“എല്ലാ സമുദായത്തിലും ഒരു വിശ്വസ്ഥനുണ്ട്, എന്റെ ജനതയിലെ വിശ്വസ്ഥന്‍ അബൂഉബൈദ യാണ്”. മുഹമ്മദ് നബി(സ്വ).
പ്രസന്ന വദനന്‍, സുമുഖന്‍, മെലിഞ്ഞു നീണ്ട ശരീരപ്രകൃതി, സുതാര്യമായ താടിരോമം, ആത്മനിര്‍വൃതിയും മനഃശ്ശാന്തിയും നല്‍കുന്ന നോട്ടം, സൌമ്യവും വശ്യവുമായ സ്വഭാവം, താഴ്മ, ലജ്ജ, എന്നാല്‍ ഒരു കാര്യത്തിനിറങ്ങിയാല്‍ സിംഹത്തിന്റെ ശൌര്യവും ധൈര്യവും, ശരീരത്തിന് ഗഢാഖത്തിന്റെ പ്രകാശവും പ്രവര്‍ത്തനത്തിന് അതിന്റെ മൂര്‍ച്ചയും.
മുഹമ്മദിയ്യഃ ഉമ്മത്തിലെ വിശ്വസ്ഥന്‍, ആമിറുബ്നു അബ്ദില്ലാഹിബ്നില്‍ ജര്‍റാഹ് അല്‍ഫിഹ്റി അല്‍ഖുറശി(റ) ബഹുമാന പുരസ്സരം അബൂഉബൈദ് എന്ന് വിളിക്കപ്പെട്ടു.
ഇസ്ലാമില്‍ പ്രവേശിച്ച പ്രഥമബാച്ചില്‍ അംഗമായിരുന്നു അബൂഉബൈദഃ(റ). സിദ്ദീഖ് (റ)മുഅ്മിനായതിന്റെ അടുത്ത ദിവസം തന്നെ അബൂഉബൈദഃ(റ)യും വിശ്വസിച്ചു. സിദ്ദീഖ്(റ) മുഖേന തന്നെയായിരുന്നു അവര്‍ ഇസ്ലാമിലേക്ക് വന്നത്. അബൂഉബൈദഃ, അബ്ദുറഹ്മാനുബ്നു ഔഫ്, ഉസ്മാനുബ്നു മള്ഊന്‍, അര്‍ഖം എന്നിവരെയും കൂട്ടി അബൂബക്കര്‍(റ) നബി(സ്വ)യുടെ അടുക്കലേക്ക് ചെന്നു. അവിടെ വെച്ച് സത്യവാചകം ചൊല്ലി… അങ്ങനെ അവര്‍ അതിമഹത്തായ ഇസ്ലാമിക കോട്ടയുടെ അസ്തിവാരമായിത്തീര്‍ന്നു.
മുസ്ലിംകള്‍ക്ക് മക്കയില്‍ നേരിടേണ്ടി വന്ന പരീക്ഷണങ്ങളെ അബൂഉബൈദഃ(റ) ആ ദ്യാന്ത്യം അതിജീവിച്ചു… ലോകത്ത് ഒരു മതാനുയായികള്‍ക്കും അനുഭവിക്കേണ്ടിവന്നിട്ടില്ലാത്തത്ര കിരാതമായ മര്‍ദ്ദനമുറകളും ആക്രമണങ്ങളും വേദനയുമെല്ലാം മറ്റു മുസ് ലിംകളോടൊപ്പം അബൂഉബൈദഃ(റ)വും തരണം ചെയ്തു… പരീക്ഷണങ്ങളുടെ തിരമാലകള്‍ക്ക് മുമ്പില്‍ അദ്ദേഹം പതറിയില്ല…എല്ലാ രംഗങ്ങളിലും അല്ലാഹുവിനോടദ്ദേഹം സര്‍വ്വാംഗവിധേയത്വം പുലര്‍ത്തി.
എന്നാല്‍ ബദ്ര്‍ യുദ്ധത്തില്‍ ആ മഹാന് അഭിമുഖീകരിക്കേണ്ടി വന്ന പരീക്ഷണം സങ്കല്‍പിക്കുക പോലും പ്രയാസമാണ്.
