ഖുര്‍ആന്‍ പാരായണം

ഖ്വുര്‍ആന്‍ പാരായണത്തെ വര്‍ധിപ്പിക്കലും വലിയ പുണ്യം തന്നെ. മലമൂത്ര വിസര്‍ജ്ജന സ്ഥലങ്ങള്‍, കുപ്പക്കുഴി, അറവുശാല തുടങ്ങിയ അശുദ്ധമായ സ്ഥലങ്ങളില്‍ ആകാതിരിക്കുമ്പോഴാണ് ഇപ്പറഞ്ഞത്. വഴി, കുളിമുറി തുടങ്ങിയ സ്ഥലങ്ങളില്‍ വെച്ച് ഖ്വുര്‍ആന്‍ പാരായണം ചെയ്താലും പ്രതിഫലാര്‍ഹം തന്നെ.

ഖ്വുര്‍ആന്‍ മനഃപാഠമുള്ളവനായാലും മുസ്വ്ഹഫിലേക്ക് നോക്കി ഓതുന്നത് തന്നെയാണ് കൂടുതല്‍ ശ്രേ ഷ്ഠമായത്. ഖ്വുര്‍ആന്‍ പാരായണത്തിന്റെയും മുസ്വ്ഹഫിലേക്ക് നോക്കുന്നതിന്റെയും പുണ്യങ്ങള്‍ അവന് സമന്വയിപ്പിക്കാന്‍ കഴിയുന്നുവെന്നതാണ് കാരണം. എന്നാല്‍ മുസ്വ്ഹഫിലേക്ക് നോക്കുന്നത് കൊണ്ട് ഭക്തിയും ചിന്തയും ഇല്ലാതാകുമെന്ന് കണ്ടാല്‍  നോക്കി ഓതുന്ന ത് പുണ്യകരമല്ല.

ഖ്വുര്‍ആന്‍ പാരായണത്തിന് ഏറ്റവും ശ്രേഷ്ഠമായ സമയം പകല്‍ സ്വുബ്ഹ് നിസ്കാര ശേഷവും രാത്രിയില്‍ അത്താഴ സമയവുമാകുന്നു. ഇത് കഴിഞ്ഞാല്‍ മഗ്രിബിനും ‘ഇശാഇനുമിടയിലും. ഖ്വുര്‍ആ ന്‍ പാരായണം രാത്രിയാകുന്നതാണ് ഏറ്റവും ഉത്തമം. അതു തന്നെ നിസ്കാരശേഷവും.

ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഖ്വുര്‍ആന്‍ പൂര്‍ണമായും ഖത്മ് ചെയ്യല്‍ അനിവാര്യമാണെന്നാണ് ബഹു. അബുല്ലൈസ്(റ) ബുസ്താനില്‍ പ്രസ്താവിച്ചിട്ടുള്ളത്. അതിലും വര്‍ധിപ്പിക്കാന്‍ കഴിയില്ലെങ്കിലാണിപ്പറഞ്ഞത്. ഇമാം അബൂഹനീഫ(റ) പറയുന്നു. “എല്ലാ വര്‍ഷവും രണ്ട് പ്രാവശ്യമായി ഖ്വുര്‍ആന്‍ ഖത്മ് ചെയ്തവന്‍ അവന്റെ ബാധ്യത വീട്ടിയവനായി”. എന്നാല്‍ ഇമാം അഹ്മദുബ്നു ഹമ്പലി(റ)ന്റെ വാക്കുകള്‍ ഇപ്രകാരമാണ്. യാതൊരു പ്രതിബന്ധവും കൂടാതെ നാല്‍പ്പത് ദിവസത്തിനപ്പുറം ഖ ത്മുല്‍ ഖ്വുര്‍ആന്‍ പിന്തിക്കുന്നത് കറാഹത്താണ്. ഇബ്നു’അംറി(റ)ല്‍ നിന്നുള്ള ഹദീസാണിതി ന് തെളിവ്.

