ചോദ്യം:
ബദ്ർ ശുഹാദാക്കളുടെയും മശാഇഖൻമാരുടെയും നാമങ്ങൾ ഓതുന്നത് കൊണ്ട് പ്രതിഫലം ലഭിക്കുമോ? വളരെ ഭക്തിപൂർവ്വം അവരുടെ പേരുകൾ പാരായണം ചെയ്യാറുള്ളത് എന്തടിസ്ഥാനത്തിലാണ്?
ഉത്തരം:
ശുഹദാക്കളുടെയും മറ്റ് സ്വാലിഹീങ്ങളുടെയും പേരുകൾ ദിക്റുല്ലാഹിയിൽ പെട്ടതാണ്. കക്കൂസിൽ പ്രവേശിക്കുന്നന്നവർ ‘ദിക്റുല്ലാഹി’ എഴുതിയത് നീക്കിവയ്ക്കണമെന്ന് പറഞ്ഞ സ്ഥാനത്ത് ദിക്റുല്ലാഹിയുടെ ഉദാഹരണത്തിൽ അമ്പിയാക്കളുടെയും മലക്കുകളുടെയും സ്വാലിഹീങ്ങളുടെയും പേരുകൾ തുഹ്ഫയും മറ്റും ഉൾപ്പെടുത്തിയിട്ടുണ്ട്. ശുഹദാക്കളുടെയും മറ്റു സ്വാലിഹീങ്ങളുടെയും പേരുപറയൽ ദികുറുല്ലാഹിയിൽ പെട്ടതാണെന്ന് അതിൽ നിന്നും വ്യക്തമാണ്. ദിക്റുല്ലാഹിയെ സംബന്ധിച്ച് തുർമുദി, ഇബ്നുമാജ, ഹാകിം മുതലായവർ റിപ്പോർട്ടു ചെയ്ത ഒരു ഹദീസിൽ പറഞ്ഞത് കാണുക. ‘റസൂൽ(സ) പറയുന്നു: “നിങ്ങളുടെ അമലുകളിൽ പ്രധാനവും നാഥനിങ്കൽ പരിശുദ്ധവും സ്ഥാനം ഉയർത്തുന്നതും, സ്വത്ത് ചിലവഴിക്കുന്നതിലും ശത്രുക്കളുമായി അടരാടുന്നതിലും ഗുണകരവും ആയ ഒരു അമൽ ഞാൻ നിങ്ങൾക്കു പറഞ്ഞു തരട്ടയോ? അതെ, പറഞ്ഞ് തന്നാലും, സ്വഹാബാക്കൾ പറഞ്ഞു. അത് ദിക്റുല്ലാഹിയാണ്.” റസൂൽ (സ) പറഞ്ഞു. ദിക്റുല്ലാക്ക് പ്രതിഫലം ലഭിക്കുമെന്ന് ഇതിൽ നിന്നെല്ലാം ഗ്രഹിക്കാമല്ലോ. ഇത്തരം തെളിവുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് ഭക്തിപൂർവ്വം ബദ്ർ ശുഹദാക്കളുടെ നാമങ്ങൾ പാരായണം ചെയ്യാറുള്ളത്.