ധര്‍മ്മയുദ്ധത്തിന്റെ ഐതിഹാസികദിനം…! ഭീതി ലേശമില്ലാതെ ശത്രുനിരയിലേക്ക് അബൂഉബൈദഃ(റ) കുതിച്ചുകയറുകയാണ്…! അത് കണ്ട മുശ്രിക്കുകള്‍ ഭയവിഹ്വലരായി…മരണത്തെ സ്വാഗതം ചെയ്യുന്ന പോരാട്ടം…! ഖുറൈശികളുടെ അശ്വഭടന്മാര്‍ ഇതികര്‍ത്തവ്യതാമൂഢരായിപ്പോവുന്നു… അദ്ദേഹം വരുന്നിടത്തെല്ലാം ശത്രുക്കള്‍ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു…!
പക്ഷേ,..! ഒരാള്‍ മാത്രം അബൂഉബൈദഃ(റ)എങ്ങോട്ട് തിരിഞ്ഞാലും അദ്ദേഹത്തിന്റെ മുമ്പിലേക്ക് വന്നുകൊണ്ടിരുന്നു…. എന്നാല്‍ അബൂഉബൈദഃ(റ)അയാളില്‍ നിന്ന് മുഖം തിരിക്കുകയാണ് ചെയ്യുന്നത്.
ആ മനുഷ്യന്‍ ഇടതടവില്ലാതെ അബൂഉബൈദഃ(റ)വിന് നേരെ ചാടിക്കൊണ്ടിരിക്കുകയാണ്. അതിനനുസരിച്ച് അബൂഉബൈദഃ(റ) ഒഴിഞ്ഞ് മാറുകയും ചെയ്യുന്നുണ്ട്. അയാള്‍ അദ്ദേഹത്തിന്റെ സര്‍വ്വമാര്‍ഗ്ഗങ്ങളും സ്തംഭിപ്പിച്ചു… അല്ലാഹുവിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതില്‍ അയാള്‍ വിലങ്ങുതടിയായി…
ക്ഷമയുടെ നെല്ലിപ്പടി കണ്ടുകഴിഞ്ഞു. ആ മനുഷ്യന്റെ തല ഒറ്റ വെട്ടിന് അബൂഉബൈദഃ (റ) രണ്ട് പിളര്‍പ്പാക്കിക്കളഞ്ഞു. അയാള്‍ മരിച്ചുവീണു…! വീണ് കിടക്കുന്നത് ആരായിരിക്കുമെന്ന് ഊഹിക്കാന്‍ ആര്‍ക്കും വയ്യ…! നമ്മുടെയെല്ലാം ഭാവനക്കതീതമാണ് ആ പരീക്ഷണത്തിന്റെ കാഠിന്യമെന്ന് മുമ്പേ പറഞ്ഞുവല്ലോ…
മരിച്ചുവീണത് അബൂഉബൈദഃ(റ)യുടെ സ്വന്തം പിതാവ് തന്നെയായിരുന്നു.
അബൂഉബൈദഃ(റ)സ്വന്തം പിതാവിനെ വധിച്ചതല്ല…. പ്രത്യുത അദ്ദേഹത്തിന്റെ ശരീരത്തിലുള്ള ബഹുദൈവവിശ്വാസത്തെ തകര്‍ക്കുകയായിരുന്നു അവര്‍…! അബൂഉബൈദഃ(റ)വിനെയും പിതാവിനെയും പരാമര്‍ശിച്ച് ഖുര്‍ആന്‍ ഇപ്രകാരം അവതീര്‍ണ്ണമായി.
‘അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാളും അവരുടെ ശത്രുക്കളെ സ്നേ ഹിക്കുന്നത് കാണാന്‍ തങ്ങള്‍ക്ക് സാധ്യമല്ല നബിയേ… ഈ സ്നേഹവിച്ഛേദനത്തില്‍ അവര്‍ക്ക് പിതാവും പുത്രനും സഹോദരങ്ങളും ബന്ധുമിത്രാദികളും ഒരുപോലെയാണ്…അവരുടെ ഹൃദയത്തില്‍ അല്ലാഹു സത്യവിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും പ്രത്യേകശക്തി നല്‍കുകയും ചെയ്തിരിക്കുന്നു. നദികള്‍ ഒഴുകുന്ന സ്വര്‍ഗ്ഗപ്പൂന്തോപ്പുകളില്‍ അല്ലാഹു അവരെ പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അല്ലാഹുവിന്റെ പാര്‍ട്ടിയാണ്. അവര്‍ തന്നെയാണ് വിജയികള്‍.’
അബൂഉബൈദഃ(റ)വിന്റെ ഈമാനികശക്തിയും മതത്തോടുള്ള പ്രതിബദ്ധതയും നബി (സ്വ)യുടെ ഉമ്മത്തിന് അവരിലുള്ള വിശ്വാസവും തങ്ങള്‍ക്കും കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവരുമുണ്ടാവില്ല…!
മുഹമ്മദുബ്നു ജഅ്ഫര്‍(റ) പറയുന്നു: ‘ഒരു കൃസ്തീയ പ്രതിനിധി സംഘം നബി(സ്വ)യുടെ അടുത്തെത്തി. അവര്‍ നബി(സ്വ)യോട് പറഞ്ഞു: ‘അബുല്‍ ഖാസിം…നിങ്ങളുടെ അനുയായികളില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരാളെ ഞങ്ങളുടെ കൂടെ അയച്ചുതരണം. സാ മ്പത്തികമായും മറ്റും ഞങ്ങളില്‍ അനൈക്യമുണ്ടായാല്‍ ന്യായമായ പരിഹാരമുണ്ടാക്കാന്‍ വേണ്ടിയാണ്….നിങ്ങള്‍ മുസ്ലിംകളെ ഞങ്ങള്‍ക്ക് സ്വീകാര്യമാണ’.
റസൂലുല്ലാഹി(സ്വ) പറഞ്ഞു: ‘വൈകുന്നേരം വരിക…വിശ്വസ്തനും പ്രാപ്തനുമായ ഒരാളെ ഞാന്‍ അയച്ചുതരാം’.
ഉമര്‍(റ) പറയുന്നു: ‘ഞാനാദിവസം ളുഹ്ര്‍ നിസ്കാരത്തിന്ന് നേരത്തെതന്നെ പള്ളിയിലെത്തി…അന്നത്തെപ്പോലെ മറ്റൊരിക്കലും ഒരധികാരവും ഞാനാഗ്രഹിച്ചിട്ടില്ല… നബി (സ്വ) പറഞ്ഞ വിശേഷണം എനിക്ക് ലഭ്യമാവണം എന്ന ഉല്‍ക്കടമായ ആഗ്രഹമായിരുന്നു അതിന് പിന്നില്‍….! നബി(സ്വ) ളുഹ്ര്‍ നിസ്കരിച്ച് കഴിഞ്ഞപ്പോള്‍ ആരെയോ അന്വേഷിക്കുന്നത് പോലെ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. ആ സമയം അവിടുത്തെ ദൃഷ്ടിയില്‍ പെടാനായി ഞാന്‍ എത്തിവലിഞ്ഞുനോക്കി. പക്ഷേ, ആ നയനങ്ങള്‍ മറ്റൊരാളെ പരതിക്കൊണ്ടിരുന്നു…. അതാ…! അബൂഉബൈദഃ (റ) സ്വഫ്ഫിനിടയില്‍… അവരെ നബി(സ്വ) അടുത്തുവിളിച്ചിട്ട് പറഞ്ഞു:
‘നിങ്ങള്‍ അവരോടൊപ്പം പോവുക…! അവര്‍ക്ക് അഭിപ്രായവിത്യാസമുണ്ടാവുമ്പോള്‍ നീതിയുക്തമായി വിധി നടത്തുക’.
അപ്പോള്‍ ഞാന്‍ ആത്മഗതം ചെയ്തു.
‘ആ സ്ഥാനം അബൂഉബൈദഃ അടിച്ചെടുത്തു കളഞ്ഞു’.
