കാലിലെ കഠിനമായ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. അംറുബ്നുല്‍ജമൂഹ്(റ)… ഇരുണ്ട യുഗത്തിലെ യസ്രിബിലെ പൌര പ്രമുഖന്‍…ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്… വിശ്രുതനായ ധര്‍മിഷ്ഠന്‍… മാന്യ വ്യക്തിത്വത്തിനുടമ…
ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠികക്കുക പതിവുണ്ടായിരുന്നു… പ്രഭാത പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു ഉദ്ദേശ്യം..
അംറുബ്നുല്‍ ജമൂഹിന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്‍. വിലപിടിച്ച മരത്തടിയില്‍ തീര്‍ത്തതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ ആ വിഗ്രഹത്തില്‍ അദ്ദേഹം നിര്‍ല്ലോഭം വാരിപ്പൂശി.
അംറുബ്നുല്‍ ജമൂഹിന് അറുപത് പിന്നിട്ടു. അപ്പോഴാണ് ഇസ്ലാമിക വിശ്വാസത്തിന്റെ പൊന്‍കിരണങ്ങള്‍ യസ്രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്….
മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന്‍ മഹാനായ മുസ്വ്അബുബ്നു ഉമൈര്‍(റ)ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അംറുബ്നുല്‍ജമൂഹിന്റെ മൂന്ന് പുത്രന്മാര്‍; മുഅവ്വിദ്, മആദ്, ഖല്ലാദ് എന്നിവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നു ജബലും അവര്‍ മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു……
മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും ഇസ്ലാം മതം ആശ്ളേഷിച്ചു…അവരുടെ മതപരിവര്‍ത്തനത്തെക്കുറിച്ച് യാതൊരറിവും അംറിന് കിട്ടിയിരുന്നില്ല.
അംറുബ്നുല്‍ ജമൂഹിന്റെ ഭാര്യ ഹിന്ദ് യസ്രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉള്‍ ക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രം…..!
അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. കാഫിറായി മരിക്കേണ്ടി വന്നാല്‍ അദ്ദേഹം ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോര്‍ക്കുമ്പോള്‍ വലിയ സഹതാപവും തോന്നുന്നുണ്ട്…..
അതേസമയം….അംറും വലിയ ഭയപ്പാടിലായിരുന്നു…തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്നതായിരുന്നു അദ്ദേഹം ചിന്തിച്ചത്…കാരണം ദീനീ പ്രബോധകനായ മുസ്വ്അബുബ്നുഉമൈര്‍(റ)മുഖേന ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര്‍ മുഹമ്മദ്(സ്വ)യുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരിക്കുന്നു……
അംറ് തന്റെ ഭാര്യയോട് പറഞ്ഞു: ‘ഹിന്ദ്….! ഈ പുതിയ മത വൃത്താന്തവുമായി വന്നയാളോട് നമ്മുടെ മക്കള്‍ സന്ധിച്ചു പോകുന്നത് ശരിക്കും സൂക്ഷിക്കണം…ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍’.
ഭാര്യ പറഞ്ഞു: ‘ശരി…പക്ഷേ, ഒന്നു ചോദിച്ചോട്ടെ… നിങ്ങളുടെ മകന്‍ മുആദ് അയാളില്‍ നിന്ന് എന്തോ കേട്ട് പഠിച്ചിരിക്കുന്നു…അതെന്താണെന്ന് നിങ്ങള്‍ക്കൊന്ന് കേട്ടുകൂടെ….?!’
അംറ് ചോദിച്ചു ‘എന്ത്…! ഞാനറിയാതെ മതം മാറിയോ…?!’
ആ നല്ല സ്ത്രീക്ക് വയസ്സായ ഭര്‍ത്താവിനോട് സഹതാപം തോന്നി…അവര്‍ പറഞ്ഞു.
‘ഹേയ്, അതൊന്നുമല്ല…അയാളുടെ ഏതോ ഒരു ക്ളാസില്‍ പങ്കെടുത്തിരുന്നു പോല്‍…..! അങ്ങനെ മനഃപാഠമാക്കിയതാണ്’.
‘എങ്കില്‍ മുആദിനെ വിളിക്ക്…! അംറ് കല്‍പിച്ചു.
മുആദ് വന്നപ്പോള്‍ അംറ് പറഞ്ഞു: ‘ആ മനുഷ്യന്‍ പറയുന്നതെന്താണെന്ന് എന്നെ കേള്‍പ്പിക്കൂ’.