ഖുര്‍ആന്‍ അവതരണത്തിനു തുടക്കം കുറിച്ച മാസമാണ് റമള്വാന്‍. ഇത് മുസ്ലിംകള്‍ക്കു വലിയൊരനുഗ്രഹമാണല്ലോ. അനുഗ്രഹത്തിനുള്ള നന്ദിപ്രകാശവും സന്തോഷപ്രകടനവും ആഘോഷമാണന്നു പറയുന്നതില്‍ തെറ്റില്ല. ആഘോഷം ഇസ്ലാമികമായിരിക്കണമെന്നു മാത്രം. ഖുര്‍ആനില്‍ ഇങ്ങനെ കാണാവുന്നതാണ്. ‘അല്ലാഹുവിന്റെ റഹ്മത്, ഫള്ല്് എന്നിവകൊണ്ടു വിശ്വാസികള്‍ സന്തോഷം കൊള്ളട്ടെ എന്നു നബിയേ, തങ്ങള്‍ പ്രഖ്യാപിക്കുക(സൂറഃ യൂനുസ് 75). ഈ വാക്യത്തിലെ റഹ്മത് പ്രവാചകരാണെന്നും ഫള്ല് പരിശുദ്ധ ഖുര്‍ആനാണെന്നും പ്രമുഖ മുഫസ്സിറുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വചനത്തിന്റെ പശ്ചാതലത്തില്‍ വിശുദ്ധ റബീഉം റമള്വാനും ആഘോഷിക്കേണ്ടതാണെ ന്നു വ്യക്തമാകുന്നുണ്ട്. എങ്ങനെയാണിവ ആഘോഷിക്കേണ്ടത്?

ഇസ്ലാമിലെ ആഘോഷത്തിന്റെ മുഖ്യഘടകം നന്ദി പ്രകടനമാണ്. ആരാധനാകര്‍മങ്ങളിലൂടെയാകണം നന്ദിപ്രകാശം എന്നാണ്  മതത്തിന്റെ ശാസന. ആ ആരാധനാ കര്‍മ്മങ്ങളില്‍ പ്രധാനം നോമ്പനുഷ്ഠാനവും ഖുര്‍ആന്‍ പാരായണവുമാണ്. ദാനധര്‍മ്മങ്ങള്‍, പരസഹായം, സ്നേഹവാക്കുകള്‍ കൈമാറല്‍ തുടങ്ങിയവയും ആരാധനയുടെ ഭാഗം ത ന്നെ. ഖുര്‍ആന്‍ വാര്‍ഷികമായ റമള്വാന്‍ ആഘോഷത്തില്‍ വ്രതാചരണം നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കയാണല്ലാഹു. പ്രവാചക ജന്മദിനമായ തിങ്കളാഴ്ച വ്രതാചരണം സുന്നത്തുമാണ്. ഖുര്‍ആന്‍ അവതരണ മാസമായ റമള്വാനില്‍ ഖുര്‍ആന്‍ പാരായണത്തിന് ഏറെ പ്രാധാന്യമുണ്ട്.

ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസില്‍ റമള്വാന്‍ മാസത്തില്‍ എല്ലാ രാവിലും ജിബ്രീല്‍(അ) തിരുനബി(സ്വ) സന്നിധിയില്‍ വന്നു ഖുര്‍ആന്‍ പാരായണം ചെയ്തിരു ന്നു എന്നു പറയുന്നു. റമള്വാന്‍ മാസത്തില്‍ മറ്റു ദിക്റുകളെക്കാള്‍ പ്രാധാന്യം പരിശുദ്ധ ഖുര്‍ആന്‍ പാരായണത്തിനുണ്ടെന്നതിന് ഈ ഹദീസ് രേഖയാണെന്ന് ഇമാം നവവി(റ) പറഞ്ഞിട്ടുണ്ട്.

ശറഹുല്‍ മുഹദ്ദബ് പറയുന്നത് കാണുക: “റമള്വാനില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കല്‍ സുന്നത്താണെന്നു പ്രസ്തുത ഹദീസ് ആധാരമാക്കി പണ്ഢിതന്മാര്‍ പറഞ്ഞിരിക്കുന്നു. അതുപോലെ ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്തുകൊടുക്കുകയും അപരന്‍ അതുകേട്ട് പാരായണം ചെയ്യുകയും ചെയ്യുന്ന മുദാറസത് എന്ന രീതിയും പുണ്യമുള്ളതാകുന്നു.’ ജിബ്രീല്‍(അ) നബി(സ്വ)യുടെ അടുക്കല്‍ വന്ന് ഈ രീതിയിലാണ് പാരായണം ചെയ്തിരുന്നവെന്ന് പ്രസ്തുത ഹദീസ് വ്യക്തമാക്കുന്നുണ്ട്.

