മിനുക്കിവെടിപ്പായൊരു പാറപ്പുറത്ത് അൽപ്പം മണ്ണ് വിതറിയെന്നിരിക്കട്ടെ, അതിനു മേൽ കനത്ത മഴ പെയ്താലെന്താവും. എന്തു സംശയം!? ഒരു തരിമ്പ വശേഷിക്കാതെ എല്ലാം കുത്തിയൊലിച്ച് പോവും. ഒടുവിലതു മൊട്ടപ്പാറയായി നിൽക്കും..
ജനങ്ങളുടെ പ്രശംസ കൈപറ്റാൻ സമ്പത്തു ചെലവഴിച്ചവൻ്റെ ഗതികേട് സൂറ: അൽ ബഖറ അവതരിപ്പിച്ചതിങ്ങനെയാണ്.
ആ മണ്ണ് അശേഷം മായ്ഞ്ഞു പോയ പോലെ അവൻ അധ്വാനിച്ചതു മുഴുവൻ നിശ്ഫലമായിരിക്കുന്നു.സമൂഹത്തിനു മുമ്പിൽ സ്വയംപ്രതിഷ്ഠ നടത്താനുള്ള ആസക്തി വർദ്ധിച്ചുവരികയാണ്. അതൊരു മാനസിക വൈകല്യവുമാണ്. സാമൂഹിക മാധ്യമങ്ങളുടെ പ്രജനനം വർദ്ധിത ശക്തിയോടെ ഉണ്ടായപ്പോൾ അത്തരക്കാരുടെ തോത് എത്രയോ കൂടിയിട്ടുണ്ട്.സ്വയം കേന്ദ്രീകൃത ലോകത്തെക്കൊതുക്കിയ സെൽഫിഭ്രമവും രഹസ്യസ്വഭാവമെന്നു പറയാൻ ഒന്നുമില്ലെന്നാക്കിയ ചാനലുകളും അഹന്തയെ ആലോഷിക്കുന്ന റിയാലിറ്റി ഷോകളും തുടങ്ങി
ടെക്നിക്കൽ ലോകം ഉണ്ടാക്കിയ ഗുരുതരമായ മാനസിക പ്രശ്നങ്ങൾ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. നാർസിസം (Narcissism), മാക്കിയവെല്യനിസം ( Machiavellianism) തുടങ്ങി വകഭേദങ്ങളായ് പിരിയുന്ന സ്വഭാവ വൈകല്യങ്ങൾ ഉണ്ടാകുന്നതിൽ പുതിയ സാങ്കേതിക ലോകത്തിന് വലിയ പങ്കുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്.ശാസ്ത്രീയ നിഗമനങ്ങൾ ഇങ്ങനെയൊക്കെയാണെന്ന് സൂചിപ്പിച്ചെന്നു മാത്രം.വിശ്വാസികളുടെ പ്രവർത്തന നിലവാരമളക്കുന്നതിൻ്റെ മാപിനികളിൽ പ്രധാനപ്പെട്ടതാണ് ഉദ്ദേശ ശുദ്ധി / ആത്മാർത്ഥത (ഇഖ്ലാസ് ) . നിശ്കപടമായ വിശ്വാസം നിശ് കളങ്കമായ വ്യക്തിത്വം നിർമലമായ വ്യവഹാരങ്ങൾ ആത്മാർത്ഥമായ പ്രവർത്തനങ്ങൾ ഇതിൻ്റെയെല്ലാംഗുളിക രൂപമാണ് ഒരു വിശ്വാസി.ഈ ക്രമീകരണങ്ങൾക്ക് വിള്ളലുണ്ടാകുമ്പോൾ ആ പേരിൻ്റെ മൂല്യമിടിയും. കപട വിശ്വാസത്തിലേക്കും അതുവഴി അപകടത്തിലേക്കും അവൻ ചെന്നു പതിക്കും. എല്ലാം നഷ്ടപെട്ട പരാജിതരുടെ കൂട്ടത്തിലാവും അവൻ്റെ ഇടം.