മകന്‍ മുആദ് സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ് പറഞ്ഞു:
‘ഹാ…! എത്ര സുന്ദരമായ ഈരടികള്‍…! അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’
മുആദ് പറഞ്ഞു. ‘ഇതിനേക്കാള്‍ സുന്ദരമാണ് ഉപ്പാ…നിങ്ങള്‍ അവരോട് ബന്ധപ്പെടാന്‍ താല്‍പര്യപ്പെടുന്നുവോ…? നിങ്ങളുടെ ജനത മുഴുക്കെ അദ്ദേഹത്തോടൊപ്പം ചേര്‍ന്നുകഴിഞ്ഞു’.
അംറ് പറഞ്ഞു. ‘ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് തിരക്കട്ടെ… എന്നിട്ട് വേണ്ട പോലെ ചെയ്യാം…!’
മകന്‍ പറഞ്ഞു: ‘മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേ അത്…?’
ആ വൃദ്ധപിതാവിന് കലികയറി അദ്ദേഹം പറഞ്ഞു:
‘മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് അറിയില്ലേ നിനക്ക്…?’
അംറുബ്നുല്‍ ജമൂഹ് തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധ സ്ത്രീയെ നിര്‍ത്താറുണ്ടായിരുന്നു. ചോദ്യങ്ങള്‍ക്കും മറ്റും ആ സ്ത്രീ നല്‍കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.
അദ്ദേഹം ആരോഗ്യമുള്ള തന്റെ കാലു കൊണ്ട് ശരീരത്തിന്റെ ഭാരം താങ്ങി നിര്‍ത്തി. മറ്റേകാല്‍ മുടന്തുള്ളത് കൊണ്ട് ഉപയോഗശുന്യമായിരുന്നു. ദൈവത്തിന് സ്തുതി കീര്‍ത്തനങ്ങളര്‍പ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു തുടങ്ങി:
‘മനാത്ത്…മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്… എന്നാല്‍ ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല…അയാളുടെ വാക്കുകള്‍ കര്‍ണ്ണാനന്ദകരവും സുന്ദരവുമാണ്… പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലക്ക് തല്‍ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്….അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് അരുളിയാലും….!’
മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് തുടര്‍ന്നു,
‘ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് വെറുപ്പ് തോന്നിയിട്ടുണ്ടെങ്കില്‍ പൊറുക്കണം… ഇനി മേലില്‍ വിഷമമുണ്ടാക്കുന്ന ഒരു കാര്യം എന്നില്‍ നിന്നുണ്ടാവുകയില്ല… ഏതായാലും കുറച്ച് ദിവസത്തേക്ക് എനിക്ക് വിട തരിക…ദേഷ്യമെല്ലാം അടങ്ങിയിട്ട് വരാം’.
അംറുബ്നില്‍ജമൂഹിന് മനാത്തിനോടുള്ള അഭേദ്യമായ മാനസിക ബന്ധം പുത്രന്മാര്‍ക്ക് നന്നായറിയാമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം ആ ബന്ധത്തിന്റെ സ്വാധീനം പ്രകടവുമായിരുന്നു…എന്നാല്‍ ആ ബന്ധത്തിന്റെ വേരുകള്‍ അദ്ദേഹത്തിന്റെ ഹൃദയത്തില്‍ നിന്ന് ഇളകിത്തുടങ്ങിയിരിക്കുന്നു എന്നവര്‍ മനസ്സിലാക്കി… അത് എന്നെന്നേക്കുമായി നിഷ്കാസനം ചെയ്യുക തങ്ങളുടെ ബാധ്യതയാണെന്ന് അവര്‍ക്കുത്തമബോധ്യമുണ്ട്….അതാണ് അദ്ദേഹം ഇസ്ലാമിലേക്ക് വരാനുള്ള ഏക മാര്‍ഗ്ഗവും….
അംറിന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നുജബലും കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തല്‍സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് ഒരു പൊട്ടക്കിണറ്റില്‍ കൊണ്ട് തള്ളിയിട്ടു… ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലം. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.
അടുത്ത സുപ്രഭാതം…അംറ് താഴ്മയോടെ പുറപ്പെട്ടു, മനാത്തിനെ കണ്ട് വണങ്ങാന്‍…! എന്നാല്‍ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി… മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…?!
അദ്ദേഹം ഗര്‍ജ്ജിച്ചു. ‘എവിടെ എന്റെ ദൈവം…???’ ആരും ഒരക്ഷരം മിണ്ടിയില്ല.
