്‍ ഇങ്ങനെ കൂടി പറയലും സുന്നതാണ്. ദഹബ ള്ള്വമഉ വബ്തല്ലതില്‍ ഉറൂഖ്വു വ സബതല്‍ അജ്റു ഇന്‍ശാ അള്ളാ’ (ദാഹമെല്ലാം പോയി. ഞരമ്പുകളെല്ലാം നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ പ്രതിഫലം സ്ഥിരപ്പെട്ടു.)
നോമ്പു തുറപ്പിക്കല്‍
നോമ്പനുഷ്ഠിച്ചവരെ നോമ്പ് തുറപ്പിക്കലും സുന്നത് തന്നെ. കഴിയുമെങ്കില്‍ വൈകുന്നേരം ഭക്ഷണവും അവര്‍ക്ക് നല്‍കണം. ഇല്ലെങ്കില്‍ പിന്നെ കേവലം നോമ്പ് തുറപ്പിക്കല്‍ തന്നെ. ഭക്ഷ ണം നല്‍കുമ്പോള്‍ അവരുടെ കൂടെ ഇരുന്ന് ഭക്ഷിക്കലാണ് ശ്രേഷ്ഠമായത്.
എന്നാല്‍ കളവ് പറയല്‍, പരദൂഷണം, ഏഷണി തുടങ്ങിയ നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ടിരുന്ന നോമ്പുകാരനെ നോമ്പ് തുറപ്പിക്കല്‍ പ്രതിഫലാര്‍ഹമാണോ? എന്നതില്‍ ആശങ്കയുണ്ടെന്നാണ് പണ്ഢിതന്മാര്‍ പറയുന്നത്. എങ്കിലും അല്ലാഹുവിന്റെ വിശാലമായ ഔദാര്യത്തോട് അനുയോജ്യമായി തോന്നുന്നത് നോമ്പ് തുറപ്പിച്ചവന് പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് . കാരണം പ്രതിഫല ലബ്ധിയാണല്ലോ അവന്റെ ഉദ്ദേശ്യം.
പരസ്പരം സ്നേഹവും സൌഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും റമള്വാന്‍കാല ആത്മീയാവേശം അ പരന് പകരാനുമെല്ലാം ഇത് കളമൊരുക്കുന്നു. നോമ്പു തുറപ്പിക്കുന്നതിനു പ്രോത്സാഹനം നല്‍ കുന്ന ചില നബിവചനങ്ങള്‍ കാണുക. സൈദുബ്ന്‍ ജഹനി(റ)വില്‍ നിന്ന്. നബി(സ്വ) പറ ഞ്ഞു: ‘ആരെങ്കിലും ഒരു നോമ്പുകാരനെ തുറപ്പിച്ചാല്‍ ആ നോമ്പുകാരനു ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം തുറപ്പിച്ചവനും പ്രതീക്ഷിക്കാവുന്നതാണ്. നോമ്പുകാരന്റെ പ്രതിഫലത്തിനു യാതൊരുകുറവും ഇതുവരുത്തുന്നതല്ല’(തിര്‍മുദി, നസാഇ, ഇബ്നുമാജ, ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍).
നബി(സ്വ) പറഞ്ഞു: ‘ഒരു യോദ്ധാവിനെയോ ഹജ്ജ് യാത്രക്കാരനെയോ ഒരുക്കിയയക്കുക, അവന്റെ വീട്ടുകാര്യങ്ങള്‍ ഏറ്റെടുക്കുക, നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആരെങ്കിലും ചെയ്താല്‍ ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനു സമാനമായ പ്രതിഫലം ആ പ്രവര്‍ത്തിച്ചവനും ഉറപ്പിക്കാവുന്നതാണ്’ (ഇബ്നുഖുസൈമ, നസാഇ) സല്‍മാന്‍(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘ഹലാലായ അന്നപാനാദികള്‍ നല്‍കി ആരെയെങ്കിലും നോമ്പു തുറപ്പിച്ചാല്‍ തുറപ്പിച്ചവനുവേണ്ടി റമള്വാന്‍ കാലത്ത് മലകുകള്‍ പാപമോചനത്തിനു പ്രാര്‍ഥന നടത്തുന്നതാണ്. കൂടാതെ ലൈലതുല്‍ ഖദ് റില്‍ മാലാഖമാരുടെ നായകന്‍ ജിബ്രീല്‍(അ) ഇവനുവേണ്ടി അല്ലാഹുവില്‍ കരുണാകടാക്ഷത്തിന് കേഴുന്നതുമാണ്. (ലൈലതുല്‍ഖദ്റില്‍ ജിബ്രീല്‍ ഇയാളെ കൈപിടിച്ച് ആശ്ളേഷിക്കുന്നതാണെന്നും ഒരു നിവേദനത്തില്‍ കാണാം) (ത്വബ്റാനി, ഇബ്നുഹിബ്ബാന്‍).
സല്‍മാന്‍(റ)വില്‍ നിന്ന്; നബിതങ്ങള്‍ പഠിപ്പിച്ചു. ‘റമള്വാന്‍ മാസത്തില്‍ നോമ്പുതുറപ്പിക്കുന്നവരുടെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. നരകമോചനത്തിനു തന്നെ അത് നിമിത്തമാകും. നോമ്പുകാരന് ലഭിക്കുന്നത് പോലുള്ള പ്രതിഫലം തുറപ്പിക്കുന്നവനും ലഭിക്കുന്നതാണ്. ഇതുകേട്ടപ്പോള്‍ സ്വഹാബത്ത് ആവലാതിപ്പെട്ടു. നബിയേ, ഞങ്ങളില്‍ എല്ലാവര്‍ക്കും നോമ്പുതുറപ്പിക്കാനുള്ള സാമ്പത്തിക ശേഷിയില്ലല്ലോ. പ്രവാചകര്‍ പറഞ്ഞു: ‘ഒരു കാരക്കയോ അല്‍പ്പം വെള്ളമോ പാലോ നല്‍കിയാണ് നോമ്പ് തുറപ്പിച്ചതെങ്കിലും ഈ പ്രതിഫലം നേടാവുന്നതാണ്’ (ഇബ്നുഖുസൈമ).