ഖുര്‍ആന്‍ പാരായണത്തിനു മാത്രമല്ല ഖുര്‍ആന്‍ പഠനത്തിനും റമള്വാനില്‍ പ്രാധാന്യമുണ്ട്. ഖുര്‍ആന്‍ പാരായണ ശാസ്ത്രപഠനം, ഖുര്‍ആന്‍ സന്ദേശ പ്രചാരണം, ഖുര്‍ആന്‍ പാരായണ സംഗമം തുടങ്ങിയ വക്കും റമള്വാനില്‍ പരിഗണന നല്‍കണം.

ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) ഉദ്ധരിക്കുന്നത് കാണുക: “പൂര്‍വ്വസൂരികളില്‍ അധികപേരും ആഴ്ചയില്‍ ഒരുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്നു എന്നാണ് ചരിത്ര്രം. ഒറ്റദിവസം കൊണ്ട് പൂര്‍ണമായി ഓതിത്തീര്‍ക്കുക പതിവാക്കിയവരുമുണ്ടായിരുന്നു. രാവും പകലുമായി രണ്ട് ഖത്മ് ഖുര്‍ആന്‍ പാരായണം ചെയ്തിരുന്നവരെയും ചരിത്രത്തില്‍ കാണാം. ദിനംപ്രതി മൂന്നുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്ന പലരുമുണ്ടായിരുന്നു. രാവില്‍ നാലും പകലില്‍ നാലും എന്ന തോതില്‍ ഒരുദിവസം എട്ടുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്ത മഹോന്നതരും ഉണ്ടായിരുന്നത്രെ. സ്വൂഫി ചിന്തകനായിരുന്ന ഇബ്നുല്‍ കാതിബ്(റ)വിനെ ഇമാം നവവി(റ) ഇക്കൂട്ടത്തില്‍ എണ്ണിയിരിക്കുന്നു. ഒരു ദിവസം ഏറ്റവും കൂടുതല്‍ പ്രാവശ്യം ഖുര്‍ആന്‍ ഓതിയത് എട്ടുപ്രാവശ്യമാണത്രെ. താബിഈ പ്രമുഖരില്‍പ്പെട്ട മന്‍സ്വൂറുബ്ന്‍ സാദാന്‍ ളുഹ്റ് അസ്വറിനിടയില്‍ ഒരുതവണ ഖുര്‍ആന്‍ ഓതിപ്പൂര്‍ത്തീകരിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണുന്നു. മഗ്രിബ് ഇശാഇനിടയില്‍ ഒരുതവണ കൂടി അദ്ദേഹം ഖുര്‍ആന്‍ ഓതിത്തീര്‍ക്കാറുണ്ടായിരുന്നു. മുജാഹിദ്(റ) റമള്വാനില്‍ ഇശാ മഗ്രിബിനിടയില്‍ ഒരുതവണ ഖുര്‍ആന്‍ ഓതിത്തീര്‍ത്തിരുന്നുവെന്ന് ഇബ്നു അബീദാവൂദ് പ്രബല പരമ്പരയുദ്ധരിച്ചു സ്ഥിരീകരിച്ചിരിക്കുന്നു. നിസ്കാരത്തില്‍ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ത്തവര്‍ പലരുമുണ്ട്. ‘ഉസ്മാനുബ്നു ‘അഫ്ഫാന്‍(റ), തമീമുദ്ദാരി(റ), സഈദുബ്നു ജുബൈര്‍(റ) എന്നിവര്‍ ഈ ഗണത്തില്‍ പെടുന്നു.

ചുരുക്കത്തില്‍, ഖുര്‍ആന്‍ ഖത്മ് ചെയ്യുക എന്ന കര്‍മ്മം പൂര്‍വ്വികര്‍ പ്രാധാന്യത്തോടെ തന്നെയായിരുന്നു കണ്ടിരുന്നത്. ഇമാം ശാഫിഈ(റ) വൈജ്ഞാനികമായ ജോലിത്തിരക്കുകള്‍ക്കിടയില്‍ പോലും റമള്വാനല്ലാത്ത കാലത്ത് ദിനം പ്രതി ഒരുതവണ ഖുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ത്തിരുന്നുവത്രെ. റമള്വാനില്‍ അദ്ദേഹം രണ്ടു ഖതം തീര്‍ ക്കുമായിരുന്നു. മാരകമായ രോഗത്താല്‍ വിഷമിക്കുമ്പോള്‍ പോലും അദ്ദേഹം ഈ പതിവ് തെറ്റിച്ചില്ല. ശാഫിഈ(റ) പറയുമായിരുന്നുത്രെ. നെഞ്ചിനും പൊക്കിളിനുമിടയി ല്‍ ഭീതിദമായ ഒമ്പത് രോഗങ്ങളാല്‍ ഞാന്‍ പരീക്ഷിക്കപ്പെടുകയാണ്. അവയില്‍ ഓരോ അസുഖവും എന്റെ ജീവന്‍ ഹനിക്കാന്‍ ശക്തമാണ്.

