ചോദ്യം:

 

തറാവീഹ് 8 റക്അത്തേയുള്ളൂ ഇരുപതില്ല എന്ന് വാദിക്കുന്നവരല്ലേ മുജാഹിദുകൾ? തറാവീഹ് ഇരുപത് റക്അത്ത് എന്നത് സുകൂതിയായ ഇജ്മാഅ് അല്ലേ? അപ്പോൾ അതിനെ നിഷേധിക്കുന്ന, എട്ട് മാത്രമേയുള്ളൂ എന്നു വാദിക്കുന്ന മുജാഹിദുകൾ പോലോത്തവർ കാഫിറാവുകയില്ലേ? മുജ്മഉൻ അലൈഹിയായ കാര്യത്തെ നിഷേധിച്ചവൻ മുർതദ്ദാണെന്ന് ഫത്ഹുൽ മുഈൻ പോലെയുള്ള ഗ്രന്ഥങ്ങളിലുണ്ടല്ലോ. നുസ്രത്തിന്റെ പ്രതികരണം?

 

ഉത്തരം:

 

മുജ്മഅ് അലൈഹിയായ ഏതു കാര്യത്തെ നിഷേധിച്ചുവെന്നത് കൊണ്ടും ഒരാൾ കാഫിറാകണമെന്നില്ല. ദീനിൽ പെട്ടതാണെന്ന് ളറൂറത്ത് കൊണ്ട് (ആകസ്മികമായും ഖണ്ഡിതമായും) അറിയപ്പെട്ട മുജ്മഅ് അലൈഹിയായ കാര്യത്തെ നിഷേധിക്കൽ കൊണ്ടേ ഇസ്ലാമിൽ നിന്ന് പുറത്തു പോകുകയുള്ളൂ. കാഫിറാവുകയുള്ളൂ. അത് മാത്രമേ ഫത്ഹുൽ മുഈനിലും പറഞ്ഞിട്ടുള്ളൂ. അല്ലാത്ത മുജ്മഅ് അലൈഹി (മുജ്തഹിദുകൾ എല്ലാം ഏകകണ്ഠമായി അംഗീകരിച്ച ഒരു കാര്യം ) നിഷേധിക്കൽ കൊണ്ട് ഒരാൾ മുബ്തദിഅ് ആവും. കാഫിറാകുകയില്ല.

 

തറാവീഹ് എന്ന ഒരു നമസ്കാരം ശർഇൽ തേടപ്പെട്ട കാര്യമാണെന്നതും അത് ഇരുപതിൽ കുറവല്ല എന്നതും മുജ്മഅ് അലൈഹിയാണ്. തന്നിമിത്തം തറാവീഹ് എന്ന ഒരു നമസ്കാരമേ ഇല്ലെന്നും ഖിയാമുല്ലൈൽ എന്ന രാത്രി നമസ്കാരം എട്ടു റക്അത്തേ ഉള്ളൂവെന്നും വിശ്വസിക്കുന്ന പുത്തൻ വാദികൾ മുബ്തദിഉകളാണ്. മുജ്മഅ് അലൈഹി നിഷേധിച്ചവരാണ്. മുബ്തദിഉകൾ കാഫിറുകളല്ല. അവരുടെ മേലിൽ മയ്യിത്ത് നമസ്കരിക്കലും കുളിപ്പിക്കലും കഫൻ ചെയ്യലും മുസ്ലിം ശ്മശാനത്തിൽ മറമാടലും മുസ്ലിംകളുടെ മേൽ ഫർള് കിഫായയാണല്ലോ. കാഫിറല്ലാത്തവരെ കുഫ്റ് കൊണ്ട് മുദ്രകുത്തരുത്