അങ്ങെന്തിനാണ് കരയുന്നത്.?
നവവി ഇമാമിൻ്റെ ചുറ്റും നിന്ന് ശിഷ്യന്മാർ ആരാഞ്ഞു കൊണ്ടിരിക്കുകയാണ്.
ജീവിതത്തിൽ ഒരു തെറ്റു പോലും തീണ്ടിയിട്ടില്ല! പിന്നെന്തിനാണ്?! , അങ്ങ് നന്മകളുടെ നൂറിൽ നൂറല്ലേ?
ഇനിയുമെന്തിന് കരയണം?
നവവി ഇമാമിൻ്റെ അവസാന നിമിഷങ്ങളാണ്.
ഹൃദയസ്പന്ദനത്തിനോടൊപ്പം മഹാൻ്റെ ചുണ്ടു ചലിച്ചു ” ഒരു യാത്രാ വേളയിൽ, നടക്കുന്നതിനിടേ, അവിചാരിതമായി കാലിലൊരു കല്ല് തടഞ്ഞു, വീണപ്പോൾ കാലിന് മുറിവേറ്റു .അന്നേരം ‘എൻ്റെ കാൽ’ എന്ന് വിളിച്ച് പോയ്. ആ നിമിഷത്തെ കുറിച്ചാലോചിക്കുമ്പോൾ… ”
ഇമാമിൻ്റെ കണ്ണിൽ കണ്ണീർ ദാരയായൊഴുകുകയാണ് ” ആ ഒരു നിമിഷം എൻ്റെ റബ്ബിനെ കുറിച്ചല്ലല്ലോ ഞാനാലോചിച്ചത്, ധാരാളം പാപമോചനം നടത്തിയിട്ടുണ്ട്. പക്ഷേ, റബ്ബ് അത് സ്വീകരിച്ചിരിക്കുമോ? എന്ന വേവലാതിയാണ്”

ഈ ചരിത്രം വായിച്ചു തീർന്നപ്പോൾ നിങ്ങൾക്കെന്ത് തോന്നി.ഹൃദയത്തിൻ്റെ കോണിൽ വല്ല ന്യൂനമർദ്ദവും ഉണ്ടായോ?
ഒരു ചുഴി ?
ചെറിയൊരോളം?
നേർത്തൊരു പ്രകമ്പനം?
ഉണ്ടായിരിക്കാതിരിക്കില്ല.
ഒത്തിരിയെങ്കിലും ഈമാനുള്ളവർ ഇതാലോചിച്ചിരുന്നു പോവും.

നമുക്കും ദുഖങ്ങളുണ്ടാവാറുണ്ട്. അത് ഹൃദയത്തെ പിടിച്ചുലക്കാറുണ്ട്. ശ്വാസം മുട്ടിക്കാറുണ്ട്. ഉറക്കം കെടുത്താറുണ്ട്. സ്വസ്ഥതകളെ അപഹരിക്കാറുണ്ട്.
ഒന്നുകിൽ പരാജയപ്പെട്ട പരീക്ഷയെ ഓർത്ത്, അല്ലെങ്കിൽ സ്തംഭിച്ച ബിസിനസിനെ ഓർത്ത്, വിവാഹം ശരിയാകാത്തതോർത്ത്, സന്താനഭാഗ്യമില്ലാത്തതോർത്ത്, പാതിവഴിയിലായ വീടു പണിയെ ഓർത്ത്, രോഗത്തെ ഓർത്ത്,
ഉറ്റവർ പിരിഞ്ഞതോർത്ത്, അങ്ങനെയങ്ങനെ പല പല കാരണങ്ങളോർത്ത് ഓരോരുത്തരിലും സഹജമായുണ്ടാവുന്നതാണത്. പ്രതീക്ഷകൾ പൊലിയുമ്പോൾ കുത്തുനോവായി ദുഖങ്ങൾ വരികയെന്നത് സ്വാഭാവികം.
പക്ഷേ, ഇപ്പറഞ്ഞ വ്യാകുലതകളൊക്കെ നമ്മുടെ ഭൗമിക ജീവിതത്തെ സംബന്ധിച്ചുള്ളതല്ലേ?