ദാന ധര്‍മ്മം പൊതുവെ പുണ്യമുള്ളതായിരിക്കേ റമള്വാനില്‍ അതിനെ വര്‍ധിപ്പിക്കല്‍ ശക്തിയുള്ള സു ന്നതാണ്. റമള്വാനിലെ അവസാനത്തെ പത്തില്‍ വളരെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതും. സന്താനങ്ങള്‍ ക്ക് ഭക്ഷണകാര്യങ്ങളിലും മറ്റും വിശാലത ചെയ്തു കൊടുക്കലും കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും കാരുണ്യം ചെയ്യലും സുന്നതാണ്. നബി(സ്വ)യോട് അനുകരിക്കാനാണിത്.
ഖുര്‍ആന്‍ പാരായണം
ഖ്വുര്‍ആന്‍ പാരായണത്തെ വര്‍ധിപ്പിക്കലും വലിയ പുണ്യം തന്നെ. മലമൂത്ര വിസര്‍ജ്ജന സ്ഥലങ്ങള്‍, കുപ്പക്കുഴി, അറവുശാല തുടങ്ങിയ അശുദ്ധമായ സ്ഥലങ്ങളില്‍ ആകാതിരിക്കുമ്പോഴാണ് ഇപ്പറഞ്ഞത്. വഴി, കുളിമുറി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ഖ്വുര്‍ആന്‍ പാരായണം ചെയ്താലും പ്രതിഫലാര്‍ഹം തന്നെ.
ഖ്വുര്‍ആന്‍ മനഃപാഠമുള്ളവനായാലും മുസ്വ്ഹഫിലേക്ക് നോക്കി ഓതുന്നത് തന്നെയാണ് കൂടുതല്‍ ശ്രേ ഷ്ഠമായത്. ഖ്വുര്‍ആന്‍ പാരായണത്തിന്റെയും മുസ്വ്ഹഫിലേക്ക് നോക്കുന്നതിന്റെയും പുണ്യങ്ങള്‍ അവന് സമന്വയിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് കാരണം. എന്നാല്‍ മുസ്വ്ഹഫിലേക്ക് നോക്കുന്നത് കൊണ്ട് ഭക്തിയും ചിന്തയും ഇല്ലാതാകുമെന്ന് കണ്ടാല്‍ നോക്കി ഓതുന്ന ത് പുണ്യകരമല്ല.
ഖ്വുര്‍ആന്‍ പാരായണത്തിന് ഏറ്റവും ശ്രേഷ്ഠമായ സമയം പകല്‍ സ്വുബ്ഹ് നിസ്കാര ശേഷവും രാത്രിയില്‍ അത്താഴ സമയവുമാകുന്നു. ഇത് കഴിഞ്ഞാല്‍ മഗ്രിബിനും ‘ഇശാഇനുമിടയിലും. ഖ്വുര്‍ആ ന്‍ പാരായണം രാത്രിയാകുന്നതാണ് ഏറ്റവും ഉത്തമം. അതു തന്നെ നിസ്കാരശേഷവും.
ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഖ്വുര്‍ആന്‍ പൂര്‍ണമായും ഖത്മ് ചെയ്യല്‍ അനിവാര്യമാണെന്നാണ് ബഹു. അബുല്ലൈസ്(റ) ബുസ്താനില്‍ പ്രസ്താവിച്ചിട്ടുള്ളത്. അതിലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കിലാണിപ്പറഞ്ഞത്. ഇമാം അബൂഹനീഫ(റ) പറയുന്നു. “എല്ലാ വര്‍ഷവും രണ്ട് പ്രാവശ്യമായി ഖ്വുര്‍ആന്‍ ഖത്മ് ചെയ്തവന്‍ അവന്റെ ബാധ്യത വീട്ടിയവനായി”. എന്നാല്‍ ഇമാം അഹ്മദുബ്നു ഹമ്പലി(റ)ന്റെ വാക്കുകള്‍ ഇപ്രകാരമാണ്. യാതൊരു പ്രതിബന്ധവും കൂടാതെ നാല്‍പ്പത് ദിവസത്തിനപ്പുറം ഖ ത്മുല്‍ ഖ്വുര്‍ആന്‍ പിന്തിക്കുന്നത് കറാഹത്താണ്. ഇബ്നു’അംറി(റ)ല്‍ നിന്നുള്ള ഹദീസാണിതി ന് തെളിവ്.
ഖുര്‍ആന്‍ അവതരണത്തിനു തുടക്കം കുറിച്ച മാസമാണ് റമള്വാന്‍. ഇത് മുസ്ലിംകള്‍ക്കു വലിയൊരനുഗ്രഹമാണല്ലോ. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശവും സന്തോഷപ്രകടനവും ആഘോഷമാണന്നു പറയുന്നതില്‍ തെറ്റില്ല. ആഘോഷം ഇസ്ലാമികമായിരിക്കണമെന്നു മാത്രം. ഖുര്‍ആനില്‍ ഇങ്ങനെ കാണാവുന്നതാണ്. ‘അല്ലാഹുവിന്റെ റഹ്മത്, ഫള്ല്് എന്നിവകൊണ്ടു വിശ്വാസികള്‍ സന്തോഷം കൊള്ളട്ടെ എന്നു നബിയേ, തങ്ങള്‍ പ്രഖ്യാപിക്കുക(സൂറഃ യൂനുസ് 75). ഈ വാക്യത്തിലെ റഹ്മത് പ്രവാചകരാണെന്നും ഫള്ല് പരിശുദ്ധ ഖുര്‍ആനാണെന്നും പ്രമുഖ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വചനത്തിന്റെ പശ്ചാതലത്തില്‍ വിശുദ്ധ റബീഉം റമള്വാനും ആഘോഷിക്കേണ്ടതാണെ ന്നു വ്യക്തമാകുന്നുണ്ട്. എങ്ങനെയാണിവ ആഘോഷിക്കേണ്ടത്?
