ത്വരീഖത് സംബന്ധമായ ചര്‍ച്ചയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണു ശരീഅത്തുമായുള്ള ബന്ധം. ഈ ബന്ധം വിലയിരുത്തുന്നതില്‍ പറ്റുന്ന അബദ്ധം തെറ്റായ ത്വരീഖതുകളിലേക്കും ത്വരീഖതുകളെ തെറ്റായി മനസ്സിലാക്കുന്നതിലേക്കും വലിയൊരു സമൂഹത്തെ തള്ളി വീഴ്ത്തിയിട്ടുണ്ട്. ത്വരീഖതും ശരീഅതും തമ്മില്‍ അജഗജാന്തരമുണ്ടെന്നു ധരിച്ചും ധരിപ്പിച്ചും ചിലര്‍ രംഗത്തുവന്നു. ശരീഅതിന്റെ കാര്യം ശ്രദ്ധിക്കാതെ തന്നെ ത്വരീഖതില്‍ ഉയരങ്ങള്‍ താണ്ടാമെന്നു വിശ്വസിക്കുകയും ചെയ്യുന്നു. ശരീഅതിനെ വിലകുറച്ചു കാണാനും സമൂഹത്തിനു വെളിച്ചം പകരുന്ന പണ്ഢിതന്മാരെ വിവരം കെട്ടവരായി മുദ്രകുത്താനും ഈ സാഹചര്യം ഇടവരുത്തിയിരിക്കുകയാണ്.
ശരീഅതില്ലാതെ ഇസ്ലാമിന്റെ പേരില്‍ യാതൊരു ആത്മീയ പ്രസ്ഥാനവും ആചാരവും നിലനില്‍ക്കുകയില്ലെന്നു അടിസ്ഥാനപരമായി നാം ഗ്രഹിക്കണം. ശരീഅതെന്നു പറയുന്നത് അല്ലാഹുവിന്റെ ആജ്ഞകളും നിരോധനകളുമാണ്. ഇതു തന്നെയാണ് ഇസ്ലാം എന്നു പറയുന്നത്. ശരീഅതും ത്വരീഖതും രണ്ടാണെന്നു വാദിച്ചാല്‍ ഇസ്ലാമും ത്വരീഖതും രണ്ടാണെന്നു വാദിച്ചതിനു തുല്യമായി.  ഈ വാദം ഒരാളെ ഇസ്ലാമില്‍ നിന്നു ഏതു കോണിലേക്കാണു തള്ളി മാറ്റുക എന്ന് ഊഹിക്കാമല്ലോ. ഇതുപോലെയാണു ശരീഅതിന്റെ ചില നിയമങ്ങള്‍ (അത് സുന്നത്താകട്ടെ ഫര്‍ള്വാകട്ടെ……) ത്വരീഖതില്‍ പ്രസക്തമല്ലെന്നു വാദിക്കുന്നതും വിശ്വസിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണ്. ത്വരീഖതിന്റെ രാജസ്ഥാനീയരായി അറിയപ്പെട്ട മഹാന്മാരുടെ ജീവിതവും ദര്‍ശനവുമാണ് ഈ പറഞ്ഞതിനു പിന്‍ബലം. അത്തരം മഹാന്മാരില്‍ നിന്നുമുള്ള ചില പ്രസ്താവങ്ങള്‍ താഴെ ചേര്‍ക്കുന്നു. അവ മനസ്സിരുത്തി വായിച്ചു ത്വരീഖതും ശരീഅതും തമ്മിലെ ബ ന്ധത്തെ മനസ്സിലാക്കാന്‍ മാന്യ സന്ദര്‍ശകര്‍ മുതിരണം. ത്വരീഖതിന്റെ ബാലപാഠത്തിലേക്കു വെളിച്ചം പകര്‍ന്നു വിരചിതമായ അല്‍-അദ്കിയാഇലെ ചില വരികള്‍ കാണുക:
പൊന്നു കൂട്ടുകാരാ! ശരീഅത് പ്രാവര്‍ത്തികമാക്കാതെ ത്വരീഖതും ഹഖീഖതും പ്രാപിക്കാന്‍ പറ്റുന്നതല്ല. അതുകൊണ്ട് ആദ്യം നീ ശരീഅത് പാലിച്ചു ബാഹ്യജീവിതത്തിനെ ഭംഗിയുറ്റതാക്കുക. അങ്ങനെ വന്നാല്‍ നിന്റെ അകത്തളം പ്രകാശപൂരിതമാകുന്നതും ഇരുട്ടു നീങ്ങിപ്പോകുന്നതുമാണ്. തദ്വാരാ നിന്റെ മനസ്സില്‍ ത്വരീഖതിനു പാകത ഇറങ്ങി വരും” (അദ്കിയാഅ് 10, 11, 12 വരികളുടെ ആശയം). ഈ വരികളില്‍ നിന്നു ശരീഅതില്ലാതെ ഒരു ആത്മീയ പ്രയാണവും ആര്‍ക്കും സാധ്യമല്ലെന്നു വ്യക്തമായി. ഈ ആശയം വ്യാഖ്യാനിക്കവെ ശൈഖ് മുഹമ്മദ് നവവി(റ) എഴുതുന്നു: “ശരീഅതില്ലാതെ ത്വരീഖത് കിട്ടുന്നതല്ല. പ്രായപൂര്‍ത്തിയും ബുദ്ധിയും തികഞ്ഞ മുസ്ലിമില്‍ നിന്നു ശരീഅത് ഒഴിവാകുന്ന ഒരു അവസ്ഥയും ഇല്ല. അവന്‍ എത്ര ഉന്നതികള്‍ കരഗതമാക്കിയാലും ശരി. അങ്ങനെ ഔലിയാഇന്റെ പദവി പ്രാപിച്ചാലും നിസ്കാരം തുടങ്ങിയ നിര്‍ബന്ധങ്ങള്‍ ഒഴിവാകുന്നതല്ല. ഞാനിപ്പോള്‍ ഒരു വലിയ്യാണെന്നും എനിക്കു ശരീഅത് ആവശ്യമല്ലെന്നും ഹഖീഖതില്‍ എത്തിപ്പെട്ടുവെന്നുമൊക്കെ ആരെങ്കിലും വാദിച്ചാല്‍ അവന്‍ സ്വയം വഴി തെറ്റിയവനും അന്യരെ വഴി തെറ്റിക്കുന്നവനുമാകുന്നു. കാരണം, ഇബാദത്തുകളില്‍ നിന്നു നബിമാര്‍ക്കു തന്നെ വിടുതി കിട്ടാതിരിക്കെ എങ്ങനെയാണ് ഔലിയാഇനു വിട്ടുവീഴ്ചയുണ്ടാവുക?” (സലാലിമുല്‍ഫുള്വലാഅ് അലാ ഹിദായതില്‍ അദ്കിയാഅ് ഇലാ ത്വരീഖില്‍ ഔലിയാഅ്: പേ: 14).
സയ്യിദുല്‍ബക്രിയ്യുല്‍മക്കി(റ)വും ഇതേ ആശയം വ്യക്തമാക്കുന്നു: “ത്വരീഖതും ഹഖീഖതും ശരീഅതിന്റെ മേല്‍ സ്ഥാപിതങ്ങളാണ്. ശരീഅതില്ലാതെ ഇവ നിലനില്‍ക്കുന്ന തോ ശരീഅത് കൊണ്ടല്ലാതെ കരസ്ഥമാകുന്നതോ അല്ല. ഒരു മുഅ്മിനിന്റെ പദവി എത്ര ഉയര്‍ന്നാലും, ഔലിയാഇല്‍ അകപ്പെട്ടാലും ഖുര്‍ആന്‍-സുന്നത്തില്‍ വന്ന നിര്‍ബന്ധങ്ങള്‍ ഒഴിവായവന്‍ ആകുന്നില്ല. അങ്ങനെ വാദിക്കുന്നവന്‍ കള്ളവാദിയും വഴിതെറ്റി യവനുമാകുന്നു. നബി(സ്വ) തങ്ങള്‍ നിസ്കരിച്ചു കാലില്‍ നീരു വന്നു വീര്‍ത്തത് ഹദീസില്‍ കാണാം. നബിമാര്‍ക്ക് തന്നെ മതവിധിയില്‍ നിന്നു മോചനമില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരു വലിയ്യിന് മോചനമുണ്ടാവുക. ഇബാദത് എന്ന് പറയുന്നത് അല്ലാഹുവിനുള്ള അടിമത്വത്തിന്റെയും അവന്‍ തന്ന അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകാശനത്തിന്റെയും ഭാഗമാകുന്നു. ഒരുത്തന്‍ വലിയ്യായെന്നു കരുതി ഈ അടിമത്വവും അനുഗ്രഹവും എങ്ങനെയാണു കൊഴിഞ്ഞു പോകുന്നത്? (കിഫായതുല്‍അത്ഖിയാഅ്: 13).