അന്ത്യശ്വാസവും കഴിഞ്ഞ് തുടങ്ങുന്ന പ്രവിശാലമായ അതിരുകളില്ലാത്ത യതാർത്ഥ ജീവിതത്തെ കുറിച്ചോർത്ത് വല്ല ശങ്കയും നമുക്കുണ്ടായിട്ടുണ്ടോ?
ഇപ്പോഴേ എന്തിനല്ലേ…? എന്ന് നിങ്ങളാരും ചോദിക്കില്ല.കാരണം അന്നുള്ള ആശങ്കകൾ വിഫലമാണെന്ന് നമുക്കറിയാം. അന്ന് നമ്മൾ ഇന്നലെയെ കുറിച്ച് ചിന്തിക്കും. പരിതാപപ്പെടും. അത് കൊണ്ട് ഇന്നിനെ സഗൗരവം കണക്കിലെടുത്തേ പറ്റൂ..
എല്ലാം ക്രിയാത്മകമായ് കാണാനും മനസ്സിലാക്കാനും മിടുക്കും പ്രാപ്തിയുമുള്ള വിശ്വാസിയുടെ ദുഖ:ങ്ങളും മൂല്യവത്തായതാണ്. വ്യക്തിത്വ വിശുദ്ധി നഷ്ടപ്പെട്ടതിൻ്റെ പേരിൽ, ഇസ്ലാമിനെ ജീവിതത്തിൽ വേണ്ട വിധം പകർത്താൻ കഴിയാത്തതിൻ്റെ പേരിൽ, ഭക്തിയിൽ ന്യൂനതകൾ കയറിയിരുന്നതിൻ്റെ പേരിൽ, രക്ഷിതാവായ അല്ലാഹുവിനോടുള്ള ബാധ്യതകൾ അർഹമായ രീതിയിൽ നിർവഹിക്കാൻ കഴിയാത്തതിൻ്റെ പേരിൽ, സൽകർമ്മങ്ങൾ ചെയ്യാതിരുന്നതിൻ്റെ പേരിൽ, അല്ലെങ്കിൽ അവസരം നഷ്ടപ്പെട്ടതിൻ്റെ പേരിൽ… അങ്ങനെ പലതും അവൻ്റെ ഹൃദയത്തെ മഥിക്കും.
സഹൃദയരേ, ഭൗതിക നേട്ടങ്ങൾ നഷ്ടമായതിലുള്ള ദുഖ:ത്തെക്കാൾ നമുക്ക് വേണ്ടത് ആത്മീയമായ ദുഖ: മല്ലേ? അതു തന്നെയാവണ്ടെ? ഒരു ദീർഘശ്വാസത്തിന് ശേഷം നമുക്കൊരുമിച്ചാലോചിക്കാം. നിശബ്ദമായി.
അപ്പോൾ നിങ്ങളുടെ മനസ്സ് തബൂഖ് യുദ്ധത്തിലെത്തും. അവിടുത്തെ രംഗം ഖുർആൻപോലും രേഖപ്പെടുത്തിയതാണ്.
ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ ഒരു സംഭവമായിരുന്നു തബൂക്ക് യുദ്ധം. മുസ്ലിംകൾ കഠിന വെല്ലുവിളി അഭിമുഖീകരിച്ചതും ഈ യുദ്ധത്തിലായിരുന്നുവല്ലോ. അതുവരെയും പ്രവാചകനും അനുചരന്മാര്‍ക്കും നേരിടേണ്ടിവന്നിട്ടുള്ളത് മക്കയിലെ ഗോത്രങ്ങളോടും മദീനയിലെ ജൂതന്മാരോടൊക്കെയായിരുന്നു.ആ സഖ്യകക്ഷികളെല്ലാം സംഘടിച്ചുവന്ന യുദ്ധമായിരുന്നു അഹ്‌സാബ്.അതില്‍ നിന്നെല്ലാം വ്യത്യസ്തമായി അന്ന് ലോകത്തെ ഏറ്റവും വലിയ സൈനിക-സാമ്രാജ്യത്വ ശക്തിയായ റോമയോടായിരുന്നു തബൂക്കില്‍ തിരുദൂതർക്കും അനുചരർക്കും നേരിടാനുണ്ടായിരുന്നത്. മാത്രമല്ല, മദീന കടുത്ത ക്ഷാമവും വരള്‍ച്ചയും അനുഭവിക്കുന്ന ഒരു സന്ദര്‍ഭവുമായിരുന്നു അത്. ഒരു യുദ്ധത്തിനൊരുങ്ങാന്‍ പറ്റുന്ന ഭൗതികവും മാനസികവുമായ സാഹചര്യം മുസ്ലിംകള്‍ക്കില്ലായിരുന്നു.യുദ്ധത്തില്‍ പങ്കെടുക്കുകയെന്നത് ഭീതിതമാണ്, ജീവന്‍ പണയം വെച്ചേ പറ്റൂ. അതിനാല്‍ വ്യത്യസ്ത കാരണങ്ങള്‍ ബോധിപ്പിച്ചുകൊണ്ട് മദീനയിലെ കപടവിശ്വാസികള്‍ തിരുനബിയോട് വിടുതല്‍ ചോദിക്കുന്നു. ചോദിച്ചവര്‍ക്കൊക്കെ പ്രവാചകന്‍ അനുവാദവും കൊടുക്കുന്നു. നബി ഇളവ് കൊടുത്തപ്പോള്‍ സന്തോഷത്തോടെ അവര്‍ അവരുടെ വീടുകളിലേക്ക് മടങ്ങുകയും ചെയ്തു.
എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആത്മാര്‍ഥമായി വിയർപ്പൊഴുക്കാനൊരുങ്ങിയ സത്യവിശ്വാസികള്‍ അവിടെയുണ്ടായിരുന്നു.
ദാരിദ്ര്യ പാരവശ്യത്തിൽ ജീവിതമുന്തുന്നവർ. വര്‍ഷങ്ങളായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിയ ഞങ്ങള്‍ക്ക് ഇസ്ലാമും കുഫ്‌റും തമ്മില്‍ പോരാടുന്ന നിര്‍ണായകമായ ഈ തബൂക്ക് യുദ്ധത്തില്‍ പങ്കെടുക്കാന്‍ അനുമതി വേണം എന്നായിരുന്നു അവരുടെ ആവശ്യം. പക്ഷെ, അവരെ തബൂക്കിലേക്ക് കൊണ്ടു പോകാനുള്ള വാഹനസൗകര്യവും ഭൗതിക സാഹചര്യവും ഇല്ലാത്തതിനാല്‍ തിരുനബി(സ)അവരോട് നിർദ്ദേശിച്ചു “നിങ്ങള്‍ വരേണ്ടതില്ല. നിങ്ങള്‍ നിങ്ങളുടെ വീടുകളിലേക്ക് തിരിച്ചു പോയ്‌ക്കോളൂ, അര്‍ഹമായ പ്രതിഫലം അല്ലാഹു നിങ്ങള്‍ക്ക് നല്‍കും”. എന്നാല്‍ നബി(സ) തങ്ങൾ തിരിച്ചയച്ചപ്പോള്‍ ഹൃദയം വെന്തുകൊണ്ടാണവർ വീട്ടിലേക്ക് തിരിച്ചത്. കണ്ണുകളിൽ കണ്ണീർ ക്ഷോഭം. വാക്കുകൾ തൊണ്ടയിൽ കെട്ടുന്നു. ആ രംഗം വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നു. ‘ നബിയേ, ഞങ്ങളെ കൂടി സൈന്യത്തില്‍ ചേര്‍ത്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിത്വം വരിക്കാന്‍ അവസരം ആവശ്യപ്പെട്ടെത്തിയ വിഭാഗമുണ്ടല്ലോ, നിങ്ങളെ കൊണ്ടുപോകാന്‍ ഒരു വഴിയും എന്റെ മുന്നിലില്ല എന്ന് പറഞ്ഞുകൊണ്ട് താങ്കള്‍ അവരെ തിരിച്ചയച്ചപ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഞങ്ങള്‍ക്കൊന്നും സമര്‍പ്പിക്കാന്‍ സാധിച്ചില്ലല്ലോ എന്ന അങ്ങേയറ്റത്തെ ദുഖഭാരത്താല്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു.

