നോമ്പുതുറ
നോമ്പുതുറയുമായി ബന്ധപ്പെട്ട ചില ഹദീസുകളും കര്‍മവിധികളും കാണുക. സഹ്ല് ബിന്‍ സ’അ്ദില്‍ നിന്നു നിവേദനം. നബി(സ്വ) പറഞ്ഞു: “നോമ്പു തുറക്കാന്‍ സമയമായെന്നുറപ്പായാല്‍ പെട്ടെന്നുതന്നെ അത് ചെയ്യുന്നത് ജനങ്ങള്‍ക്ക് നന്മയല്ലാതെ വരുത്തുന്നതല്ല” (ബുഖാരി, മുസ്ലിം).
അബൂഅത്വിയ്യ(റ) പറയുന്നു: “ഞാനും വന്ദ്യരായ മസ്റൂഖും ആഇശാബീവിയുടെ സവിധത്തില്‍ ചെന്നു ചോദിച്ചു. പ്രിയ മാതാവേ, സ്വഹാബികളില്‍ രണ്ടുപേര്‍ നോമ്പുതുറയുടെ കാര്യത്തില്‍ ഭിന്നത പുലര്‍ത്തുന്നത് കാണാന്‍ കഴിഞ്ഞു. ഒരാള്‍ സമയമായാല്‍ പെട്ടെന്നു തുറക്കുകയും നിസ്കരിക്കുകയും ചെയ്യുന്നു. അപരന്‍ നോമ്പു തുറ വൈകിയാണ് നടത്തുന്നത്. നിസ്കാരവും അല്‍പ്പം വൈകിച്ചാണ് നിര്‍വഹിക്കുന്നത്. ആരാണ് നോമ്പുതുറ ഉടനെ നിര്‍വഹിക്കുന്ന വ്യക്തി? അവര്‍ അന്വേഷിച്ചു. അബ്ദുല്ലാഹിബ്ന് മസ്’ഊദ്(റ)യാണ്. ഞങ്ങള്‍ പറഞ്ഞു. അപ്പോള്‍ മഹതി പറഞ്ഞു. നബിതങ്ങള്‍ അങ്ങനെയായിരുന്നു ചെയ്തിരുന്നത്. നോമ്പുതുറക്കാന്‍ സമയമായാല്‍ പിന്നെ തങ്ങള്‍ താമസിപ്പിക്കാറുണ്ടായിരുന്നില്ല. നിസ്കാരത്തിന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു’ (മുസ്ലിം).
അബൂഹുറയ്റ(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു. അല്ലാഹു പറയുന്നു: ‘എന്റെ ദാസന്മാരില്‍ നിന്ന് ഞാനേറ്റവും ഇഷ്ടപ്പെടുന്ന വിഭാഗം നോമ്പു തുറക്കാന്‍ സമയമായാല്‍ വൈകാതെ അത് നിര്‍വഹിക്കുന്നവരാണ്’
കര്‍മ്മവിധികള്‍
സൂര്യാസ്തമനം ബോധ്യമായാല്‍ ഉടനെ നോമ്പ് തുറക്കലും സുന്നതാണ്. നടന്നുപോകുന്ന അവസരത്തിലാണ് സമയമാകുന്നതെങ്കില്‍ അപ്പോള്‍ തന്നെ വഴിയില്‍വെച്ച് നോമ്പുതുറക്കണം. സമയമായോ ഇല്ലേ എന്നു സംശയിക്കുന്ന സന്ദര്‍ഭത്തില്‍ ഉറപ്പാകാതെ നോമ്പുതുറക്കല്‍ നിഷിദ്ധമാണ്. നോമ്പുതുറന്ന ശേഷം നിസ്കരിക്കലാണ് സുന്നത്ത്. എന്നാല്‍ നോമ്പുതുറക്കാന്‍ നിന്നാല്‍ ജമാഅത്തോ, തക്ബീറതുല്‍ ഇഹ്റാമിന്റെ ശ്രേഷ്ഠതയോ നഷ്ടപ്പെടുമെന്നുണ്ടെങ്കില്‍ നോമ്പുതുറ പിന്തിക്കാവുന്നതാണ്. ജമാഅത്തും നിസ്കാരവും നോമ്പുതുറന്നതിനു ശേഷം ത ന്നെയാണ് നടത്തേണ്ടത്. നോമ്പ് തുറക്കുന്നത് കാരക്ക(ഉണങ്ങിയത്) കൊണ്ടായിരിക്കുന്നതും സുന്നതാണ്. എന്നാല്‍ ഈത്തപ്പഴം(പഴുത്തത്) കൊണ്ട് തുറക്കലാണ് ഏറ്റവും നല്ലത്. അത് മൂ ന്ന് എണ്ണം കൊണ്ടുമായിരിക്കലാണ് പരിപൂര്‍ണമായത്. ഇതില്ലെങ്കില്‍ പിന്നെ വെള്ളം ഉപയോഗിച്ച് കൊണ്ടായിരിക്കലാണ് സുന്നത്ത്. സംസം വെള്ളമായിരുന്നാല്‍ പോലും അതിനെക്കാളുത്തമം കാരക്ക തന്നെ.
