അദാഉം ഖളാഉമില്ല

മയ്യിത്തു നിസ്കാരത്തിന് സമയനിര്‍ണയമില്ല. അതുകൊണ്ട് അദാഅ്, ഖളാഅ് എന്ന പ്രശ്നമേ ഇല്ല. മയ്യിത്തു കുളിപ്പിച്ചു കഴിഞ്ഞതു മുതല്‍ നിസ്കരിക്കാം. ഖബറടക്കം കഴി ഞ്ഞു എത്ര കാലം കഴിഞ്ഞാലും നിസ്കരിക്കാവുന്നതാണ്.

മരിക്കുന്ന സമയം നിസ്കരിക്കാന്‍ ബാധ്യതയുള്ള ആള്‍ക്ക് പിന്നീട് നിസ്കരിക്കാം. ബാപ്പ മരിക്കുമ്പോള്‍ മകന്‍ ദുബായിലായിരുന്നു. വന്നപ്പോഴാണ് വിവരം അറിഞ്ഞതെന്നിരിക്കട്ടെ. എന്നാല്‍ അപ്പോള്‍ നിസ്കരിക്കാം. എന്നാല്‍ ബാപ്പ മരിക്കുമ്പോള്‍ പ്രായം തികയാത്ത കുട്ടിയായിരുന്നു മകന്‍. പ്രായപൂര്‍ത്തിയായ ശേഷം പരേതനായ ബാപ്പയുടെ മയ്യിത്തു നിസ്കരിച്ചാല്‍ അത് സാധുവല്ല. ഭര്‍ത്താവു മരിക്കുമ്പോള്‍ ഭാര്യ ഋതുമതിയായിരുന്നു. എന്നാല്‍ കുളിച്ചു ശുദ്ധിയായ ശേഷം നിസ്കരിച്ചാല്‍ അതും സാധുവല്ല. മരിക്കുന്ന നേരത്ത് ഇവര്‍ക്കു നിസ്കാരം ഫര്‍ളില്ലായിരുന്നു എന്നതുതന്നെ കാരണം. മരിക്കുമ്പോള്‍ നിസ്കരിക്കാന്‍ ബാധ്യതയുള്ളവര്‍ എത്രകാലം കഴിഞ്ഞു നിസ്കരിച്ചാ ലും അതു സ്വീകാര്യമാകും.

നബി(സ്വ) ഖബ്റിന്മേല്‍ വെച്ചു നിസ്കരിച്ചതായി ബുഖാരി-þമുസ്ലിമിന്റെ നിവേദനത്തിലുണ്ട്. മദീനയില്‍ ഒരു സ്ത്രീ മരിച്ച വിവരം നബി(സ്വ) അറിഞ്ഞത് ഖബറടക്കം നടന്ന ശേഷമാണ്. ഉടനെ നബി(സ്വ) ഖബറിന്നരികെ ചെന്നു നിസ്കാരം നിര്‍വഹിക്കുകയുണ്ടായി. നബി(സ്വ)യും കുറച്ച് അനുയായികളും മദീനയിലെ ഖബര്‍സ്ഥാനില്‍ ചെന്നപ്പോള്‍ അവിടെ ഒരു പുതിയ ഖബറ് കണ്ടു. നബി(സ്വ) ഇതാരുടേതാണെന്നന്വേഷിച്ചു. സ്വഹാബികള്‍ സ്ത്രീയുടെ പേര് പറഞ്ഞു. എന്തുകൊണ്ട് എന്നെ വിവരം അറിയിച്ചില്ലെന്ന് അവിടന്നു ചോദിച്ചു. രാത്രിയാണ് മരിച്ചതെന്നും തങ്ങളെ ഉറക്കില്‍ നിന്നുണര്‍ ത്തുന്നത് ഇഷ്ടപ്പെടാതിരുന്നതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നും സ്വഹാബികള്‍ പറഞ്ഞു. നിങ്ങളില്‍ ആരു മരിച്ചാലും എന്നെ വിവരമറിയിക്കാതിരിക്കരുതെന്നും എന്റെ നിസ്കാരം അവര്‍ക്കു റഹ്മത്താണെന്നും പറഞ്ഞുകൊണ്ട് നബി(സ്വ) പ്രസ്തുത ഖബ്റിന്നരികെ സ്വഹാബികളെ അണിനിരത്തി നിസ്കരിച്ചു (അഹ്മദ്).