മഹാന്മാരുടെ ഖുര്‍ആന്‍ പാരായണ രീതി ഇങ്ങനെയൊക്കെയായിരുന്നു. റമള്വാനല്ലാത്ത കാ ലത്ത് തന്നെ അവര്‍ ഇവ്വിഷയത്തില്‍ വീഴ്ചവരുത്തിയിരുന്നില്ല. റമള്വാനില്‍ സവിശഷ ശ്രദ്ധ പുലര്‍ത്തുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനുമായുള്ള ഈ ബന്ധം അവരെ മാഹാത്മ്യത്തിന്റെ ഉന്നതിയിലേക്കുയര്‍ത്തി. വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. എന്നാല്‍ ഇലാ ഹീ പ്രീതിയാല്‍ അനുഗ്രഹീതരായ മഹത്തുക്കള്‍ക്ക് അവന്റെ അനുഗ്രഹസഹായത്താല്‍ പലപ്പോഴും അസാധാരണമാംവിധം ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നതിനു ചരിത്രത്തില്‍ രേഖകള്‍ കാണാവുന്നതാണ്. ഇമാം ശാഫിഈ(റ) പല കര്‍മശാസ്ത്രവിധികളും കണ്ടെത്താന്‍ ഖുര്‍ആന്‍ പലതവണ മനസ്സില്‍ പാരായണം നടത്തിയിരുന്നു. ശൈഖ് ജീലാനി(റ) ഒരു കാലില്‍ നിന്ന് ഒരുഖത്മ് തീര്‍ത്തിരുന്നുവെന്ന് ചരിത്രത്തില്‍ കാണാം. രാത്രി ഉറക്കം വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തിരുന്നതെന്നു അദ്ദേഹം തന്നെ പറഞ്ഞുകാണുന്നു. ഇശാ സുബ്ഹിക്കിടയിലായിരുന്നു ഈ ഖ ത്മ് നടത്തിയിരുന്നത്.

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വില്‍ നിന്നു നിവേദനം: നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ പാരായണം ചെയ്യുന്ന ഓരോ അക്ഷരത്തിനും പ്രതിഫലം ഉറപ്പിക്കാവുന്നതാണ്. ആ പ്രതിഫലം പത്തുമടങ്ങുകളായാണ് പരിഗണിക്കപ്പെടുക. അലിഫ് ലാം മീം. എന്നത് ഒരു അക്ഷരമാണെന്ന വാദം നമുക്കില്ല. മറിച്ച്, അലിഫും ലാമും മീമും ഓരോ അക്ഷരമായിത്തന്നെയാണ് പരിഗണിക്കപ്പെടുക’(തിര്‍മുദി).

ഉപര്യുക്ത ഹദീസ് ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വം വ്യക്തമാക്കുന്നു. ഒരക്ഷരത്തി ന്റെ പ്രതിഫലം തന്നെ പത്താക്കി നാഥന്‍ വര്‍ധിപ്പിച്ചുതരുമെങ്കില്‍ ഒരുതവണ ഖുര്‍ആന്‍ ഖത്മ് ചെയ്താല്‍ എത്രമാത്രം പ്രതിഫലമാണ് ലഭിക്കുക. ഖുര്‍ആന്‍ അര്‍ഥമറിഞ്ഞു പാരായണം ചെയ്താലേ പ്രതിഫലം ലഭിക്കുകയുള്ളൂ എന്ന ധാരണ തെറ്റാണെന്ന് ഈ ഹദീസില്‍ നിന്നു മനസ്സിലാക്കാം. അലിഫ് ലാം മീം എന്ന സൂക്തത്തിന്റെ ഈ ഹദീസ് ഉദാഹരണമാക്കിയിരിക്കുന്നു. മറ്റു വചനങ്ങളെപ്പോലെ ഒരു സവിശേഷ ആശയം ഈ വചനം നല്‍കുന്നില്ല. എന്നിട്ടും അവക്കു പ്രതിഫലമുണ്ടെന്ന് പറയുന്നു. അബൂഹുറയ്റ(റ)യില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘അല്ലാഹുവിന്റെ ഭവനങ്ങളിലൊന്നില്‍ ഖുര്‍ആന്‍ പഠന പാരായണത്തിനായി ഒന്നിച്ചുചേരുന്ന ജനങ്ങളുടെ മേല്‍ ശാന്തിയും സമാധാന വും വര്‍ഷിക്കപ്പെടുന്നു. റഹ്മത് അവരെ പൊതിയുകയും മലകുകള്‍ വലയം ചെയ്യു കയും ചെയ്യുന്നു. അല്ലാഹുതന്നെ അവരെ വാഴ്ത്തിപ്പറയുന്നു’ (മുസ്ലിം, അബൂദാവൂദ്).

മറ്റൊരു ഹദീസ് ശ്രദ്ധിക്കുക: ‘ഖുര്‍ആനില്‍ നിന്നുമൊരു ആയത്ത് ശ്രവിക്കുന്നവന് വര്‍ ധിതമായ പ്രതിഫലം രേഖപ്പെടുത്തുന്നതാകുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുന്നവര്‍ ക്ക് അന്ത്യദിനത്തില്‍ അത് പ്രകാശമായി ഭവിക്കുന്നതാണ്’(അഹ്മദ്). അബൂസഈദ്(റ)വില്‍ നിന്നു നിവേദനം: ‘നബി(സ്വ) പറഞ്ഞു: പരമോന്നതനായ റബ്ബ് പറയുന്നു. ഖുര്‍ആ ന്‍ പാരായണവും അതുമായുള്ള ബന്ധവും, തന്റെ ആവശ്യങ്ങള്‍ എന്നോട് ചോദിക്കാനുള്ള അവസരം ആര്‍ക്കെങ്കിലും നഷ്ടപ്പെടുത്തിയാല്‍, ചോദിക്കുന്നവര്‍ക്ക് നല്‍കുന്നതിനെക്കാള്‍ ഉത്തമമായത് അവര്‍ക്ക് ഞാന്‍ സമ്മാനിക്കുന്നതാണ്. അല്ലാഹുവിന്റെ കലാമിന് മറ്റു വചനങ്ങളില്‍ നിന്നുള്ള മഹത്വം സൃഷ്ടികളെ അപേക്ഷിച്ച് അല്ലാഹുവിനുള്ള മഹത്വത്തിനു സമാനമാകുന്നു’(തിര്‍മുദി).

അബൂമൂസല്‍ അശ്അരി(റ)വില്‍ നിന്ന്: നബി(സ്വ) പറഞ്ഞു: ‘ഖുര്‍ആന്‍ പാരായണം ചെയ്യുന്ന സത്യവിശ്വാസി ഓറഞ്ച് കണക്കെയാകുന്നു. ഓറഞ്ചിന്റെ വാസനയും രുചിയും നല്ലതാണല്ലോ. ഖുര്‍ആന്‍ പാരായണം പതിവില്ലാത്ത മുഅ്മിന്‍ കാരക്കപോലെയാണ്. കാരക്കക്ക് നല്ല മധുരമാണ്. പക്ഷേ, വാസന അത്ര ഹൃദ്യമല്ല. ഖുര്‍ആന്‍ പാരായണം ചെയ്യുന്ന മുനാഫിഖ് റൈഹാന്‍ പോലെയാണ്. നല്ല വാസനയാണതിന്. പക്ഷേ, രുചി കയ്പുറ്റതാകുന്നു. ഖുര്‍ആന്‍ പാരായണമില്ലാത്ത കപടവിശ്വാസി ആട്ടങ്ങക്ക് സമാനനാണ്. അതിന്റെ രുചിയും ഗന്ധവും ചീത്തയാണല്ലോ’. മറ്റൊരു നിവേദനത്തില്‍ കപടവിശ്വാസി എന്ന സ്ഥാനത്ത് അധര്‍മ്മി എന്നര്‍ഥം വരുന്ന ഫാജിര്‍ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്(ബുഖാരി, മുസ്ലിം).

സത്യവിശ്വാസം മനുഷ്യന്റെ അകത്തളത്തെ സുന്ദരമാക്കുമ്പോള്‍ ഖുര്‍ആന്‍ പാരായണം ബാഹ്യമായ സൌന്ദര്യം വര്‍ധിപ്പിക്കുന്നു. ബാഹ്യദൃഷ്ടിയില്‍ ഈമാന്‍ പ്രകടമാകണമെങ്കില്‍ ഖുര്‍ആനുമായുള്ള ബന്ധം സുസ്ഥിരമാക്കണമെന്നു ചുരുക്കം. അബൂദര്‍റ്(റ) പറയുന്നു: “ഞാനൊരിക്കല്‍ നബി(സ്വ)യെ സമീപിച്ച് എനിക്ക് ഉപദേശം നല്‍കണമെന്നാവശ്യപ്പെട്ടു. നബി(സ്വ) പറഞ്ഞു: നീ തഖ്വ പുലര്‍ത്തുക. അത് എല്ലാറ്റിന്റെയും കാതലാകുന്നു. ഞാന്‍ വീണ്ടും അപേക്ഷിച്ചു. ഇനിയും ഉപദേശിച്ചാലും. അപ്പോള്‍ അവിടുന്ന് പ്രതികരിച്ചു. നീ ഖുര്‍ആന്‍ പാരായണം പതിവാക്കുക. അത് ഇഹത്തില്‍ നിനക്ക് പ്രഭയും പരത്തില്‍ വലിയൊരു നിധിയുമാകുന്നു” (ഇബ്നുഹിബ്ബാന്‍).

ജാബിര്‍(റ)വില്‍ നിന്നു നിവേദനം: തിരുനബി(സ്വ) പ്രഖ്യാപിച്ചു. വിശുദ്ധ ഖുര്‍ആന്‍ ശിപാര്‍ശ ചെയ്യുന്നതും ആ ശിപാര്‍ശ സ്വീകരിക്കപ്പെടുന്നതുമാകുന്നു. ദീനിനെ സത്യവത്കരിക്കുന്നതും വിമര്‍ശകരെ ഉത്തരം മുട്ടിക്കുന്നതുമാകുന്നു. ആരാണോ ഖുര്‍ആനെ തന്റെ മുമ്പില്‍ വെക്കുന്നത് (പാരായണം പതിവാക്കുന്നത്) അവരെ അത് സ്വര്‍ഗത്തിലേക്കാനയിക്കുന്നു. ഖുര്‍ആനെ മുതുകിനു പിറകിലേക്ക് വെച്ചവനെ അത് നരകത്തിലേക്ക് വലിച്ചുകൊണ്ട് പോകുന്നതുമാണ്” (ഇബ്നുഹിബ്ബാന്‍).

ഖുര്‍ആന്‍ പാരായണം ചെയ്യാത്തവര്‍ക്കും അതിന്റെ വിധി വിലക്കനുസരിച്ച് ജീവിതം നയിക്കാത്തവര്‍ ക്കുമുള്ള മുന്നറിയിപ്പാണ് ഈ വചനം നല്‍കുന്നത്.

അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം താഴെ ചേര്‍ക്കുന്നു: “ഉബാദതുബ്നുസ്വാമിതില്‍ നിന്ന്: “രാത്രി നിസ്കരിക്കുന്നവര്‍ ഖുര്‍ആന്‍ പാരായണം ഉച്ചത്തില്‍ നടത്തട്ടെ. കാരണം വായു മണ്ഡലത്തില്‍ അധിവസിക്കുന്ന മലകുകള്‍ നിസ്കാരത്തി ല്‍ പങ്കുകൊള്ളുന്നതും ഖുര്‍ആന്‍ പാരായണം ശ്രവിക്കുന്നതുമാകുന്നു. ഖുര്‍ആന്‍ പാ രായണം കേള്‍ക്കുന്ന മാത്രയില്‍ വീട്ടിലും പരിസരത്തുമായി നിലകൊള്ളുന്ന മുഴുവന്‍ പിശാചുക്കളും ഓടിയകലുന്നതാണ്. ആരെങ്കിലും രാത്രിസമയത്തെ നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നുവെങ്കില്‍ ആ രാത്രി അടുത്ത രാത്രിയോടിങ്ങനെ പറയുന്നു: “നീ ഈ മനുഷ്യന് അനുകൂലമായ അവസ്ഥയില്‍ നിലകൊളളണം. ഇദ്ദേഹത്തെ രാത്രി നിസ്കാരസമയത്ത് പതിവുപോലെ വിളിച്ചുണര്‍ത്തുകയുംവേണം”. ഇത്തരക്കാര്‍ മരിച്ചാല്‍ സുന്ദരമായ രൂപംപൂണ്ട് ഖുര്‍ആന്‍ ഇവരുടെ തലഭാഗത്ത് വന്നെത്തുന്നതാണ്. ബന്ധുക്കള്‍ മയ്യിത്ത് കുളിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും ഖുര്‍ആന്‍ ചാരത്തുതന്നെ നില്‍ക്കുമത്രെ. മയ്യിത്ത് കട്ടിലില്‍വെച്ചു കഴിഞ്ഞാല്‍ പ്രസ്തുത രൂപം മയ്യിത്തിന്റെ കഫന്‍പുടവക്കു മീതം നെഞ്ചിന്റെ ഭാഗത്തേക്ക് നീങ്ങുന്നതാണ്. അവസാനം മയ്യിത്തിനെ ഖബറില്‍വെച്ച് എല്ലാവരും പിരിഞ്ഞാല്‍ മുന്‍കര്‍(അ),നകീര്‍(അ) എത്തുമ്പോള്‍ ഈ രൂപം അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതാണ്. ഈ രൂപത്തോട് മലകുകള്‍ പറയും: “നിങ്ങള്‍ മാറിനില്‍ ക്കുക. ഞങ്ങളിയാളെ ചോദ്യം ചെയ്യട്ടെ”.