അദ്ദേഹം വീടിനകത്തും പുറത്തും അരിച്ചു പെറുക്കി….കോപക്രാന്ദനായി അയാള്‍ പിറുപിറുത്തുകൊണ്ടിരുന്നു…അവസാനം…അതാ കിടക്കുന്നു ദൈവം ചെളിക്കുണ്ടില്‍ തലകീഴായി…!!
അദ്ദേഹം അതിനെ ചെളിക്കുണ്ടില്‍ നിന്ന് വാരിയെടുത്ത് കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തല്‍സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു. മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’
അടുത്ത സന്ധ്യ…ആ സുഹൃത്തുക്കള്‍ തലേന്ന് ചെയ്ത കൃത്യം ആവര്‍ത്തിച്ചു. നേരം പുലര്‍ന്നു…അംറ് പൂജാമുറിയില്‍ പ്രവേശിച്ചു…ദൈവം സ്ഥലം വിട്ടിരിക്കുന്നു…അന്വേഷിച്ചപ്പോള്‍ പൊട്ടക്കുഴിയില്‍ ചെളിയും പുരണ്ട് ദയനീയമായി ശയിക്കുന്നു….അദ്ദേഹം അതിനെയെടുത്ത് വൃത്തിയാക്കി കുളിപ്പിച്ചു…അത്ത്വര്‍ പൂശി പൂര്‍വ്വസ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.
അതിന് ശേഷം എല്ലാ ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു…യുവാക്കള്‍ വിഗ്രഹം എടുത്ത് ചെളിക്കുണ്ടിലെറിയും…. ആ വയോവൃദ്ധന്‍ അതിനെയെടുത്ത് വൃത്തിയാക്കും…സഹികെട്ടപ്പോള്‍ അംറുബ്നുല്‍ജമൂഹ് ഒരു പുതിയ പദ്ധതി പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അദ്ദേഹം ഒരു ദിവസം ഉറങ്ങുന്നതിന് മുമ്പായി തന്റെ കരവാള്‍ എടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:
‘മനാത്ത്…! ആരാണ് ഈ നികൃഷ്ടതക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക…..! ഇതാ ഈ വാള്‍ തന്റെ കയ്യിലിരിക്കട്ടെ….!’
അദ്ദേഹം ഉറങ്ങാന്‍ കിടന്നു. ഗാഢ നിദ്രയിലാണ്ടുകഴിഞ്ഞു എന്ന് ബോധ്യപ്പെട്ടപ്പോള്‍ യുവാക്കള്‍ വിഗ്രഹത്തിനടുത്തെത്തി…കഴുത്തില്‍ നിന്ന് വാള്‍ അഴിച്ചുമാറ്റി…വീട്ടിന് പുറത്ത് കൊണ്ട്പോയി ഒരു ചത്ത നായയെയും വിഗ്രഹത്തെയും തമ്മില്‍ കൂട്ടിക്കെട്ടി അഴുക്കു നിറഞ്ഞ കിണറ്റില്‍ ഇട്ടു……
പ്രഭാതം വിടര്‍ന്നു……. വിഗ്രഹം അപ്രത്യക്ഷമായത് കണ്ട വൃദ്ധന്‍ അന്വേഷിച്ചു നടന്നു… അതാ ചെളിക്കുഴിയില്‍ കിടക്കുന്നു. കൂടെ ഒരു നായയുടെ ശവവും ഉണ്ട്…ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരക്കു കയറ്റിയില്ല… അതിനെ അവിടെ തന്നെ ഉപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി.
‘ആഴിയില്‍ ശ്വാനസാമീപ്യം കൈക്കൊണ്ടെന്തിന് കിടക്കുന്നു ദൈവമാവുകില്‍ നീ’.
അദ്ദേഹം പിന്നെയൊട്ടും താമസിച്ചില്ല….അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു:
‘അശ്ഹദു അല്ലാഇലാഹ………..’
അംറുബ്നുല്‍ ജമൂഹ്(റ)സത്യ വിശ്വാസത്തിന്റെ മാധുര്യം നുണഞ്ഞു. മുശ്രിക്കായി കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ച് വിരലു കടിച്ചു… പുതിയ മതത്തിനായി തന്റെ ദേഹവും ദേഹിയും അദ്ദേഹം ഉഴിഞ്ഞു വെച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂല്‍ (സ്വ)ക്കുമായി സമര്‍പിച്ചു.
അധികം കഴിഞ്ഞില്ല…ഉഹ്ദ് യുദ്ധം സമാഗതമായി. മക്കള്‍ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് കണ്ടു. കാനന സിംഹങ്ങളുടെ ശൌര്യം അവരുടെ ഓരോ ചുവടുവെപ്പിലും അനുനിമിഷം പ്രകടമായി… വീര രക്തസാക്ഷിത്വം വരിച്ച് അല്ലാഹുവിന്റെ പ്രീതി നേടാന്‍ അവരുടെ ഹൃദയം ത്രസിച്ചുകൊണ്ടിരിക്കുകയാണ്.
ആ കാഴ്ചകള്‍ അംറുബ്നുല്‍ ജമൂഹ്(റ)വിന്റെ അഭിമാനബോധത്തെ തൊട്ടുണര്‍ത്തി. അദ്ദേഹവും മഹാനായ നബി(സ്വ)യുടെ പതാകക്കു കീഴില്‍ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു.
പക്ഷേ,…അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്രന്മാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം പിതാവ് വാര്‍ധക്യത്തിന്റെ പടുകുഴിയിലാണ്….മാത്രമല്ല, ഒറ്റക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്…. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു പറഞ്ഞ വിഭാഗത്തില്‍പെട്ടയാളുമാണദ്ദേഹം….
മക്കള്‍ പറഞ്ഞു: ‘പിതാവേ…കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ… അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ നിങ്ങളെന്തിന് ശരീരത്തെ ബുദ്ധിമുട്ടിക്കണം….’
അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന്‍ വല്ലാതെ ദേഷ്യപ്പെട്ടു… അവര്‍ നബി(സ്വ)യുടെ അടുക്കല്‍ അന്യായം ബോധിപ്പിച്ചു:
‘അല്ലാഹുവിന്റെ ദൂതരേ…ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര്‍ തടസ്സം ഉന്നയിക്കുകയാണ്…ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്…അല്ലാഹുവാണ് സത്യം…എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേ…’
നബി(സ്വ)അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘നിങ്ങള്‍ പിതാവിനെ തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’
നബി(സ്വ)യുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു.
യുദ്ധത്തിന് പുറപ്പെടാറായി….അംറുബ്നുല്‍ജമൂഹ്(റ)തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി…ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി…ശേഷം അദ്ദേഹം ഖിബ്ലക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:
‘അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ….! എന്നെ എന്റെ വീട്ടിലേക്ക് ആശയറ്റവനായി മടക്കരുതേ…’
അംറുബ്നുല്‍ ജമൂഹ് (റ) യുദ്ധത്തിനിറങ്ങി…ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവും ഉണ്ട്.
രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു… മുഅ്മിനുകള്‍ നബി(സ്വ)യുടെ സമീപത്ത് നിന്നകന്ന് കൊ ണ്ടിരിക്കുകയാണ്… മഹാനായ അംറുബ്നുല്‍ ജമൂഹ്(റ)ഏറ്റവും മുമ്പില്‍ തന്നെ ഉണ്ട്. മുടന്തില്ലാത്ത കാലില്‍ ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്… പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരിക്കുന്നു….
‘എനിക്ക് സ്വര്‍ഗത്തില്‍ കടക്കാന്‍ അത്യാര്‍ത്തിയുണ്ട്…’
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ ഖല്ലാദുണ്ട്… ആ സ്വഹാബിയും മകനും നബി(സ്വ)യെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല…യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.
യുദ്ധം അവസാനിച്ചു…റസൂല്‍(സ്വ)ഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു…നബി (സ്വ) സ്വഹാബത്തിനോട് പറഞ്ഞു: ‘ശഹീദായവരെ കുളിപ്പിക്കാതെ തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’
നബി(സ്വ)തുടര്‍ന്നു: ‘അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് ഏല്‍ക്കേണ്ടിവന്നാല്‍ അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും… ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റെതും വാസന കസ്തൂരിയുടെതുമായിരിക്കും…’
അവിടുന്ന് തുടര്‍ന്നു. ‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’ അല്ലാഹു (സു) അംറുബ്നുല്‍ ജമൂഹ്(റ)വിനെയും കൂട്ടുകാരായ ഉഹ്ദിലെ രക്തസാക്ഷികളെയും തൃപ്തിപ്പെടുമാറാകട്ടെ…ആമീന്‍.