മഹാനായ അബൂഉബൈദഃ(റ)വില്‍ വിശ്വസ്ഥതയോടൊപ്പം കാര്യപ്രാപ്തിയും ശക്തിയും മേളിച്ചിരുന്നു…. ഖുറൈശീ കച്ചവട സംഘത്തെ നേരിടാന്‍ അബൂഉബൈദഃ(റ)വിന്റെ നേതൃത്ത്വത്തില്‍ നബി(സ്വ) ഒരു സൈന്യത്തെ അയച്ച സന്ദര്‍ഭത്തില്‍ ആ കരുത്ത് തെ ളിഞ്ഞു കണ്ടു.
നബി(സ്വ)അബൂഉബൈദഃ(റ)വിന്റെ കയ്യില്‍ ഒരു കാരക്കപ്പൊതി നല്‍കി….അവര്‍ക്ക് കൊടുക്കാന്‍ മറ്റൊന്നും കയ്യിലില്ല… ആ പൊതിയില്‍ നിന്ന് അബൂഉബൈദഃ(റ)കൂടെയുള്ളവര്‍ക്ക് ദിവസവും ഒരു കാരക്ക വീതം നല്‍കും….പിഞ്ചുകുഞ്ഞുങ്ങള്‍ അമ്മിഞ്ഞപ്പാല്‍ നുണയുന്നപോലെ അവരത് വായിലട്ട് നുണയുകയും അതിനോടൊപ്പം വെള്ളം കുടിക്കുകയും ചെയ്യും….! ഒരു ദിവസത്തെ ഭക്ഷണമായി…!!
ഉഹ്ദ് യുദ്ധത്തിലും അദ്ദേഹം ശക്തിദുര്‍ഗ്ഗമായിത്തീര്‍ന്നു. അതാ മുശ്രിക്കുകളില്‍ ഒരാള്‍ വരുന്നു…. ‘എവിടെ മുഹമ്മദ്….?! പറയൂ… എവിടെ മുഹമ്മദ്…?!
തല്‍സമയം നബി(സ്വ)യുടെ അടുത്ത് പത്ത് സ്വഹാബികള്‍ മാത്രമേയുള്ളൂ….അവരുടെ വിരിമാറുകള്‍ മുശ്രിക്കുകളുടെ കുന്തങ്ങള്‍ക്കെതിരെ പരിചയാക്കുകയാണവര്‍… അവരിലൊരാള്‍ അബൂഉബൈദഃ(റ)വായിരുന്നു…’
യുദ്ധം അവസാനിച്ചു… മഹാനായ നബി(സ്വ)യുടെ മുന്‍പല്ലു പൊട്ടിയിരിക്കുന്നു…. നെറ്റിത്തടത്തില്‍ വലിയൊരു മുറിവ്…ആ നിര്‍മ്മല വദനത്തില്‍ സ്വന്തം അങ്കിയുടെ രണ്ട് ഇരുമ്പുകണ്ണികള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു…!! ആ കണ്ണികള്‍ പറിച്ചെടുക്കാന്‍ അബൂബക്കര്‍ സിദ്ദീഖ്(റ) മുന്നോട്ടുവന്നു. അപ്പോള്‍ അബൂഉബൈദഃ(റ) പറഞ്ഞു:
‘അബൂബക്കര്‍.! ദയവായി അതിന് എന്നെ അനുവദിക്കൂ…’
അബൂബക്കര്‍(റ) സമ്മതിച്ചു.
തന്റെ കൈകൊണ്ട് പറിച്ചെടുക്കുകയാണെങ്കില്‍ നബി(സ്വ)ക്ക് കൂടുതല്‍ വേദനിക്കുമോ എന്ന ഭയം കാരണം അബൂഉബൈദഃ(റ) അവരുടെ മുന്‍പല്ല് കൊണ്ട് കണ്ണി കടിച്ചുപിടിച്ചു….ഒറ്റവലി, അതാ…ഇരുമ്പു വളയത്തോടൊപ്പം അവരുടെ ഒരു മുന്‍പല്ലും കൊഴി ഞ്ഞു വീഴുന്നു…!
ബാക്കിയുള്ള മുന്‍പല്ല് കൊണ്ട് അടുത്തതും ശക്തിയായി കടിച്ചുവലിച്ചു…. അതോടൊന്നിച്ച് അവരുടെ അടുത്ത പല്ലും പറിഞ്ഞുവീണു…!
