പള്ളിയില്‍ ഇ’അ്തികാഫ്(ഭജനമിരിക്കല്‍)വര്‍ധിപ്പിക്കുന്നതും സുന്നത്ത് തന്നെ. റമള്വാനിലെ അവസാന പത്തില്‍ ശക്തിയാര്‍ജിച്ച സുന്നത്താണ്. അവസാനത്തെ പത്തില്‍ ഇ’അ്തികാഫ് ചെ യ്യാനുദ്ദേശിച്ചവന് റമള്വാനിന്റെ ഇരുപതാമത്തെ ദിവസം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പള്ളിയില്‍ പ്രവേശിക്കുകയും ആ സമയം മുതല്‍ പെരുന്നാള്‍ നിസ്കാരത്തില്‍ നിന്ന് വിരമിക്കുന്നത് തന്നെ ഇ’അ്തികാഫ് ചെയ്യുകയുമാണ് ശ്രേഷ്ഠമായത്.
ഒരു പ്രത്യേക വസ്തുവെയോ സാഹചര്യത്തെയോ ബന്ധപ്പെടുത്തി ശാരീരികവും മാനസികവുമായ ഭജനമിരിക്കല്‍ എന്ന് ഇഅ്തികാഫിനെ നിര്‍വചിക്കാം. പ്രത്യേക നിയ്യത്തോടെ പള്ളിയില്‍ കഴിഞ്ഞുകൂടുന്നതാണ് ശറഹില്‍ ഇഅ്തികാഫ്. ഇഅ്തികാഫുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍ തന്നെ കാണാം. ഇബ്റാഹിം, ഇസ്മാഈല്‍ (അ) എന്നീ പ്രവാചകന്മാരോട് തിരുഭവനത്തെ ഇഅ്തികാഫിരിക്കുന്നവര്ക്കുവേണ്ടി ശുദ്ധീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് (അല്‍ബഖറ 125, 187). ഇത് ഇഅ്തികാഫിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസ് കാണുക: “ഇബ്നുഉമര്‍(റ)വില്‍ നിന്ന്: നബി(സ്വ) റമള്വാന് അവസാന പത്തില്‍ ഇഅ്തികാഫിരിക്കല്‍ പതിവായിരുന്നു.’ അബൂസഈദിനില്‍ ഖുദ്രി(റ) വില്‍നിന്നുള്ള തിരുവചനത്തില്‍ ഇങ്ങനെ കാണാം: ‘നബി(സ്വ) റമള്വാന് നടുവിലെ പത്തില്‍ ഇഅ്തികാഫിരുന്നിരുന്നു. ഒരു കൊല്ലം ഇരുപത്തിയൊന്നാമത്തെ പ്രഭാതത്തില്‍ നബി(സ്വ) പറഞ്ഞു: ‘ഈ അവസാന പത്തില്‍ എന്നോടൊത്ത് ഇഅ്തികാഫിനു താത്പര്യമുള്ളവര്‍ തയ്യാറാവുക’(ബുഖാരി). ഇഅ്തികാഫിനെ സ്ഥിരീകരിക്കുന്ന മറ്റൊരു ഹദീസ്: ‘ആഇശ(റ) പറയുന്നു: ‘ഞാന്‍ ആര്ത്തവാവസ്ഥയിലായിരിക്കെ നബി(സ്വ) ഇഅ്തികാഫിനിടയില് പള്ളിവാതില്ക്കല് വന്നു മുടിചീകിക്കൊടുക്കാനെനിക്കു സൌകര്യം ചെയ്തു തന്നിരുന്നു. ഞാനവിടുത്തെ മുടി വാര്‍ന്നു കൊടുക്കുകയും ചെയ്തിരുന്നു’ (ബുഖാരി).
ഇഅ്തികാഫിന്റെ മാഹാത്മ്യം വിശദമാക്കുന്ന ഹദീസുകള്‍ അനവധിയാണ്. അലിയ്യു ബ്ന് ഹുസൈനി(റ)ല്‍ നിന്നുള്ളഹദീസ് കാണുക. നബി(സ്വ) പ്രഖ്യാപിച്ചു. റമള്വാന് മാ സത്തില്‍ പത്തുദിവസം ഇഅ്തികാഫിരിക്കുന്നവര്‍ക്ക് രണ്ടു ഹജ്ജും രണ്ട് ഉംറയും ചെ യ്ത പ്രതിഫലം സ്വായത്തമാക്കാവുന്നതാണ്’(ബൈഹഖി). ഇബ്നു അബ്ബാസ്(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു. ‘അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ആരാണോ ഒരു ദിവസം ഇഅ്തികാഫിരിക്കുന്നത്, അവരുടെയും നരകത്തിന്റെയുമിടയില്‍ അല്ലാഹു പ്രപഞ്ചത്തി ന്റെ രണ്ടറ്റങ്ങള്‍ക്കിടയിലുള്ളത്ര അകലത്തില്‍ മൂന്നു കിടങ്ങുകള്‍ സംവിധാനിക്കുന്നതാ ണ്’ (ത്വബ്റാനി, ബൈഹഖി, ഹാകിം).
കാര്‍മിക വിധികള്‍
ഇഅ്തികാഫുമായി ബന്ധപ്പെട്ട ചില വസ്തുതകള്‍ താഴെ ചേര്‍ക്കുന്നു. റമള്വാനില് മാത്രമല്ല, അല്ലാത്ത കാലത്തും ഇഅ്തികാഫ് പ്രധാനസുന്നത്താണ്. നബി(സ്വ) ശവ്വാല്‍ മാസത്തില്‍ ഇഅ്തികാഫിരുന്നതായി ബുഖാരി മുസ്ലിം ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. ഈ ഹദീസ് റമള്വാനല്ലാത്ത കാലത്തെ ഇഅ്തികാഫിനു തെളിവാണെന്ന് ഇമാം ശാഫിഈ(റ) സമര്‍ഥിക്കുന്നുണ്ട്.
