അദ്ദേഹത്തിന്റെ കാര്യത്തില്‍ മഹാനായ നബികരീം(സ്വ)ക്ക് അല്ലാഹു ദിവ്യസന്ദേശം ഇറക്കി. പ്രവാചകരുടെ അടുക്കല്‍ തന്നെക്കുറിച്ചുള്ള ദൈവ സന്ദേശവുമായി ജിബ്രീല്‍ (അ) ഇറങ്ങി.
നബി(സ്വ)യുടെ മുഅദ്ദിന്‍ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ). മക്കാനിവാസിയും ഖു റൈശിയ്യുമാണദ്ദേഹം. നബി(സ്വ)യുടെ ഭാര്യ ഖദീജ യുടെ അമ്മാവന്റെ മകന്‍. റസൂലുല്ലാഹി(സ്വ)യുടെ ബന്ധു. പിതാവ് ഖൈസുബ്നു സായിദും മാതാവ് ആതികയും, കുട്ടി ജനിച്ചപ്പോള്‍ തന്നെ അന്ധനായിരുന്നതിനാല്‍ ജനങ്ങള്‍ ആതികയെ ഉമ്മുമക്തൂം എന്ന് വിളിച്ചു. മക്തൂം എന്നാല്‍ അന്ധന്‍ എന്നര്‍ഥം.
മക്കയില്‍ ഇസ്ലാമികദീപം തെളിഞ്ഞപ്പോള്‍ അബ്ദുല്ലാ അതിന് സാക്ഷിയായി. ശങ്കിച്ചു നില്‍ക്കാതെ വിശ്വാസിയായതിനാല്‍ സാബിഖീങ്ങളുടെ കൂട്ടത്തില്‍ തന്നെ അവര്‍ സ്ഥാനം പിടിച്ചു. തന്മൂലം മക്കയില്‍ മുസ്ലിംകള്‍ നേരിട്ട അക്രമങ്ങളും പീഡനതാഢനങ്ങളും എല്ലാവരെയും പോലെ ഇബ്നുഉമ്മിമക്തൂമും അതിജയിച്ചു. വിഷമഘട്ടങ്ങള്‍ അവരെ തളര്‍ത്തുന്നതിന് പകരം ദീനിനോടും റസൂലിനോടും പതിന്മടങ്ങ് സ്നേഹവും ബന്ധവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്.
ഖുര്‍ആന്‍ മന പാഠമാക്കാനുള്ള അടങ്ങാത്ത ആഗ്രഹം മൂലം അതിന് ലഭിക്കുന്ന മുഴുവന്‍ സമയവും അദ്ദേഹം മുതലെടുത്തിരുന്നു. ഒരു വേള മറ്റുള്ളവരുടെ ഊഴവും കൂടി കവര്‍ന്നെടുക്കുന്ന സ്ഥിതിവരെയെത്തി. ആ വിജ്ഞാനതൃഷ്ണ!.
അക്കാലത്ത് ഖുറൈശീ നേതാക്കന്മാരെ ഇസ്ലാമിലേക്ക് ക്ഷണിക്കുന്നതിനായി നബി (സ്വ)കൂടുതല്‍ സമയം കണ്ടെത്തുക പതിവായിരുന്നു. ഒരു ദിവസം, ഉത്ത്ബത്തുബ്നു റബീഅഃ, അയാളുടെ സഹോദരന്‍ ശൈബത്ത്, അബൂജഹ്ല്‍, ഉമയ്യത്തുബ്നുഖലഫ്, വലീദുബ്നുല്‍ മുഗീറഃ എന്നീ ഖുറൈശീ പ്രമുഖരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ് നബി(സ്വ). അവര്‍ മുസ്ലിംകളെ ആക്രമിക്കാതിരിക്കണം എന്നതാണവിടുത്തെ ആഗ്രഹം. ആ സമയത്താണ് ഇബ്നുഉമ്മിമക്തൂം(റ) നബി(സ്വ)യെ സമീപിച്ച് ആവശ്യപ്പെടുന്നത്.
‘അല്ലാഹുവിന്റെ ദൂതരെ! അല്ലാഹു അവിടുത്തേക്ക് നല്‍കിയ അറിവില്‍ നിന്ന് എനിക്കും പഠിപ്പിച്ചു തന്നാലും!’