പക്ഷേ, കാരക്ക ലഭിക്കാന്‍ സമയം പിന്തുന്ന പക്ഷം അത് പ്രതീക്ഷിച്ചിരിക്കുന്നതിലേറെ പരിഗണനീയമായത് വെള്ളം ഉപയോഗിച്ച് കൊണ്ടായാലും നോമ്പ് തുറക്കലിനെ മുന്തിക്കലാണ്. കൂടുതലും ഹറാമിന്റെ കലര്‍പ്പുള്ള കാരക്കയെക്കാളുത്തമം ഹറാമിന്റെ കലര്‍പ്പ് കുറഞ്ഞ വെള്ളം തന്നെയാണെന്ന് ഇമാം ഇബ്നുഹജര്‍(റ) പ്രസ്താവിച്ചിട്ടുണ്ട്. കാരക്ക ഇല്ലെങ്കില്‍ പി ന്നെ ശ്രേഷ്ഠമായത് വെള്ളം തന്നെയാണെന്ന് ഇമാം നവവി(റ)യും റാഫി’ഈ(റ)യും പ്രസ്താവിച്ചിട്ടുണ്ട്. അപ്പോള്‍ വെള്ളത്തെക്കാളുത്തമമായത് മധുരമുള്ള മറ്റേതെങ്കിലും വസ്തുക്കളാണെന്ന ചിലരുടെ അഭിപ്രായം ബലഹീനമാകുന്നു. കാരക്കയുടെ സ്ഥാനം മുന്തിരിക്കുണ്ടെന്ന അഭിപ്രായം ബലഹീനമായത് പോലെ തന്നെ. വെള്ളമില്ലെങ്കില്‍ നോമ്പുതുറക്കാന്‍ നല്ലത് വേവിക്കാതെ കഴിക്കുന്ന മധുരമുള്ള വസ്തുക്കളാണ്. മുന്തിരി, തേന്‍ എന്നിവ ഉദാഹരണം. സൂര്യനസ്തമിച്ച ഉടനെ, നോമ്പ് തുറക്കുന്നതിന് മുമ്പ് വെള്ളം വായിലെടുത്തു ചുഴറ്റിത്തുപ്പുന്നത് കറാഹത്താണ്. അത് ഉച്ചക്കുശേഷം ബ്രഷ് ചെയ്യുന്നത് പോലെയാണ്.