അബൂബക്കര്‍(റ)പറയുന്നു.’അങ്ങനെ അബൂഉബൈദഃ(റ)ക്ക് അതിസുന്ദരമായ പല്ലിലെ ആ വിടവുണ്ടായി…!!’
നബി(സ്വ)യുമായി ബന്ധപ്പെട്ടതു മുതല്‍ അവിടുത്തെ വഫാത്ത് വരെ നടന്ന എല്ലാ യു ദ്ധങ്ങളിലുമ അബൂഉബൈദഃ(റ) പങ്കെടുത്തു. തിരുനബി(സ്വ) വഫാത്തായ ശേഷം ഖലീഫഃയെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന ‘സഖീഫത്തുബനീസാഇദഃ’ സമ്മേളനവേദി…ഉമര്‍ (റ) അബൂഉബൈദഃ(റ)വിനോട് പറഞ്ഞു.
‘നിങ്ങള്‍ കൈ നീട്ടിത്തരൂ….നിങ്ങളെ ഞങ്ങള്‍ നേതാവായി തെരഞ്ഞെടുക്കുകയാണ്…’
അദ്ദേഹത്തിന്റെ മറുപടി ‘തിരുദൂതര്‍ നബി(സ്വ)രോഗശയ്യയിലായ സമയത്ത് നമുക്കാ നിസ്കാരത്തിന് നേതൃത്വം നല്‍കാന്‍ അവിടുന്ന് കല്‍പിക്കുകയും അവിടുത്തെ വ ഫാത്ത് വരെ ആ കാര്യം നിര്‍വ്വഹിക്കുകയും ചെയ്ത സിദ്ദീഖുല്‍ അക്ബര്‍(റ) സ്ഥലത്തുള്ളപ്പോള്‍ ഒരു കാരണവശാലും ഞാന്‍ നേതൃസ്ഥാനം ഏറ്റെടുക്കുകയില്ല…’
അതിന് ശേഷം സിദ്ദീഖ്(റ)ഖലീഫയായി തെരഞ്ഞടുക്കപ്പെട്ടു. അബൂഉബൈദഃ(റ)അവരുടെ ഉത്തമ ഗുണകാംക്ഷിയും മാന്യനായ സഹായിയുമായി വര്‍ത്തിച്ചു. അബൂബക്ര്‍ (റ)തന്റെ ശേഷം ഖിലാഫത്ത് ഉമര്‍(റ)വിന് വസ്വിയ്യത്ത് ചെയ്തു. അബൂഉബൈദഃ(റ) ഉമര്‍(റ)വിന്റെ ഭരണത്തോടും പരിപൂര്‍ണ്ണവിധേയത്വം പുലര്‍ത്തി. ഖലീഫഃയുടെ കല്പനകളെല്ലാം അവര്‍ ശിരസാവഹിച്ചു. പക്ഷേ,…ഒരു സന്ദര്‍ഭത്തില്‍ മാത്രം അവര്‍ അനുസരിക്കാന്‍ തയ്യാറായില്ല.
ശാം രാജ്യങ്ങളില്‍ മുസ്ലിം സൈന്യത്തിന് നേതൃത്വം വഹിച്ചുകൊണ്ട് അദ്ദേഹം ജൈത്രയാത്ര നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അല്ലാഹു അവര്‍ക്ക് ശാം രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊടുത്തു…. കിഴക്ക് യൂഫ്രട്ടീസ് നദി വരെയും വടക്ക് ഏഷ്യാമൈനര്‍ വരെയും അവരുടെ പടയോട്ടം ചെന്നെത്തി. ആ സമയത്താണ് ശാമില്‍ പ്ളേഗ് രോഗമുണ്ടായത്… ചരിത്രം കണ്ടിട്ടില്ലാത്തവിധം ഭയാനകമായി അത് പടര്‍ന്നു പിടിച്ചു.
