ഖുർആൻ പാരായണം ചെയ്യുന്ന വ്യക്തി പിഴവുകളെ ക്കുറിച്ച് (لحن) ബോധ്യമുള്ളവനായിരിക്കണം. കാരണം മന:പൂർവ്വം പാരായണത്തിൽ പിഴവ് വരുത്തൽ നിശിദ്ധമാണ്. ശരിയായ രൂപത്തിന് വിരുദ്ധമായ പാരായണമാണ്لحن കൊണ്ടുള്ള വിവക്ഷ. ഗോപ്യം/ വ്യക്തം എന്നിങ്ങനെ രണ്ടിനമുണ്ടിത്. ഖാരിഉകളുടെ പതിവിന് വിരുദ്ധമാവുന്ന നിലക്ക് പദങ്ങളിൽ കടന്നു വരുന്ന പിഴവിനെയാണ് പ്രകടമായ പിഴവ് -لحن جلي – എന്ന് വിളിക്കുന്നത്. അർത്ഥത്തിൽ മാറ്റം വരിക – വരാതിരിക്കുക ഇവിടെ വിഷയീഭവിക്കുന്നില്ല. ഇത് അക്ഷരങ്ങൾ, ഹറകത്തുകൾ സുകൂനുകൾ – തുടങ്ങി മൂന്നിടങ്ങളിലും സംഭവിക്കുന്നതാണ്. ഒരക്ഷരത്തിന് പകരം മറ്റൊരു അക്ഷരം ഉച്ചരിക്കുക, ഒരു ഹറകത്തിനെ മറ്റൊന്നു കൊണ്ട് പകരമാക്കുക, ഹറകത്തുള്ളിടങ്ങളിൽ സുകൂൻ ഉച്ചരിക്കുക, സുക്കൂൻ ഹറകത്തായി പാരായണം ചെയ്യുക തുടങ്ങിയ രൂപത്തിലെല്ലാം ഖിറാഅത്തിൽ പിഴവ് കടന്ന് വരും. ജാഗ്രത പാലിക്കൽ അനിവാര്യമാണ്. അശ്രദ്ധ നിമിത്തം അർത്ഥമാറ്റത്തിനും സാധ്യതയുണ്ട്. സൂറത്തുൽ ഫാതിഹയിലെأنعمتَ എന്നിടത്ത് تاءന് ഫത്ഹ് അല്ലാത്ത ഹറകത്തുകൾ നൽകി പാരായണം നടത്തുന്നത് ഉദാഹരണം.
സുകൂനുള്ള അക്ഷരങ്ങളിൽ ആശ്രദ്ധ മൂലം സംഭവിച്ചേക്കാവുന്ന ചില പിഴവുകളുണ്ട്.ولا حرّمنا എന്നതിലെ മീമിന് ഫത്ഹ് ചെയ്ത് പാരായണം ചെയ്യുന്നത് ഇതിനുദാഹരണമാണ്.لحن جلي പാരായണത്തിൽ വരുത്തൽ നിഷിദ്ധമാണെന്നതിൽ പണ്ഡിതന്മാർക്കിടയിൽ ഏകോപനമുണ്ട്.
ശേഷിക്കുന്ന ഇനംلحن خفي ആണ് . പാരായണ ശാസ്ത്ര പണ്ഡിതന്മാർക്കും ഓത്ത് കൈമാറുന്ന ഗുരുക്കന്മാർക്കും മാത്രം മനസിലാക്കാൻ സാധിക്കുന്നവയാണിവ. ഒരു അക്ഷരത്തിന്റെ വിശേഷണത്തിന് പകരം മറ്റൊരു വിശേഷണം നൽകുക (അക്ഷരം മറ്റൊന്നാവാത്തവിധം).إظهار،إخفاء،غنة، മുതലായവ ഉപേക്ഷിക്കുക, പൂർണമായ ഹറകത്തിന് മേൽ വഖ്ഫ് ചെയ്യുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ രൂപത്തിലുള്ള പിഴവ് വരുത്തൽ അനുവദനീയമാണോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ഇതും സൂക്ഷിക്കേണ്ടത് തന്നെയെന്ന് ഉലമാഅ് പ്രസ്താവിച്ചിട്ടുണ്ട്.