“അല്ലാഹുമ്മ ലക സ്വുംതു വ’അലാ രിസ്ഖ്വിക അഫ്ത്വര്‍തു’(അല്ലാഹുവേ നിനക്ക് വേണ്ടി ഞാന്‍ നോമ്പനുഷ്ഠിച്ചു. നിന്റെ രിസ്ഖ്വ് കൊണ്ട് ഞാന്‍ നോമ്പ് തുറക്കുകയും ചെയ്തു) എന്ന ദിക്റ് നോമ്പ് തുറന്ന ഉടനെ ചൊല്ലല്‍ സുന്നതാണ്. വെള്ളം കൊണ്ടാണ് നോമ്പ് തുറക്കുന്നതെങ്കില്‍ അവന്‍ ഇങ്ങനെ കൂടി പറയലും സുന്നതാണ്. ദഹബ ള്ള്വമഉ വബ്തല്ലതില്‍ ഉറൂഖ്വു വ സബതല്‍ അജ്റു ഇന്‍ശാ അള്ളാ’ (ദാഹമെല്ലാം പോയി. ഞരമ്പുകളെല്ലാം നനഞ്ഞു. അല്ലാഹു ഉദ്ദേശിച്ചെങ്കില്‍ പ്രതിഫലം സ്ഥിരപ്പെട്ടു.)
നോമ്പു തുറപ്പിക്കല്‍
നോമ്പനുഷ്ഠിച്ചവരെ നോമ്പ് തുറപ്പിക്കലും സുന്നത് തന്നെ. കഴിയുമെങ്കില്‍ വൈകുന്നേരം ഭക്ഷണവും അവര്‍ക്ക് നല്‍കണം. ഇല്ലെങ്കില്‍ പിന്നെ കേവലം നോമ്പ് തുറപ്പിക്കല്‍ തന്നെ. ഭക്ഷ ണം നല്‍കുമ്പോള്‍ അവരുടെ കൂടെ ഇരുന്ന് ഭക്ഷിക്കലാണ് ശ്രേഷ്ഠമായത്.
എന്നാല്‍ കളവ് പറയല്‍, പരദൂഷണം, ഏഷണി തുടങ്ങിയ നോമ്പിന്റെ പ്രതിഫലം ഇല്ലാതാക്കുന്ന കാര്യങ്ങള്‍ ചെയ്തു കൊണ്ടിരുന്ന നോമ്പുകാരനെ നോമ്പ് തുറപ്പിക്കല്‍ പ്രതിഫലാര്‍ഹമാണോ? എന്നതില്‍ ആശങ്കയുണ്ടെന്നാണ് പണ്ഢിതന്മാര്‍ പറയുന്നത്. എങ്കിലും അല്ലാഹുവിന്റെ വിശാലമായ ഔദാര്യത്തോട് അനുയോജ്യമായി തോന്നുന്നത് നോമ്പ് തുറപ്പിച്ചവന് പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് . കാരണം പ്രതിഫല ലബ്ധിയാണല്ലോ അവന്റെ ഉദ്ദേശ്യം.
പരസ്പരം സ്നേഹവും സൌഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനും റമള്വാന്‍കാല ആത്മീയാവേശം അ പരന് പകരാനുമെല്ലാം ഇത് കളമൊരുക്കുന്നു. നോമ്പു തുറപ്പിക്കുന്നതിനു പ്രോത്സാഹനം നല്‍ കുന്ന ചില നബിവചനങ്ങള്‍ കാണുക. സൈദുബ്ന്‍ ജഹനി(റ)വില്‍ നിന്ന്. നബി(സ്വ) പറ ഞ്ഞു: ‘ആരെങ്കിലും ഒരു നോമ്പുകാരനെ തുറപ്പിച്ചാല്‍ ആ നോമ്പുകാരനു ലഭിക്കുന്നത് പോലെയുള്ള പ്രതിഫലം തുറപ്പിച്ചവനും പ്രതീക്ഷിക്കാവുന്നതാണ്. നോമ്പുകാരന്റെ പ്രതിഫലത്തിനു യാതൊരുകുറവും ഇതുവരുത്തുന്നതല്ല’(തിര്‍മുദി, നസാഇ, ഇബ്നുമാജ, ഇബ്നുഖുസൈമ, ഇബ്നുഹിബ്ബാന്‍).