അപ്പോള്‍ ഖുര്‍ആന്റെ ആ രൂപം ഇങ്ങനെ പ്രതികരിക്കുന്നതാണ്. ‘കഅ്ബയുടെ നാഥനെത്തന്നെയാണ് സത്യം. ഇയാള്‍ എന്റെ കൂട്ടുകാരനും ആത്മസുഹൃത്തുമായിരുന്നു. ഒരവസ്ഥയിലും ഇദ്ദേഹത്തെ വിട്ടുപിരിയാന്‍ ഞാനൊരുക്കമല്ല. നിങ്ങള്‍ക്ക് വല്ലതും ചോദിക്കാനാജ്ഞയുണ്ടെങ്കില്‍ അത് നിങ്ങള്‍ നടത്തിക്കൊള്ളുക. ഈ മനുഷ്യന്‍ സ്വര്‍ഗത്തില്‍ കടക്കുന്നതുവരെ വിട്ടുപിരിയാന്‍ ഞാനൊരുക്കമല്ല. തുടര്‍ന്ന് ആ രൂപം മയ്യിത്തിനോടിങ്ങനെ പറയുമത്രെ. ‘പ്രിയ സുഹൃത്തേ, നിങ്ങള്‍ ശാന്തമാവുക, സന്തോഷിക്കുക. ഞാ നുണ്ട് നിങ്ങള്‍ക്ക് കൂട്ടുകാരനായി. ഞാന്‍ നിങ്ങള്‍ക്ക് സത്യവാനായ അയല്‍വാസിയും ആത്മസുഹൃത്തും സന്തതസഹചാരിയുമാകുന്നു. അതുകൊണ്ട് നിങ്ങള്‍ ഭയക്കേണ്ടതില്ല”.

ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ആ മയ്യിത്ത് ചോദിക്കും. ‘നിങ്ങളാരാണ്?’ ആ രൂപം മറുപടി പറയും: ‘നിങ്ങള്‍ രാത്രി ഉറക്കൊഴിച്ചു പാരായണം ചെയ്ത ഖുര്‍ആനാണ് ഞാന്‍. ഉറക്കെയും പതുക്കെയും നിങ്ങളെന്നെ പാരായണം ചെയ്തില്ലേ. നിങ്ങളെന്നെ എത്ര യോ ഇഷ്ടപ്പെട്ടു. ഞാന്‍ നിങ്ങള്‍ക്കൊരു ഹരവും ആനന്ദവുമായിരുന്നുവല്ലോ. ഇന്നു ഞാന്‍ നിങ്ങളെ ഇഷ്ടപ്പെട്ടതുകാരണം അല്ലാഹുവും നിങ്ങ ളെ ഇഷ്ടപ്പെട്ടിരിക്കുന്നു. മുന്‍കര്‍ നകീറി(അ)ന്റെ ആഗമനത്തിനുശേഷം നിങ്ങള്‍ക്ക് യാതൊരു വിഷമവും ഇനി വരാനില്ല. ഒരുപേടിയും വേണ്ട.

