1)

ബദ് രീങ്ങളുടെ ആണ്ടു നേർച്ച എന്തിന്?

 

ചോദ്യം:

 

കൊല്ലംതോറും കഴിച്ച് വരാറുള്ള ബദ് രീങ്ങളുടെ ആണ്ടു നേർച്ചയെപ്പറ്റി ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണാർത്ഥമാണ് അതെന്നും, റസൂലും സ്വഹാബത്തും അത്തരം ആണ്ടുനേർച്ച കൊണ്ടാടിയതായി തെളിഞ്ഞിട്ടില്ലെന്നും സ്വഹാബികളും താബിഉകളുമെല്ലാം ബദ്റിൽ രക്തസാക്ഷികളായവരുടെ സ്മരണ നിലനിർത്തിയത് ഇസ് ലാമിന് വേണ്ടി ത്യാഗ പരിശ്രമങ്ങൾ ചെയ്തുകൊണ്ടാണെന്നും നാം അവരെ സ്മരിക്കുന്നത് മൂക്കറ്റം തിന്നുകൊണ്ടാണെന്നും  ബദ് രീങ്ങളുടെ ആണ്ടു നേർച്ചയെ ബിദഇകൾ ആക്ഷേപിക്കാറുണ്ട്….? നാമെന്ത് മറുപടി പറയും

 

ഉത്തരം:

 

ബദ്റിൽ രക്തസാക്ഷികളായവരുടെ ( 14 പേർ) സ്മരണ നിലനിർത്താനാണ് ബദ് രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നതെന്ന് പറയുന്നതു ശരിയല്ല. ഇസ്ലാം പരസ്യമായതും ശക്തിയാർജ്ജിച്ചതും ബദ്ർ യുദ്ധം കൊണ്ടാണ്. ബദ്റിൽ സംബന്ധിച്ചവരെ അല്ലാഹു നശിപ്പിക്കുകയാണെങ്കിൽ അല്ലാഹുവിന് ഇബാദത്തെടുക്കപ്പെടുകയില്ലെന്ന് റസൂൽ(സ) അല്ലാഹുവിനോട് പറഞ്ഞതും നിങ്ങൾ നിന്ദ്യരായതോടു കൂടെ ബദ്റിൽവച്ചു അല്ലാഹു നിങ്ങളെ സഹായിച്ചു എന്ന് അല്ലാഹു പറഞ്ഞതും സ്മരണീയമാണ്. അത് അല്ലാഹു ചെയ്ത വലിയ ഒരനുഗ്രഹമാണ്. നിഅ്മത്തിന് നന്ദി ചെയ്യണമെന്ന അല്ലാഹുവിന്റെ കൽപനയനുസരിച്ച് പ്രസ്തുത നിഅ്മത്തിനു നന്ദിയായിട്ടാണ് ബദ് രീങ്ങളുടെ ആണ്ടുനേർച്ച എന്ന പേരിൽ ഭക്ഷ്യധാന്യങ്ങളും മറ്റും നാം ധർമ്മം ചെയ്യുന്നത്. നിങ്ങൾ നന്ദിയുള്ളവരായിരിക്കണമെന്ന അല്ലാഹുവിന്റെ കല്പ്പനക്കു വഴിപ്പെടാൻ റസൂലും സ്വഹാബത്തും ചെയ്ത രൂപത്തിൽ തന്നെ നന്ദി പ്രകടിപ്പിക്കണമെന്നില്ല. മതപ്രബോധനം ചെയ്യാൻ അല്ലാഹു കല്പിച്ചതാണ്. റസൂലും സ്വഹാബത്തും താബിഉകളും മതപ്രബോധനം ചെയ്തിരുന്നതും അതിന് കൽപിച്ചിരുന്നതും മാസിക-വാരികകൾ മുഖേനയായിരുന്നില്ലല്ലോ. നിങ്ങൾ നന്ദി ചെയ്താൽ നിങ്ങൾക്ക് ഞാൻ കൂടുതലാക്കി തരുമെന്ന വിശുദ്ധ വാക്യത്തിന്റെ വെളിച്ചത്തിൽ ബദ് രീങ്ങളുടെ ആണ്ടുനേർച്ച കഴിക്കുന്നവർക്ക് പല നേട്ടങ്ങളും കൈവരാൻ അവകാശമുണ്ട്. പലർക്കും അങ്ങനെ കൈവന്നതായി പറയപ്പെടാറുമുണ്ട്. നിങ്ങളിൽ നിന്ന് മരണപ്പെട്ടവരുടെ ഗുണങ്ങളെ നിങ്ങൾ പറയണമെന്ന് റസൂൽ (സ)ആജ്ഞാപിച്ചതിന്റെ അടിസ്ഥാ നത്തിൽ ചിലയിടങ്ങളിൽ ബദ് രീങ്ങളുടെ മൗലിദ് പാരായണം ചെയ്യാറുമുണ്ട്