യാ അല്ലാഹ്, അവരൊഴുക്കിയ കണ്ണീരിനെന്തു വിലയിടും!?. കൂട്ടരേ, സൂറത്തു തൗബയിലെ 92 മത്തെ ഈ സൂക്തം നമ്മോട് ചിലത് ചോദിക്കുന്നുണ്ട്. പല ദു:ഖങ്ങൾ അലട്ടുന്ന നേരങ്ങളിൽ ആത്മീയമായ കാര്യത്തെ കുറിച്ച് എപ്പോഴെങ്കിലും നമ്മൾ കണ്ണീർ പൊഴിക്കാറുണ്ടോ എന്ന്.

തബൂക്കിലെ വെല്ലുവിളികളില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടല്ലോ എന്ന സന്തോഷമായിരുന്നില്ല അവര്‍ക്കുണ്ടായിരുന്നത് എന്ന് ഖുര്‍ആന്‍ പഠിപ്പിക്കുന്നു.
അവര്‍ ആത്മീയദുഖത്തിലമർന്നിരുന്നു.
ഭൗതികമായ ആഗ്രഹങ്ങള്‍ക്കപ്പുറത്ത് ഇസ് ലാമികമായ ദുഖമനുഭവിക്കാന്‍ സാധിക്കുമ്പോഴാണ് നമ്മുടെ ഈമാന്‍ പൂര്‍ത്തിയാകുന്നത്.

തിരു നബി(സ) പറഞ്ഞു : നിങ്ങളുടെ ഐഹിക കാര്യങ്ങളില്‍ നിങ്ങളേക്കാള്‍ മുകളിലേക്ക് നോക്കരുത്. മറ്റൊരു ഹദീസില്‍ വിശദീകരിച്ചതിങ്ങനെ : ആരെങ്കിലും ദീനിന്റെ കാര്യത്തില്‍ തന്നെക്കാള്‍ താഴെയുള്ളവനിലേക്ക് നോക്കി തൃപ്തിയടയുകയും ദുനിയാവിന്റെ കാര്യത്തില്‍ തന്നെക്കാള്‍ മുകളിലുള്ളവരിലേക്ക് നോക്കിയിട്ട് ദുഖിക്കുകയും ചെയ്യുന്നുവെങ്കിൽ അല്ലാഹുവിന്റെയടുത്തവൻ നന്ദികെട്ടവനും അക്ഷമനുമാണ്’. നമ്മുടെ ദുഖത്തിന്റെ മാനദണ്ഡമെന്താകണമെന്നാണ് പ്രവാചകന്‍(സ) പഠിപ്പിക്കുന്നത്. ചെയ്ത് കൊണ്ടിരിക്കുന്ന നന്മ രോഗം പോലോത്ത കാരണങ്ങൾ കൊണ്ട് മുടങ്ങിപ്പോയാൽ ചെയ്തതിൻ്റെ പ്രതിഫലമുണ്ടാകുമെന്ന് കൂടി തിരുനബി പഠിപ്പിച്ചിട്ടുമുണ്ട്
മറ്റൊരു സംഭവം പറയട്ടെ : അധ്യാത്മികജ്ഞാനിയായ ഇബ്നു ശുറയ്ഹ് വഴിയോരത്ത് മുഖം പൊത്തിക്കരയുന്നത് കണ്ടവർ അദ്ധേഹത്തോട് കാരണം തിരക്കി.