ഇസ്ലാമിലെ ആഘോഷത്തിന്റെ മുഖ്യഘടകം നന്ദി പ്രകടനമാണ്. ആരാധനാകര്‍മങ്ങളിലൂടെയാകണം നന്ദിപ്രകാശം എന്നാണ് മതത്തിന്റെ ശാസന. ആ ആരാധനാ കര്‍മ്മങ്ങളില്‍ പ്രധാനം നോമ്പനുഷ്ഠാനവും ഖുര്‍ആന്‍ പാരായണവുമാണ്. ദാനധര്‍മ്മങ്ങള്‍, പരസഹായം, സ്നേഹവാക്കുകള്‍ കൈമാറല്‍ തുടങ്ങിയവയും ആരാധനയുടെ ഭാഗം ത ന്നെ. ഖുര്‍ആന്‍ വാര്‍ഷികമായ റമള്വാന്‍ ആഘോഷത്തില്‍ വ്രതാചരണം നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കയാണല്ലാഹു. പ്രവാചക ജന്മദിനമായ തിങ്കളാഴ്ച വ്രതാചരണം സുന്നത്തുമാണ്. ഖുര്‍ആന്‍ അവതരണ മാസമായ റമള്വാനില്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറെ പ്രാധാന്യമുണ്ട്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസില്‍ റമള്വാന്‍ മാസത്തില്‍ എല്ലാ രാവിലും ജിബ്രീല്‍(അ) തിരുനബി(സ്വ) സന്നിധിയില്‍ വന്നു ഖുര്‍ആന്‍ പാരായണം ചെയ്തിരു ന്നു എന്നു പറയുന്നു. റമള്വാന്‍ മാസത്തില്‍ മറ്റു ദിക്റുകളെക്കാള്‍ പ്രാധാന്യം പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനുണ്ടെന്നതിന് ഈ ഹദീസ് രേഖയാണെന്ന് ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്.
ശറഹുല്‍ മുഹദ്ദബ് പറയുന്നത് കാണുക: “റമള്വാനില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കല്‍ സുന്നത്താണെന്നു പ്രസ്തുത ഹദീസ് ആധാരമാക്കി പണ്ഢിതന്മാര്‍ പറഞ്ഞിരിക്കുന്നു. അതുപോലെ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊടുക്കുകയും അപരന്‍ അതുകേട്ട് പാരായണം ചെയ്യുകയും ചെയ്യുന്ന മുദാറസത് എന്ന രീതിയും പുണ്യമുള്ളതാകുന്നു.’ ജിബ്രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്ന് ഈ രീതിയിലാണ് പാരായണം ചെയ്തിരുന്നവെന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നുണ്ട്.
ഖുര്‍ആന്‍ പാരായണത്തിനു മാത്രമല്ല ഖുര്‍ആന്‍ പഠനത്തിനും റമള്വാനില്‍ പ്രാധാന്യമുണ്ട്. ഖുര്‍ആന്‍ പാരായണ ശാസ്ത്രപഠനം, ഖുര്‍ആന്‍ സന്ദേശ പ്രചാരണം, ഖുര്‍ആന്‍ പാരായണ സംഗമം തുടങ്ങിയ വക്കും റമള്വാനില്‍ പരിഗണന നല്‍കണം.
ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) ഉദ്ധരിക്കുന്നത് കാണുക: “പൂര്‍വ്വസൂരികളില്‍ അധികപേരും ആഴ്ചയില്‍ ഒരുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്നു എന്നാണ് ചരിത്ര്രം. ഒറ്റദിവസം കൊണ്ട് പൂര്‍ണമായി ഓതിത്തീര്‍ക്കുക പതിവാക്കിയവരുമുണ്ടായിരുന്നു. രാവും പകലുമായി രണ്ട് ഖത്മ് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നവരെയും ചരിത്രത്തില്‍ കാണാം. ദിനംപ്രതി മൂന്നുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്ന പലരുമുണ്ടായിരുന്നു. രാവില്‍ നാലും പകലില്‍ നാലും എന്ന തോതില്‍ ഒരുദിവസം എട്ടുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്ത മഹോന്നതരും ഉണ്ടായിരുന്നത്രെ. സ്വൂഫി ചിന്തകനായിരുന്ന ഇബ്നുല്‍ കാതിബ്(റ)വിനെ ഇമാം നവവി(റ) ഇക്കൂട്ടത്തില്‍ എണ്ണിയിരിക്കുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രാവശ്യം ഖുര്‍ആന്‍ ഓതിയത് എട്ടുപ്രാവശ്യമാണത്രെ. താബിഈ പ്രമുഖരില്‍പ്പെട്ട മന്‍സ്വൂറുബ്ന്‍ സാദാന്‍ ളുഹ്റ് അസ്വറിനിടയില്‍ ഒരുതവണ ഖുര്‍ആന്‍ ഓതിപ്പൂര്‍ത്തീകരിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. മഗ്രിബ് ഇശാഇനിടയില്‍ ഒരുതവണ കൂടി അദ്ദേഹം ഖുര്‍ആന്‍ ഓതിത്തീര്‍ക്കാറുണ്ടായിരുന്നു. മുജാഹിദ്(റ) റമള്വാനില്‍ ഇശാ മഗ്രിബിനിടയില്‍ ഒരുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്നുവെന്ന് ഇബ്നു അബീദാവൂദ് പ്രബല പരമ്പരയുദ്ധരിച്ചു സ്ഥിരീകരിച്ചിരിക്കുന്നു. നിസ്കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ത്തവര്‍ പലരുമുണ്ട്. ‘ഉസ്മാനുബ്നു ‘അഫ്ഫാന്‍(റ), തമീമുദ്ദാരി(റ), സഈദുബ്നു ജുബൈര്‍(റ) എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.
ചുരുക്കത്തില്‍, ഖുര്‍ആന്‍ ഖത്മ് ചെയ്യുക എന്ന കര്‍മ്മം പൂര്‍വ്വികര്‍ പ്രാധാന്യത്തോടെ തന്നെയായിരുന്നു കണ്ടിരുന്നത്. ഇമാം ശാഫിഈ(റ) വൈജ്ഞാനികമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ പോലും റമള്വാനല്ലാത്ത കാലത്ത് ദിനം പ്രതി ഒരുതവണ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ത്തിരുന്നുവത്രെ. റമള്വാനില്‍ അദ്ദേഹം രണ്ടു ഖതം തീര്‍ ക്കുമായിരുന്നു. മാരകമായ രോഗത്താല്‍ വിഷമിക്കുമ്പോള്‍ പോലും അദ്ദേഹം ഈ പതിവ് തെറ്റിച്ചില്ല. ശാഫിഈ(റ) പറയുമായിരുന്നുത്രെ. നെഞ്ചിനും പൊക്കിളിനുമിടയി ല്‍ ഭീതിദമായ ഒമ്പത് രോഗങ്ങളാല്‍ ഞാന്‍ പരീക്ഷിക്കപ്പെടുകയാണ്. അവയില്‍ ഓരോ അസുഖവും എന്റെ ജീവന്‍ ഹനിക്കാന്‍ ശക്തമാണ്.
