ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390).
‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376). വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വിവരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ മഹത്വവും വലിപ്പവും ഉള്‍ക്കൊള്ളുന്ന വചനങ്ങള്‍ ആദ്യമായി കുട്ടിയുടെ ചെവിയില്‍ കേള്‍പ്പിക്കുക. ഇസ്‌ലാമില്‍ പ്രവേശിക്കുന്നവന്‍ ഉരുവിടേണ്ട ശഹാദത് കലിമകള്‍ കേള്‍പ്പിക്കുക. വാങ്കിന്റെ ഫലം കുട്ടിയുടെ ഹൃദയത്തില്‍ എത്തിക്കുക. കുട്ടി അറിയുന്നില്ലെങ്കിലും അതിന്റെ ഫലം ഹൃദയത്തില്‍ പ്രവേശിക്കും. ഈ വചനങ്ങള്‍ കേള്‍ക്കുമ്പോള്‍ ദുര്‍മന്ത്രത്തിന് തക്കംപാര്‍ത്തിരുന്ന പിശാച് ഓടി അകലും. അല്ലാഹുവിലേക്കും അവന്റെ ദീനിലേക്കുമുള്ള ക്ഷണം മറ്റെന്തിനേക്കാളും മുമ്പ് കുട്ടിക്ക് ലഭിക്കുക തുടങ്ങിയവ പ്രാധാന്യമര്‍ഹിക്കുന്നു.
ആലുഇംറാന്‍ സൂറത്തിലെ 36-ാം സൂക്തം വലതുചെവിയില്‍ ഓതല്‍ സുന്നത്തുണ്ട് (തുഹ്ഫ). ജനിച്ച കുട്ടിയുടെ ചെവിയില്‍ നബി(സ്വ) ഇഖ്‌ലാസ് സൂറത്ത് ഓതിയതായി ഹദീസില്‍ വന്നിട്ടുണ്ട്. അതും സുന്നത്താണ്. കുട്ടിക്ക് കാരക്ക കൊണ്ട് മധുരം കൊടുക്കലും സുന്നത്താണ്. കാരക്ക ചവച്ച് വായില്‍ തേച്ചുകൊടുക്കുകയും വായ അല്‍പം തുറക്കുകയും ചെയ്യണം. അപ്പോള്‍ അല്‍പമെങ്കിലും ഉള്ളിലേക്ക് ഇറങ്ങും (തുഹ്ഫ 9/376).
അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: എനിക്കൊരു കുട്ടി ജനിച്ചപ്പോള്‍ ഞാനവനുമായി നബി(സ്വ)യുടെ അടുത്തുചെന്നു നബി(സ്വ) കുട്ടിക്ക് ഇബ്‌റാഹിം എന്ന് നാമകരണം ചെയ്യുകയും കാരക്കകൊണ്ട് മധുരം നല്‍കുകയും ബറകത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു (ബുഖാരി 9/587). മധുരം നല്‍കുന്ന ആള്‍ സജ്ജനങ്ങളില്‍ പെട്ടയാളാവല്‍ അത്യാവശ്യമാണ്. അദ്ദേഹത്തിന്റെ തുപ്പുനീരിന്റെ ബറകത്ത് കുട്ടിയുടെ അകത്ത് പ്രവേശിക്കാന്‍ വേണ്ടിയാണിത് (തുഹ്ഫ). പുരുഷനില്ലെങ്കില്‍ സദ്‌വൃത്തയായ സ്ത്രീക്കും ഇതൊക്കെ ആവാം (ശര്‍വാനി). കാരക്കയില്ലെങ്കില്‍ തീ സ്പര്‍ശിക്കാത്ത മധുരമുള്ള വസ്തുവാണ് വേണ്ടത്. നോമ്പുതുറക്കാനും ഈ ക്രമമാണ്. പക്ഷേ, കാരക്കയില്ലെങ്കില്‍ നോമ്പുകാരന്‍ വെള്ളമാണ് ഉത്തമം.
മഹാന്മാരുടെ അവശിഷ്ടങ്ങള്‍കൊണ്ട് ബറകത്തെടുക്കല്‍ അനിസ്‌ലാമികമാണെന്ന് ജല്‍പിക്കുന്ന ചിലരെ കാണാമെങ്കിലും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ തബര്‍റുകുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്നു. ഒരു കുട്ടിയുടെ അകത്തുപ്രവേശിക്കുന്ന ആദ്യ ഭക്ഷണം തന്നെ സച്ചരിതരുടെ തുപ്പുനീര് കലര്‍ന്നതാവണമെന്ന് നബി(സ്വ) കല്‍പിക്കുന്നതും അതുകൊണ്ടാണ്.