പേര് : അലിയ്യ്
ഓമനപ്പേര്:അബുല്‍ ഹസന്, അബൂതുറാബ്
പിതാവ്:അബൂത്വാലിബ്
ജനനം: നബി (സ്വ) യുടെ ജനനത്തിന്റെ മുപ്പതാം വര്‍ഷം
വയസ്സ്: അറുപത്തി മൂന്ന്
കുടുംബം :ബനൂ ഹാശിം
സ്ഥാനപ്പേര്:ഹൈദര്‍, അസദുല്ല
മാതാവ്:ഫാത്വിമ
വഫാത്:ഹിജ്റയുടെ നാല്പതാം വര്‍ഷം
ഭരണകാലം:നാലു വര്‍ഷം 9 മാസം
നബി (സ്വ) യുടെ പിതൃവ്യനായ അബൂത്വാലിബിന്റെ പുത്രനും, പ്രിയപുത്രിയായ ഫാത്വിമ (റ)യുടെ ഭര്‍ത്താവുമാണ് അലി (റ). പത്തു വയസ്സുള്ളപ്പോള്‍ ഇസ്ലാം സ്വീകരിച്ച് കുട്ടികളില്‍ ഒന്നാമത്തെ മുസ്ലിമായി. നബി (സ്വ) യെ വധിക്കാന്‍ ശത്രുക്കള്‍ വീടു വളഞ്ഞപ്പോള്‍ തങ്ങളുടെ വിരിപ്പില്‍ പകരം കിടന്നു ജീവന് ബലിയര്‍പ്പിക്കുവാന്‍ തയ്യാറായി. നബി (സ്വ) തങ്ങള്‍ ഹിജ്റ പോകുമ്പോള്‍ തങ്ങളുടെ വശമുണ്ടായിരുന്ന അമാനത്തുകള്‍ കൊടുത്തു വീട്ടാന്‍ അലി (റ) വിനെ ഏല്പിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം അതു നിര്‍വഹിച്ചു അദ്ദേഹം മദീനയിലേക്ക് ഹിജ്റ പോയി. തബൂക്ക് ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും നബി (സ്വ) യോടൊപ്പം പങ്കെടുത്തിട്ടുണ്ട്. തബൂക്ക് യുദ്ധവേളയില്‍ മദീനയില്‍ തങ്ങളുടെ പ്രതിനിധിയായി നില്ക്കാന് തങ്ങള്‍ കല്പിച്ചു. ധീര യോദ്ധാവ്, ഉന്നത പണ്ഢിതന്, പ്രഗത്ഭ പ്രസംഗകന്, ഐഹിക വിരക്തന് എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു. ‘ഇഹത്തിലും പരത്തിലും നീ എന്റെ സഹോദരന്’ എന്ന് അലി (റ) വിനോട് നബി (സ്വ) തങ്ങള്‍ പറഞ്ഞിട്ടുണ്ട്.
അലി (റ) വിന്റെ ഭരണം
ഉസ്മാന് (റ) വധിക്കപ്പെടുമ്പോള്‍ സ്വഹാബികളില്‍ ബഹുഭൂരിഭാഗവും അലി (റ) വിനെ ബൈ അത്ത് ചെയ്തു. രാജ്യത്തു നീതിയും സമാധാനവും സ്ഥാപിക്കുന്നതിന് അദ്ദേഹം കഠിനാധ്വാനം ചെയ്തു. ഉസ്മാന് (റ) വിന്റെ ഘാതകരെ പിടികൂടുന്നതില്‍ അശ്രദ്ധ കാണിച്ചു എന്നു പറഞ്ഞുകൊണ്ട് ഒരു വിഭാഗം അദ്ദേഹത്തെ എതിര്‍ത്തു. സ്ഥിതിഗതികള്‍ ശാന്തമായതിനു ശേഷമേ അതു സാധ്യമാകൂ എന്നായിരുന്നു അലി (റ) വിന്റെ നിലപാട്.
ഈ അഭിപ്രായ വ്യത്യാസം കാരണമായി ജമല് യുദ്ധവും സ്വിഫ്ഫീന്‍ യുദ്ധവും സംഭവിച്ചു. ജമല് യുദ്ധത്തില്‍ അലി (റ) വിജയിച്ചു. ഇരുപക്ഷത്തു നിന്നുമുള്ള മദ്ധ്യസ്ഥന്മാരുടെ തീരുമാനം അംഗീകരിക്കാമെന്ന നിശ്ചയത്തോടെയാണ് സ്വിഫ്ഫീന്‍ യുദ്ധം അവസാനിച്ചത്. എന്നാല്‍ മദ്ധ്യസ്ഥ തീരുമാനം അംഗീകരിക്കല്‍ ഖുര്‍ആനിന് എതിരാണെന്ന് പറഞ്ഞുകൊണ്ട് ഒരു വിഭാഗം ഇരുപക്ഷത്തെയും എതിര്‍ത്തു. ഇവരാണ് ഖവാരിജുകള്‍. അലി (റ) അവരെ ഖണ്ഢിക്കാന്‍ അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) വിനെ വിട്ടു. പലരും സത്യത്തിലേക്ക് മടങ്ങി. ബാക്കിയുള്ളവര്‍ നഹ്റുവാന്‍ എന്ന സ്ഥലത്ത് സംഘടിച്ചു കുഴപ്പം സൃഷ്ടിച്ചു കൊണ്ടിരുന്നു. അവരോട് അലി (റ) യുദ്ധം നടത്തി. അതാണ് നഹ്റുവാന്‍ യുദ്ധം.
യുദ്ധത്തില്‍ ഭൂരിപക്ഷം ഖവാരിജുകളും കൊല്ലപ്പെട്ടു. അവശേഷിച്ചവര്‍ ഓടി രക്ഷപ്പെട്ടു. ഒളിവില്‍ പോയ ഖവാരിജുകളില്‍ ഒരാള്‍ അലി (റ) സുബ്ഹി നിസ്കാരത്തിനു പുറപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ നെറ്റിത്തടത്തില്‍ വെട്ടി. അതുകാരണം മൂന്നു ദിവസത്തിനകം അദ്ദേഹം വഫാത്തായി. അലി (റ) വിനെ വെട്ടുന്നവന് ജനങ്ങളില്‍ ഏറ്റവും നിര്‍ഭാഗ്യവാനാണെന്ന് നബി (സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.