മഹാന്മാരുടെ ഖുര്‍ആന്‍ പാരായണ രീതി ഇങ്ങനെയൊക്കെയായിരുന്നു. റമള്വാനല്ലാത്ത കാ ലത്ത് തന്നെ അവര്‍ ഇവ്വിഷയത്തില്‍ വീഴ്ചവരുത്തിയിരുന്നില്ല. റമള്വാനില്‍ സവിശഷ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനുമായുള്ള ഈ ബന്ധം അവരെ മാഹാത്മ്യത്തിന്റെ ഉന്നതിയിലേക്കുയര്‍ത്തി. വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. എന്നാല്‍ ഇലാ ഹീ പ്രീതിയാല്‍ അനുഗ്രഹീതരായ മഹത്തുക്കള്‍ക്ക് അവന്റെ അനുഗ്രഹസഹായത്താല്‍ പലപ്പോഴും അസാധാരണമാംവിധം ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നതിനു ചരിത്രത്തില്‍ രേഖകള്‍ കാണാവുന്നതാണ്. ഇമാം ശാഫിഈ(റ) പല കര്‍മശാസ്ത്രവിധികളും കണ്ടെത്താന്‍ ഖുര്‍ആന്‍ പലതവണ മനസ്സില്‍ പാരായണം നടത്തിയിരുന്നു. ശൈഖ് ജീലാനി(റ) ഒരു കാലില്‍ നിന്ന് ഒരുഖത്മ് തീര്‍ത്തിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. രാത്രി ഉറക്കം വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെന്നു അദ്ദേഹം തന്നെ പറഞ്ഞുകാണുന്നു. ഇശാ സുബ്ഹിക്കിടയിലായിരുന്നു ഈ ഖ ത്മ് നടത്തിയിരുന്നത്.
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലം ഉറപ്പിക്കാവുന്നതാണ്. ആ പ്രതിഫലം പത്തുമടങ്ങുകളായാണ് പരിഗണിക്കപ്പെടുക. അലിഫ് ലാം മീം. എന്നത് ഒരു അക്ഷരമാണെന്ന വാദം നമുക്കില്ല. മറിച്ച്, അലിഫും ലാമും മീമും ഓരോ അക്ഷരമായിത്തന്നെയാണ് പരിഗണിക്കപ്പെടുക’(തിര്‍മുദി).
ഉപര്യുക്ത ഹദീസ് ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. ഒരക്ഷരത്തി ന്റെ പ്രതിഫലം തന്നെ പത്താക്കി നാഥന്‍ വര്‍ധിപ്പിച്ചുതരുമെങ്കില്‍ ഒരുതവണ ഖുര്‍ആന്‍ ഖത്മ് ചെയ്താല്‍ എത്രമാത്രം പ്രതിഫലമാണ് ലഭിക്കുക. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞു പാരായണം ചെയ്താലേ പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന ധാരണ തെറ്റാണെന്ന് ഈ ഹദീസില്‍ നിന്നു മനസ്സിലാക്കാം. അലിഫ് ലാം മീം എന്ന സൂക്തത്തിന്റെ ഈ ഹദീസ് ഉദാഹരണമാക്കിയിരിക്കുന്നു. മറ്റു വചനങ്ങളെപ്പോലെ ഒരു സവിശേഷ ആശയം ഈ വചനം നല്‍കുന്നില്ല. എന്നിട്ടും അവക്കു പ്രതിഫലമുണ്ടെന്ന് പറയുന്നു. അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നില്‍ ഖുര്‍ആന്‍ പഠന പാരായണത്തിനായി ഒന്നിച്ചുചേരുന്ന ജനങ്ങളുടെ മേല്‍ ശാന്തിയും സമാധാന വും വര്‍ഷിക്കപ്പെടുന്നു. റഹ്മത് അവരെ പൊതിയുകയും മലകുകള്‍ വലയം ചെയ്യു കയും ചെയ്യുന്നു. അല്ലാഹുതന്നെ അവരെ വാഴ്ത്തിപ്പറയുന്നു’ (മുസ്ലിം, അബൂദാവൂദ്).
മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ‘ഖുര്‍ആനില്‍ നിന്നുമൊരു ആയത്ത് ശ്രവിക്കുന്നവന് വര്‍ ധിതമായ പ്രതിഫലം രേഖപ്പെടുത്തുന്നതാകുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ ക്ക് അന്ത്യദിനത്തില്‍ അത് പ്രകാശമായി ഭവിക്കുന്നതാണ്’(അഹ്മദ്). അബൂസഈദ്(റ)വില്‍ നിന്നു നിവേദനം: ‘നബി(സ്വ) പറഞ്ഞു: പരമോന്നതനായ റബ്ബ് പറയുന്നു. ഖുര്‍ആ ന്‍ പാരായണവും അതുമായുള്ള ബന്ധവും, തന്റെ ആവശ്യങ്ങള്‍ എന്നോട് ചോദിക്കാനുള്ള അവസരം ആര്‍ക്കെങ്കിലും നഷ്ടപ്പെടുത്തിയാല്‍, ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ ഉത്തമമായത് അവര്‍ക്ക് ഞാന്‍ സമ്മാനിക്കുന്നതാണ്. അല്ലാഹുവിന്റെ കലാമിന് മറ്റു വചനങ്ങളില്‍ നിന്നുള്ള മഹത്വം സൃഷ്ടികളെ അപേക്ഷിച്ച് അല്ലാഹുവിനുള്ള മഹത്വത്തിനു സമാനമാകുന്നു’(തിര്‍മുദി).