ത്വരീഖത് അല്ലാഹുവിലേക്കുള്ള പ്രയാണത്തിലെ ഒരു മാര്‍ഗരേഖയാകുന്നു. പ്രയാണത്തിന്റെ ഒടുവില്‍ ഒരാള്‍ക്കു ലഭ്യമാകുന്ന ആത്മഫലമാണ് ‘ഹഖീഖത്’ കൊണ്ട് ഉദ്ദേശിക്കുന്നത്. കടലിനടിയില്‍ കിടക്കുന്ന വിലപിടിപ്പുള്ള രത്നത്തെ ഹഖീഖതായും കടലിനെ ത്വരീഖതായും വിലയിരുത്താമെന്നു സൈനുദ്ദീന്‍ അല്‍മഅ്ബരി(റ) പറയുന്നുണ്ട്. എന്നാ ല്‍ സമുദ്രത്തില്‍ കടക്കാനും ആ വഴിയില്‍ എത്താനും മുത്ത് സ്വന്തമാക്കാനും വഴി തെ റ്റാതെ തിരിച്ചെത്താനുമൊക്കെ നല്ലൊരു മുങ്ങിക്കപ്പലോ തത്യുല്യ സംവിധാനമോ കൂടാ തെ പറ്റില്ല. ആ സംവിധാനത്തിനെ ശരീഅത്തിനോട് ഉപമിക്കാവുന്നതാണ്. മുത്തെടുക്കാനുള്ള യാത്രാ സംവിധാനത്തെ കുറിച്ചു നേരത്തെ തന്നെ ചിന്തിക്കാതെയും അതു തയ്യാറാക്കാതെയും കടലില്‍ ചാടിയാല്‍ ഫലം മുങ്ങിച്ചാകല്‍ മാത്രമാകും. അതുപോലെ കപ്പല്‍ കടലില്‍ കടന്നപാടെ ഒഴിവാക്കിയാലും രത്നം കിട്ടിയ പാടെ കപ്പല്‍ ഉപേക്ഷിച്ചാലും ഫലം പരാജയം തന്നെ. അതുകൊണ്ടു ലക്ഷ്യം പ്രാപിക്കാനുള്ള ഈ പ്രയാണത്തില്‍ ഒരു നിമിഷം പോലും ശരീഅത്ത് എന്ന വാഹനം മാറ്റി നിറുത്താനാവില്ല. കടലില്‍ നിന്നു അടിച്ചു വീശുന്ന തിരമാലകളെ തട്ടിമാറ്റി പ്രയാണരേഖ തെളിച്ചമുറ്റതാക്കാന്‍ ശരീഅത് കൈകൊണ്ടതായിരുന്നു പൂര്‍വസൂരികളുടെ വിജയം. തസ്വവ്വുഫിനെ അനുഭവിച്ചറിയാനും തസ്വവ്വുഫിന്റെ പാഠങ്ങള്‍ മുസ്ലിംകള്‍ക്കു പകര്‍ന്നു നല്‍കാനും ജീവിതം ഉഴിഞ്ഞുവെച്ച ഇമാം നവവി(റ) പറയുന്നതു കാണുക: “മനുഷ്യ-ജിന്ന് വര്‍ഗ ത്തെ എനിക്കാരാധിക്കാനാണു ഞാന്‍ പടച്ചിരിക്കുന്നതെന്ന് (അദ്ദാരിയാത്: 56, 57) അല്ലാ ഹു പ്രഖ്യാപിക്കുന്നു. ഇതര്‍ഥമാക്കുന്നത്, നമ്മുടെ സൃഷ്ടിപ്പു തന്നെ ഇബാദത്തിനാണെന്നാണ്. അതുകൊണ്ടു തങ്ങളെ പടക്കപ്പെട്ട ലക്ഷ്യത്തെ പരിഗണിക്കലും ദുന്‍യാവിന്റെ അമിതാവേശത്തില്‍ നിന്നു വിരക്തനാകലും നമുക്കു കടപ്പെട്ടിരിക്കുന്നു. കാരണം, ദുന്‍ യാവ് നാശപരമാണ്. ശാശ്വത യാത്രയില്‍ വിട്ടു കടക്കാനുള്ള ഒരിടം മാത്രമാണ്; എന്നെ ന്നും തങ്ങാനുള്ളതല്ല. ഇക്കാര്യം ബോധം കൊണ്ടവരാണ് ഭക്തരായ ഭൌതിക പരിത്യാഗികള്‍. ഈ വസ്തുത വിവരിക്കുന്ന ഖുര്‍ആന്‍, ഹദീസ് വചനങ്ങള്‍ അനവധിയാണ്.  മേല്‍ പറഞ്ഞ ബോധം ഉള്‍കൊണ്ടവരെപ്പറ്റി ഒരു കവി പറഞ്ഞതു പ്രസക്തമായിരിക്കുന്നു:
തീര്‍ച്ച! അല്ലാഹുവിന് അതിബുദ്ധിമാന്മാരായ ചില ദാസന്മാരുണ്ട്.
അവര്‍ ദുന്‍യാവിനെ വെടിഞ്ഞു കളഞ്ഞു.
നാശത്തെ ഭയപ്പെട്ടു.
ദുന്‍യാവിനെപ്പറ്റി പര്യാലോചിച്ചതില്‍ നിന്നും അവര്‍ കണ്ടെത്തി,
ഇതൊരിക്കലും താമസിക്കുവാനുതകില്ല.
അതുകൊണ്ട് അവര്‍ ദുന്‍യാവിനെ ഒരു കടലായി കണക്കാക്കി.
സല്‍കര്‍മങ്ങളെ അതില്‍ കപ്പലായി ഗണിക്കുകയും ചെയ്തു (രിയാള്വ്: 9, 10).
