കുഞ്ഞുങ്ങളുടെ ആരോഗ്യവും ആത്മീയവുമായ ഭാവിക്ക് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുലകൊടുക്കുക അതില്‍ പ്രധാനമാണ്. ഇബ്‌നുഹജര്‍(റ) പറയുന്നു:’കുട്ടിക്ക് മഞ്ഞപ്പാല്‍ നല്‍കല്‍ മാതാവിന്റെ മേല്‍ ബാധ്യതയാണ്. പ്രസവത്തിന്റെ ഉടനെ ചുരത്തുന്ന പാലാണിത്. ഇതെത്രകാലം നല്‍കണമെന്നത് അതുസംബന്ധമായി പരിജ്ഞാനമുള്ളവര്‍ പറയുന്നതിനനുസരിച്ചായിരിക്കും. മൂന്നു ദിവസമെന്നും ഏഴു ദിവസമെന്നും അഭിപ്രായപ്പെട്ടവരുണ്ട്. അതുകൂടാതെ സാധാരണയില്‍ കുട്ടി ജീവിക്കുകയില്ലെന്നതാണതിന്റെ കാരണം'(തുഹ്ഫ 8/350)
രണ്ടു വയസ്സുവരെയാണ് മുലയൂട്ടല്‍ കാലം. മാതാവ് കൂലിയാവശ്യപ്പെട്ടാല്‍ പിതാവിനാകുമെങ്കില്‍ അയാള്‍ അതു വകവെച്ചുകൊടുക്കണം. മാതാവല്ലാത്ത സ്ത്രീകളെ കൊണ്ടും മുലയൂട്ടിക്കാവുന്നതാണ്. നബി(സ്വ)ക്ക് മുലയൂട്ടിയത് ഹലീമ ബീവിയായിരുന്നല്ലോ. മുലയൂട്ടുന്നതിന്റെ അനിവാര്യത വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്നതു കാണുക. ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണമായ രണ്ടുവര്‍ഷം മുലയൂട്ടണം. പൂര്‍ണമായി മുലകൊടുക്കണമെന്നുദ്ദേശിക്കുന്നവര്‍ക്കുള്ളതാണിത്. എന്നാല്‍ മാതാപിതാക്കള്‍ പരസ്പരം കൂടിയാലോചന നടത്തിയും തൃപ്തിപ്പെട്ടും മുലകുടി നിര്‍ത്തുന്നതിന് ആഗ്രഹിച്ചാല്‍ അത് കുറ്റകരമല്ല. നിങ്ങളുടെ സന്താനങ്ങള്‍ക്ക് (പോറ്റുമ്മയെവെച്ച്)മുലകുടിപ്പിക്കണമെന്ന് നിങ്ങള്‍ ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ സമ്മതിച്ചത്(മൂല്യം) നീതിപൂര്‍വം കൊടുത്താല്‍ അതിലും കുറ്റമില്ല. അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കാണുന്നവനാണെന്ന് മനസ്സിലാക്കുക'(അല്‍ബഖറ/233).
രണ്ടു വയസ്സിനുശേഷം ആറുമാസമോ അതില്‍ കൂടുതലോ മുലകുടി തുടരല്‍ അനുവദനീയമാണ്. കുട്ടിക്ക് അണപ്പല്ലുകള്‍ മുളച്ച് ഭക്ഷണം ചവക്കാന്‍ ബലം വന്നതിനുശേഷം അധികം ചൂടും തണുപ്പും ഇല്ലാത്ത കാലത്താണ് മുലകുടി മാറ്റാന്‍ ഏറ്റവും ഉത്തമമായ സമയമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞതുകാണാം. ഒറ്റയടിക്ക് മുലകുടി അവസാനിപ്പിക്കരുത്. ഘട്ടംഘട്ടമായേ നിര്‍ത്താവൂ. ശരീരം ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് പെട്ടെന്ന് മാറ്റുമ്പോഴുണ്ടായേക്കാവുന്ന പ്രയാസം ഒഴിവാക്കാനാണിത്.