അബൂമൂസല്‍ അശ്അരി(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസി ഓറഞ്ച് കണക്കെയാകുന്നു. ഓറഞ്ചിന്റെ വാസനയും രുചിയും നല്ലതാണല്ലോ. ഖുര്‍ആന്‍ പാരായണം പതിവില്ലാത്ത മുഅ്മിന്‍ കാരക്കപോലെയാണ്. കാരക്കക്ക് നല്ല മധുരമാണ്. പക്ഷേ, വാസന അത്ര ഹൃദ്യമല്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുനാഫിഖ് റൈഹാന്‍ പോലെയാണ്. നല്ല വാസനയാണതിന്. പക്ഷേ, രുചി കയ്പുറ്റതാകുന്നു. ഖുര്‍ആന്‍ പാരായണമില്ലാത്ത കപടവിശ്വാസി ആട്ടങ്ങക്ക് സമാനനാണ്. അതിന്റെ രുചിയും ഗന്ധവും ചീത്തയാണല്ലോ’. മറ്റൊരു നിവേദനത്തില്‍ കപടവിശ്വാസി എന്ന സ്ഥാനത്ത് അധര്‍മ്മി എന്നര്‍ഥം വരുന്ന ഫാജിര്‍ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്(ബുഖാരി, മുസ്ലിം).
സത്യവിശ്വാസം മനുഷ്യന്റെ അകത്തളത്തെ സുന്ദരമാക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണം ബാഹ്യമായ സൌന്ദര്യം വര്‍ധിപ്പിക്കുന്നു. ബാഹ്യദൃഷ്ടിയില്‍ ഈമാന്‍ പ്രകടമാകണമെങ്കില്‍ ഖുര്‍ആനുമായുള്ള ബന്ധം സുസ്ഥിരമാക്കണമെന്നു ചുരുക്കം. അബൂദര്‍റ്(റ) പറയുന്നു: “ഞാനൊരിക്കല്‍ നബി(സ്വ)യെ സമീപിച്ച് എനിക്ക് ഉപദേശം നല്‍കണമെന്നാവശ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു: നീ തഖ്വ പുലര്‍ത്തുക. അത് എല്ലാറ്റിന്റെയും കാതലാകുന്നു. ഞാന്‍ വീണ്ടും അപേക്ഷിച്ചു. ഇനിയും ഉപദേശിച്ചാലും. അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു. നീ ഖുര്‍ആന്‍ പാരായണം പതിവാക്കുക. അത് ഇഹത്തില്‍ നിനക്ക് പ്രഭയും പരത്തില്‍ വലിയൊരു നിധിയുമാകുന്നു” (ഇബ്നുഹിബ്ബാന്‍).
ജാബിര്‍(റ)വില്‍ നിന്നു നിവേദനം: തിരുനബി(സ്വ) പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുന്നതും ആ ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതുമാകുന്നു. ദീനിനെ സത്യവത്കരിക്കുന്നതും വിമര്‍ശകരെ ഉത്തരം മുട്ടിക്കുന്നതുമാകുന്നു. ആരാണോ ഖുര്‍ആനെ തന്റെ മുമ്പില്‍ വെക്കുന്നത് (പാരായണം പതിവാക്കുന്നത്) അവരെ അത് സ്വര്‍ഗത്തിലേക്കാനയിക്കുന്നു. ഖുര്‍ആനെ മുതുകിനു പിറകിലേക്ക് വെച്ചവനെ അത് നരകത്തിലേക്ക് വലിച്ചുകൊണ്ട് പോകുന്നതുമാണ്” (ഇബ്നുഹിബ്ബാന്‍).
ഖുര്‍ആന്‍ പാരായണം ചെയ്യാത്തവര്‍ക്കും അതിന്റെ വിധി വിലക്കനുസരിച്ച് ജീവിതം നയിക്കാത്തവര്‍ ക്കുമുള്ള മുന്നറിയിപ്പാണ് ഈ വചനം നല്‍കുന്നത്.
അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം താഴെ ചേര്‍ക്കുന്നു: “ഉബാദതുബ്നുസ്വാമിതില്‍ നിന്ന്: “രാത്രി നിസ്കരിക്കുന്നവര്‍ ഖുര്‍ആന്‍ പാരായണം ഉച്ചത്തില്‍ നടത്തട്ടെ. കാരണം വായു മണ്ഡലത്തില്‍ അധിവസിക്കുന്ന മലകുകള്‍ നിസ്കാരത്തി ല്‍ പങ്കുകൊള്ളുന്നതും ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നതുമാകുന്നു. ഖുര്‍ആന്‍ പാ രായണം കേള്‍ക്കുന്ന മാത്രയില്‍ വീട്ടിലും പരിസരത്തുമായി നിലകൊള്ളുന്ന മുഴുവന്‍ പിശാചുക്കളും ഓടിയകലുന്നതാണ്. ആരെങ്കിലും രാത്രിസമയത്തെ നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നുവെങ്കില്‍ ആ രാത്രി അടുത്ത രാത്രിയോടിങ്ങനെ പറയുന്നു: “നീ ഈ മനുഷ്യന് അനുകൂലമായ അവസ്ഥയില്‍ നിലകൊളളണം. ഇദ്ദേഹത്തെ രാത്രി നിസ്കാരസമയത്ത് പതിവുപോലെ വിളിച്ചുണര്‍ത്തുകയുംവേണം”. ഇത്തരക്കാര്‍ മരിച്ചാല്‍ സുന്ദരമായ രൂപംപൂണ്ട് ഖുര്‍ആന്‍ ഇവരുടെ തലഭാഗത്ത് വന്നെത്തുന്നതാണ്. ബന്ധുക്കള്‍ മയ്യിത്ത് കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും ഖുര്‍ആന്‍ ചാരത്തുതന്നെ നില്‍ക്കുമത്രെ. മയ്യിത്ത് കട്ടിലില്‍വെച്ചു കഴിഞ്ഞാല്‍ പ്രസ്തുത രൂപം മയ്യിത്തിന്റെ കഫന്‍പുടവക്കു മീതം നെഞ്ചിന്റെ ഭാഗത്തേക്ക് നീങ്ങുന്നതാണ്. അവസാനം മയ്യിത്തിനെ ഖബറില്‍വെച്ച് എല്ലാവരും പിരിഞ്ഞാല്‍ മുന്‍കര്‍(അ),നകീര്‍(അ) എത്തുമ്പോള്‍ ഈ രൂപം അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതാണ്. ഈ രൂപത്തോട് മലകുകള്‍ പറയും: “നിങ്ങള്‍ മാറിനില്‍ ക്കുക. ഞങ്ങളിയാളെ ചോദ്യം ചെയ്യട്ടെ”.