തിരമാലകള്‍ വിഴുങ്ങാന്‍ നില്‍ക്കുന്ന മുങ്ങിച്ചാകാന്‍ സാധ്യത ഏറെയുള്ള സമുദ്രമായാ ണു നവവി(റ) ദുന്‍യാവിനെ കണക്കാക്കുന്നത്. അതിനകത്തെ രക്ഷാകവചമായി സ്വാ ലിഹുല്‍ അഅ്മാല്‍ അതായത്, നല്ല കര്‍മങ്ങളെ വിലയിരുത്തുകയും ചെയ്യുന്നു. അതുപോലെ മനുഷ്യ നിയോഗത്തിന്റെ പിന്നിലുള്ള താത്പര്യം ഇബാദതാണെന്നും മഹാന്‍ സ്ഥാപിക്കുന്നു. ഇതത്രെ ശരീഅതെന്നു പറയുന്നത്. ഈ ശരീഅത് മാറ്റിവെച്ച് ഒരു കൊച്ചു ആത്മീയ നേട്ടത്തിനും പഴുതില്ലെന്നു ചുരുക്കം. എന്നല്ല, ശരീഅതിന്റെ പ്രായോഗികത കുറച്ചുകൂടി കര്‍ക്കശവും സൂക്ഷ്മവുമായി ഉറപ്പാക്കുകയാണു ത്വരീഖത്. സൈനുദ്ദീന്‍ മഖ്ദൂം(റ)ന്റെ വരികള്‍ തന്നെ കാണുക:
ശരീഅത് എന്നാല്‍ സ്രഷ്ടാവിന്റെ ദീന്‍ മുറുകെ പിടിക്കല്‍ ആകുന്നു. അവന്റെ വ്യക്തമായ വിധിവിലക്കുകള്‍ നിലനിറുത്തി പോരലാകുന്നു. എന്നാല്‍ ത്വരീഖത് സൂക്ഷ്മതയും കര്‍ക്കശവും പാലിക്കലാകുന്നു”(അദ്കിയ, 5, 6 വരികളുടെ ആശയം). ത്വരീഖതില്‍ പറഞ്ഞ ഈ സൂക്ഷ്മതയും കര്‍ക്കശവുമൊക്കെ ശരീഅതിന്റെ പ്രാവര്‍ത്തികതയിലല്ലാതെ മറ്റൊന്നില്‍ അല്ല. ഇമാം ബക്രിയ്യുല്‍ മക്കി(റ) എഴുതുന്നു:
“ശരീഅത് അല്ലാഹു കല്‍പിച്ചവയും വിലക്കിയവയുമാകുന്നു. ത്വരീഖത് അതു അനുസരിച്ചു നിന്നു പോരലും അതു പ്രാവര്‍ത്തികമാക്കലുമാണ്” (കിഫായ: 9).
മുഹമ്മദ് നവവി(റ) ത്വരീഖത്-ശരീഅത് ബന്ധത്തെ പരാമര്‍ശിക്കവെ പറയുന്നു: “ആല്ലാഹുവിലേക്കു ചേര്‍ക്കുന്ന വഴികള്‍ മൂന്ന് ഇനമാകുന്നു. ഒന്ന്-ശരീഅത്. സാങ്കേതികമായി ശരീഅതെന്നാല്‍ കല്‍പനകള്‍ പാലിക്കലും വിലക്കുകള്‍ ഉപേക്ഷിക്കലുമാകുന്നു. രണ്ടാമത്തേതു ത്വരീഖത്. തിരുനബി(സ്വ)യുടെ ചെയ്തികള്‍ ചികഞ്ഞു കണ്ടെത്തി പ്രവര്‍ത്തിപഥത്തില്‍ കൊണ്ടുവരലാണിത്. മൂന്നാമത്തേതു ഹഖീഖത്. ത്വരീഖതിനാല്‍ കിട്ടുന്ന നേട്ടമാകുന്നു ഹഖീഖത്ത്” (സലാലിം, 9).
ശരീഅതിനെ പ്രവര്‍ത്തിക്കുന്നതില്‍ പുലര്‍ത്തുന്ന അസാധാരണമായ കണിശതയാണു ത്വരീഖതിന്റെ പൊരുളെന്നു മേല്‍ പറഞ്ഞതില്‍ നിന്നു മനസ്സിലാക്കാം. വസ്തുത ഇതായിരിക്കെ എങ്ങനെയാണു ത്വരീഖതിന്റെ പേരു പറഞ്ഞു ശരീഅതിനെ മാറ്റി നിറുത്തുക?.
ഹസനുല്‍ ബസ്വരി(റ) പറയുന്നു: “ഹഖീഖത് ജ്ഞാനമെന്നാല്‍ ഇബാദത് ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലത്തെപ്പറ്റിയുള്ള ആഗ്രഹം മാറ്റി വെക്കലാകുന്നു. അല്ലാതെ അനുഷ്ഠാനങ്ങള്‍ പാടെ മാറ്റി വെക്കലല്ല” (കിഫായ; 9).
ഹസന്‍(റ) പറഞ്ഞതു ത്വരീഖതില്‍ ഉന്നതങ്ങള്‍ താണ്ടിയെന്നവകാശപ്പെടുകയും അനുഷ്ഠാനങ്ങള്‍ ഉപേക്ഷിക്കുകയും ചെയ്യുന്നവര്‍ക്കൊരു താക്കീതാകുന്നു. ഹഖീഖത് തന്നെ സ്വന്തമാക്കിയാലും ശരീഅത് കൈവിടാന്‍ ഒരു പഴുതുമില്ല. കാരണം, ശരീഅതനുസരിച്ചുള്ള ജീവിതത്തില്‍ ലഭ്യമാകുന്ന ഒരു ആത്മീയ ഫലം മാത്രമാണു ഹഖീഖത്. അതു കൊണ്ടു ശറഇന്റെ ഒരു വിധി മാറ്റിവെച്ചോ ലംഘിച്ചോ മുന്നേറവെ താന്‍ ത്വരീഖതിന്റെ പേരില്‍ ആത്മീയാനുഭൂതിയില്‍ അകപ്പെട്ടിരിക്കുന്നുവെന്ന് ആരെങ്കിലും വാദിച്ചാല്‍ അ വന്‍ കള്ളനാണെന്നു നിസ്സങ്കോചം വിധിക്കാം.
ത്വരീഖതുകള്‍ സ്ഥാപിതമായിരിക്കുന്നതു ഖുര്‍ആന്‍-സുന്നത്തിന്റെ പിന്‍ബലത്താലാണ്. ഖുര്‍ആനും സുന്നത്തുമാകട്ടെ ഒരാള്‍ക്കും ശരീഅതിന്റെ കാര്യത്തില്‍ പ്രത്യേക വിടുതി നല്‍കിയതായി തെളിയിക്കാനാവില്ല. അങ്ങനെ വല്ലതും ഉണ്ടായിരുന്നുവെങ്കില്‍ അതിന്നര്‍ഹന്‍ തിരുനബി(സ്വ) ആകുമായിരുന്നു. എന്നാല്‍ നബി(സ്വ)യുടെ ജീവിതത്തില്‍ നിസ്കാരാദി നിര്‍ബന്ധങ്ങള്‍ നമ്മെപ്പോലെ തന്നെ ബാധ്യതയായിരുന്നതാണു നാം കാ ണുന്നത്. നമുക്കുള്ള ചില സുന്നത്തുകള്‍ നബി(സ്വ)യ്ക്കു നിര്‍ബന്ധമാക്കുകയാണ് സത്യത്തില്‍ അല്ലാഹു ചെയ്തത്. നബി(സ്വ)യുടെ ജീവിതത്തിലെ പ്രത്യേകതകള്‍ എന്ന പട്ടികയില്‍ പെടുത്തിയായിരുന്നു ഈ വിധി. നാലില്‍ കൂടുതല്‍ ഭാര്യമാര്‍ ഒരേ സമയ ത്ത് നബിക്ക് അല്ലാഹു അനുവദിച്ചത് ഈ സവിശേഷതയുടെ ഭാഗമായിരുന്നു. എന്നാല്‍ അത്തരം കാര്യങ്ങള്‍ നബി(സ്വ)യ്ക്കു ശറഅ് ലംഘനമായിരുന്നില്ല. ശറഅ് തന്നെയായിരുന്നു. നബിയല്ലാത്തവര്‍ നാലില്‍ കൂടുതല്‍ ഭാര്യമാരെ ഒരേ സമയം പൊറുപ്പിക്കുന്നത് ശറഅ് ലംഘനമാണ്. ഇക്കാര്യം നബി(സ്വ) തന്നെ വ്യക്തമാക്കി. ഇത്ര സുതാര്യമായ ദീനില്‍ ഒരിടത്തും ത്വരീഖതോടെ ശരീഅതിന്റെ നിയമത്തില്‍ ആര്‍ക്കെങ്കിലും മാറ്റം വരാമെന്നു ഖുര്‍ആനോ നബി(സ്വ)യുടെ ചര്യയോ സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല.  സത്യമായ ഒറ്റ ത്വരീഖതിലും ശറഇനു വിരുദ്ധമായ ഒരു കൊച്ചു കാര്യം പോലും കാ ണാന്‍ സാധ്യമല്ല. അദ്കിയാഇല്‍ പറയുന്നു: “തിരുനബിയില്‍ നിന്നു സത്യസന്ധമായി ലഭിച്ച ചര്യകളും മര്യാദകളും നീ വേണ്ടവിധം പാലിക്കുക. തീര്‍ച്ച, തസ്വവ്വുഫ് എന്നു പറയുന്നതു മര്യാദകളുടെ സമുച്ചയമാകുന്നു. അവാരിഫില്‍ നിന്നു നിനക്കതു ഗ്രഹിക്കാം. സമ്പൂര്‍ണനായ നബി(സ്വ)യെ പിന്‍പറ്റലല്ലാതെ അല്ലാഹുവിലേക്കു മറ്റൊരു മാര്‍ഗവുമില്ല. വാക്ക്, പ്രവൃത്തി തുടങ്ങി എല്ലാറ്റിലും തിരുനബി(സ്വ)യെ പിന്‍പറ്റാന്‍ നീ പ്രതിജ്ഞാബദ്ധനാവുക. മറ്റൊരു വഴി തിരഞ്ഞെടുക്കേണ്ട. സര്‍വ ശൈഖന്മാരുടേയും സര്‍വ ത്വരീഖതുകളും സ്ഥാപിതമായിരിക്കുന്നതു രക്ഷിതാവിന്റെ ഗ്രന്ഥമായ ഖുര്‍ആന്റെയും തിരുനബി വചനങ്ങളായ ഹദീസിന്റെയും അസ്തിവാരത്തില്‍ ആകുന്നു”(അദ്കിയ: പാഠം അഞ്ചിലെ ആദ്യത്തെ അഞ്ചു വരികളുടെ ആശയം).
ഇമാം അബുല്‍ഖ്വാസിം അന്നസ്വ്റാബാദി(റ) പറയുന്നു: “തസ്വവ്വുഫിന്റെ അടിത്തറ കിതാബും സുന്നത്തും മുറുകെ പിടിക്കലും ദേഹേഛ, പുത്തന്‍ വാദം എന്നിവ ഉപേക്ഷിക്കലും ശൈഖന്മാരുടെ മഹത്വങ്ങള്‍ മാനിക്കുക, ദിനചര്യകള്‍ പ്രാവര്‍ത്തികമാക്കുക, വിടുതികളും ന്യായവാദങ്ങളും വെടിയുക തുടങ്ങിയവയുമാകുന്നു.”
അബുല്‍ഹസനുന്നൂരി(റ) പറയുന്നു: “ശറഈ വിജ്ഞാനങ്ങളുടെ വൃത്തത്തില്‍ നിന്നു പുറത്തു കടന്നവനാണെങ്കില്‍ അല്ലാഹുവുമായി നല്ല ആത്മ ബന്ധത്തിലാണെന്നു വാ ദിച്ചു ആരുവന്നാലും അവന്റെ അടുത്തേക്കു നീ ചെന്നു പോകരുത്.”
ശയ്ഖ് അബ്ദുല്‍ഖാദിറുല്‍ജീലാനി(റ) പറയുന്നു: “ശറഅ് പിന്‍പറ്റല്‍ ഇരുലോക വിജയത്തിനു നിര്‍ബന്ധമാകുന്നു. അതുകൊണ്ടു ശറഇന്റെ വൃത്തത്തില്‍ നിന്നു പുറത്തു കടക്കുന്നതും ശറഇന്റെ വക്താക്കളുടെ സംഘത്തില്‍ നിന്നു തെന്നിമാറുന്നതും നീ കരുതിക്കൊള്ളുക. അല്ലാഹുവിലേക്കുള്ള മാര്‍ഗങ്ങളില്‍ വെച്ചേറ്റവും അനുയോജ്യമായത് അടിമത്വത്തിന്റെ നിബന്ധനകള്‍ പാലിക്കലും ഇസ്ലാമിക ശരീഅത്തിന്റെ അത്യുല്‍കൃഷ്ടഭാവങ്ങളില്‍ പിടിമുറുക്കലും തഖ്വയുടെ മേല്‍ സുസ്ഥിരമാകലുമാകുന്നു.”
ശരീഅത്ത് രഹിത ത്വരീഖത് സങ്കല്‍പത്തെ കുറിച്ച് അവാരിഫില്‍ പറയുന്നു:”ഈ വാദം തനി മതരാഹിത്യവും അനിസ്ലാമികവുമാകുന്നു. ശരീഅതിനെതിരായ ഏതു ത്വരീഖ തും കടുത്ത മതപരിത്യാഗം തന്നെയാകുന്നു.” ഈ സംഘത്തിന്റെ അധിപനായ ജുനയ്ദുല്‍ബഗ്ദാദി(റ) പറയുന്നു: “നമ്മുടെ ഈ മാര്‍ഗം കിതാബ് സുന്നത്താല്‍ സ്ഥാപിതമായതാണ്” (കിഫായ: 30).
ത്വരീഖതിന്റെ മശാഇഖന്മാരെല്ലാം തന്നെ ശരീഅതിന്റെ അനിവാര്യത ഊന്നിപ്പറഞ്ഞവര്‍ ആയിരുന്നു. ഏതാനും വീക്ഷണങ്ങള്‍ കൂടി കാണുക:
സയ്യിദ് അഹ്മദുല്‍ബദവീ(റ) പറയുന്നു: “നമ്മുടെ മാര്‍ഗം കിതാബ്-സുന്നത്തിന്റെ മേല്‍ സ്ഥാപിതമാകുന്നു. സത്യമായ മനത്തെളിമ, വാഗഗ്ദത്ത പാലനം, സഹനം, ഉത്തരവാദിത്ത ബോധം തുടങ്ങിയവയും നാം സ്വീകരിച്ച മാര്‍ഗത്തിന്റെ ഭാഗം തന്നെയാണ്. ദുന്‍ യവീ പ്രേമം സല്‍കര്‍മത്തെ നാശമാക്കുന്ന ഒന്നാണ്. ദിക്ര്‍ പെരുപ്പിക്കുകയും അലസന്മാരില്‍ അകപ്പെടാതെ നോക്കുകയും വേണം” (അത്താരീഖുല്‍ ജലീല്‍: 8).
സയ്യിദ് ഇബ്റാഹീമുദ്ദസൂഖി(റ) പറയുന്നു: “ശരീഅത്താണ് അടിത്തറ. ഹഖീഖത് ശാഖ മാത്രമാണ്. ശരീഅത്തെന്നതു ശാസനാപരമായ മൊത്തം വിജ്ഞാനങ്ങളുടെ കലവറയാകുന്നു. ഹഖീഖത് സകല രഹസ്യജ്ഞാനങ്ങളുടെയും കലവറയും. എല്ലാവിധ ആധ്യാത്മ പദവികളും അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു” (നൂറുല്‍അബ്സ്വാര്‍: 267).
ദുന്നൂനുല്‍മിസ്വ്രി(റ) പറയുന്നു: “അല്ലാഹുവിനെ ഒരാള്‍ സ്നേഹിക്കുന്നതിന്റെ ലക്ഷണമാകുന്നു സ്വഭാവത്തിലും ചെയ്തിയിലും ആജ്ഞയിലും നിരോധങ്ങളിലും നബി(സ്വ) യെ പിന്‍പറ്റല്‍.”
അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുകയാണല്ലോ ത്വരീഖതിന്റെ ആത്യന്തിക ലക്ഷ്യം. അതു നേടാന്‍ ശറഅ് കൂടാതെ പറ്റില്ലെന്നു ചുരുക്കം. മഅ്റൂഫുല്‍ഖര്‍ഖീ(റ) പറയുന്നു: “ഇമാം ദാവൂദുത്ത്വാഇയുടെ ഒരു അനുചരന്‍ എന്നെ ഇങ്ങനെ ഉപദേശിച്ചു. “നിങ്ങള്‍ കര്‍മങ്ങള്‍ ചെയ്യാതിരിക്കുന്നതു സൂക്ഷിക്കണം. നിങ്ങളുടെ രക്ഷിതാവിന്റെ പൊരുത്തത്തിലേക്ക് അടുപ്പിക്കുന്നത് അനുഷ്ഠാനങ്ങള്‍ ആകുന്നു.”
സരിയ്യുസ്സഖത്വി(റ) പറഞ്ഞു: “തസ്വവ്വുഫ് മൂന്ന് ആശയങ്ങളുടെ സമ്മേളനമാകുന്നു. സൂ ക്ഷ്മതയുടെ പ്രകാശത്തെ ഊതിക്കെടുത്താതിരിക്കല്‍, ഖുര്‍ആന്‍-സുന്നത്തിനു വിരുദ്ധമായി സംസാരിക്കാതിരിക്കല്‍, അല്ലാഹു നിഷിദ്ധമാക്കിയ മറപൊളിക്കാതിരിക്കല്‍.”
ബിശ്റുല്‍ഹാഫി(റ) പറയുന്നു: “ഒരിക്കല്‍ ഞാന്‍ സ്വപ്നത്തില്‍ തിരുനബി(സ്വ)യെ കണ്ടു. അപ്പോള്‍ അവിടന്ന് എന്നോട് ആരാഞ്ഞു: “ബിശ്ര്‍, നീ ഉന്നതമായ പദവി എ ത്തിക്കാന്‍ കാരണമെന്തെന്നറിയുമോ? ഞാന്‍ പറഞ്ഞു: “ഇല്ല ദൂതരേ.” അവിടുന്നു പറ ഞ്ഞു: “എന്റെ സുന്നത്ത് പിന്തുടര്‍ന്നതു കൊണ്ടു തന്നെയാകുന്നു.”
അബൂയസീദുല്‍ ബിസ്ത്വാമി(റ) പറഞ്ഞു: “ഒരാള്‍ വായുവില്‍ പറക്കുന്ന അമാനുഷികത കാണിച്ചെന്നു കരുതി നിങ്ങള്‍ വഞ്ചിതരാകേണ്ട. അവന്‍ കല്പനാ-നിരോധനങ്ങള്‍ എങ്ങനെ പാലിക്കുന്നുവെന്നും വിധിവിലക്കുകളും ശരീഅതും ഏതു വിധം കൊണ്ടു നടക്കുന്നുവെന്നും നോക്കുക. എന്നിട്ടു മാത്രം നമ്പുക.”
സ്വൂഫീ മാര്‍ഗത്തില്‍ സഞ്ചരിക്കവെ വരുന്ന മാനസിക പ്രശ്നങ്ങളില്‍ തെറ്റും ശരിയും കണ്ടെത്താന്‍ കിതാബ്-സുന്നത്ത് എന്ന രണ്ടു സാക്ഷികളെ നിറുത്തിയിരുന്നതായി അബൂസുലയ്മാനുദ്ദാറാനി(റ) പറയുന്നു. ശരീഅതിനു വിരുദ്ധമായ ഒന്നും ത്വരീഖതിന്റെ പേരില്‍ സ്വീകാര്യമല്ലെന്നതിലേക്കു സൂചനയായിരുന്നു മഹാന്റെ ഈ പ്രഖ്യാപനം. മറ്റൊരു ശയ്ഖായ ഹാതിമുല്‍അസ്വം(റ) പറയുന്നു: “നമ്മുടെ ഈ മാര്‍ഗത്തില്‍ കടക്കുന്നവന്‍ നാലു കാര്യങ്ങള്‍ കരുതിയിരിക്കണം. അവ നാലുതരം മരണങ്ങള്‍ ആകുന്നു. അതില്‍ ഒന്നത്രെ ചുകപ്പ് മരണം. അതു ദേഹേഛക്കൊത്തു കര്‍മങ്ങള്‍ ചടങ്ങായി നിര്‍വഹിക്കലാകുന്നു.”
അബുല്‍ഹുസയ്നുല്‍ഹിവാരി പറയുന്നു: “നബി(സ്വ)യെ പിന്‍പറ്റാതെ ചെയ്യുന്ന കര്‍മങ്ങള്‍ ആകമാനം ഫലശൂന്യമാകുന്നു.”
അബൂഹഫ്സ്വ(റ)പറഞ്ഞു: “അവസ്ഥയും ചെയ്തിയും ഓരോ സമയത്തും കിതാബ്-സുന്നത്തിനൊപ്പിച്ചു തൂക്കാത്തവനെ ത്വരീഖതിന്റെ വ്യക്തിത്വങ്ങളില്‍ നീ കണക്കാക്കിപ്പോകരുത്.”
ത്വരീഖതിന്റെ മശാഇഖുകളില്‍ മഹാനായിരുന്നു അബൂസ്വാലിഹ് ഹമദൂന്‍(റ). ജനങ്ങളോടു കാര്യങ്ങള്‍ ഗുണദോഷിക്കേണ്ടത് എപ്പോഴാണെന്ന ചോദ്യത്തിനു മഹാന്‍ കൊ ടുത്ത മറുപടി ഇതായിരുന്നു: “അല്ലാഹു നിര്‍ബന്ധമാക്കിയ ഒരു കാര്യം അവര്‍ക്കു നിര്‍ ബന്ധമല്ലെന്നു വരുകിലും പുത്തന്‍ വാദത്തില്‍ അവര്‍ ചെന്നുചാടുമെന്ന് പേടിക്കുന്ന സന്ദര്‍ഭത്തിലും.”
അബൂഉസ്മാന്‍(റ) പറഞ്ഞു: “വാക്കാലും പ്രവൃത്തിയാലും സുന്നത്തിനെ സ്വന്തത്തിന്റെ മേല്‍ ആജ്ഞാപിക്കുന്നവന്‍ പറയുന്നതു മാത്രമാണ് ആധ്യാത്മികം. അഥവാ ഹിക്മത്. അതേ സമയം ദേഹേഛയെ സ്വന്തത്തിനു വിധിക്കുന്നവന്‍ പറയുന്നതു തീര്‍ച്ചയായും ബിദ്അത്തായിരിക്കും.”
മുഹമ്മദ്ബ്ന്‍ ഫള്വ്ല്‍ (റ)നോട് ഒരാള്‍ ചോദിച്ചു: “എന്താണു പരാജയ ലക്ഷണങ്ങള്‍?” മഹാന്‍ പറഞ്ഞു: “മൂന്നു കാര്യങ്ങള്‍ പരാജയത്തെ അര്‍ഥമാക്കുന്നു. അറിവുണ്ടായിരിക്കെ അനുഷ്ഠാനമില്ലാതിരിക്കല്‍, അനുഷ്ഠാനമുണ്ടായിരിക്കെ ആത്മാര്‍ഥത ഇല്ലാതിരിക്കല്‍, നല്ലവരോടു സഹവസിക്കെ അവരെ മാനിക്കാതിരിക്കല്‍.” മഹാന്റെ തന്നെ മറ്റൊ രു വീക്ഷണമിതാ: ഇസ്ലാമിന്റെ തിരോധാനം നാലു കാര്യങ്ങളാല്‍ വന്നു ചേരുന്നതാണ്. അറിഞ്ഞവകൊണ്ടു പ്രവര്‍ത്തിക്കാതിരിക്കല്‍, വിവരമില്ലാതെ പ്രവര്‍ത്തിക്കല്‍, അറിയാത്തത് പഠിക്കാതിരിക്കല്‍, ജനങ്ങളെ പഠനത്തില്‍ നിന്നു പിന്തിരിപ്പിക്കല്‍.”