ഓരോ ചലന നിശ്ചലനങ്ങളുടെയും ആന്തരിക സ്വഭാവം രക്ഷിതാവിനോടുള്ള അനുസരണം / കീഴ് വണക്കം/അടിമത്തം എന്നിവയാകണം. അങ്ങനെയല്ലാതെ വന്നാൽ ലോക ക്രമത്തെ ചോദ്യം ചെയ്യലാണത്. സൃഷ്ടി ചെയ്യുന്നതെന്നും ഏകനായ സൃഷ്ടാവിൻ്റെ സന്നിധാനത്തേക്കുള്ള സമർപ്പണങ്ങളാണ്. ആത്മാർത്ഥമായത് എന്ന് ഒരു പ്രവർത്തനത്തെ വിലയിരുത്തണമെങ്കിൽ അത് ഈ പറഞ്ഞ അച്ചുതണ്ടിൻ കേന്ദ്രീകൃതമാവണം. അല്ലാത്തത് മുഴുവൻ കാപട്യവും ക്രമക്കേടുമാണ്. സ്രഷ്ടാവ് എന്ന ഏക ചിന്തയിലുപരി മറ്റു പലതും അതിൽ കടന്നു വരുന്നുണ്ട്. ഒന്നുകിൽ പ്രകടനപതഅല്ലെങ്കിൽ പരപ്രശംസ അതുമല്ലെങ്കിൽ ഭൗതികമായ മറ്റെന്തോ നേട്ടം.ഈ പറഞ്ഞതെല്ലാം കാപട്യത്തിൻ്റെ അനുരണനനങ്ങളാണ്. അല്ലാഹുവിനെ വഞ്ചിക്കലുമാണ്. “തീർച്ചയായും കപടവിശ്വാസികൾ അല്ലാഹുവിനെയാണ് വഞ്ചിക്കുന്നത്. അവർക്ക് തക്കതായ പ്രതിവിധി അല്ലാഹു നൽകും. നിസ്ക്കാരത്തിനൊരുങ്ങുന്നത് നിസ്സംഗഭാവത്തോടു കൂടിയാണ് . ജനത്തെ കാണിക്കാൻ കാട്ടിക്കൂട്ടുകയാണവർ അല്ലാഹുവിനെ കുറിച്ചവർ ഓർക്കുന്നത് തുലോം തുഛം ” ( നിസാഅ 132)
അത്തരക്കാർക്ക് വിശ്വാസികളെപ്പോലെ ശോഭിതമായ അവസരങ്ങൾ നൽകപ്പെടും സ്വിറാത്ത് പാലം കടക്കവെ വെളിച്ചം കെട്ട് അവരെല്ലാവരും ഇരുട്ടിൽ തപ്പും.പൈശാചിക നീക്കങ്ങൾ മനുഷ്യനിൽ നിന്ന് എളുപ്പം വിട്ടു പോകുന്നതല്ല. പ്രഥമമായി ഇബാദത്തിന് വിലക്കിടും അതിനെ പ്രതിരോധിച്ചാൽ പിന്നെ ചെയ്യുന്ന അർത്ഥനയെ നിശ്ഫലമാക്കാൻ വഴി തേടും, ഉദ്ദേശ്യശുദ്ധിയെ കളങ്കപ്പെടുത്തും വിധം മസ്തിഷ്ക്കത്തെ കീഴ്പ്പെടുത്തും. അത്തരം പ്രവർത്തനത്തിൻ്റെ ഉൽപ്പന്നങ്ങളിലൊന്നാണ് പ്രകടനപരത.പിടിവിടാത്ത പൈശാചികാവസ്ഥയാണ് മഅ്റുഫ് കർഖി സ്വന്തം ശരീരത്തിൽ പ്രഹരിച്ചു കൊണ്ട് ‘ദേഹമേ, ആത്മാർത്ഥത പാലിക്കുക; രക്ഷ നേടുക ‘ എന്ന് നിരന്തരം പറയാൻ പ്രേരിപ്പിച്ചത്.അവദൂതനായ യൂസുഫ് ബ്ൻ ഹുസൈൻ പറയുന്നു: ലോകത്തിലെ ഏറ്റവും അപൂർവ്വമായ വസ്തുവാണ് ഇഖ്ലാസ്. ഞാൻ എൻ്റെ മനസ്സിൽ നിന്ന് പ്രകടനപരത തുടച്ച് നീക്കാൻ നിരന്തരം ശ്രമിക്കാറുണ്ട്. പക്ഷേ അത് നിറം മാറി വീണ്ടും വന്ന് കൊണ്ടിരിക്കും. ആത്മാർത്ഥമായ് രക്ഷിതാവിന് സമർപ്പിക്കുന്നതിൽപരം രിയാ ഇലൂടെ പര പ്രശംസാ മോഹവും സ്വയം സ്ഥാപിക്കലും അധികാരതൃഷ്ണയുമാണ് പിറവിയെടുക്കുന്നത്. ശദ്ദാദ് ബ്നു ഔസ് (റ) വിൽ നിന്നും നിവേദനം: നബി(സ) പറയുന്നത് ഞാൻ കേട്ടു: എൻ്റെ സമുദായത്തിൻ ശിർക്കും ചെറിയ വൈകാരികതകളുമാണ് ഞാൻ ഭയപ്പെടുന്നത്. ഞാൻ ചോദിച്ചു: ദൈവ ദൂതരേ.. അങ്ങേക്കു ശേഷം സമുദായം ശിർക്ക് ചെയ്യുകയോ? പ്രവാചകൻ പ്രത്യുത്തരം നൽകി: അവർ സൂര്യനെയും ബിംബങ്ങളെയുമല്ല ആരാധിക്കുന്നത്. അവർ അവരുടെ കർമങ്ങൾ കൊണ്ട് രിയാഅ കാണിക്കുന്നവരായിരിക്കും.