അപ്പോള്‍ ഖുര്‍ആന്റെ ആ രൂപം ഇങ്ങനെ പ്രതികരിക്കുന്നതാണ്. ‘കഅ്ബയുടെ നാഥനെത്തന്നെയാണ് സത്യം. ഇയാള്‍ എന്റെ കൂട്ടുകാരനും ആത്മസുഹൃത്തുമായിരുന്നു. ഒരവസ്ഥയിലും ഇദ്ദേഹത്തെ വിട്ടുപിരിയാന്‍ ഞാനൊരുക്കമല്ല. നിങ്ങള്‍ക്ക് വല്ലതും ചോദിക്കാനാജ്ഞയുണ്ടെങ്കില്‍ അത് നിങ്ങള്‍ നടത്തിക്കൊള്ളുക. ഈ മനുഷ്യന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതുവരെ വിട്ടുപിരിയാന്‍ ഞാനൊരുക്കമല്ല. തുടര്‍ന്ന് ആ രൂപം മയ്യിത്തിനോടിങ്ങനെ പറയുമത്രെ. ‘പ്രിയ സുഹൃത്തേ, നിങ്ങള്‍ ശാന്തമാവുക, സന്തോഷിക്കുക. ഞാ നുണ്ട് നിങ്ങള്‍ക്ക് കൂട്ടുകാരനായി. ഞാന്‍ നിങ്ങള്‍ക്ക് സത്യവാനായ അയല്‍വാസിയും ആത്മസുഹൃത്തും സന്തതസഹചാരിയുമാകുന്നു. അതുകൊണ്ട് നിങ്ങള്‍ ഭയക്കേണ്ടതില്ല”.
ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ മയ്യിത്ത് ചോദിക്കും. ‘നിങ്ങളാരാണ്?’ ആ രൂപം മറുപടി പറയും: ‘നിങ്ങള്‍ രാത്രി ഉറക്കൊഴിച്ചു പാരായണം ചെയ്ത ഖുര്‍ആനാണ് ഞാന്‍. ഉറക്കെയും പതുക്കെയും നിങ്ങളെന്നെ പാരായണം ചെയ്തില്ലേ. നിങ്ങളെന്നെ എത്ര യോ ഇഷ്ടപ്പെട്ടു. ഞാന്‍ നിങ്ങള്‍ക്കൊരു ഹരവും ആനന്ദവുമായിരുന്നുവല്ലോ. ഇന്നു ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടതുകാരണം അല്ലാഹുവും നിങ്ങ ളെ ഇഷ്ടപ്പെട്ടിരിക്കുന്നു. മുന്‍കര്‍ നകീറി(അ)ന്റെ ആഗമനത്തിനുശേഷം നിങ്ങള്‍ക്ക് യാതൊരു വിഷമവും ഇനി വരാനില്ല. ഒരുപേടിയും വേണ്ട.
മുന്‍കര്‍ നകീര്‍(അ) ചോദ്യങ്ങള്‍ ചോദിച്ചു സ്ഥലം വിട്ടു കഴിഞ്ഞാല്‍ പിന്നെ ഖബറില്‍ ഖുര്‍ആനും ആ മനുഷ്യനും മാത്രമാകും. ഖുര്‍ആന്‍ അയാളോട് പറയുമത്രെ: ‘ഞാന്‍ നിങ്ങള്‍ക്ക് സുന്ദരവും നൈര്‍മ ല്യം നിറഞ്ഞതുമായ വിരിപ്പു വിരിച്ചുതരാം. നിങ്ങളുടെ കാതും ഖല്‍ബും കണ്ണുമെല്ലാം എനിക്കുവേണ്ടി അര്‍പ്പിച്ചതിനു പകരമായി മനോഹരമായ വിരിപ്പു ഞാന്‍ നല്‍കാം. സുന്ദരമായ കിടപ്പാടം ഒരുക്കിത്തരാം’. ഖുര്‍ആന്‍ വാനലോകത്തേക്ക് കണ്ണുയര്‍ത്തും. അപ്പോള്‍ അല്ലാഹു ആ വിരിപ്പ് നല്‍കുന്നതാണ്. ആറാം ആ കാശത്തു നിന്ന് ആയിരം മലകുകളും അവതരിക്കുന്നതാണ്. അവര്‍ വന്ന് ഈ മനുഷ്യന് സലാം പറയും. ഈ അവസരത്തില്‍ ഖുര്‍ആന്‍ പറയും: ‘ഇനി നിങ്ങള്‍ക്കെന്തു പേടിക്കാന്‍. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് ആവശ്യപ്പെട്ടതെല്ലാം ഇതാ എത്തിയിരിക്കുന്നു. നിങ്ങള്‍ എഴുന്നേ ല്‍ക്കുക. മലകുകള്‍ ആ വിരിപ്പുകള്‍ നിങ്ങള്‍ക്ക് വിരിച്ചുതരുന്നതാണ്’. (തുടര്‍ന്ന് ആ ഖബറിടം വിശാലമാക്കപ്പെടുന്നതാണ്. ഏകദേശം 400 വര്‍ഷത്തെ യാത്രാ ദൈര്‍ഘ്യമുണ്ടാകും പ്രസ്തുത ഖബറിന്റെ അപ്പോഴത്തെ വിശാലത. അതില്‍ മലകുകള്‍ പച്ചപ്പട്ടു വിരിക്കുന്നതാണ്. കസ്തൂരി ഗന്ധമുള്ള മൃദുലമായ വിരിപ്പിനു പുറമെ തലയിണകളും മറ്റു രാജകീയ സൌകര്യങ്ങളും ഒരുക്കുന്നതാണ്. തലഭാഗത്ത് സ്വര്‍ണാലംകൃതമായ വിളക്കു കത്തിച്ചുവെക്കും. അന്ത്യദിനം വരെ പ്രഭ പരത്തുന്ന ഒരു വിളക്കുമാടം കാലിന്റെ ഭാഗത്തും സ്ഥാപിക്കുന്നതാണത്രെ. തുടര്‍ന്ന് മലകുകള്‍ ഈ മനുഷ്യനെ വലതു ഭാഗത്തേക്ക് ഖിബ്ലക്കുനേരെ ചെരിച്ചു കിടത്തുന്നതാണ്. ആ വന്ന ആയിരം മലകുകള്‍ അദ്ദേഹത്തിന് ആശീര്‍വാദങ്ങള്‍ നല്‍കി വാനാരോഹണം ചെയ്യും. അയാള്‍ വിരിപ്പില്‍ കിടന്ന് ഇമവെട്ടാതെ അവരുടെ വാനലോക പ്രവേശത്തെ നോക്കിക്കാണുന്നതാണ്”.
നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് പരലോകത്ത് ശിപാര്‍ശകനായെത്തുന്നതാണ്. ആലുഇംറാന്‍, അല്‍ബഖറ എന്നീ സൂറത്തുകള്‍ പാരായണം ചെയ്തവര്‍ക്ക് മഹ്ശറയില്‍ ഒരു മേഘം കണക്കെ അത് തണല്‍ വിരിക്കുന്നതാണ്’ (അഹ്മദ്).
ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വത്തെപ്പറ്റി ചുരുക്കം ചില ഹദീസുകളാണിവിടെ ഉദ്ധരിച്ചത്. ഈ വി ഷയത്തില്‍ ഓരോ സൂറത്തിന്റെയും ചില ആയത്തുകളുടെയുമെല്ലാം മാഹാത്മ്യം പ്രകാശിപ്പിക്കുന്ന നബിവചനങ്ങള്‍ ഉദ്ധരിക്കാന്‍ ഒരു വലിയ ഗ്രന്ഥം തന്നെ വേണ്ടിവരും.
ഇഅ്തികാഫ്
പള്ളിയില്‍ ഇ’അ്തികാഫ്(ഭജനമിരിക്കല്‍)വര്‍ധിപ്പിക്കുന്നതും സുന്നത്ത് തന്നെ. റമള്വാനിലെ അവസാന പത്തില്‍ ശക്തിയാര്‍ജിച്ച സുന്നത്താണ്. അവസാനത്തെ പത്തില്‍ ഇ’അ്തികാഫ് ചെ യ്യാനുദ്ദേശിച്ചവന്‍ റമള്വാനിന്റെ ഇരുപതാമത്തെ ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പള്ളിയില്‍ പ്രവേശിക്കുകയും ആ സമയം മുതല്‍ പെരുന്നാള്‍ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് തന്നെ ഇ’അ്തികാഫ് ചെയ്യുകയുമാണ് ശ്രേഷ്ഠമായത്.
ഒരു പ്രത്യേക വസ്തുവെയോ സാഹചര്യത്തെയോ ബന്ധപ്പെടുത്തി ശാരീരികവും മാനസികവുമായ ഭജനമിരിക്കല്‍ എന്ന് ഇഅ്തികാഫിനെ നിര്‍വചിക്കാം. പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് ശറഹില്‍ ഇഅ്തികാഫ്. ഇഅ്തികാഫുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ കാണാം. ഇബ്റാഹിം, ഇസ്മാഈല്‍ (അ) എന്നീ പ്രവാചകന്മാരോട് തിരുഭവനത്തെ ഇഅ്തികാഫിരിക്കുന്നവര്‍ക്കുവേണ്ടി ശുദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് (അല്‍ബഖറ 125, 187). ഇത് ഇഅ്തികാഫിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസ് കാണുക: “ഇബ്നുഉമര്‍(റ)വില്‍ നിന്ന്: നബി(സ്വ) റമള്വാന്‍ അവസാന പത്തില്‍ ഇഅ്തികാഫിരിക്കല്‍ പതിവായിരുന്നു.’ അബൂസഈദിനില്‍ ഖുദ്രി(റ) വില്‍നിന്നുള്ള തിരുവചനത്തില്‍ ഇങ്ങനെ കാണാം: ‘നബി(സ്വ) റമള്വാന്‍ നടുവിലെ പത്തില്‍ ഇഅ്തികാഫിരുന്നിരുന്നു. ഒരു കൊല്ലം ഇരുപത്തിയൊന്നാമത്തെ പ്രഭാതത്തില്‍ നബി(സ്വ) പറഞ്ഞു: ‘ഈ അവസാന പത്തില്‍ എന്നോടൊത്ത് ഇഅ്തികാഫിനു താത്പര്യമുള്ളവര്‍ തയ്യാറാവുക’(ബുഖാരി). ഇഅ്തികാഫിനെ സ്ഥിരീകരിക്കുന്ന മറ്റൊരു ഹദീസ്: ‘ആഇശ(റ) പറയുന്നു: ‘ഞാന്‍ ആര്‍ത്തവാവസ്ഥയിലായിരിക്കെ നബി(സ്വ) ഇഅ്തികാഫിനിടയില്‍ പള്ളിവാതില്‍ക്കല്‍ വന്നു മുടിചീകിക്കൊടുക്കാനെനിക്കു സൌകര്യം ചെയ്തു തന്നിരുന്നു. ഞാനവിടുത്തെ മുടി വാര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു’ (ബുഖാരി).
ഇഅ്തികാഫിന്റെ മാഹാത്മ്യം വിശദമാക്കുന്ന ഹദീസുകള്‍ അനവധിയാണ്. അലിയ്യു ബ്ന്‍ ഹുസൈനി(റ)ല്‍ നിന്നുള്ളഹദീസ് കാണുക. നബി(സ്വ) പ്രഖ്യാപിച്ചു. റമള്വാന്‍ മാ സത്തില്‍ പത്തുദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ട് ഉംറയും ചെ യ്ത പ്രതിഫലം സ്വായത്തമാക്കാവുന്നതാണ്’(ബൈഹഖി). ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു. ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആരാണോ ഒരു ദിവസം ഇഅ്തികാഫിരിക്കുന്നത്, അവരുടെയും നരകത്തിന്റെയുമിടയില്‍ അല്ലാഹു പ്രപഞ്ചത്തി ന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ളത്ര അകലത്തില്‍ മൂന്നു കിടങ്ങുകള്‍ സംവിധാനിക്കുന്നതാ ണ്’ (ത്വബ്റാനി, ബൈഹഖി, ഹാകിം).
കാര്‍മിക വിധികള്‍
ഇഅ്തികാഫുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു. റമള്വാനില്‍ മാത്രമല്ല, അല്ലാത്ത കാലത്തും ഇഅ്തികാഫ് പ്രധാനസുന്നത്താണ്. നബി(സ്വ) ശവ്വാല്‍ മാസത്തില്‍ ഇഅ്തികാഫിരുന്നതായി ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. ഈ ഹദീസ് റമള്വാനല്ലാത്ത കാലത്തെ ഇഅ്തികാഫിനു തെളിവാണെന്ന് ഇമാം ശാഫിഈ(റ) സമര്‍ഥിക്കുന്നുണ്ട്.