ഉമര്‍(റ)അബൂഉബൈദഃ(റ)വിന്റെ അടുത്തേക്ക് കത്തുമായി ദൂതനെ പറഞ്ഞുവിട്ടു. അതി ലെ വരികള്‍: ‘അബൂഉബൈദഃ… നിങ്ങളുടെ സാന്നിദ്ധ്യം അടിയന്തിരമായി വന്നിരിക്കുന്നു. അതിനാല്‍ എഴുത്ത് എപ്പോള്‍ ലഭിക്കുന്നുവോ, ഉടന്‍ ഇങ്ങോട്ട് തിരിക്കുക…’ കത്ത് വായിച്ച ശേഷം അബൂഉബൈദഃ(റ)പറഞ്ഞു: ‘എന്റെ സാന്നിദ്ധ്യം ആവശ്യപ്പെട്ടതിന്റെ ഉദ്ദേശ്യം എനിക്ക് പിടികിട്ടിയിരിക്കുന്നു…. മരണപ്പെട്ടുപോകേണ്ട ഒരാളെ ഇവിടെ നിലനിര്‍ത്തണമെന്നാണവരുടെ ആഗ്രഹം….?!’
അവര്‍ മറുപടി എഴുതി. ‘അമീറുല്‍മുഅ്മിനീന്‍…! ആവശ്യം മനസ്സിലായി…ഞാനിപ്പോള്‍ മുസ്ലിം സൈന്യത്തോടൊപ്പമാണ്. അവര്‍ക്ക് സംഭവിക്കുന്നതെന്തായാലും അതില്‍ പങ്കാളിയാവുക എന്നതാണ് എന്റെ ആഗ്രഹം…അത് കൊണ്ട് ഈ എഴുത്ത് ലഭിച്ചാല്‍ നിങ്ങളുടെ തീരുമാനം ദയവായി മാറ്റിവെക്കണം….!’
ഉമര്‍(റ)വിന് കത്തുകിട്ടി. വായിച്ചു കഴിഞ്ഞതും അവര്‍ പൊട്ടിക്കരഞ്ഞു….അത് കണ്ട് മറ്റുള്ളവര്‍ ചോദിച്ചു: ‘എന്താണ് അമീറുല്‍ മുഅ്മിനീന്‍…! അബൂഉബൈദഃ(റ) മരണപ്പെട്ടുവോ….?!’ അവര്‍ പറഞ്ഞു: ‘ഇല്ല..പക്ഷേ, അതടുത്തുതന്നെയുണ്ട്..’
ഫാറൂഖിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല…അധികം കഴിയും മുമ്പ് മഹാനായ അബൂഉബൈദഃ(റ) പ്ളേഗിനടിമപ്പെട്ടു…അവര്‍ക്ക് മരണം ആസന്നമായിരിക്കുന്നു…തന്റെ സൈനികരോടവര്‍ പറഞ്ഞു.
‘ഞാന്‍ നിങ്ങളോട് ചില കാര്യങ്ങള്‍ ഉപദേശിക്കുന്നു…നിങ്ങളതനുസരിച്ച് പ്രവര്‍ത്തിച്ചാല്‍ വിജയമുണ്ട്. നിസ്കരിക്കുക, റമളാനിലെ നോമ്പനുഷ്ഠിക്കുക, സകാത് കൊടുക്കുക, ഹജ്ജും ഉംറയും നിര്‍വ്വഹിക്കുക…പരസ്പരം ഗുണകാംക്ഷയുള്ളവരായിരിക്കുക, നായകന്മാരോട് വിശ്വസ്ഥത പുലര്‍ത്തുക, ഭൌതിക സുഖങ്ങളില്‍ ഉന്മത്തരാകാതിരിക്കുക. മനുഷ്യന്‍ എത്ര ജീവിച്ചാലും ഈ അവസ്ഥ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ശാന്തി കൈവരട്ടെ…!’
അനന്തരം മുആദുബ്നുജബല്‍(റ)വിനോട് അവര്‍ പറഞ്ഞു: ‘മുആദ്, ജനങ്ങള്‍ക്ക് നിസ്കാരത്തിന് നേതൃത്വം നല്‍ശുക.’
അധികം കഴിയും മുമ്പ് ആ പരിശുദ്ധാത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു. അല്ലാഹു അവര്‍ക്ക് ഗുണം ചെയ്യട്ടെ. ആമീന്‍