മുടികളയല്‍
പ്രസവിച്ച ഏഴാം ദിവസം കുട്ടിയുടെ മുടി പൂര്‍ണമായും കളയല്‍ സുന്നത്താണ്. ഏഴാം ദിവസം ഹസന്(റ), ഹുസൈന്(റ) എന്നിവരുടെ മുടി കളയാന്‍ നബി(സ്വ) കല്പിച്ചുവെന്ന് അനസ്ബ്നു മാലിക്(റ)വില്‍ നിന്ന് തിര്‍മുദി ഉദ്ധരിച്ചിട്ടുണ്ട് (4/84). ആണ്‍കുട്ടിയുടേത് മാത്രമല്ല, പെണ്‍കുട്ടിയുടെയും മുടികളയല്‍ സുന്നത്തുതന്നെ. നവജാതശിശുവിന് തലയില്‍ മുടിയില്ലെങ്കില്‍ ക്ഷൗരക്കത്തി തലയിലൂടെ നടത്തല്‍ സുന്നത്തുണ്ട് (മുഗ്നി-ശര്‍വാനി 9/378). മുടിയില്‍ നിന്ന് അല്പം കളയലും മുടിവെട്ടലും മതിയാവുകയില്ല (ശര്‍വാനി).
തലമുടി ഭാഗികമായി കളയുന്നത് കറാഹത്താണ്. ഇമാം ഇബ്നുഹജറുല്‍ അസ്ഖലാനി പറയുന്നു: ”തലമുടി മുഴുവനായി കളയണം. മുടി ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിച്ചതാണ് കാരണം” (ഫത്ഹുല്‍ബാരി 12/386). ഇബ്നു ഉമര്‍(റ)യില്‍ നിന്ന് നിവേദനം: ‘ക്രോപ് ചെയ്യുന്നത് നബി(സ്വ) വിരോധിക്കുന്നതായി ഞാന്‍ കേട്ടു’ (ബുഖാരി). എന്താണ് ക്രോപ്? ഇമാം നവവി(റ) പറയുന്നു: ക്രോപ് എന്നാല്‍ കുട്ടിയുടെ തലമുടി ഭാഗികമായി കളയലാണ്. നാഫിഅ്(റ) ഇങ്ങനെ വിശദീകരിച്ചിട്ടുണ്ട്, അതാണ് പ്രബലം. ഇമാം അബ്ദുറസാഖ്(റ) തന്റെ മുസ്വന്നഫില്‍ ഉദ്ധരിക്കുന്നു: ‘ഒരു കുട്ടിയുടെ തലമുടി അല്പം കളഞ്ഞതായി നബി(സ്വ) കാണാനിടയായി. നബി(സ്വ) അതിനെതൊട്ട് അവരെ വിരോധിച്ചു. അവിടുന്ന് പറഞ്ഞു: ഒന്നുകില്‍ നിങ്ങള്‍ പൂര്‍ണമായും കളയുക, അല്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുക’.
സിനിമകളിലും ചാനലുകളിലും പ്രത്യക്ഷപ്പെടുന്ന ഫാഷനുകള്‍ക്കൊപ്പിച്ച് മക്കളുടെ തലമുടിയും വസ്ത്രധാരണ രീതിയും രൂപപ്പെടുത്തുന്ന രക്ഷിതാക്കള്‍ ഇത് ഓര്‍ക്കണം. നബിചര്യയും കല്പനയും മറികടന്നുകൊണ്ടാണ് നിങ്ങള്‍ കളിക്കുന്നത്. ഇത് കുട്ടിയുടെ സ്വഭാവവും സംസ്കാരവും ദുഷിക്കാനാണ് ഇടവരുത്തുക. ഇത്തരം പാശ്ചാത്യ-സിനിമാ സംസ്കാരങ്ങള്‍ സ്വീകരിച്ച് വളരുന്ന കുട്ടിയുടെ സ്വഭാവ രൂപീകരണവും ആ വഴിക്കായിരിക്കും. ഇന്ന് കാണുന്ന അപ്പാച്ചിയും മറ്റും ഇത്തരം പാശ്ചാത്യ സംസ്കാരങ്ങളുടെ സൃഷ്ടികളാണ്. ഒന്നുമറിയാത്ത കുട്ടിയെ അതിന് അടിമയാക്കി വളര്‍ത്തുന്ന രക്ഷിതാക്കള്‍ റബ്ബിന്റെ മുമ്പില്‍ രക്ഷപ്പെടുമെന്നു കരുതുന്നുണ്ടോ?
സ്വദഖ ചെയ്യല്‍
കുട്ടിയുടെ മുടിയുടെ തൂക്കമനുസരിച്ച് സ്വര്‍ണമോ വെള്ളിയോ ധര്‍മം ചെയ്യല്‍ സുന്നത്താണ്. ഹുസൈന്(റ)വിന്റെ മുടി തൂക്കാനും തൂക്കത്തിനനുസരിച്ച് വെള്ളി ധര്‍മം ചെയ്യാനും ഫാത്വിമ(റ)യോട് നബി(സ്വ) കല്പിച്ചതായി സ്വീകാര്യമായ ഹദീസില്‍ വന്നിട്ടുണ്ട് (തുഹ്ഫ 9/375). ഇതിനോട് തുലനപ്പെടുത്തി സ്വര്‍ണവും സ്വദഖ ചെയ്യാമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര് വിശദീകരിച്ചിട്ടുണ്ട്.
പ്രായപൂര്‍ത്തിയാകുന്നതുവരെ കുട്ടിയുടെ മുണ്ഡനം ചെയ്യപ്പെട്ടില്ലെങ്കില്‍ ശേഷം അവന് തന്നെ അക്കാര്യം ചെയ്യണം. പ്രസവസമയത്തുള്ള മുടി നിലവിലുണ്ടെങ്കിലാണിത്. ഇല്ലെങ്കില്‍ മുടികളഞ്ഞ സമയത്തുള്ള മുടിയുടെ തൂക്കത്തിനനുസരിച്ച് സ്വദഖ ചെയ്യല്‍ സുന്നത്താണ്. തൂക്കമറിയില്ലെങ്കില്‍ കുറവ് വരാത്തവിധം തൂക്കം കണക്കാക്കി ധര്‍മം ചെയ്യേണ്ടതാണ്.