ഇബ്നു അത്വാഅ്(റ) പറയുന്നു: “ആരാണോ തന്റെ ദേഹത്തിനു ശരീഅത്തിന്റെ നടപടി ശീലിപ്പിക്കുന്നത് അവന്റെ ഹൃത്തടം മഅ്രിഫതിനാല്‍ പ്രകാശപൂരിതമാകും. സ്വഭാവത്തിലും വിധി-വിലക്കുകളിലും തിരുനബിയെ പിന്‍പറ്റലിനെക്കാള്‍ മഹത്തായ മറ്റൊരു പദവിയും ഇല്ലതന്നെ.”
അബുല്‍ഹസന്‍ ബന്നാന്‍(റ)നോടു സൂഫിയത്തിന്റെ ആത്മീയാവസ്ഥയെപ്പറ്റി ആരാഞ്ഞതിനു കൊടുത്ത മറുപടി ഇതായിരുന്നു: “ഉത്തരവാദിത്തങ്ങള്‍ കൊണ്ടു വിശ്വസ്തത പുലര്‍ത്തല്‍, കല്‍പനകള്‍ കൊണ്ടു നിന്നുപോരല്‍, അകത്തളത്തെ പരിഗണിക്കല്‍ എന്നിവയാകുന്നു സ്വൂഫീ സ്ഥിതി.”
അബൂഹംസ(റ) പറഞ്ഞു: “ഒരാള്‍ അല്ലാഹുവിലേക്കുള്ള മാര്‍ഗത്തെപ്പറ്റി അറിഞ്ഞാല്‍ അവന്റെ പ്രയാണത്തെ അല്ലാഹു ത്വരിതപ്പെടുത്തും. തിരുനബി(സ്വ)യെ വാക്കിലും പ്രവൃത്തിയിലും സ്ഥിതിഗതികളിലും പിന്തുടരലല്ലാതെ അല്ലാഹുവിലേക്കുള്ള വഴിയുടെ മേല്‍ അറിയിക്കുന്ന മറ്റൊന്നുമില്ല തന്നെ.”
മംശാദുദയ്ദ്നൂരി(റ) പറഞ്ഞു: “മുരീദിന്റെ ചിട്ടകള്‍ താഴെ പറയുന്നവയാണ്. മശാഇഖിന്റെ മാന്യതകള്‍ പരിഗണിക്കല്‍, കൂട്ടുകാര്‍ക്കു സേവനം ചെയ്യല്‍, കാരണങ്ങളില്‍ നിന്ന് തടിതപ്പല്‍, സ്വന്തത്തിന്റെ മേല്‍ ശറഇന്റെ മര്യാദകള്‍ ശീലമാക്കല്‍.”
അബ്ദുല്ലാഹിബ്നു മനാസില്‍(റ) പറഞ്ഞു: “ഒരാള്‍ ഫര്‍ളായ കാര്യത്തെ നഷ്ടപ്പെടുത്തുന്ന സ്ഥിതി വന്നാല്‍ പിന്നെ സുന്നത്തുകള്‍ നഷ്ടമാക്കല്‍ കൊണ്ട് അല്ലാഹു അ വനെ പരീക്ഷിക്കും. സുന്നത്തുകള്‍ നഷ്ടമാക്കുക കൂടി ചെയ്താല്‍ പിന്നെ ബിദ്അത് കൊണ്ടുള്ള പരീക്ഷണമാകും അവന്‍ ഏല്‍ക്കേണ്ടിവരിക.”
അബുല്‍ഖയ്റുല്‍ അഖ്വ്ത്വഅ്(റ) പറഞ്ഞു: “ഫര്‍ളുകള്‍ വീട്ടല്‍, നല്ലവരുമായി സഹവസിക്കല്‍, ദീനീ ചിട്ടകള്‍ പാലിക്കല്‍ തുടങ്ങിയവ കൊണ്ടല്ലാതെ ആരും അത്യുന്നതങ്ങള്‍ താണ്ടിട്ടില്ല.”
ഇബ്റാഹീം ഇബ്നുശയ്ബാന്‍(റ) പറഞ്ഞു: “ഇല്‍മുല്‍ഫനാഉം ബഖാഉമൊക്കെ ചുറ്റിത്തിരിയുന്നത് അല്ലാഹുവിന്റെ ഏകത്വത്തിന്റെയും അവനുള്ള അടിമത്വത്തിന്റെയും മേല്‍ ആകുന്നു. അങ്ങനെയല്ലാത്തപക്ഷം മതപരിത്യാഗമാകും വന്നുചേരുക.” ശരീഅത്തനുസരിക്കല്‍ അവന്റെ അടിമത്വാംഗീകാരത്തിന്റെ ലക്ഷണമാണെന്നു നേരത്തെ പറഞ്ഞു.  ശറഇല്ലാതെ ത്വരീഖതില്ലെന്നു തന്നെയാണ് ശയ്ബാനും സൂചിപ്പിക്കുന്നത്.
അബുല്‍അബ്ബാസുസ്സിയരിയോട് ഒരു മുരീദ് തന്റെ ദേഹത്തെ പരീശിലിപ്പിക്കേണ്ടതെ ങ്ങനെ എന്നു ചോദിച്ചതിനു നല്‍കിയ മറുപടി ഇതായിരുന്നു: “കല്‍പനകള്‍ പാലിക്കല്‍, വിലക്കുകള്‍ വെടിയല്‍, പാവങ്ങളെ സേവിക്കല്‍, നല്ലവരുമായി സഹവസിക്കല്‍.”
അബൂഅംര്‍(റ)നോടു തസ്വവ്വുഫിനെപ്പറ്റി ആരാഞ്ഞതിനു കൊടുത്ത മറുപടി കാണുക: “കല്‍പന നിരോധനങ്ങള്‍ക്കു കീഴെ ക്ഷമ കൈകൊള്ളലാണു തസ്വവുഫ്.”
അബൂബക്റുത്ത്വമസ്താനി(റ) പറഞ്ഞു: “വഴി വളരെ വ്യക്തമാകുന്നു. കിതാബും സു ന്നത്തും നമുക്കു മുമ്പില്‍ ഇരിക്കുന്നു. നമ്മില്‍ നിന്നു കിതാബും സുന്നത്തുമായി ആരു സഹയാത്രികാനുകുന്നുവോ അവനാണു സത്യം പ്രാപിച്ചവന്‍” (അര്‍റിസാലതുല്‍ ഖുശ യ്രി. പേജ് 8 മുതല്‍ 30).
ഇമാം ഖുശയ്രി(റ) തന്റെ ഗ്രന്ഥത്തില്‍ ഉദ്ധരിച്ച ത്വരീഖതിന്റെ മശാഇഖുമാരില്‍ നിന്നുള്ള വീക്ഷണങ്ങളാണു നാം വായിച്ചത്. ശരീഅതും ത്വരീഖതും തമ്മില്‍ ഉണ്ടാകേണ്ട ബന്ധത്തെപ്പറ്റി മാന്യ സഹോദരന്മാര്‍ ഇതിനകം ഗ്രഹിച്ചിരിക്കുമെന്നുറപ്പാണ്. ഇമാം ഖുശയ്രി(റ) ഈ വിധം മശാഇഖുമാരെപ്പറ്റി പരാമര്‍ശിക്കാനുള്ള കാരണം തന്നെ പ്രധാനമായും അവര്‍ ശരീഅതിനെ അംഗീകരിക്കുന്നതിലെ യോജിപ്പ് ബോധിപ്പിക്കാനാണെന്നു മഹാന്‍ തന്നെ പറഞ്ഞിട്ടുണ്ട് (രിസാല പേ: 30 കാണുക). ഇമാം ഖുശയ്രി(റ)യുടെ വഫാത് ഹിജ്റ 465ലാണ്.