റമള്വാന് മാസത്തിലെ അവസാന ദശകത്തില്‍ ഇഅ്തികാഫിന് ഏറെ പ്രാധാന്യമുണ്ട്. ഇതിനു കാരണം ഈ ദിവസങ്ങളില്‍ ലൈലതുല്‍ ഖദ്റിന്റെ മഹത്വം നേടിയെടുക്കാന്‍ അവസരം ലഭിക്കുന്നതാണെന്നു നബിചര്യയില്‍ നിന്നു മനസ്സിലാക്കാവുന്നതാണ്. ജു മുഅ നടക്കുന്ന പള്ളിയില്‍ ഇഅ്തികാഫിരിക്കുന്നത് ഏറെ ഉത്തമമാണ്. മറ്റു പള്ളികളി ലും ഇഅ്തികാഫിരിക്കാം. പള്ളിയില്‍ ചടഞ്ഞിരിക്കണമെന്ന നിബന്ധനയില്ല. പള്ളിയില്‍ ഉലാത്തുന്നവനും കിടന്നുറങ്ങുന്നവനും ഇഅ്തികാഫിന്റെ നിയ്യത്തുണ്ടെങ്കില്‍ പ്രതിഫ ലം ലഭിക്കുന്നതാണ്. ഈ പള്ളിയില്‍ ഇഅ്തികാഫിനു ഞാന്‍ കരുതി എന്ന് മനസ്സില്‍ കരുതിയാല്‍ മതി.
ഇഅ്തികാഫ് ലക്ഷ്യമാക്കി പള്ളിയില്‍ കഴിയുന്നവര്‍ അനാവശ്യ സംസാരം ഉപേക്ഷിക്കണം. ഇഅ്തികാഫില്‍ പരദൂഷണം, ചീത്ത ഭാഷണം, നിഷിദ്ധമായത് ഭക്ഷിക്കല്‍ തുടങ്ങിയവ ഉപേക്ഷിച്ചില്ലെങ്കില്‍ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുന്നതല്ല എന്ന് അന്‍വാറി ല്‍ കാണുന്നു. ഫത്ഹുല്‍ മുഈന്‍ ഈ വസ്തുത ഉദ്ധരിച്ചിട്ടുണ്ട്. ഇഅ്തികാഫ് നേര്‍ച്ചയാക്കല്‍ സാധുവും പ്രതിഫലാര്‍ഹവുമാണ്. ഈ പള്ളിയില്‍ ഇഅ്തികാഫിനുഞാന് നേര്‍ച്ചയാക്കി എന്ന് കരുതി അല്‍പ്പ സമയം പള്ളിയില്‍ ചിലവഴിച്ചാല്‍ നേര്‍ച്ച ചെയ്ത ബാധ്യത ഒഴിവാകുമെങ്കിലും ഒരു ദിവസം പൂര്‍ണമായി ഇഅ്തികാഫ് അനുഷ്ഠിക്കുന്നതാണ് ഏറ്റവും ഉത്തമം. ഏതു പള്ളിയിലും ഇഅ്തികാഫ് നേര്‍ച്ചയാക്കാം. മസ്ജിദുന്നബവി, മസ്ജിദുല്‍ ഹറാം, അല്‍ അഖ്സ്വ എന്നിവയല്ലാത്ത എല്ലാ പള്ളികള്‍ക്കും ഇക്കാര്യത്തില്‍ ഒരേ പരിഗണനയാണുള്ളത്. ഈ മൂന്നു പള്ളികളല്ലാത്ത ഏതെങ്കിലും ഒരു പള്ളി ഉദ്ദേശിച്ചു പറഞ്ഞാലും ഏതു പള്ളിയിലിരുന്നും ബാധ്യത വീടുന്നതാണ്.
ഉപര്യുക്ത പുണ്യ കര്‍മ്മങ്ങളെല്ലാം റമള്വാനിന്റെ അവസാനത്തെ പത്തില്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച സുന്നതായതിന്റെ രഹസ്യം പ്രസ്തുത ദിനങ്ങളില്‍ ലൈലതുല്‍ ഖ്വദ്റിനോട് യോജിക്കാനുള്ള സാധ്യതയുണ്ടെന്നതാണ്. മറ്റ് ആയിരം മാസങ്ങളില്‍ ‘അമല്‍ ചെയ്യുന്നതിലുപരി പുണ്യലബ്ധിയുള്ള രാത്രിയാണല്ലോ അത്. റമള്വാനിലെ അവസാനത്തെ പത്തില്‍ ആ രാത്രി അധിഷ്ഠിതമാണെന്നാണ് പ്രബല പക്ഷം. അതില്‍വെച്ചുതന്നെ കൂടുതല്‍ പ്രതീക്ഷയുള്ളത് ഒറ്റയായ രാവുകളാണ്. ലൈലതുല്‍ ഖ്വദ്റില് നിസ്കരിക്കുന്നത് പുണ്യകരമാണെന്ന വിശ്വാസത്തോടെയും അല്ലാഹുവിന്റെ സാമീപ്യം ലഭിക്കുമെന്ന പ്രത്യാശയോടെയും നിസ്കരിച്ചവന് മുമ്പ് ചെയ്ത പാപങ്ങളെല്ലാം പൊറുക്കപ്പെടുമെന്ന് സ്വഹീഹായ ഹദീസില്‍ വന്നിട്ടുണ്ട്” (തുഹ്ഫ 3/198 – 200 എന്നീ പേജുകള്‍ നോക്കുക)