(ബൈഹഖി)ദൈവത്തിനു പകരം സൃഷ്ടികൾ കടന്നു വരുന്ന ഗുരുതരമായ ഈ അവസ്ഥയെ നബി(സ) ഗൂഢബഹുദൈവത്വം എന്നാണ് വിളിച്ചത്. സ്വഹാബികൾ ഇത്തരം മനോഭാവങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ അതിയായ ജാഗ്രത കാണിച്ചിട്ടുണ്ട്. സമാനമായ ആശയമുൾകൊള്ളുന്ന ഹദീസുകൾ നിരവധിയാണ്.കർമ്മഫലങ്ങൾ മുഴുക്കെ നിർവീര്യമാക്കി കളയുന്ന അപകടാവസ്ഥയെയാണ് അവയൊക്കെയും പഠിപ്പിക്കുന്നത്. അമലുകൾ ചെയ്യുന്നതിനേക്കാൾ പ്രയാസമാണ് അതിനെ സംരക്ഷിക്കൽ. അത് പളുങ്കുപാത്രം പോലെയാണ്. പ്രകടനപരതയോ ഉൾനാട്യമോ വന്നാൽ അത് തകരും .മറിച്ച് അത്തരം ക്രമക്കേടുകളില്ലാതെ അതിനെ സംരക്ഷിക്കുകയും .ചെയ്തു പോയതിൽ മാപ്പപേക്ഷിക്കുകയും ചെയ്താൽ ഇത്തരം പ്രതിസന്ധികളെ പ്രതിരോധിക്കാൻ കഴിഞ്ഞേക്കും.അബുല്ലൈസു സമർഖന്ദി (റ) പഠിപ്പിക്കുന്ന കാര്യമാണിത്
പ്രകടന പരതക്കാരൻ്റെ ലക്ഷണങ്ങൾ :-
രിയാഉള്ളവൻ്റെ നാല് ലക്ഷണങ്ങൾ അലി (റ) പറയുന്നുണ്ട്.
1) തനിച്ചിരിക്കുമ്പോൾ ആരാധനകളിൽ നിസ്സംഗത കാട്ടുക
2) ജനങ്ങൾക്കൊപ്പമായിരിക്കുമ്പോൾ ഉന്മേഷവാനാവുക
3)മറ്റുള്ളവരുടെ പ്രശംസ ലഭിച്ചാൽ ആരാധനകൾ പർദ്ധിപ്പിക്കുക
4) വല്ലവനും ഇകഴ്ത്തിയാൽ ആരാധനകൾ വെട്ടിക്കുറക്കുക
(ഇഹ് യ 3296)
ഒരു വിശ്വാസിയുടെ ആരാധനാ കർമങ്ങളിൽ സുപ്രധാനമാണ് നിസ്കാരം. ഇതിനെപ്പോലും വൃഥാവിലാക്കുന്ന രിയാഅ് എന്ന രോഗത്തെ അകറ്റാൻ സാധിക്കുമ്പോഴേ കർമങ്ങൾക്ക് പ്രതിഫലം ലഭിക്കുകയുള്ളൂ. ജനദൃഷ്ടിയിൽ നല്ലപിള്ള ചമയാൻ വേണ്ടി നിസ്കരിക്കുന്നവരുണ്ട്. ജനമധ്യത്തിലോ ജമാഅത്തോ ആയി നിസ്കരിക്കുമ്പോൾ വളരെ ഭക്തിയോടെയും ഭവ്യതയോടെയും കർമങ്ങൾ നിർവഹിക്കുന്നവൻ തനിച്ചാകുമ്പോൾ നിസ്കാരം ഉപേക്ഷിക്കുകയും സൂക്ഷ്മത പാലിക്കാതിരിക്കുകയും ചെയ്യുന്നു. അവന്റെ ആരാധന ജനങ്ങളെ ബോധ്യപ്പെടുത്താനും അവരുടെ പ്രശംസ ലഭിക്കാനുമാണ്. അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുകയല്ല ലക്ഷ്യം. അന്ത്യദിനത്തിൽ ഭയാനകമായ ശിക്ഷയാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്. ജുൻദുബ് ബ്നു അബ്ദില്ലാഹിബ്നു സുഫിയാൻ(റ)വിൽ നിന്ന് നിവേദനം. പ്രവാചകർ(സ്വ) പറഞ്ഞു: ആരെങ്കിലും ജനങ്ങൾ കാണാൻ വേണ്ടി കർമങ്ങൾ ചെയ്താൽ അന്ത്യദിനത്തിൽ അല്ലാഹു അവനെ വഷളാക്കും. ആരെങ്കിലും ജനങ്ങളുടെ അടുക്കൽ ബഹുമാനം കിട്ടാൻ വേണ്ടി സൽകർമം ചെയ്താൽ അന്ത്യദിനത്തിൽ അല്ലാഹു അവന്റെ രഹസ്യങ്ങൾ പ്രദർശിപ്പിക്കുന്നതുമാണ് (ബുഖാരി, മുസ്ലിം). ആരാധനയെ മുൻനിർത്തിയുള്ള പ്രകടനപരതക്ക് രണ്ട് തലങ്ങളാണുള്ളത്. ഒന്ന്: ജനങ്ങളെ വഞ്ചിക്കുകയും അതിലൂടെ അഭിമാനം കണ്ടെത്തുകയും ചെയ്യുക. രണ്ട്: ആരാധന അല്ലാഹുവിന് മാത്രം ചെയ്യേണ്ടതാണ്. അത് അവനല്ലാത്തവർക്ക് ചെയ്യുന്നതിലൂടെ അല്ലാഹുവിനെ പരിഹസിക്കുന്നു. ഖതാദ(റ) നിവേദനം ചെയ്യുന്ന തിരുവചനം: ഒരടിമ തന്റെ ആരാധനയിൽ പ്രകടനപരത കാംക്ഷിച്ചാൽ അല്ലാഹു മലക്കുകളോട് പറയും; നോക്കൂ അവനെന്നെ പരിഹസിക്കുന്നു’. സ്വഹാബി പ്രമുഖനായ ഇബ്നു മസ്ഊദ്(റ) പറയുന്നതിപ്രകാരം: അല്ലാഹുവിനെ പരിഹസിക്കുകയാണവർ. അല്ലാഹുവിന്റെ ദൃഷ്ടിയല്ല, ജനങ്ങളുടെ ദൃഷ്ടിയാണ് ആരാധനകളെ നന്നാക്കാൻ കാരണമായത്.
ദാനധർമത്തിലും പ്രകടനപരത കാണാം. വലിയ സദസ്സുകളിലും ജനക്കൂട്ടത്തിനിടയിലും സ്വന്തം പ്രശസ്തി മാത്രം ആഗ്രഹിച്ച് കൊണ്ടായിരിക്കും അവർ ദാനധർമം ചെയ്യുന്നത്. കൊടുത്തത് എടുത്ത് പറഞ്ഞു കൊണ്ടും ഗുണഭോക്താവിനെ ബുദ്ധിമുട്ടിച്ചും അവരാ സ്ഥിതി തുടരും.അത്തരം പ്രകടനപരതക്കാരെ ഖുർആൻ വിമർശിച്ചിട്ടുണ്ട് (അൽബഖറ 264). കഷ്ടപ്പെട്ട് അധ്വാനിച്ച് പ്രകടനപരതക്ക് വേണ്ടി അവർ നൽകിയ ധർമങ്ങൾക്ക് പ്രതിഫലമില്ലെന്ന് മാത്രമല്ല, ഒരു ഉപകാരവും ലഭിക്കുകയില്ല. മഹാൻമാർ പറയുന്നതിങ്ങനെ: എത്രയെത്ര ലളിതമായ കർമങ്ങളാണ്, നിയ്യത്ത് അതിനെ ഗംഭീരമാക്കുന്നു. എന്നാൽ എത്ര വലിയ കർമങ്ങളാണ്, നിയ്യത്ത് അതിനെ നിശ് പ്രദമാക്കുന്നു (ഇഹ്യാ ഉലൂമുദ്ദീൻ 4/364). ദാനം ചെയ്യുന്നത് എത്ര ചെറിയ സംഖ്യയാണെങ്കിലും അതിൽ അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുകയും പതിഫലം പ്രതീക്ഷിക്കുകയും ചെയ്താൽ വിചാരണ നാളിൽ അത് മഹത്ത്വമുള്ളതാവും. ജനസ്വാധീനങ്ങൾക്കു വേണ്ടി കോടികൾ ധർമം ചെയ്തവന് ഒരുപക്ഷേ, ഒന്നും ലഭിച്ചില്ലെന്നും വരാം.