ശയ്ഖുല്‍ ഇസ്ലാം സകരിയ്യല്‍അന്‍സ്വാരി(റ) തസ്വവ്വുഫ് സംബന്ധമായി എഴുതുന്നതു കാണുക: “ഹൃദയ സംരക്ഷണം, സ്വഭാവ സംസ്കരണം, ശാശ്വത വിജയം ലക്ഷ്യം വെച്ച് അകവും പുറവും പരിപാലിക്കല്‍ തുടങ്ങിയവ കൊണ്ടുള്ള അറിവാകുന്നു തസ്വവ്വുഫ്. ഈ ജ്ഞാനം യഥാര്‍ഥത്തില്‍ അനുഷ്ഠാന കര്‍മങ്ങളുടെ പരിണിത ഫലമാകുന്നു. അറിഞ്ഞതില്‍ അനുഷ്ഠാനിയായാല്‍ അറിയാത്തവ അറിയിച്ചു കൊടുക്കുമെന്ന നബിവചനത്തില്‍ സൂചിപ്പിക്കുന്ന ജ്ഞാനശാഖയാണ് ഇത്” (ശറഹുല്‍ഖുശയ്രി: 7).
ഇമാം റാത്വിബി(റ) ത്വരീഖതിന്റെ മശാഇഖുമാരുടെ ജീവിത ചിന്തകളെ പരാമര്‍ശിച്ചു ഇങ്ങനെ പറയുന്നു: “ഈ വിഷയത്തില്‍ പരിണിത പ്രജ്ഞരായ ഇമാം ജുനയ്ദ്(റ)നെ പോലെയുള്ളവരെല്ലാം തന്നെ ശരീഅതില്‍ അടിസ്ഥാനമുള്ള അനുഷ്ഠാനത്തിനല്ലാതെ വില കല്‍പ്പിച്ചിട്ടില്ല. ശരീഅത്തില്‍ ആധാരമല്ലാത്തത് ആചാരമാക്കാന്‍ പറ്റില്ലെന്നു തന്നെയാണ് അവരുടെ കാഴ്ചപ്പാട്. തിരുനബി ചര്യയാണ് ഏത് ഇമാമിന്റെയും പ്രമാണം. അ ല്ലാതെ, ആരുടെയെങ്കിലും ചെയ്തി സുന്നത്തിനു പ്രമാണമാക്കാവുന്നതല്ല”(ഹിദായ: 26).
സഹ്ലുബ്ന്‍ അബ്ദില്ലാഹി(റ) പറഞ്ഞു: “ത്വരീഖതിന്റെ ആധാരങ്ങള്‍ ആറെണ്ണത്തില്‍ ഒതുങ്ങുന്നതാണ്. അവയില്‍ ഒന്നും രണ്ടും സ്ഥാനത്തിരിക്കുന്നതു വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും തന്നെയാകുന്നു” (ഹിദായ: 26).
കന്‍സുല്‍ ബറാഹീനില്‍ പറയുന്നതു കാണുക: “ആര്‍ക്കെങ്കിലും അദൃശ്യജ്ഞാനങ്ങള്‍ കൊണ്ട് അല്ലാഹു സൌഭാഗ്യം നല്‍കിയാല്‍ അവന്റെ ദേഹം ശരീഅത്തിന്റെ ഒപ്പവും മനസ് ഹഖീഖത്തിന്റെ ഒപ്പവും സഞ്ചരിക്കുന്ന അവസ്ഥ വരുന്നതാണ്” (ഹിദായ: 42).
ഇമാം അബുല്‍ഗനിയ്യുന്നാബല്‍സി(റ) പറയുന്നു: “സത്യത്തില്‍ ത്വരീഖത്തിന്റെ ശയ്ഖുമാര്‍ ശരീഅത്തിന്റെ മര്യാദകള്‍ നിലനിറുത്തുന്നവരും സൃഷ്ടികള്‍ക്ക് അല്ലാഹു നിര്‍ണയിച്ചിരിക്കുന്ന നിയമങ്ങള്‍ മാനിക്കണമെന്നു വിശ്വസിക്കുന്നവരുമാകുന്നു. ഇക്കാരണത്താലാണു അവര്‍ ആത്മ നിര്‍വൃതിയുടെ വിശുദ്ധ ആലയം കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായത്” (ഹദീഖതുന്നദിയ്യ:/ ഹിദായ: 43).
ഹദീഖ് തന്നെ മറ്റൊരിടത്തു വ്യക്തമാക്കുന്നു: “സമ്പൂര്‍ണരായ സ്വൂഫി ശ്രേഷ്ഠന്മാരില്‍ നിന്നു വിശുദ്ധ ശരീഅതിന്റെ നിയമങ്ങളെ നിസ്സാരപ്പെടുത്തുന്നതും സ്വീകരിക്കാതിരിക്കുന്നതുമായ യാതൊരു തത്വവും ഉദ്ധരിക്കപ്പെട്ടതിനു രേഖകള്‍ ഇല്ല തന്നെ. മറിച്ച് അവരെല്ലാവരും പരിപൂര്‍ണമായി ശരീഅത് പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയും വിശ്വസിച്ച് അനുകരിക്കുകയും ചെയ്തതാണു ചരിത്രം” (ഹദീഖതുന്നദിയ്യ:/ ഹിദായ: 44).
മുഹമ്മദ്ബ്ന്‍ അജീബ:(റ) പറയുന്നു: “ശരീഅത്ത് കവാടമാകുന്നു. ഹഖീഖത് ആധ്യാ ത്മ ഭവനവുമാകുന്നു.  അല്ലാഹു തആലാ പറഞ്ഞിരിക്കുന്നതു വീടുകളിലേക്കു കടക്കേണ്ടതു വാതിലുകളില്‍ കൂടിയാണെന്നാണ്. അതുകൊണ്ടു ഹഖീഖതിലേക്കു പ്രവേശിക്കാന്‍ ശരീഅതിലൂടെയല്ലാതെ സാധിക്കുന്നതല്ല” (ഈഖ്വാള്വുല്‍ഹിമം: 162).
ത്വരീഖതിനെ വിശദീകരിക്കവെ ഫുതൂഹാതുല്‍ഇലാഹിയ്യ: പറയുന്നു: “ത്വരീഖത് ശരീഅതിന്റെ അനന്തര ഫലമാകുന്നു. ശരീഅതെന്നാല്‍ ബാഹ്യം നന്നാക്കലാണ്. ആന്തരിക രംഗം നന്നാക്കല്‍ ത്വരീഖതും.  ഈ ത്വരീഖതിലേക്കു വഴി തെളിയിക്കുന്നതു ശരീഅതാകുന്നു” (പേ:38).
സയ്യിദ് അബ്ദുല്ലാഹില്‍ഹിബ്ത്വി(റ) തന്റെ സുപ്രസിദ്ധ കാവ്യത്തില്‍ പറയുന്നു:
“മൂന്നു ആശയങ്ങള്‍ ശരീഅതിന്റെ പ്രാധാന്യത്തെക്കുറിച്ചു പറയാവുന്നതാണ് – സന്മാര്‍ ഗത്തിന്റെ നാരായവേര് ശരീഅതാകുന്നു. ശരീഅത് ഒഴിച്ചുള്ള കവാടങ്ങള്‍ ഏതും കൊ ട്ടിയടക്കപ്പെട്ടിരിക്കുന്നു. ശരീഅതല്ലാത്ത വാതില്‍ കടന്നുവരുന്നവന്‍ പുറം തള്ളപ്പെട്ടിരിക്കുന്നു.  ഹേ. ആധ്യാത്മ വഴി താണ്ടുന്നവനേ!.. പ്രണയിക്കുന്നവനെ പ്രാപിക്കണമെന്നു നീ മോഹിക്കുന്ന പക്ഷം തിരുനബി(സ്വ)യുടെ ശരീഅതില്‍ പിടികൊടുക്കാന്‍ ശ്രദ്ധിക്കുക. ശറഇന്റെ പൊരുത്തങ്ങള്‍ സമ്പാദിക്കാനും മറ്റുള്ളവ പാടെ വെടിയാനും നീ തുനിയുക. ശരീഅത് കൊണ്ടു മാത്രമാകുന്നു അത്യന്തിക വിജയങ്ങളും ആധ്യാത്മ ആഗ്രഹങ്ങളും സഫലമാവുക. ശരീഅത്തില്ലാതെ നന്മ വരുത്താമെന്നു മോഹിക്കുന്നവര്‍ അന്ധന്‍ തന്നെ” (കവിതകളിലെ 8 വരികളുടെ ആശയം – ഈഖ്വാള്: 162, 163).
