ചോദ്യം:
റമളാനിൽ യഥാക്രമം രണ്ടും ഒന്നും റക്അത്തായി വിത്റ് നമസ്കരിക്കുകയാണെന്റെ പതിവ്. ഒരിക്കൽ ഞാൻ ഒരു സ്ഥലത്ത് എത്തിപ്പെടുകയും ജമാഅത്തായുള്ള വിത്റ് നമസ്കാരത്തിൽ പങ്കെടുക്കുകയും ചെയ്തു. പതിവു പോലെ രണ്ടും ഒന്നുമായി നമസ്കരിക്കാമെന്നു കരുതി. എന്നാൽ, ഇമാം മൂന്ന് റക്അത്ത് ഒന്നിച്ചാണ് നമസ്കരിക്കുന്നതെന്ന് എനിക്കു മനസ്സിലായത് അയാൾ മൂന്നാം റക്അത്തിലേക്ക് എണീറ്റപ്പോഴാണ്. ഞാൻ ഇവിടെ എന്തു ചെയ്യണം? വിശദീകരിച്ചാലും.
ഉത്തരം:
നിശ്ചിത എണ്ണം റക്അത്ത് കരുതി വിത്റ് നമസ്കാരത്തിൽ പ്രവേശിച്ചാൽ കരുതിയതിലും കൂട്ടുവാനോ കുറക്കുവാനോ പാടില്ല. തുഹ്ഫ: 2-226. അതിനാൽ, താങ്കൾ ചോദ്യത്തിൽ പറഞ്ഞ രൂപത്തിൽ ഇമാമിനോടൊപ്പം മൂന്നാം റക്അത്തിലേക്ക് എഴുന്നേൽക്കാൻ പാടില്ല. മൂന്നാം റക്അത്തിൽ പ്രവേശിച്ചു എന്നുറപ്പായ ഉടനെ ഇമാമിനെ വിട്ടു പിരിയുകയോ വിട്ടുപിരിയാതെ അത്തഹിയ്യാത്തിൽ തന്നെ ഇരുന്ന് ഇമാം മൂന്നാം റക്അത്തിൽ വന്ന് സലാം ചൊല്ലും വരെ കാത്തിരിക്കുകയോ ചെയ്യാം. കാത്തിരിക്കുകയാണു നല്ലത്. ഇപ്പറഞ്ഞത് ഇമാം രണ്ടാം റക്അത്തിൽ അത്തഹിയ്യാത്ത് ഓതാൻ ഇരുന്നെങ്കിൽ മാത്രമാണ്. ഇരുന്നിട്ടില്ലെങ്കിൽ വിട്ടുപിരിയുകയല്ലാതെ മാർഗ്ഗമില്ല. തുഹ്ഫ: 2-334, 335-ൽ നിന്ന് ഇതു ഗ്രഹിക്കാം.