പഠനത്തിൽ വരുന്ന പ്രകടനപരതയെ കരുതിയിരിക്കണം. മതപരമായ വിജ്ഞാനം നുകരുന്നത് ജനസ്വാധീനത്തിനും സമൂഹത്തിൽ മാന്യനാകാൻ വേണ്ടിയും പണമുണ്ടാക്കാൻ വേണ്ടിയുമാകരുത്. അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചാൽ മാത്രമേ ഇരുലോകത്തും അറിവ് ഉപകാരപ്പെടുകയുള്ളൂ. നബി(സ്വ) പറഞ്ഞു: ദൈവ പ്രീതി ഉദ്ദേശിച്ച് തേടേണ്ട അറിവിനെ പണ്ഡിതൻമാരോട് പെരുമ നടിക്കാൻ വേണ്ടിയോ ജനശ്രദ്ധ തന്നിലേക്ക് തിരിയാൻ വേണ്ടിയോ വിഡ്ഢികളുടെ മുന്നിൽ മാന്യനാകാൻ വേണ്ടിയോ തേടിയാൽ അല്ലാഹു വിൻ്റെ കോപത്തിനിരയാവും (നസാഇഹുദ്ദീനിയ്യ 24). അധ്യാപകനെ കാണിക്കാൻ വേണ്ടിയും മറ്റുള്ളവരെക്കാൾ സ്വാധീനം ലഭിക്കാൻ വേണ്ടിയുമെല്ലാമുള്ള പഠനത്തിന്റെ ഉദ്ദേശ്യ ശുദ്ധി അപകടകരമാണ്. അതിനാൽ അത്തരക്കാർ മേലുദ്ധരിച്ച ഹദീസിൽ പരാമർശിച്ചത് പോലെ അല്ലാഹുവിന്റെ കോപത്തിനിരയാവുകയും അഭിശപ്തനാവുകയും ചെയ്യും
വേഷ-ഭൂഷാദികളിൽ ജനശ്രദ്ധ പിടിച്ച് പറ്റാൻ വേണ്ടി ചിലർ മുന്തിയ വസ്ത്രവും മറ്റു അലങ്കാര വസ്തുക്കളും ധരിക്കാറുണ്ട്. ഇത് നിഷിദ്ധമല്ല. അതൊരു ഇബാദത്തല്ല എന്നതാണ് കാരണം (ഇഹ്യാ ഉലൂമുദ്ദീൻ). പാമരൻ പണ്ഡിതവേഷം ധരിക്കുന്നത് കറാഹത്താണ് (ഫത്ഹുൽ മുഈൻ). തലപ്പാവ് ധരിക്കുന്നതും മുടി ചീകുന്നതും നല്ല വസ്ത്രം ധരിക്കുന്നതുമെല്ലാം പ്രവാചകചര്യയാണ്. ചില പാമരർ ജനങ്ങളെ വഞ്ചിക്കാൻ പണ്ഡിതരുടേയും ശൈഖുമാരുടേയും വേഷം കെട്ടുന്നതും സ്വന്തം പൊലിമ പറയുന്നതും ജനങ്ങളെ കബളിപ്പിക്കലാണ്.
ആത്മാർത്ഥതയുടെ ലേപനം പുരട്ടി ചികിത്സിക്കേണ്ട വ്യാധിയാണ് പ്രകടനപരത.
വിയർപ്പൊഴുക്കുന്നതിനും ചിലവഴിക്കുന്നതിനും ദൈർഘ്യമേറിയ അധ്വാനങ്ങൾക്കും നല്ല റിസൾട്ട് കാണണമെങ്കിൽ നമ്മുടെ ചിന്തയെ മെരുക്കാനും നിയന്ത്രിക്കാനും കഴിയണം