“എൻ്റെ ആയുസ്സ് കടന്നു പോയി കൊണ്ടിരിക്കയാണ്. ഞാൻ ചെയ്തത്രെയോ തുഛം, ഇതാ.. മരണവുമടുത്തിരിക്കുന്നു. അതോലിചിച്ചിട്ട് കണ്ണീരുവന്നതാണ് ”
ഇങ്ങനെയെത്രയെത്ര സംഭവങ്ങൾ. ജമാഅത്ത് നിസ്ക്കാരത്തിൽ തക്ബീറതുൽ ഇഹ്റാം നഷ്ടമായപ്പോൾ കരഞ്ഞ സലഫുസ്വാലിഹങ്ങളുണ്ട്. ചിലരെ സമാധാനിപ്പിക്കാൻ ആഴ്ചകളെടുത്തിരുന്നു (ഇഹ് യ യിലുണ്ട്). പള്ളിയിലാദ്യമെത്താൻ കഴിയാത്തതിൻ്റെ പേരിൽ ദുഖിച്ച അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) , ജയിൽവാസ കാലത്ത് ജുമുഅക്ക് കുളിച്ചൊരുങ്ങി ഗേറ്റിന് മുന്നിൽ വന്ന് പള്ളിയിൽ പോവാൻ കഴിയാത്ത ദുഖത്തിൽ കണ്ണീരൊഴുക്കിയ ബുവൈത്വി ഇമാം(റ). അങ്ങനെ ആ ചരിത്രങ്ങൾ നീളും.സമയം മുഴുക്കെ ദൈവിക ചിന്തയിൽ ചിലവഴിച്ചവരുടെ കണ്ണാണ് നിറഞ്ഞൊഴുകുന്നത്. നമ്മളും അവരും രണ്ടും ബഹുദൂരം രണ്ട് തട്ടിലാണെന്ന് നിസ്സംശയം പറയാം. നമ്മൾ പൊലിഞ്ഞു പോയ നേരങ്ങളെ കുറിച്ച് ആലോചിച്ചിട്ടേയില്ല. ഹേ മനുഷ്യാ, നിൻ്റെ ജീവിതം ദിവസങ്ങളുടെ കൂട്ടമാണ്. ഓരോ ദിവസം കഴിയുമ്പോഴും നീയും പതിയെ ഇല്ലാതായിത്തീരുന്നു എന്ന ഹസനുൽ ബസ്വരിയുടെ ഓർമ്മപ്പെടുത്തൽ നമ്മുടെ നെഞ്ചകത്തുണ്ടാവണം
സജ്ജനങ്ങൾ, നഷ്ടപ്പെട്ട കർമ്മങ്ങളിൽ അതിയായ് ആകുലപ്പെടും. സുലൈമാൻ നബി(അ)യുടെ ഒരാത്മ ദുഖം ഖുർആനിലുണ്ട്. അദ്ധേഹത്തിന് മേത്തരം പടക്കുതിരകൾ ഉണ്ടായിരുന്നു. നബിക്ക് അവയോട് വല്ലാത്ത പിരിശമായിരുന്നു. ഒരിക്കൽ ഈ സ്നേഹലാളന നിമിത്തം അവിടുത്തെ അസ്വറ് നിസ്കാരം ഖളാ ആവാൻ ഇടയായി. നബിക്ക് ദുഖ: മായി, അത് കഠിനമായി. ഉടനെ അതിനുള്ള പരിഹാരമായി.ശ്രേഷ്ഠമായ പടക്കുതിരകളെ ഒന്നടങ്കം ബലിയറുത്ത് ദാനം ചെയ്തു (വി.ഖു 38/30-33 നോക്കുക).
ആത്മപ്രധാനമായ ദുഖങ്ങൾ നമുക്കുണ്ടായിരിക്കണം.
ആ കണ്ണുനീർ തുള്ളി നമ്മേ വിമലീകരിക്കും.
ദുഖ: ഭാരങ്ങളേൽക്കാൻ പ്രയാസപ്പെടുന്ന നേരത്ത് നമുക്ക് പുഞ്ചിരിക്കണമെങ്കിൽ അത്തരമാലോചനകൾ കൂടിയേ തീരൂ.
അന്ന് റബ്ബ് പറയും “എൻ്റെ അടിമകളേ, ഇന്ന് നിങ്ങൾക്ക് ഭയമില്ല. നിങ്ങൾ ദുഖിക്കുന്നവരല്ല” (വി.ഖു 43/68)

ആ നിമിഷമാണ് നമ്മൾ കാത്തിരിക്കുന്നത്.
നഷ്ടപ്പെട്ടതോർത്ത് പരിഹരിച്ച് ഭാവി ഭാസുരമാക്കാം.