സാധുക്കളെ പുച്ഛത്തോടെ വീക്ഷിക്കുന്ന അഹങ്കാരികളായ ഖുറൈശീപ്രമുഖര്‍ക്ക് നീ രസം വരാതിരിക്കാനായി അദ്ദേഹത്തിന്റെ ആവശ്യം അവിടുന്ന് വല്ലാതെ പരിഗണിച്ചില്ല. ഇവര്‍ ഇസ്ലാമിലേക്ക് വന്നാല്‍ ദീനിന് ഇസ്സത്തും സത്യപ്രബോധനത്തിന്ന് ശക്തമായ പിന്തുണയും ലഭിക്കുമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ ചിന്ത.
അല്‍പം കഴിഞ്ഞ് അവരുമായുള്ള സംഭാഷണം അവസാനിപ്പിച്ച് നബി(സ്വ)വീട്ടിലേക്ക് പോകാനൊരുങ്ങുകയാണ്. പെട്ടെന്ന് കണ്ണില്‍ ഇരുട്ട് കയറുന്നത് പോലെ, തലക്ക് ഭാരക്കൂടുതല്‍ അനുഭവപ്പെടുന്നു. അല്ലാഹുവിന്റെ വഹ്യ് ഇറങ്ങുകയാണ്.
ഒരു അന്ധന്‍ വന്നതിനാല്‍ നീരസം പ്രകടിപ്പിച്ചു. സദുപദേശം അദ്ദേഹത്തിന് ഉപകരിക്കുമായിരുന്നില്ലേ. സമ്പന്നന്മമാരായ ആളുകളിലേക്ക് താങ്കള്‍ പ്രത്യക്ഷപ്പെടുന്നു. അവര്‍ ശുദ്ധരായില്ലെങ്കില്‍ താങ്കള്‍ക്കെന്തു നഷ്ടം? ഇഴഞ്ഞിഴഞ്ഞു താങ്കളുടെ സമീപത്തെത്തിയ ഭയഭക്തിയുള്ള ഒരാള്‍, അയാളെതൊട്ട് താങ്കള്‍ പിന്തിരിയുന്നു. ഈ സൂക്തങ്ങള്‍ ഉപദേശങ്ങളാണ്. വേണ്ടവര്‍ മനസ്സിലാക്കുകയും അവര്‍ക്കിത് ഫലം ചെയ്യുകയും ചെ യ്യും. പിശാചുക്കളുടെ കരസ്പര്‍ശമേല്‍ക്കാത്ത പരിശുദ്ധമായ ഒരു ഗ്രന്ഥത്തിലുള്ളവയാണിവ. പ്രത്യേകക്കാരായ മലകുകളുടെ സംരക്ഷണത്തില്‍ ഉന്നതമായ സ്ഥാനത്താണതുള്ളത്….’
എന്നിങ്ങനെ ആശയം വരുന്ന പതിനാറ് ആയത്തുകള്‍ അവതീര്‍ണ്ണമായി. അന്നുമുതല്‍ ഇന്നുവരെയും അവ പാരായണം ചെയ്യപ്പെടുന്നു. ലോകാന്ത്യം വരെ അത് മുഅ്മീനുകളുടെ വായില്‍ നിന്ന് നിര്‍ഗ്ഗളിച്ചു കൊണ്ടിരിക്കുകയും ചെയ്യും.
അന്നുമുതല്‍ ഇബ്നുഉമ്മിമക്തൂം(റ)വരുമ്പോള്‍ നബി(സ്വ)തന്റെ ഷാള്‍ അവര്‍ക്കിരിക്കാനായി വിരിച്ചുകൊടുത്തിട്ട് പറയും.
‘എന്റെ റബ്ബ് എന്നെ ആക്ഷേപിക്കാന്‍ കാരണക്കാരായവര്‍ക്ക് സ്വാഗതം!.’അദ്ദേഹ ത്തെക്കുറിച്ച് നബി(സ്വ)എപ്പോഴും ശ്രദ്ധപുലര്‍ത്തുകയും എന്താവശ്യമുണ്ടെങ്കിലും സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.
ഖുറൈശികള്‍ നബി(സ്വ)യെയും അനുചരരെയും നിരന്തരം പീഢിപ്പിച്ചു കൊണ്ടിരുന്നു. സഹികെട്ടപ്പോള്‍ അവരോട് മദീനയിലേക്ക് ഹിജ്റഃ പോവാന്‍ അവിടുന്ന് കല്‍പിച്ചു. മുഹാജിറുകളുടെ ഏറ്റവും മുന്‍നിരയില്‍ തന്നെ അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)മദീ യിലേക്ക് പുറപ്പെട്ടു. അദ്ദേഹവും മുസ്വ്അബുബ്നു ഉമൈര്‍(റ)വും ആയിരുന്നു ആദ്യമായി മദീനയിലെത്തിയ സ്വഹാബികള്‍!
അവര്‍ രണ്ട് പേരും മദീനയിലെത്തി ഒരല്‍പംപോലും വിശ്രമിച്ചിട്ടില്ല. ഖുര്‍ആനിക സൂ ക്തങ്ങള്‍ ഓതിക്കേള്‍പിച്ച് ജനങ്ങളെ സത്യത്തിലേക്ക് ക്ഷണിക്കുന്നതിലും മതവിജ്ഞാനം പഠിപ്പിച്ചുകൊടുക്കുന്നതിലുമായിരുന്നു അവരുടെ മുഴുവന്‍ ശ്രദ്ധയും.
നബി(സ്വ)മദീനഃയിലെത്തിയപ്പോള്‍ ഇബ്നുഉമ്മിമക്തൂം(റ)വിനെയും ബിലാല്‍(റ)വിനെ യും മസ്ജിദുന്നബവിയിലെ മുഅദ്ദിനുകളായി നിശ്ചയിച്ചു. എല്ലാ ദിവസവും അഞ്ച് നേരം ഏകഇലാഹീ സന്ദേശം അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു. നിസ്ക്കാരത്തിലേ ക്കും അതുവഴി വിജയത്തിലേക്കും മാലോകരെ ക്ഷണിക്കുന്നു.
ബിലാല്‍(റ) ബാങ്കും ഇബ്നുഉമ്മിമക്തൂം(റ) ഇഖാമത്തും കൊടുക്കുകയായിരുന്നു പതിവ്. അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ മറിച്ചും ഉണ്ടാവാറുണ്ട്. റമളാന്‍ മാസത്തില്‍ പാതിരാവിന് ശേഷം ബിലാല്‍(റ) ബാങ്ക് വിളിക്കുന്നു. അത് കേട്ടാല്‍ ജനങ്ങള്‍ അത്താഴം കഴിക്കും. അടുത്ത ബാങ്ക് ഇബ്നുഉമ്മിമക്തൂം(റ)വിന്റേതാണ്. അത് കേള്‍ക്കുമ്പോള്‍ അവര്‍ അന്നപാനീയങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുന്നു.
ഇബ്നുഉമ്മിമക്തൂം(റ)വിനോട് നബി(സ്വ)ക്ക് വലിയ ആദരവായിരുന്നുവെന്ന് പറഞ്ഞുവല്ലോ. അത്കൊണ്ടായിരുന്നു നബി(സ്വ) മദീനഃ വിട്ടുപുറത്തുപോയ പത്തില്‍ കൂടുതല്‍ സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ മദീനഃയില്‍ പ്രതിനിധിയാക്കിയിരുന്നത്.
ബദ്ര്‍ യുദ്ധാനന്തരം യോദ്ധാക്കള്‍ക്കുള്ള ശ്രേഷ്ടതകള്‍ വിവരിക്കുന്ന ആയത്തുകള്‍ അവതീര്‍ണ്ണമായി. അത് അബ്ദുല്ല(റ)വിന്റെ മനസ്സിനെ മഥിച്ചുകൊണ്ടിരുന്നു. ആ സ്ഥാനമാനങ്ങള്‍ തനിക്ക് കരസ്ഥമാക്കാനായില്ലല്ലോ എന്നദ്ദേഹം വേദനപൂണ്ടു. അവര്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ തിരുദൂതരെ! എനിക്ക് കഴിയുമെങ്കില്‍ ഞാന്‍ യുദ്ധം ചെയ്യുമായിരുന്നു….!’
അനന്തരം, തന്നെപ്പോലുള്ള ബലഹീനരെ കുറ്റവിമുക്തരാക്കുന്ന ഖുര്‍ആന്‍ വാക്യം ഇറക്കാന്‍ അദ്ദേഹം അല്ലാഹുവിനോട് കേണപേക്ഷിച്ചു. ഒട്ടും വൈകാതെ ദുആക്ക് ഉത്തരം ലഭിച്ചു. വഹ്യ് എഴുതുന്ന സൈദുബ്നു സാബിത്(റ) പറയുന്നു.
