ഇമാം ശാഫിഈ(റ) തന്റെ സുപ്രസിദ്ധമായ ഉമ്മ് എന്ന ഗ്രന്ഥം ഒന്നാം വാള്യം 204-ാം പേജില്‍ പറയുന്നു: “വെള്ളിയാഴ്ച രാവ്, വലിയ പെരുന്നാള്‍ രാവ്, ചെറിയ പെരുന്നാള്‍ രാവ്, റജബ് ഒന്നാം രാവ്, ശഅബാന്‍ പതിനഞ്ചാം രാവ് എന്നീ അഞ്ചു രാവുകളില്‍ പ്രാര്‍ഥനകള്‍ക്ക് പ്രത്യേകം ഉത്തരം ലഭിക്കും”.
അല്ലാമാ ഇബ്നുഹജര്‍(റ) പറയുന്നു: “ഈ രാവിന്(ബറാഅത് രാവ്) മഹത്തായ ശ്രേഷ്ഠതയുണ്ടെന്നത് തീര്‍ച്ചയാണ്. അതുകൊണ്ടാണ് ആ രാത്രി പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുമെന്ന് ഇമാംശാഫി’ഈ(റ) പ്രസ്താവിച്ചിട്ടുള്ളത്. ബറാഅത് രാവിന്റെ ശ്രേഷ്ഠതയെ അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നതോടൊപ്പം ആ രാത്രിയിലെ പ്രത്യേക നിസ്കാരത്തെപ്പറ്റി അദ്ദേഹത്തിന് അഭിപ്രായ ഭിന്നതയുണ്ട്. ആ നിസ്കാരം ദുരാചാര മാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം’ (ഫതാവല്‍ കുബ്റ 2/80). ഈ നിസ്കാരത്തെപ്പറ്റി ഇമാം ഗസ്സാലി(റ) തന്റെ ഇഹ്യാ ‘ഉലൂമിദ്ദീനില്‍ വിവരിച്ചിട്ടുള്ളത് ഇങ്ങനെയാണ്: “ആ രാത്രിയില്‍ ഈരണ്ടു റക്’അത്തായി നൂറു റക്’അത് നിസ്കരിക്കുക. ഓരോ റക്’അത്തിലും ഫാതിഹക്കുശേഷം പതിനൊന്നു പ്രാവശ്യം സൂറഃ ഇഖ്ലാസ്വ് ഓതുക. ഇനി ഒരാള്‍ പത്തു റക്അത് നിസ്കരിക്കുകയും ഓരോ റക്’അത്തി ലും സൂറഃ ഇഖ്ലാസ്വ് നൂറുവട്ടം ഓതുകയും ചെയ്താല്‍ അതിനും വിരോധമില്ല’ (ഇഹ്യ, 1/209).
ഈ നിസ്കാരത്തെക്കുറിച്ചുള്ള ഹദീസ് ബാത്വിലാണെന്ന് സൈനുല്‍ ഇറാഖ്വി(റ) തന്റെ തഖ്രീജുല്‍ ഇഹ്യാ (പേജ് 210) യില്‍ പ്രസ്താവിച്ചിരിക്കുന്നു. എന്നാല്‍ ഇതിന് വേറെയും നിവേദക പരമ്പരകള്‍ ഉണ്ടെന്നും അവയെ ഒന്നായി വിലയിരുത്തി ചിന്തിക്കുമ്പോള്‍ പുണ്യകര്‍മ്മങ്ങളില്‍ സ്വീകാര്യമായി എടുക്കത്തക്കനിലയില്‍ ഇത് ശക്തിയാര്‍ജിച്ചിട്ടു ണ്ടെന്നുമാണ് മറ്റൊരു വിഭാഗം പണ്ഢിതന്മാര് പറയുന്നത്.
ശഅബാന്‍ പതിനഞ്ചാം രാവിനെ പുണ്യകര്‍മ്മങ്ങളാല്‍ ഹയാത്താക്കുന്നതില്‍ വിവിധ നിവേദക പരമ്പരകളില്‍ വന്നിട്ടുള്ള ഹദീസുകള്‍ നിരവധിയുണ്ട്’ (ഇത്ഹാഫുസ്സാദാത്ത് 3/325).
ഇത്രയും പ്രതിപാദിച്ചതില്‍ നിന്നും ബറാഅത് രാവിന്റെ മഹത്വത്തെപ്പറ്റി പണ്ഢിതലോകത്തിന് ഏകകണ്ഠമായ അഭിപ്രായമാണുള്ളതെന്നും വല്ല അഭിപ്രായഭിന്നതയുമുണ്ടെങ്കില്‍ അത് ആ രാ ത്രിയിലെ പ്രത്യേക എണ്ണത്തിലും ക്രമത്തിലുമുള്ള നിസ്കാരത്തെക്കുറിച്ച് മാത്രമാണെന്നും വ്യക്തമായി. ഉല്‍കൃഷ്ട സമയത്ത് ചെയ്യപ്പെടുന്ന സല്ക്കര്മ്മങ്ങള്ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ആകയാല്‍ ബറാഅത്ത് രാവില്‍ പുണ്യകര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആ രാത്രിയെ സജീവമാക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത നാം മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുമാണ്.