അപ്പോള്‍ ഖബറടക്കും മുമ്പ് എത്തിച്ചേരാന്‍ കഴിയാത്തവര്‍ക്ക് ഖബറിങ്കല്‍ ചെന്നു നി സ്കരിക്കാം. ജമാഅത്തായി നിസ്കരിക്കാന്‍ ആളുണ്ടെങ്കില്‍ അങ്ങനെയുമാകാം. ഖബ്റിന്നടുത്തുവച്ചുള്ള നിസ്കാരം അമ്പിയാക്കളുടെ കാര്യത്തില്‍ സാധുവല്ല. പ്രവാചകന്മാരുടെ ഖബറിന്നടുത്തു നിസ്കാരം പാടില്ലെന്നാണ് വിധി. അമ്പിയാക്കളുടെ ഖബറിടങ്ങളെ നിസ്കാരസ്ഥലങ്ങളാക്കിയ ജൂത-þക്രൈസ്തവരെ അല്ലാഹു ശപിച്ചിരിക്കുന്നു (ബുഖാരി). ഈ ഹദീസിന്റെ വ്യാപ്തിയില്‍ മയ്യിത്തു നിസ്കാരവും വരുമെന്നാണ് പണ് ഢിതാഭിപ്രായം (ജമല്‍).

പിന്തിത്തുടരല്‍

ഇമാമിന്റെ ഫാതിഹ തീരാന്‍നേരത്താണ് ഒരാള്‍ തുടരുന്നത് എങ്കില്‍ സാധാരണ നിസ്കാരത്തിലെ മസ്ബൂഖിനെപ്പോലെ പ്രവര്‍ത്തിക്കണം. ഇമാം രണ്ടാം തക്ബീറിലേക്കു പ്രവേശിക്കുമ്പോള്‍ പിന്തിത്തുടര്‍ന്നവനും ഫാതിഹ പൂര്‍ത്തിയാക്കാതെ തന്നെ രണ്ടാം തക്ബീറിലേക്കു കടക്കണം. ഇനി രണ്ടാം തക്ബീറിനു ശേഷമാണ് തുടരുന്നതെങ്കിലോ? അതും സാധാരണ നിസ്കാരത്തിലേതുപോലെ തന്നെ ഇമാം സലാം വീട്ടിയ ശേഷം നഷ്ടപ്പെട്ട രണ്ടു തക്ബീറുകള്‍ കൂടി പൂര്‍ത്തിയാക്കി സലാം വീട്ടണം. എന്നാല്‍ പിന്തിത്തുടര്‍ന്നവന്‍ തന്റെ ഒന്നാം തക്ബീറു മുതല്‍ ഫാതിഹ, സ്വലാത്ത്, ദുആ, സലാം വീട്ടല്‍ എന്നീ ക്രമത്തില്‍ ചെയ്യണം. താന്‍ ഇങ്ങനെ ചെല്ലുമ്പോള്‍ ഇമാം എന്തു ചെയ്യുന്നു എന്നു നോക്കേണ്ടതില്ല.

യുക്തമായ കാരണം കൂടാതെ ഇമാമിനേക്കാള്‍ ഒരു തക്ബീര്‍ കൊണ്ടു മുന്തുകയോ പിന്തുകയോ ചെയ്താല്‍ നിസ്കാരം അസാധുവാകുമെന്നോര്‍ക്കുക.

ഇമാമിന്റെ നിസ്കാരം കഴിഞ്ഞയുടനെ മയ്യിത്തിനെ എടുക്കരുത്. മസ്ബൂഖ് (പിന്തി വന്നവന്‍) നിസ്കരിച്ചു തീരുന്നതുവരെ മയ്യിത്തു എടുത്തു മാറ്റാതിരിക്കുന്നതാണ് സുന്നത്ത്.