മുന്‍കര്‍ നകീര്‍(അ) ചോദ്യങ്ങള്‍ ചോദിച്ചു സ്ഥലം വിട്ടു കഴിഞ്ഞാല്‍ പിന്നെ ഖബറില്‍ ഖുര്‍ആനും ആ മനുഷ്യനും മാത്രമാകും. ഖുര്‍ആന്‍ അയാളോട് പറയുമത്രെ: ‘ഞാന്‍ നിങ്ങള്‍ക്ക് സുന്ദരവും നൈര്‍മ ല്യം നിറഞ്ഞതുമായ വിരിപ്പു വിരിച്ചുതരാം. നിങ്ങളുടെ കാതും ഖല്‍ബും കണ്ണുമെല്ലാം എനിക്കുവേണ്ടി അര്‍പ്പിച്ചതിനു പകരമായി മനോഹരമായ വിരിപ്പു ഞാന്‍ നല്‍കാം. സുന്ദരമായ കിടപ്പാടം ഒരുക്കിത്തരാം’. ഖുര്‍ആന്‍ വാനലോകത്തേക്ക് കണ്ണുയര്‍ത്തും. അപ്പോള്‍ അല്ലാഹു ആ വിരിപ്പ് നല്‍കുന്നതാണ്. ആറാം ആ കാശത്തു നിന്ന് ആയിരം മലകുകളും അവതരിക്കുന്നതാണ്. അവര്‍ വന്ന് ഈ മനുഷ്യന് സലാം പറയും. ഈ അവസരത്തില്‍ ഖുര്‍ആന്‍ പറയും: ‘ഇനി നിങ്ങള്‍ക്കെന്തു പേടിക്കാന്‍. ഞാന്‍ നിങ്ങള്‍ക്കുവേണ്ടി അല്ലാഹുവിനോട് ആവശ്യപ്പെട്ടതെല്ലാം ഇതാ എത്തിയിരിക്കുന്നു. നിങ്ങള്‍ എഴുന്നേ ല്‍ക്കുക. മലകുകള്‍ ആ വിരിപ്പുകള്‍ നിങ്ങള്‍ക്ക് വിരിച്ചുതരുന്നതാണ്’. (തുടര്‍ന്ന് ആ ഖബറിടം വിശാലമാക്കപ്പെടുന്നതാണ്. ഏകദേശം 400 വര്‍ഷത്തെ യാത്രാ ദൈര്‍ഘ്യമുണ്ടാകും പ്രസ്തുത ഖബറിന്റെ അപ്പോഴത്തെ വിശാലത. അതില്‍ മലകുകള്‍ പച്ചപ്പട്ടു വിരിക്കുന്നതാണ്. കസ്തൂരി ഗന്ധമുള്ള മൃദുലമായ വിരിപ്പിനു പുറമെ തലയിണകളും മറ്റു രാജകീയ സൌകര്യങ്ങളും ഒരുക്കുന്നതാണ്. തലഭാഗത്ത് സ്വര്‍ണാലംകൃതമായ വിളക്കു കത്തിച്ചുവെക്കും. അന്ത്യദിനം വരെ പ്രഭ പരത്തുന്ന ഒരു വിളക്കുമാടം കാലിന്റെ ഭാഗത്തും സ്ഥാപിക്കുന്നതാണത്രെ. തുടര്‍ന്ന് മലകുകള്‍ ഈ മനുഷ്യനെ വലതു ഭാഗത്തേക്ക് ഖിബ്ലക്കുനേരെ ചെരിച്ചു കിടത്തുന്നതാണ്. ആ വന്ന ആയിരം മലകുകള്‍ അദ്ദേഹത്തിന് ആശീര്‍വാദങ്ങള്‍ നല്‍കി വാനാരോഹണം ചെയ്യും. അയാള്‍ വിരിപ്പില്‍ കിടന്ന് ഇമവെട്ടാതെ അവരുടെ വാനലോക പ്രവേശത്തെ നോക്കിക്കാണുന്നതാണ്”.

നബി(സ്വ) പറഞ്ഞു: ‘നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് പരലോകത്ത് ശിപാര്‍ശകനായെത്തുന്നതാണ്. ആലുഇംറാന്‍, അല്‍ബഖറ എന്നീ സൂറത്തുകള്‍ പാരായണം ചെയ്തവര്‍ക്ക് മഹ്ശറയില്‍ ഒരു മേഘം കണക്കെ അത് തണല്‍ വിരിക്കുന്നതാണ്’ (അഹ്മദ്).

ഖുര്‍ആന്‍ പാരായണത്തിന്റെ മഹത്വത്തെപ്പറ്റി ചുരുക്കം ചില ഹദീസുകളാണിവിടെ ഉദ്ധരിച്ചത്. ഈ വി ഷയത്തില്‍ ഓരോ സൂറത്തിന്റെയും ചില ആയത്തുകളുടെയുമെല്ലാം മാഹാത്മ്യം പ്രകാശിപ്പിക്കുന്ന നബിവചനങ്ങള്‍ ഉദ്ധരിക്കാന്‍ ഒരു വലിയ ഗ്രന്ഥം തന്നെ വേണ്ടിവരും