നുഅ്മാനുബ്‌നു ബശീര്‍(റ)ല്‍ നിന്ന് നിവേദനം, നബി(സ്വ) പറഞ്ഞു: നിങ്ങള്‍ സന്താനങ്ങളുടെ ഇടയില്‍ നീതി പുലര്‍ത്തുക. ഈ വാചകം മൂന്ന് പ്രാവശ്യം അവിടുന്ന ആവര്‍ത്തിച്ചു’ (അബൂദാവൂദ് 3/815). മറ്റൊരു റിപ്പോര്‍ട്ടില്‍ ഇങ്ങനെ കാണാം. നുഅ്മാന്‍(റ) നബി(സ്വ)യുടെ കൂടെ ഇരിക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ ഒരു ചെറിയ ആണ്‍കുട്ടി വന്നു. അദ്ദേഹം കുട്ടിയെ ചുംബിക്കുകയും പിടിച്ച് മടിയിലിരുത്തുകയും ചെയ്തു. ശേഷം ഒരു ചെറിയ പെണ്‍കുട്ടി വന്നു. അദ്ദേഹം അവളെ പിടിച്ചു തന്റെ ഒരു ഭാഗത്ത് ഇരുത്തി. ഇതുകണ്ട് തിരുനബി(സ്വ) പറഞ്ഞു: നീ അവര്‍ രണ്ടാളുടെയും ഇടയില്‍ നീതി പാലിച്ചിട്ടില്ല (ബൈഹഖി 7/467). ചുംബനത്തില്‍ വരെ സന്താനങ്ങള്‍ക്കിടയില്‍ നീതി പാലിക്കണമെന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. എങ്കില്‍ മറ്റു സാമ്പത്തിക സുഖ-സൗകര്യങ്ങളുടെ കാര്യം പറയേണ്ടതില്ലല്ലോ.
മക്കള്‍ തിരിച്ച് മാതാപിതാക്കളോടും കടപ്പാടുകള്‍ വീട്ടേണ്ടതുണ്ട്. എന്നല്ല അതാണേറെ പ്രധാനം. ഖുര്‍ആനില്‍ നിരവധി സ്ഥലങ്ങളില്‍ മാതാപിതാക്കള്‍ക്ക് ഗുണം ചെയ്യാന്‍ കല്‍പിക്കുകയും അതിന്റെ ഗൗരവം ഉണര്‍ത്തുകയും ചെയ്തിട്ടുണ്ട് (അന്‍കബൂത് 8, നീസാഅ് 36 ഉദാഹരണം).