ദാരുണ മരണത്തിനോ ആത്മഹത്യക്കോ ഇടവരുത്തുന്ന പീഡനമാണ് റാഗിംഗ് മുറകളില്‍ ഏറ്റവും ഗുരുതരമായത്. അശ്ളീല ഫലിതങ്ങളാണ് ഏറ്റവും ലഘുവായത്. ശാരീരിക പീഡനം, മാനസികപീഡനം, ലൈംഗികാക്രമണം, ധനാപഹരണം, മാനഭംഗപ്പെടുത്തല്‍ ആദിയായവയാണ് ഇടനിലമുറകള്‍. ഇവയെല്ലാം ഹറാമും കുറ്റകരവുമാണ്. അന്യായമായി ആരെയും വധിക്കാന്‍ പാടില്ല. അതിനു പ്രേരിപ്പിക്കാനും കാരണം സൃഷ്ടിക്കാനും പാടില്ല. ആത്മഹത്യയും അതിനു ഹേതുവാകുന്ന പ്രവര്‍ത്തനങ്ങളും മഹാപാതകങ്ങളാണ്. വിശ്രുതകര്‍മശാസ്ത്ര പണ്ഢിതനായ ഇബ്നുഹജര്‍(റ) തന്റെ സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ തെളിവുകള്‍ നിരത്തി മഹാപാപങ്ങള്‍ വിശദീകരിച്ചപ്പോള്‍, ഒരു മുസ്ലിമിനെയോ അമുസ്ലിം പൌരനെയോ വധിക്കുക, ആത്മഹത്യ ചെയ്യുക, നിഷിദ്ധമായ വധത്തിനു സഹായിക്കുക, അതു ചെറുക്കാതെ കണ്‍ടുനില്‍ക്കുക, വധത്തിനു കാരണം സൃഷ്ടിക്കുക ഇവയെല്ലാം വന്‍കുറ്റങ്ങളില്‍പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്‍ട്. മാത്രമല്ല, ഒരു മുസ്ലിമിനെയോ അമുസ്ലിം പൌരനെയോ അന്യായമായി അടിക്കുന്നതും വന്‍കുറ്റമാണ്. ഒരു മുസ്ലിമിനെ ഭീഷണിപ്പെടുത്തുന്നതും അവനുനേരെ ആയുധം ചൂണ്‍ടുന്നതും അവന്റെ ധനം ഒളിപ്പിച്ചു ഭീതിപ്പെടുത്തുന്നതും മഹാപാപങ്ങളുടെ കൂട്ടത്തില്‍ തന്നെ എണ്ണിയിട്ടുണ്‍ട് (സവാജിര്‍ 2/97-98 നോക്കുക).

മൃഗത്തെപ്പോലും അനാവശ്യമായി അടിച്ചുവേദനിപ്പിക്കാന്‍ പാടില്ല; അനിവാര്യഘട്ടത്തില്‍ തന്നെ അസഹ്യമായി വേദനിപ്പിക്കാന്‍ പാടില്ല (നിഹായ 7/242, സവാജിര്‍ 2/87).

ഒരു ജീവിയെയും മാനസികമായിപ്പോലും പീഡിപ്പിക്കാന്‍ പാടില്ല. അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറയുന്നു: “ഞങ്ങള്‍ റസൂലുല്ലാഹി(സ്വ)യുടെ കൂടെ ഒരു യാത്രയിലായിരുന്നു. അപ്പോള്‍ തിരുമേനി(സ്വ) തന്റെ ആവശ്യനിര്‍വഹണത്തിനുപോയി. ഞങ്ങള്‍ തദവസരം ഒരു അടക്കാക്കിളിയെ കണ്‍ടു. അതിന്റെ കൂടെ രണ്‍ടു കുഞ്ഞുങ്ങളുമുണ്‍ടായിരുന്നു. കുഞ്ഞുങ്ങളെ പിടിച്ചുവെച്ചു. അടക്കാക്കിളി വന്നു ചിറകുവിടര്‍ത്തി വട്ടമിട്ടു പറക്കാന്‍ തുടങ്ങി. തിരുമേനി(സ്വ) തിരിച്ചെത്തി. അപ്പോള്‍ അവിടുന്ന് പറഞ്ഞു: ഈ പക്ഷിയുടെ കുഞ്ഞുങ്ങളെ പിടിച്ചുവെച്ചു അതിനെ വേദനിപ്പിച്ചതാരാണ്? കുഞ്ഞുങ്ങളെ അതിനു തിരിച്ചുനല്‍കുക” (അബൂദാവൂദ് 2675).

മിതമായ രീതിയില്‍ ഫലിതം അനുവദനീയമാണ്. വ്യാജം കലരാതെ, പരിഹാസമില്ലാതെ, ആരെയും മാനഭംഗപ്പെടുത്താതെ, ഉപദ്രവമേല്‍പിക്കാതെ തമാശ പറയാം. നബി(സ്വ) തന്റെ അനുചരരോട് ഇവ്വിധം തമാശ പറയാറുണ്‍ടായിരുന്നു. അത് വല്ലപ്പോഴും ആവശ്യത്തിനുവേണ്‍ടി മാത്രമായിരുന്നു.

ഇമാം നവവി(റ) പറയുന്നു: “പതിവായോ അമിതമായോ നടത്തുന്ന ഫലിതമാണ് നിരോധിതമായ തമാശ. ഇത് അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണയില്‍ നിന്നും സുപ്രധാനമായ മതകാര്യങ്ങളെക്കുറിച്ചുള്ള ചിന്തയില്‍ നിന്നും മനുഷ്യനെ അശ്രദ്ധനാക്കുന്നു. മിക്കപ്പോഴും മറ്റുള്ളവരെ വേദനിപ്പിക്കാന്‍ അത് ഇടവരുത്തുകയും ചെയ്യുന്നു. അങ്ങനെ പക സൃഷ്ടിക്കുകയും ചെയ്യുന്നു. മാത്രവുമല്ല, ഗാംഭീര്യവും വ്യക്തിത്വവും നഷ്ടപ്പെടുത്തുന്നു. ഈ ദോഷവശങ്ങളില്‍ നിന്നു രക്ഷപ്പെട്ടിട്ടുള്ള ഫലിതമാണ് അനുവദനീയമായ തമാശ. അല്ലാഹുവിന്റെ റസൂല്‍ അപൂര്‍വമായി നടത്തിയിരുന്നത് ഈയിനം തമാശയായിരുന്നു. അതാകട്ടെ സദസ്സിന്റെ മനോവിഷമം സാന്ത്വനപ്പെടുത്തുവാനും വേണ്‍ടിയായിരുന്നു. അപ്രകാരമുള്ള ഫലിതം അഭികാമ്യമായ ചര്യയാകുന്നു”(മിര്‍ഖാത്, അലിഖാരി 9/171).

ചിരിക്കാന്‍ വേണ്‍ടി മാത്രം കഥകളോ വാര്‍ത്തകളോ മെനഞ്ഞുണ്‍ടാക്കാന്‍ പാടില്ല; അത് കുറ്റകരമാണ്. അശ്ളീലമോ നുണയോ പറഞ്ഞു സദസ്യരെ ചിരിപ്പിക്കുന്നതും അത്തരം സദസ്സില്‍ പങ്കെടുക്കുന്നതും ഹറാമാണ് (ഫത്ഹുല്‍ മുഈന്‍ 380). ചുരുക്കത്തില്‍ റാഗിംഗിന്റെ ഏറ്റവും ലഘുവായ മുറപോലും നിഷിദ്ധമാണെന്നു വരുന്നു.