മക്കക്കാരുടെ വരുമാന മാർഗ്ഗങ്ങളിൽ സുപ്രധാനമായമായത് കച്ചവടമായിരുന്നു. അതു പോലെ സാധാരണ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനമായിരുന്നു ഇടയവൃത്തി. അതായത് നാൽക്കാലികളെ മേയ്ക്കുന്ന ജോലി. അതിൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ആടു മേയ്ക്കൽ. ശൈശവകാലത്ത് തന്നെ പ്രവാചകർക്ക് ഇടയവൃത്തി പരിചയമുണ്ടായിരുന്നു. ബനൂസഅദ് ഗോത്രത്തിലെ കുട്ടികൾക്കാപ്പം ആടിനെ മേയ്ക്കാൻ പോയ സംഭവം അവിടുന്ന് അനുസ്മരിച്ചിട്ടുണ്ട്. കുടുംബക്കാരുടെ ആടിനെ സൗജന്യമായും മറ്റുള്ളവരുടേത് പ്രതിഫലം സ്വീകരിച്ചും മേയ്ക്കുമായിരുന്നു. മുഹമ്മദ് ﷺ പറഞ്ഞു: ഞാൻ മക്കാനിവാസികൾക്കു വേണ്ടി ചില്ലറ നാണയങ്ങൾ സ്വീകരിച്ചുകൊണ്ട് ഇടയവൃത്തി ചെയ്തിരുന്നു. ജാബിർ (റ)പറയുന്നു: ഞങ്ങൾ ഒരിക്കൽ മുത്ത് നബി ﷺ യുടെ കൂടെ അറാക്കിന്റെ പഴുത്ത കായകൾ പറിക്കുകയായിരുന്നു. ഉടനെ അവിടുന്ന് പറഞ്ഞു: നിറമുള്ളത് നോക്കി പറിക്കുക, നല്ലയിനം അതായിരിക്കും. ഞാൻ ആടു മേയ്ക്കുന്ന കാലത്ത് അവ പറിക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. അവിടുന്ന് ആടിനെ മേയ്ക്കാറുണ്ടായിരുന്നോ? അതെ എല്ലാ പ്രവാചകന്മാരും ആടിനെ മേയ്ചിട്ടുണ്ടല്ലോ?മറ്റൊരിക്കൽ ആത്മാഭിമാനത്തോട് കൂടി ഇങ്ങനെ പറഞ്ഞു: മൂസാനബി പ്രവാചകനായി നിയോഗിക്കപ്പെട്ടു അവിടുന്ന് ആടു മേയ്ച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു. ദാവൂദ് നബിയും അപ്രകാരം ചെയ്തിരുന്നു. എന്റെ കുടുംബക്കാരുടെ ആട്ടിൻ പറ്റത്തെ മക്കയിലെ അജിയാദിൽ വെച്ച് ഞാൻ പരിപാലിക്കുന്ന കാലത്താണ് എന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അബൂസഈദ്(റ) എന്നവാരാണിത് നിവേദനം ചെയ്തത്.
ആടു മേയ്ക്കുന്നതിൽ ഉപജീവനം എന്നതിനപ്പുറം ഒരു പാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു വലിയ ജനതയെ നയിക്കാനുള്ള നേതാവിന് ഭാവിയിലേക്കുള്ള പരിശീലനമാണിത്. ആട്ടിൻ പറ്റത്തെ നയികുന്നവർക്ക് എപ്പോഴും നല്ല ശ്രദ്ധയുണ്ടായിരിക്കണം. പൊതുവേ ദുർബലരായ ജീവികളാണ് ആടുകൾ. നല്ല കരുതലോടെ വേണം പരിചരിക്കാൻ. കൂട്ടം തെറ്റാൻ എപ്പോഴും സാധ്യതയുണ്ട്. ചെന്നായയുടെ പിടിയിൽ പെടാതെ കൊണ്ടു നടക്കണം. മോഷ്ടാക്കൾ അപഹരിക്കാതിരിക്കാൻ സൂക്ഷിക്കണം. വളരെ സഹനത്തോടെയേ ഇതെല്ലാം നിർവഹിക്കാൻ കഴിയു. ഇത്തരമൊരു പരിശീലനം വ്യക്തിക്ക് നൽകുന്ന മേന്മകൾ എണ്ണമറ്റതാണ്. ഇവയെല്ലാം ആർജിച്ചെടുക്കാനുള്ള അവസരമാണ് നബി ﷺക്കു ലഭിച്ചത്. ലോക പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്നു ഹജർ(റ)വിശദീകരിക്കുന്നു. നബി ﷺ ലോകത്തിൻ്റെ നേതാവായി സ്വീകരിക്കപ്പെട്ട ശേഷവും ചെറുപ്പകാലത്തെ ഇടയവൃത്തിയെ കുറിച്ചു പറയുമായിരുന്നു. അത് നബി ﷺയുടെ വിനയത്തിന്റെ വലിയ ഉദാഹരണമാണ്. ഇല്ലായ്മയിൽ നിന്ന് എല്ലാം ലഭിച്ചത് അല്ലാഹുവിൻറെ ഔദാര്യം മാത്രമാണ് എന്ന ചിന്തയുടെ ഭാഗമാണത്.