ഞാന്‍ നബി(സ്വ)യുടെ അടുക്കല്‍ ഇരിക്കുകയായിരുന്നു. ആ സമയം അവരെ ഒരു മയ ക്കം ബാധിച്ചു. അവരുടെ കാല്‍ എന്റെ കാലിന് മുകളിലേക്ക് ചെരിഞ്ഞു. താങ്ങാന്‍ പറ്റാത്തത്ര ഭാരം എനിക്കനുഭവപ്പെട്ടു. വഹ്യ് ഇറങ്ങുകയാണ്….അല്‍പം കഴിഞ്ഞ് അവര്‍ സാധാരണ നിലയിലായി. നബി(സ്വ) പറഞ്ഞു:
‘സൈദ് എഴുതുക…!’
അവര്‍ ഓതിത്തന്ന ആയത്ത് ഞാനെഴുതി:
‘വിശ്വാസികളില്‍ നിന്ന് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നവരും (വീട്ടില്‍) ഇരിക്കുന്നവരും സമമാവുകയില്ല…!’
അപ്പോള്‍ ഇബ്നുഉമ്മിമക്തൂം(റ) എഴുന്നേറ്റ് നിന്ന് ചോദിച്ചു.
‘യാ റസൂലുല്ലാഹ്…! അപ്പോള്‍ യുദ്ധത്തിന് സാധിക്കാത്തവര്‍ എന്തു ചെയ്യും…?!’
അദ്ദേഹം ചോദിച്ച് തീരുമ്പോഴേക്ക് നബി(സ്വ)യെ വീണ്ടും മയക്കം ബാധിച്ചു. അവരുടെ കാല്‍ എന്റെ കാലിലേക്ക് ചാഞ്ഞു. ആദ്യവട്ടം അനുഭവപ്പെട്ടപോലെ തന്നെ വല്ലാത്ത ഭാരം. അല്‍പം കഴിഞ്ഞു. എല്ലാം നോര്‍മ്മലായപ്പോള്‍ നബി(സ്വ) പറഞ്ഞു:
‘സൈദ്…! നിങ്ങള്‍ എഴുതിയതൊന്ന് വായിക്കൂ…!’
ഞാന്‍ വായിച്ചുകൊടുത്തു. അവിടുന്ന് പറഞ്ഞു: ‘അതിന് ശേഷം ഇതുകൂടി എഴുതൂ…!’
‘വിഷമമനുഭവിക്കുന്നവരൊഴിച്ച്…!’
ഇബ്നുഉമ്മിമക്തൂം(റ)ആഗ്രഹിച്ച പോലെ അദ്ദേഹം വിമുക്തനാക്കപ്പെട്ടു. അല്ലാഹു അ ദ്ദേഹത്തെപ്പോലുള്ളവരെ യുദ്ധമെന്ന ബാധ്യതയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നാട്ടില്‍ നില്‍ക്കാന്‍ അദ്ദേഹത്തിന് മനസ്സ് വന്നില്ല. അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യാന്‍ തന്നെ അദ്ദേഹം തീര്‍ച്ചപ്പെടുത്തി. മഹാപ്രതിഭകള്‍ക്ക് അത്യുന്നതങ്ങളാണല്ലോ മേച്ചില്‍ പുറം.
അന്ന് മുതല്‍ ഒരു യുദ്ധവും തനിക്ക് നഷ്ടപ്പെട്ടുപോകരുതെന്ന് അദ്ദേഹം തീരുമാനിച്ചു. യുദ്ധക്കളത്തില്‍ തനിക്ക് കയ്യാലാവുന്ന വിഷയം തന്നെ തിരഞ്ഞെടുത്തു. അദ്ദേഹം മറ്റുള്ളവരോട് പറയും.
‘നിങ്ങള്‍ എന്നെ ഇരുസൈന്യത്തിനുമിടയില്‍ നിര്‍ത്തി എന്റെ കയ്യില്‍ പതാക നല്‍കുക, ഞാന്‍ അത് വേണ്ടവിധം സംരക്ഷിക്കും. കാരണം അന്ധനായത് കൊണ്ട് ഞാന്‍ ഓടിപ്പോവുകയുമില്ലല്ലോ…!’