നബി(സ്വ) പറഞ്ഞു: ‘ഒരു യോദ്ധാവിനെയോ ഹജ്ജ് യാത്രക്കാരനെയോ ഒരുക്കിയയക്കുക, അവന്റെ വീട്ടുകാര്യങ്ങള്‍ ഏറ്റെടുക്കുക, നോമ്പുകാരനെ നോമ്പ് തുറപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ആരെങ്കിലും ചെയ്താല്‍ ഇവര്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിനു സമാനമായ പ്രതിഫലം ആ പ്രവര്‍ത്തിച്ചവനും ഉറപ്പിക്കാവുന്നതാണ്’ (ഇബ്നുഖുസൈമ, നസാഇ) സല്‍മാന്‍(റ)വില്‍ നിന്ന്. നബി(സ്വ) പറഞ്ഞു: ‘ഹലാലായ അന്നപാനാദികള്‍ നല്‍കി ആരെയെങ്കിലും നോമ്പു തുറപ്പിച്ചാല്‍ തുറപ്പിച്ചവനുവേണ്ടി റമള്വാന്‍ കാലത്ത് മലകുകള്‍ പാപമോചനത്തിനു പ്രാര്‍ഥന നടത്തുന്നതാണ്. കൂടാതെ ലൈലതുല്‍ ഖദ് റില്‍ മാലാഖമാരുടെ നായകന്‍ ജിബ്രീല്‍(അ) ഇവനുവേണ്ടി അല്ലാഹുവില്‍ കരുണാകടാക്ഷത്തിന് കേഴുന്നതുമാണ്. (ലൈലതുല്‍ഖദ്റില്‍ ജിബ്രീല്‍ ഇയാളെ കൈപിടിച്ച് ആശ്ളേഷിക്കുന്നതാണെന്നും ഒരു നിവേദനത്തില്‍ കാണാം) (ത്വബ്റാനി, ഇബ്നുഹിബ്ബാന്‍).
സല്‍മാന്‍(റ)വില്‍ നിന്ന്; നബിതങ്ങള്‍ പഠിപ്പിച്ചു. ‘റമള്വാന്‍ മാസത്തില്‍ നോമ്പുതുറപ്പിക്കുന്നവരുടെ പാപങ്ങള്‍ പരിഹരിക്കപ്പെടുന്നതാണ്. നരകമോചനത്തിനു തന്നെ അത് നിമിത്തമാകും. നോമ്പുകാരന് ലഭിക്കുന്നത് പോലുള്ള പ്രതിഫലം തുറപ്പിക്കുന്നവനും ലഭിക്കുന്നതാണ്. ഇതുകേട്ടപ്പോള്‍ സ്വഹാബത്ത് ആവലാതിപ്പെട്ടു. നബിയേ, ഞങ്ങളില്‍ എല്ലാവര്‍ക്കും നോമ്പുതുറപ്പിക്കാനുള്ള സാമ്പത്തിക ശേഷിയില്ലല്ലോ. പ്രവാചകര്‍ പറഞ്ഞു: ‘ഒരു കാരക്കയോ അല്‍പ്പം വെള്ളമോ പാലോ നല്‍കിയാണ് നോമ്പ് തുറപ്പിച്ചതെങ്കിലും ഈ പ്രതിഫലം നേടാവുന്നതാണ്’ (ഇബ്നുഖുസൈമ).
ദാന ധര്‍മ്മം പൊതുവെ പുണ്യമുള്ളതായിരിക്കേ റമള്വാനില്‍ അതിനെ വര്‍ധിപ്പിക്കല്‍ ശക്തിയുള്ള സു ന്നതാണ്. റമള്വാനിലെ അവസാനത്തെ പത്തില്‍ വളരെ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതും. സന്താനങ്ങള്‍ ക്ക് ഭക്ഷണകാര്യങ്ങളിലും മറ്റും വിശാലത ചെയ്തു കൊടുക്കലും കുടുംബങ്ങള്‍ക്കും അയല്‍വാസികള്‍ക്കും കാരുണ്യം ചെയ്യലും സുന്നതാണ്. നബി(സ്വ)യോട് അനുകരിക്കാനാണിത്.