കുട്ടികള്‍ക്ക് പല്ല് മുളക്കുന്ന പ്രായംവരെ മുലപ്പാല്‍ മാത്രം കൊടുത്താല്‍ മതി. മറ്റു ആഹാരങ്ങള്‍ അതുവരെ ഒഴിവാക്കണം. അവരുടെ ആമാശയം അതിനുമാത്രം ശക്തമല്ലെന്നത് കൊണ്ടാണിത്. പല്ല് മുളച്ചാല്‍ ആമാശയം ബലപ്പെട്ടു എന്നതിന്റെ അടയാളമായി. അപ്പോള്‍ ലളിതമായ ഭക്ഷണങ്ങളാവാം. സൃഷ്ടികര്‍ത്താവായ അല്ലാഹു ആ നിലയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഘട്ടം ഘട്ടമായി ഭക്ഷണം നല്‍കിത്തുടങ്ങണം. പോഷകമൂല്യങ്ങളടങ്ങിയതും വിഷമയമില്ലാത്തതുമാവാന്‍ ശ്രദ്ധിക്കണം. ആദ്യമായി പാലും കുതിര്‍ത്തി ചപ്പാത്തി പോലുള്ളതും വേവിച്ച ലഘു ആഹാരങ്ങളുമാവാം. പിന്നീട് മാംസങ്ങള്‍ കൊടുത്തു തുടങ്ങാം. ചെറിയ കഷണങ്ങളാക്കിയും നേര്‍മയാക്കിയുമാണ് മാംസാഹാരങ്ങള്‍ നല്‍കേണ്ടത്. പല്ല് മുളച്ചുവരുന്ന നേരത്ത് ഊനുകളില്‍ വെണ്ണയും നെയ്യും പുരട്ടിക്കൊടുക്കല്‍ ആവശ്യമാണ്. അപ്രകാരം പിരടിയിലും എണ്ണ തേച്ച് തടവുന്നത് നല്ലതാണ്. കുഞ്ഞുങ്ങള്‍ സംസാരിച്ചു തുടങ്ങിയാല്‍ നാവില്‍ തേനും ഉപ്പും ചേര്‍ത്തു തടവണം. സംസാരം എളുപ്പമാക്കാനും നാവിലുണ്ടാകുന്ന പ്രയാസം നീക്കാനും ഇതുപകരിക്കും.
സംസാരിച്ചു തുടങ്ങുമ്പോള്‍ ആദ്യമായി ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്‍റസൂലുല്ലാഹ് ‘എന്ന് ചൊല്ലിക്കൊടുക്കണം. അവരുടെ നാവുകളിലെത്തുന്ന ആദ്യവാചകം അതായിരിക്കണം. പിന്നീട് അല്ലാഹുവിനെക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഓര്‍മ ജനിപ്പിക്കുന്ന വചനങ്ങളും ഗാനങ്ങളും കേള്‍പ്പിച്ചുകൊണ്ടിരിക്കണം. ഇതവര്‍ക്ക് അല്ലാഹുവിലും റസൂലിലുമുള്ള വിശ്വാസവും സ്‌നേഹവും വളരാന്‍ കാരണമാകും. ഏറ്റവും നല്ല നാമം അബ്ദുല്ല. അബ്ദുറഹ്മാന്‍ പോലുള്ളവയാണ് എന്നു പറയുന്നതിലും ഇത്തരമൊരു മനഃശാസ്ത്ര തത്ത്വമുണ്ട്. ചീത്ത വാക്കുകളും ഗാനങ്ങളും കേട്ടുവളരുന്ന കുട്ടിക്ക് അതിനോടാണ് സ്‌നേഹവും താല്‍പര്യവുമുണ്ടാവുക. ഇത് കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്നത് രക്ഷിതാക്കള്‍ വിസ്മരിക്കരുത്. തല്‍കാലത്തേക്ക് ദുഃശ്ശീലവും കരച്ചിലും മാറ്റാന്‍ എന്തുമാര്‍ഗവും സ്വീകരിക്കുന്നതിലുള്ള അപകടം തിരിച്ചറിയാതെ പോകരുത്.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന സ്വാഭാവിക കരച്ചില്‍ രക്ഷിതാക്കളെ പ്രയാസപ്പെടുത്തേണ്ടതില്ല. പ്രത്യേകിച്ച് മുലകുടിക്കുന്നതിന് മുമ്പ്. കാരണം ഈ കരച്ചില്‍ കുട്ടിക്ക് വലിയ ഉപകാരം ചെയ്യും. കുട്ടിയുടെ ആമാശയം വിശാലമാകാനും തലച്ചോറിലുള്ള കഫം പോലുള്ള മാലിന്യങ്ങള്‍ പുറം തള്ളാനുമൊക്കെ അത് കാരണമാവും.
കുഞ്ഞിന് പല്ല് കിളിര്‍ക്കുന്ന സമയത്ത് അവന്റെ അവസ്ഥ മാറും. ചര്‍ദ്ദിയും ചിലപ്പോള്‍ പനിയും സ്വഭാവദൂഷ്യങ്ങളും കാണും. പ്രത്യേകിച്ച് കഠിനമായ ശൈത്യമോ ഉഷ്ണമോ ഉള്ള കാലാവസ്ഥയില്‍. ഈ സമയത്ത് അവരോട് സൗമ്യമായി പെരുമാറുകയും സ്‌നേഹത്തോടെ പരിചരിക്കുകയും വേണം. സാധാരണ ഗതിയില്‍ ആറുമാസമാകുമ്പോഴാണ് പല്ല് മുളക്കുക. ചിലപ്പോള്‍ അഞ്ചാം മാസത്തിലുമാകാം.പത്തുമാസം വരെ താമസിക്കുകയും ചെയ്യാം. ഈ സമയം കുറഞ്ഞ ആഹാരം മാത്രമേ നല്‍കാവൂ. വയര്‍ നിറയരുത്. അമിതാഹാരംമൂലം വയര്‍സ്തംഭനം ഉണ്ടാവാന്‍ സാധ്യതയുണ്ട്. സ്തംഭനമുണ്ടായാല്‍ ഒഴിവാക്കാനുള്ള ഔഷധങ്ങള്‍ ഉപയോഗിച്ച് മിതാവസ്ഥയിലാക്കണം. മാതാവും ഈ സമയത്ത് ഭക്ഷണം നേര്‍മയാക്കുകയും ഉപദ്രവകരമായത് ഉപേക്ഷിക്കുകയും വേണം.
കുഞ്ഞിനെ ഭയപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെതൊട്ടും സൂക്ഷിക്കേണ്ടതാണ്. കഠിനമായ ശബ്ദം, ഭയാനകമായ കാഴ്ചകള്‍, പേടിപ്പെടുന്ന ചലനങ്ങള്‍ തുടങ്ങിയവ അതില്‍പെടും. അവ ചിന്താശേഷിയെ ബാധിക്കുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അത്തരം വല്ല രംഗങ്ങളിലും അകപ്പെട്ടാല്‍ ഉടനെ മുലകൊടുത്തുകൊണ്ടോ കളിയില്‍ ഏര്‍പ്പെടുത്തിയോ തൊട്ടിലിലിട്ടാട്ടിയോ കുട്ടിയുടെ ശ്രദ്ധ തിരിക്കേണ്ടതും അങ്ങനെ ആ ഭീതി അകറ്റേണ്ടതുമാണ്. ഇത് താമസിപ്പിക്കാന്‍ പാടില്ല.
സ്വഭാവ സംസ്‌കരണം
കുട്ടിയുടെ നല്ല ഭാവിക്ക് ഏറെ ആവശ്യമാണ് അവന്റെ സ്വഭാവത്തിന്റെ കാര്യം ശ്രദ്ധിക്കല്‍. കുഞ്ഞുനാളില്‍ രക്ഷിതാക്കള്‍ ദുര്‍വാശി, കോപം, അവിവേകം, അത്യാര്‍ത്തി തുടങ്ങിയ കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചാല്‍ അവ സ്ഥിരസ്വഭാവമാകുമെന്ന കാര്യം തീര്‍ച്ചയാണ്. അവന്‍ വലുതായ ശേഷം അത്തരം ദുസ്വഭാവങ്ങള്‍ വര്‍ജിക്കല്‍ പ്രയാസകരമായിരിക്കും. ഓരോരുത്തരിലും അടങ്ങിയിട്ടുള്ള സ്വഭാവ ദൂശ്യങ്ങളെല്ലാം തന്നെ അവന്‍ വളര്‍ന്ന സാഹചര്യങ്ങളില്‍ നിന്നുത്ഭവിച്ചതാണെന്ന് കാണാം. അപ്രകാരംതന്നെ കുട്ടിക്ക് ചിന്താശേഷി വന്നുതുടങ്ങിയാല്‍ മതവിരുദ്ധമായ കളി, തമാശ, സംഗീതം, അശ്ലീലമായത് കേള്‍ക്കല്‍, നവീനവാദങ്ങള്‍, വൃത്തികെട്ട സംസാരം തുടങ്ങിയവയെതൊട്ട് അകറ്റണം. ഇത്തരം കാര്യങ്ങള്‍ ചെവികളിലെത്തിയാല്‍ പിന്നീട് അവ ഉപേക്ഷിക്കുക പ്രയാസമാകും.
മറ്റുള്ളവരില്‍നിന്ന് വല്ലതും കുട്ടി വാങ്ങി ശീലിക്കുന്നും വളരെ കരുതണം. ദാനശീലമാണ് വളര്‍ത്തേണ്ടത്. പിതാവ് ആര്‍ക്കെങ്കിലും വല്ലതും കൊടുക്കുന്നുവെങ്കില്‍ അത് കുട്ടിയെകൊണ്ട് കൊടുപ്പിക്കണം. അവന്‍ ദാനത്തിന്റെ മാധുര്യം അനുഭവിച്ച് വളരട്ടെ. വഞ്ചന, കളവ് തുടങ്ങിയ മാരകദൂഷ്യങ്ങളെ തൊട്ടും അവനെ വിലക്കണം. കുട്ടികളുടെ നൈസര്‍ഗിക വാസനകള്‍ മനസ്സിലാക്കാതെ മറ്റൊന്നിലേക്കവനെ തിരച്ചുവിട്ടാല്‍ അത് വിജയം കാണില്ലെന്ന് മാത്രമല്ല അവനിലുള്ള കഴിവ് നഷ്ടമാവുകയും ചെയ്യും.
ഗ്രാഹ്യശക്തിയും പഠനോത്സുകതയും മനഃപാഠമാക്കാനുള്ള കഴിവും കുട്ടിയില്‍ ദര്‍ശിച്ചാല്‍ അവന്‍ പഠനമേഖലക്ക് പാകപ്പെട്ടവനാണെന്നതിന്റെ അടയാളമാണ്. അത്തരം കുട്ടികളെ ആ മേഖലയിലേക്ക് തന്നെ തിരിക്കണം. കൈതൊഴില്‍ താല്‍പര്യമുള്ളവനാണെങ്കില്‍ അതിലേക്കുള്ള വഴിതുറക്കണം. അല്ലാതെ ഇഷ്ടമില്ലാത്ത മേഖലയില്‍ അവനെ നിര്‍ബന്ധിച്ചിട്ട് കാര്യമില്ല. പക്ഷേ, നിത്യജീവിതത്തില്‍ ആവശ്യമായ അറിവ് നേടിയതിന്റെ ശേഷം മാത്രം മതി ഇതെല്ലാം. മതപരമായ ജ്ഞാനസമ്പാദനം ഓരോര്‍ത്തര്‍ക്കും നിര്‍ബന്ധവും അതില്ലാതിരുന്നാല്‍ പരലോകത്ത് പരാജയപ്പെടാനുള്ള കാരണവുമാകും.
മതവിദ്യാഭ്യാസത്തെ മാറ്റിനിര്‍ത്തിക്കൊണ്ട് ഭൗതിക പഠനത്തിന് ഊന്നല്‍ നല്‍കുന്ന പ്രവണത ഇന്ന് കൂടിവരികയാണ്. ഇതിന്റെ വരും വരായ്കകള്‍ ചിന്തിക്കാതെയുള്ള എടുത്തുചാട്ടത്തെകുറിച്ച് രക്ഷിതാക്കള്‍ ബോധവാന്മാരായേ പറ്റൂ.