കന്‍സുല്‍ബറാഹീന്‍ പറയുന്നു: “ശരീഅത്തിന്റെ ബാഹ്യ നിയമങ്ങള്‍ പാലിക്കേണ്ടതില്ലെന്ന് വാദിക്കുന്നത് ആത്മീയത മത പരിത്യാഗത്തിന്റെ ആഴക്കടലില്‍ ചെന്നു പതിക്കുവാനേ കാരണമാകൂ. ശരീഅതിനെ തള്ളുന്ന ഏതു ഹഖീഖതും മത നിരാസമാകുന്നു. ഒരു അടിമ ഹഖീഖത് കൊണ്ടു ശക്തനാകുമ്പോള്‍ ശരീഅത് കൊണ്ടു ബന്ധിതനാവുകയാണു ചെയ്യുന്നത്” (ഹിദായ: 55).
മുഹ്യിദ്ദീന്‍ ബിന്‍ അറബി(റ) രേഖപ്പെടുത്തുന്നു: “വഴി തെറ്റിപ്പോകരുതെന്നു കൊതിക്കുന്നവന്‍ ശരീഅതിന്റെ ബാഹ്യമായ തുലാസ് ഒരൊറ്റ സെക്കന്റു പോലും കയ്യില്‍ നിന്നു വെച്ചുപോകരുത്. മുജ്തഹിദുകളായ ഇമാമുമാരെയും അവരെ പിന്തുടര്‍ന്നു വന്ന മഹാന്മാരെയും അവലംബിച്ചുതന്നെ നീങ്ങേണ്ടതും മറ്റെല്ലാം ഉപേക്ഷിക്കേണ്ടതുമാകുന്നു” (ലത്വാഇഫുല്‍മിനന്‍: 88).
ഇമാം ശഅ്റാനി(റ) പറയുന്നു: “എല്ലാ ത്വരീഖതിന്റെ മശാഇഖുമാരുടെയും ലക്ഷ്യം തങ്ങളുടെ തുടര്‍ച്ചക്കാരെ ആത്മാര്‍ത്ഥമായ അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുന്ന നിലവാരത്തിലെത്തിക്കുകയാകുന്നു.” (ലത്വാഇഫ്: 48)
“സത്യത്തില്‍ ത്വരീഖതിന്റെ വാക്താക്കളുടെ അനക്കങ്ങളും അടക്കങ്ങളും ഖുര്‍ആന്റെ യും സുന്നത്തിന്റെയും മേല്‍ ബന്ധിതമാകുന്നു” (അല്‍യവാഖീത്).
ശരീഅതും ത്വരീഖതും തമ്മിലുള്ള ബന്ധവും അന്തരവും വിശദമാക്കവെ ഇമാം ഇബ്നു ഹജറില്‍ഹയ്തമി(റ) പറയുന്നു: “ഹഖീഖതെന്നു പറഞ്ഞാല്‍, റുബൂബിയ്യതിന്റെ രഹസ്യ ങ്ങള്‍ ദര്‍ശിക്കലാകുന്നു. ഇതിനുള്ള ത്വരീഖാകുന്നു ശരീഅതിന്റെ കാര്യത്തിലെ ദുഷ്കം. ശരീഅതാണ് അടിത്തറ. അതുകൊണ്ടാണു ശരീഅതിനെ സമുദ്രം, ഖനി, പാല്‍, മരം തുടങ്ങിയവയോട് ഉപമിച്ചിരിക്കുന്നത്. ഹഖീഖത് ഈ ശരീഅതില്‍ നിന്നു പരിണതിയാ യി വന്നെത്തുന്നതാണ്. അതു ശാഖാപരമായതാണ്. അതുകൊണ്ടാണു മുത്ത്, സ്വര്‍ണ ക്കട്ടി, വെണ്ണ, ഫലം തുടങ്ങിയ ഉപമകള്‍ അതിന്നു നല്‍കിയിരിക്കുന്നത്. സത്യത്തില്‍ അല്ലാഹുവിന്റെ അടിമത്വത്തിന്റെ ഭാഗമായി വരുന്ന വിധി-വിലക്കുകള്‍ ബാധകമാകുന്ന കാര്യത്തില്‍ ശരീഅതും ഹഖീഖതും തമ്മില്‍ യാതൊരു അന്തരവുമില്ല. മറിച്ചു വ്യത്യാ സം കിടക്കുന്നത് ആത്മീയമായ ദര്‍ശനത്തിന്റെ കാര്യത്തിലാകുന്നു. ശരീഅതിന്റെയും ഹഖീഖതിന്റെയും വാക്താക്കള്‍ ഹൃദയ ഗുണങ്ങള്‍ കൊണ്ടും ദീനീ വിധികളിലെ കാര്‍ ക്കശ്യം കൊണ്ടുമുള്ള ജ്ഞാനകാര്യത്തില്‍ അന്തരം പുലര്‍ത്തുന്നുണ്ടെന്നതു ശരിയാണ്. പക്ഷേ, ആ അന്തരത്തെ പരസ്പര വൈരുധ്യമായി കണക്കാക്കുന്നതില്‍ അര്‍ഥമില്ല. ഇമാം യാഫിഈ(റ) വ്യക്തമാക്കുന്നതിങ്ങനെയാണ്. ശരീഅതെന്നത് അറിവും അനുഷ് ഠാനവുമാകുന്നു. അറിവ് രണ്ടിനമുണ്ട്. ബാഹ്യവും ആന്തരികവും. ബാഹ്യമായതുതന്നെ ശറഇയും അല്ലാത്തതുമുണ്ട്. ശറഇയ്യായതു നിര്‍ബന്ധവും സുന്നത്തുമാകുന്നു. അവ യില്‍ നിര്‍ബന്ധം പിന്നെയും രണ്ടായി പിരിയുന്നു. വ്യക്തിപരമായവ, സാമൂഹികമായവ. ഇതില്‍ വൈയക്തികത്തില്‍ പെട്ടതാകുന്നു മാനസിക ഗുണങ്ങളെപ്പറ്റിയുള്ള അറിവ്. ശരീഅതിലെ അനുഷ്ഠാനങ്ങള്‍ കര്‍ക്കശമായവ, വിടുതിയുള്ളവ എന്നിങ്ങനെ രണ്ടായി പിരിയുന്നതാണ്. ഹഖീഖതും ശരീഅതിനെ പോലെ ഇല്‍മ്, അമല്‍ എന്നീ രണ്ടെണ്ണ ത്തില്‍ ഒതുങ്ങുന്നതാകുന്നു. ത്വരീഖതില്‍ ജ്ഞാനം വഹബിയ്യ്, കസ്ബിയ്യ് എന്നിങ്ങനെ രണ്ടായി തിരിയുന്നു. ഒന്നാമത്തേതു വെളിപാടുജ്ഞാനമാണ്. രണ്ടാമത്തേതു പ്രയത്ന പരമാകുന്നു. രണ്ടാമത്തെ കസ്ബിയ്യ് സത്യത്തില്‍ ഇല്‍മുശ്ശരീഅതാകുന്നു. ചുരുക്ക ത്തില്‍ ഹഖീഖത് വിജ്ഞാനത്തിന്റെയും കര്‍മത്തിന്റെയും നിദാനത്തിന്റെയും നിയമ ത്തിന്റെയും നിര്‍ബന്ധത്തിന്റെയും ഐഛികത്തിന്റെയും കാര്യങ്ങളില്‍ ശരീഅതിനോടു യോജിച്ചതാകുന്നു. രണ്ടിനുമിടയില്‍ ഒരിക്കലും എതിരില്ല” (ഫതാവല്‍ഹദീസിയ്യ: 221, 222).