നിസ്കാരത്തിന്റെ രൂപം

സാന്നിദ്ധ്യത്തിലുള്ള മയ്യിത്തിനു വേണ്ടിയാണു നിസ്കരിക്കുന്നതെങ്കില്‍ ‘ഈ മയ്യിത്തിന്റെ മേല്‍ എനിക്ക് ഫര്‍ളായ നിസ്കാരം ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ നിയ്യത്തായി. ഇതോടൊപ്പം തന്നെ കൈകള്‍ രണ്ടും ഉയര്‍ത്തി തക്ബീറത്തുല്‍ ഇഹ്റാമോടു കൂടി നെഞ്ചിന്റെയും പൊക്കിളിന്റെയും ഇടയില്‍ താഴ്ത്തിവെക്കണം. പിന്നെ ഫാതിഹ ഓതുക. ശേഷം രണ്ടാമത്തെ തക്ബീര്‍ ചൊല്ലുക. നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലേണ്ടത് ഇതിനു ശേഷമാണ്. ‘അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍’ എന്നു പറഞ്ഞാല്‍ ചുരുങ്ങിയ രൂപത്തിലുള്ള സ്വലാത്തായി. അവസാനത്തെ അത്തഹിയ്യാത്തില്‍ ചൊല്ലുന്ന ദീര്‍ഘമായ സ്വലാത്ത് ചൊല്ലിയാല്‍ പൂര്‍ണമായി. അതിപ്രകാരമാണ്.

അര്‍ഥം: അല്ലാഹുവേ, ഇബ്റാഹീം നബി(അ)ക്കും കുടുംബത്തിനും നീ കരുണ ചെയ്തതുപോലെ മുഹമ്മദ് നബി(സ്വ)ക്കും കുടുംബത്തിനും നീ കരുണ ചെയ്യേണമേ. ഇബ്റാ ഹീം നബി(അ)യെയും കുടുംബത്തെയും അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ്വ) യെയും കുടുംബത്തെയും നീ അനുഗ്രഹിക്കേണമേ. ഈ പ്രാര്‍ഥനയെ ലോകത്തു നീ ശാശ്വതമാക്കണേ. തീര്‍ച്ച, നീ സ്തുത്യര്‍ഹനും മഹത്വത്തിനുടമയുമാണ്.

സ്വലാത്ത് കഴിഞ്ഞാല്‍ മൂന്നാമത്തെ തക്ബീര്‍ ചൊല്ലണം. തുടര്‍ന്ന് മയ്യിത്തിനുവേണ്ടി ദുആ ചെയ്യണം. ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്നു പറഞ്ഞാല്‍ പ്രാര്‍ഥനയായി. ഇതിന്റെ പൂര്‍ണരൂപം ഇമാം മുസ്ലിം നിവേദനം ചെയ്ത ഹദീസില്‍ വന്നതിപ്രകാരമാണ്.

 

അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിനു നീ പൊറുത്തു കൊടുക്കുകയും കരുണ ചെയ്യുകയും സൌഖ്യം നല്‍കുകുയും മാപ്പു കൊടുക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന് ആദരപൂര്‍ണമായ വിരുന്നു നല്‍കുകയും ഖബ്റ് വിശാലമാക്കുകയും ചെയ്യേണമേ. വെള്ളം കൊണ്ടും മഞ്ഞുവെള്ളം കൊണ്ടും ആലിപ്പഴം കൊണ്ടും ഇദ്ദേഹത്തെ നീ കഴുകുകയും വെള്ള വസ്ത്രം അഴുക്കില്‍ നിന്നു ശുദ്ധിയാക്കുന്നതു പോലെ പാപ മാലിന്യങ്ങളില്‍ നിന്നു ഇദ്ദേഹത്തെ നീ ശുദ്ധിയാക്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ വീടിനെക്കാള്‍ നല്ല വീടിനെയും കുടുംബത്തേക്കാള്‍ നല്ല കുടുംബത്തേയും ഇണയെക്കാള്‍ നല്ല ഇണയെയും നീ പകരം നല്‍കേണമേ. ഖബറിലെയും നരകത്തിലെയും ശിക്ഷയില്‍ നിന്നു മോക്ഷം നല്‍കി സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കേണമേ.

ഈ ദുആയില്‍ പറഞ്ഞ വെള്ളം, മഞ്ഞ്, ആലിപ്പഴം എന്നിവ കൊണ്ടുള്ള ശുചീകരണവും നല്ല വീട്, കുടുംബം, ഇണ എന്നിവ കൊണ്ടുള്ള പരാമര്‍ശവും ആലങ്കാരികമാണെന്ന് മനസ്സിലാക്കണം. ഇനി മയ്യിത്ത് കുട്ടിയുടേതാണെങ്കില്‍ താഴെ പറയുന്ന പ്രാര്‍ ഥന കൂടി ചൊല്ലണം. മക്കളുടെ മരണം മാതാപിതാക്കളില്‍ ഉണ്ടാക്കുന്ന മാനസിക വ്യഥ കണക്കിലെടുത്താണ് ഈ ദുആ.

اللهم اجعله فرطا لأبويه، وسلفا وذخرا وعظة واعتبارا وشفيعا، وثقل به موازينهما، وأفرغ الصبر على قلوبهما، ولا تفتنهما بعده، ولا تحرمهما أجره

അര്‍ഥം: അല്ലാഹുവേ, ഈ കുട്ടിയെ അതിന്റെ മാതാപിതാക്കള്‍ക്കു പരലോകത്തേക്കുള്ള സൂക്ഷിപ്പു മുതലും മുന്‍കടന്ന പുണ്യകര്‍മ്മവും നിക്ഷേപവും ചിന്തക്കും ഗുണപാഠത്തിനുമുള്ള കാരണവും ആക്കേണമേ. ഈ കുട്ടി കാരണമായി പരലോകത്തു മാതാപിതാക്കളുടെ സുകൃതങ്ങളുടെ തൂക്കം കൂട്ടുകയും അവരുടെ ഹൃദയങ്ങളില്‍ സഹനവും ക്ഷമയും ചൊരിയുകയും ചെയ്യേണമേ.

അടുത്തതായി നാലാമത്തെ തക്ബീര്‍ ചൊല്ലണം. നാലാം തക്ബീറിനു ശേഷം സലാം വീട്ടുന്നതിനുമുമ്പ് താഴെ പറയുന്ന ദുആ കൂടി വേണം.

اللهم لا تحرمنا أجره ولا تفتنا بعده واغفر لنا وله

رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّارِ

അര്‍ഥം: അല്ലാഹുവേ, ഈ മയ്യിത്തിന്റെ മേല്‍ നിസ്കരിച്ചതിനുള്ള പ്രതിഫലം നീ ഞ ങ്ങള്‍ക്കു തടഞ്ഞുവെക്കരുതേ. ഇയാളുടെ ശേഷം ഞങ്ങളെ നീ കൂടുതല്‍ പരീക്ഷണത്തിനു വിധേയമാക്കരുതേ. ഞങ്ങള്‍ക്കും ഇയാള്‍ക്കും നീ പൊറുത്തു തരേണമേ. ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കു നീ ഇഹപരവിജയം നല്‍കേണമേ.

ദുആക്കു ശേഷം സലാം വീട്ടണം. സാധാരണ നിസ്കാരത്തിലെ സലാം വീട്ടുന്ന പദത്തിനു പുറമെ ‘വബറകാതുഹു’ എന്നു കൂടി പറയണം.

 

 

മയ്യിത്തിന്റെ മേല്‍ ദുആ ചെയ്യുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹു’ എന്ന സര്‍വ്വനാമം പുല്ലിംഗമായി ഉപയോഗിക്കേണ്ടതു മയ്യിത്ത് പുരുഷന്റേതാണെങ്കിലാണ്. സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ‘ഇഗ്ഫിര്‍ ലഹാ’ എന്നു സ്ത്രീലിംഗപദം ഉപയോഗിക്കണം. ഒരു വ്യക്തി എന്ന നിലക്ക് ‘ലഹു’ ഉപയോഗിച്ചു സ്ത്രീക്കു വേണ്ടിയും പ്രാര്‍ഥിക്കാം എന്ന് അഭിപ്രായമുണ്ട്. അതേപോലെ ഒന്നിലേറെ മയ്യിത്തിനുവേണ്ടി നിസ്കരിക്കുമ്പോള്‍ ‘അല്ലാഹുമ്മഗ്ഫിര്‍ലഹും’ എന്നു ബഹുവചനം ഉപയോഗിക്കണം.

മറഞ്ഞ മയ്യിത്തിന്റെ മേല്‍ നിസ്കരിക്കുമ്പോള്‍ നിയ്യത്തില്‍ മാറ്റം വരും. മയ്യിത്ത് മു ന്നില്‍ വെച്ചു നിസ്കരിക്കുമ്പോള്‍ ഈ മയ്യിത്തിന്റെ മേല്‍ എന്നു കരുതിയാല്‍ മതി. ഇന്ന ആളുടേതെന്നു വ്യക്തമാക്കേണ്ട. മറഞ്ഞ മയ്യിത്താണെങ്കില്‍ പേരുകൊണ്ടോ മറ്റോ ആളെ നിജപ്പെടുത്തണം. ഇമാമിന്റെ കൂടെ നിസ്കരിക്കുകയാണെങ്കില്‍ ‘ഇമാം നിസ്കരിക്കുന്ന മയ്യിത്തിന്റെ മേല്‍ ഫര്‍ളായ നിസ്കാരം നാല് തക്ബീറോടെ ഞാന്‍ നിസ്കരിക്കുന്നു’ എന്നു കരുതിയാല്‍ മതി. ജമാഅത്തായി നിസ്കരിക്കുമ്പോള്‍ ഇമാമിന്റെ കൂടെ എന്നു കരുതല്‍ നിര്‍ബന്ധമാണെന്നറിയാമല്ലോ.

ജമാഅത്തായി നിസ്കരിക്കുമ്പോള്‍ മയ്യിത്ത് പുരുഷന്റേതാണെങ്കില്‍ ഇമാം തലയുടെ ഭാഗത്തു നില്‍ക്കണം. സ്ത്രീയുടേതാണെങ്കില്‍ നടുഭാഗത്താണ് നില്‍ക്കേണ്ടത്. പ്രസവസംബന്ധമായ കാരണത്താല്‍ മരിച്ച ഒരു സ്ത്രീയുടെ മധ്യത്തില്‍ നിന്നുകൊണ്ടു നബി (സ്വ) നിസ്കരിച്ചതായി ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്. സ്ഥലത്തില്ലാത്ത മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ഒരാള്‍ക്കു സ്ഥലത്തുള്ള മയ്യിത്തിനുവേണ്ടി നിസ്കരിക്കുന്ന ആളെ തുടരാം. മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കുക. മരണം സംഭവിച്ച നാട്ടിലെ ആള്‍ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ വെച്ചു നിസ്കരിച്ചാലേ സാധുവാകൂ. ആ നാട്ടിനു പുറത്തുള്ളവര്‍ക്കു മറഞ്ഞ മയ്യിത്തായി കരുതി നിസ്കരിക്കാം.

മരിച്ച സ്ഥലത്തു പോകാനോ മയ്യിത്തിന്റെ സാന്നിദ്ധ്യത്തില്‍ നിസ്കരിക്കാനോ രോഗം കാരണമോ മറ്റോ കഴിയാതെ വന്നാല്‍ മറഞ്ഞ മയ്യിത്തായി കരുതി നാട്ടിലുള്ളയാള്‍ക്കു നിസ്കരിക്കാം