ഹിജ്റഃ പതിനാലാം വര്‍ഷം…
ഖലീഫഃ ഉമറുബ്നുല്‍ഖത്ത്വാബ്(റ) പേര്‍ഷ്യന്‍ സാമ്രാജ്യവുമായി യുദ്ധം തീരുമാനിച്ചു. ഈ യുദ്ധത്തില്‍ അവരുടെ ശക്തി തകര്‍ന്നു തരിപ്പണമാകണം. മുസ്ലിംകളുടെ ഗതി സുഗമമാകണം. അവര്‍ തന്റെ ഗവര്‍ണ്ണര്‍മാര്‍ക്കെല്ലാം എഴുതി:
‘ആയുധം, അശ്വം, ധൈര്യം, ക്രാന്തദര്‍ശനം, ഇവയിലേതെങ്കിലും കൈവശമുള്ളവരെ എത്രയും പെട്ടെന്ന് എന്റെ അടുത്തെത്തിക്കുക…!’
ഉത്തരവ് ലഭിക്കേണ്ട താമസം മുസ്ലിം സംഘങ്ങള്‍ നാനാഭാഗത്തുനിന്നും മദീനയിലേക്കൊഴുകി. അവരുട കൂട്ടത്തില്‍ ഇബ്നുഉമ്മിമക്തൂം(റ)വും ഉണ്ടായിരുന്നു. ഉമറുല്‍ഫാറുഖ്(റ), സഅ്ദുബ്നു അബീവഖാസ്(റ)വിനെ സൈനിക നേതൃത്വം ഏല്‍പിച്ചു. അനുവര്‍ത്തിക്കേണ്ട കാര്യങ്ങളെല്ലാം ഉപദേശിച്ച് ആ വന്‍സൈന്യത്തെ അദ്ദേഹം യാത്രയാക്കി.
സൈന്യം ഖാദിസിയ്യയിലെത്തി. ആ സന്ദര്‍ഭത്തില്‍ മഹാനായ സ്വഹാബിവര്യന്‍ ഇബ്നുഉമ്മിമക്തൂം(റ)പടയങ്കി ധരിച്ച് രംഗത്തെത്തി. മുസ്ലിം സൈന്യത്തിന്റെ പതാക വഹിക്കാന്‍ അവര്‍ സ്വമേധയാ മുന്നോട്ടുവന്നു. ഒന്നുകില്‍ യുദ്ധാവസാനം വരെ അത് സംരക്ഷിക്കുക. അല്ലെങ്കില്‍ അതിന്റെ സംരക്ഷണാര്‍ഥം രക്തസാക്ഷിയാവുക. ഇതായിരുന്നു അവരുടെ തീരുമാനം.
മുസ്ലിം സൈന്യവും പേര്‍ഷ്യന്‍ പട്ടാളവും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ദിവസം നീണ്ടുനിന്ന ഘോരയുദ്ധം! ലോകചരിത്രത്തില്‍ കേട്ടിട്ടില്ലാത്തത്രയും ഭയങ്കരം!!
മൂന്നാം ദിവസം മുസ്ലിം സൈന്യത്തിന് പേര്‍ഷ്യന്‍ സാമ്രാജ്യം കീഴടങ്ങി. മുസ്ലിംകള്‍ വിജയശ്രീലാളിതരായി. ലോകത്തെ ഏറ്റവും വലിയ ഭരണകൂടം തകര്‍ന്നുതരിപ്പണമായി. ബഹുദൈവാരാധന കൊണ്ട് മലീമസമായ രാജ്യത്ത് ഏകദൈവ വിശ്വാസത്തിന്റെ പ താക പാറിപ്പറന്നു.
ഈ വന്‍വിജയത്തിന് നൂറുകണക്കിന് രക്തസാക്ഷികളുടെ ജീവന്‍ വില നല്‍കേണ്ടി വന്നു. ആ ശുഹദാക്കളുടെ കൂട്ടത്തില്‍ മഹാനായ അബ്ദുല്ലാഹിബ്നുഉമ്മുമക്തൂം(റ)വും ഉണ്ടായിരുന്നു.
ഇസ്ലാമിന്റെ പതാക ആലിംഗനം ചെയ്തുകൊണ്ട് രക്തത്തില്‍ കുളിച്ചു കിടക്കുന്ന രീ തിയിലാണ് ആ മഹാന്‍ രണാങ്കണത്തില്‍ കാണപ്പെട്ടത്.
അല്ലാഹു അവരുടെ ബറകത്ത് കൊണ്ട് നമ്മെ വിജയികളിലുള്‍പെടുത്തട്ടെ, അവരെ അല്ലാഹു തൃപ്തിപ്പെടുമാറാവട്ടെ. ആമീന്‍.