കുട്ടികളെ ചുംബിക്കല്‍
ബി(സ്വ) ഹസന്‍(റ) യെ ചുംബിച്ചു. അവിടെ അഖ്‌റഅ്ബിന്‍ ഹാബിസ്(റ) ഇരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു; എനിക്ക് പത്ത് മക്കളുണ്ട്. ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ്വ) അദ്ദേഹത്തെ നോക്കികൊണ്ട് പറഞ്ഞു; കരുണ കാണിക്കാത്തവന് അല്ലാഹു കാരുണ്യം ചെയ്യില്ല (ബുഖാരി 10/426, മുസ്‌ലിം 2318).
നബി(സ്വ) ഉമ്മുസലമ(റ) യുടെ വീട്ടിലിരിക്കുമ്പോള്‍ അലി(റ), ഫാത്വിമ(റ), ഹസന്‍(റ) എന്നിവര്‍ കടന്നുവന്നു. നബി(സ്വ) പേരക്കുട്ടികളെ മടിയിലിരുത്തി രണ്ടാളെയും ചുംബിച്ചു. ശേഷം ഒരു കൈകൊണ്ട് അലി(റ) നെയും മറ്റെ കൈകൊണ്ട് ഫാത്വിമ(റ)യെയും ആലിംഗനം ചെയ്തു ചുംബനമര്‍പ്പിച്ചു (മുസ്‌നദ് അഹ്മദ്).
ഖുര്‍ആന്‍ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥനയാണ് അല്‍ഫുര്‍ഖാന്‍ സൂറത്തിലെ 74-ാം സൂക്തം. അതിന്റെ സാരം ‘ഞങ്ങളുടെ നാഥാ! ഞങ്ങളുടെ ഇണകളില്‍ നിന്നും സന്താനങ്ങളില്‍ നിന്നും കണ്‍കുളിര്‍മ തരണമേ എന്നാണ്. ഇത് വിശദീകരിച്ചുകൊണ്ട് ത്വബ്‌രി(റ) എഴുതുന്നു: കസീറുബ്‌നു സിയാദ്(റ) ഹസന്‍ബസ്വരി(റ) യോട് ചോദിച്ചു: ഈ ആയത്തിലെ കണ്‍കുളിര്‍മ എന്താണ്? അത് ദുന്‍യാവിലോ ആഖിറത്തിലോ? ഹസന്‍(റ) പറഞ്ഞു: അത് ദുന്‍യാവില്‍ തന്നെയാണ്. ഒരാളുടെ ഭാര്യ, സന്താനങ്ങള്‍, സുഹൃത്തുക്കള്‍ അല്ലാഹുവിനെ വഴിപ്പെടുന്നത് കാണാന്‍ സാധിക്കലാണത്. തന്റെ സന്താനമോ സുഹൃത്തോ സഹോദരനോ അല്ലാഹുവിന് അനുസരിക്കുന്നതായി കാണുന്നതിനേക്കാള്‍ അയാള്‍ക്കിഷ്ടമുള്ള മറ്റൊരു കാര്യം ഉണ്ടാവുകയില്ലതന്നെ (തഫ്‌സീര്‍ത്വബ്‌രി).
നബി(സ്വ) പറഞ്ഞു. നിങ്ങളെല്ലാവരും ഭരണകര്‍ത്താക്കളാണ്. ഓരോരുത്തരുടെയും ഭരണീയരെക്കുറിച്ച് അവനോട് ചോദിക്കപ്പെടും. അമീര്‍ ജനങ്ങളുടെ മേല്‍ ഭരണമേല്‍പിക്കപ്പെട്ടവനാണ്. അവരെക്കുറിച്ച് അവനോട് ചോദിക്കപ്പെടുന്നവനുമാണ്. സ്ത്രീ ഭര്‍ത്താവിന്റെ ഗൃഹം ഭരിക്കേണ്ടവളാകയാല്‍ സന്താനങ്ങളെക്കുറിച്ച് അവളോട് ചോദ്യം ചെയ്യപ്പെടുകയും ചെയ്യും’ (ബുഖാരി 5/177, മുസ്‌ലിം 1829).