റമള്വാന്‍ മാസത്തിലെ അവസാന ദശകത്തില്‍ ഇഅ്തികാഫിന് ഏറെ പ്രാധാന്യമുണ്ട്. ഇതിനു കാരണം ഈ ദിവസങ്ങളില്‍ ലൈലതുല്‍ ഖദ്റിന്റെ മഹത്വം നേടിയെടുക്കാന്‍ അവസരം ലഭിക്കുന്നതാണെന്നു നബിചര്യയില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. ജു മുഅ നടക്കുന്ന പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നത് ഏറെ ഉത്തമമാണ്. മറ്റു പള്ളികളി ലും ഇഅ്തികാഫിരിക്കാം. പള്ളിയില്‍ ചടഞ്ഞിരിക്കണമെന്ന നിബന്ധനയില്ല. പള്ളിയില്‍ ഉലാത്തുന്നവനും കിടന്നുറങ്ങുന്നവനും ഇഅ്തികാഫിന്റെ നിയ്യത്തുണ്ടെങ്കില്‍ പ്രതിഫ ലം ലഭിക്കുന്നതാണ്. ഈ പള്ളിയില്‍ ഇഅ്തികാഫിനു ഞാന്‍ കരുതി എന്ന് മനസ്സില്‍ കരുതിയാല്‍ മതി.
ഇഅ്തികാഫ് ലക്ഷ്യമാക്കി പള്ളിയില്‍ കഴിയുന്നവര്‍ അനാവശ്യ സംസാരം ഉപേക്ഷിക്കണം. ഇഅ്തികാഫില്‍ പരദൂഷണം, ചീത്ത ഭാഷണം, നിഷിദ്ധമായത് ഭക്ഷിക്കല്‍ തുടങ്ങിയവ ഉപേക്ഷിച്ചില്ലെങ്കില്‍ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുന്നതല്ല എന്ന് അന്‍വാറി ല്‍ കാണുന്നു. ഫത്ഹുല്‍ മുഈന്‍ ഈ വസ്തുത ഉദ്ധരിച്ചിട്ടുണ്ട്. ഇഅ്തികാഫ് നേര്‍ച്ചയാക്കല്‍ സാധുവും പ്രതിഫലാര്‍ഹവുമാണ്. ഈ പള്ളിയില്‍ ഇഅ്തികാഫിനുഞാന്‍ നേര്‍ച്ചയാക്കി എന്ന് കരുതി അല്‍പ്പ സമയം പള്ളിയില്‍ ചിലവഴിച്ചാല്‍ നേര്‍ച്ച ചെയ്ത ബാധ്യത ഒഴിവാകുമെങ്കിലും ഒരു ദിവസം പൂര്‍ണമായി ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏതു പള്ളിയിലും ഇഅ്തികാഫ് നേര്‍ച്ചയാക്കാം. മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറാം, അല്‍ അഖ്സ്വ എന്നിവയല്ലാത്ത എല്ലാ പള്ളികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ പരിഗണനയാണുള്ളത്. ഈ മൂന്നു പള്ളികളല്ലാത്ത ഏതെങ്കിലും ഒരു പള്ളി ഉദ്ദേശിച്ചു പറഞ്ഞാലും ഏതു പള്ളിയിലിരുന്നും ബാധ്യത വീടുന്നതാണ്.
ഉപര്യുക്ത പുണ്യ കര്‍മ്മങ്ങളെല്ലാം റമള്വാനിന്റെ അവസാനത്തെ പത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച സുന്നതായതിന്റെ രഹസ്യം പ്രസ്തുത ദിനങ്ങളില്‍ ലൈലതുല്‍ ഖ്വദ്റിനോട് യോജിക്കാനുള്ള സാധ്യതയുണ്ടെന്നതാണ്. മറ്റ് ആയിരം മാസങ്ങളില്‍ ‘അമല്‍ ചെയ്യുന്നതിലുപരി പുണ്യലബ്ധിയുള്ള രാത്രിയാണല്ലോ അത്. റമള്വാനിലെ അവസാനത്തെ പത്തില്‍ ആ രാത്രി അധിഷ്ഠിതമാണെന്നാണ് പ്രബല പക്ഷം. അതില്‍വെച്ചുതന്നെ കൂടുതല്‍ പ്രതീക്ഷയുള്ളത് ഒറ്റയായ രാവുകളാണ്. ലൈലതുല്‍ ഖ്വദ്റില്‍ നിസ്കരിക്കുന്നത് പുണ്യകരമാണെന്ന വിശ്വാസത്തോടെയും അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുമെന്ന പ്രത്യാശയോടെയും നിസ്കരിച്ചവന് മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്” (തുഹ്ഫ 3/198 – 200 എന്നീ പേജുകള്‍ നോക്കുക).
അനുബന്ധം
നോമ്പുകാരന് കറാഹത്തുള്ള കാര്യങ്ങള്‍
(1) കാരണം കൂടാതെ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യല്‍ (2) വായിലിട്ട് വല്ലതും ചവയ്ക്കല്‍.
(3) സുഗന്ധം ഉപയോഗിക്കല്‍. (4) വെള്ളത്തില്‍ മുങ്ങല്‍ (5) വായില്‍ വെള്ളം കൊപ്ളിക്കുന്നതിലും മൂക്കില്‍ വെള്ളം കയറ്റി ചീറ്റുന്നതിലും അതിരു കവിയല്‍. (6) വികാരത്തെ ഇളക്കിവിടുംവിധം ബന്ധപ്പെടല്‍.
നോമ്പുകാരന് സുറുമയിടല്‍
മാലികി മദ്ഹബ് അനുസരിച്ച് നോമ്പു മുറിയുമെന്നാണ്. അതു പരിഗണിച്ച് നോമ്പുകാരന്‍ സുറുമയിടല്‍ നല്ലതല്ല (തുഹ്ഫ 3/403, ഫ.മു’ഈന്‍, ഇ’ആനത്ത് 2/249). നോമ്പുകാരന്‍ ഭൂഷണമല്ലാത്ത ആഡംബരവും ഭംഗിയും സുറുമയിടുന്നത് കാരണമാണ് (ഇ’ആനത്ത് 2/249).