പ്രവാചകർ ﷺ യുടെ സാമ്പത്തിക വിശുദ്ധി പഠിപ്പിക്കുന്ന അധ്യായമാണിത്. അധ്വാനിക്കുന്നവൻറെ മൂല്യം ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹു അവൻറെ പ്രിയപ്പെട്ട പ്രവാചകന് അധ്വാനമില്ലാതെയും സമ്പത്ത് നൽകാമായിരുന്നു. എന്നാൽ മനുഷ്യ കുലത്തിന് ഒരു മാതൃക നബി ﷺ യിൽ സ്ഥാപിക്കുകയായിരുന്നു ഇവിടെ. അനുവദിക്കപ്പെട്ട ഏതു തൊഴിലും സ്വീകരിക്കാം. താരതമ്യേന താഴ്ന്ന തൊഴിലായിട്ടാണല്ലോ ഇടയവൃത്തിയെ കാണുന്നത്. പക്ഷേ അതിനെ അഭിമാനപൂർവ്വം അവിടുന്ന് എടുത്തു പറഞ്ഞു. ആട് ഐശ്വര്യമാണെന്നും ഒട്ടകം അഭിമാനമാണെന്നും പറയുമായിരുന്നു. ഏറ്റവുംനല്ല ഭക്ഷണം സ്വയം അധ്വാനത്തിലൂടെ സ്വരൂപിക്കുന്നതാണ്. ഇങ്ങനെയായിരുന്നു പ്രവാചകർ ﷺ യുടെ നിർദ്ദേശം.
ജനങ്ങളോട് ഇടപെടുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് ഒരാളെ ശരിക്ക് ബോധ്യപ്പെടുക. സത്യസന്ധത, വിശ്വസ്ഥത, നീതി തുടങ്ങിയുള്ള ഗുണങ്ങൾ അപ്പോഴല്ലേ അനുഭവിക്കാൻ കഴിയൂ. ഈ വിധത്തിൽ നബിﷺ യുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു അവിടുത്തെ ഇടപാടുകൾ. സമൂഹത്തിനൊപ്പം ജീവിക്കുക, ദൈനം ദിന കാര്യങ്ങളിൽ ജനങ്ങളോട് സഹവസിക്കുക, അതിനിടയിൽ നന്മ പരിപാലിക്കുക, തിന്മയിൽ നിന്നു മാറിനിൽക്കുക, സമൂഹത്തിൽ മാതൃകയെ അവതരിപ്പിക്കുക ഈ വിധമായിരുന്നു തിരുനബി ﷺ യുടെ ജീവിതം.
മുത്തുനബി ﷺ യുടെ യുവത്വം നേരിട്ടറിഞ്ഞു. സ്വഭാവഗുണങ്ങളെ അനുഭവിച്ചു. അപ്പോൾ അവർ ഒരുമിച്ചു നൽകിയ സ്ഥാനപ്പേരായിരുന്നു”അൽ അമീൻ” അഥവാ വിശ്വസ്ഥൻ. പ്രശസ്ത ചരിത്രകാരനായ സർ വില്ല്യൻ മൂർ എഴുതിയതിങ്ങനെയാണ് “The fair character and honorable bearing of the unobtrusive youth won the approbation of his fellow citizens :and he received the title by common consent of Al-Ameen,the Trustworthy”(The life of Muhammed)
എന്നത്തേക്കും മാതൃകയായി മുത്തുനബി ﷺ യുടെ യുവത്വം അടയാളപ്പെടുന്ന പരിസരങ്ങളെയാണ് നമുക്ക് വായിക്കാനുള്ളത്.
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി