മുടിക്ക് കറുത്ത ചായം കൊടുക്കുന്നതിന്റെ വിധി ത്വഹാറത്തിന്റെ വെള്ളം ചേരുന്നതിന്ന് ചായം തടസ്സമാവലും ഇല്ലാതിരിക്കലും മാനദണ്ഡമാണോ?
ഉത്തരം; ഇമാം നവവി (റ) പറയുന്നു; താടിക്കും തലക്കും കറുപ്പ് ചായം കൊടുക്കൽ ആക്ഷേപിക്കപ്പെട്ടതാണെന്ന് കർമ്മ ശാസ്ത്ര പണ്ഡിതൻമാർഏകോപിച്ച വിഷയമാണ്. പക്ഷേ ഇമാം ഗസ്സാലി (റ)ഇഹ്യാഇലും ഇമാം ബഗവി (റ) തഹ്ദീബിലും അത് പോലെ മറ്റ് ചിലരും ഇത് കറാഹത്താണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഹറാമാണെന്നുള്ളതാണ് പ്രബലാഭിപ്രായം. എന്നല്ല; അതാണ് വാസ്തവവും, ഇബ്നു അബ്ബാസ് (റ) വഴിയായി അബൂദാവൂദും(റ), നസാഇ (റ)യും മറ്റും നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. നബി (സ) പറഞ്ഞു: “പിൽകാലത്ത് മുടിക്ക് കറുപ്പ് ചായം കൊടുക്കുന്ന ഒരു വിഭാഗം വരും. അവർ സ്വർഗ്ഗത്തിന്റെ വാസന പോലും എത്തിക്കില്ല”. ഈ വിഷയത്തിൽ സ്ത്രീകളും പുരുഷന്മാരും സമമാണ്. (ശർഹുൽ മുഹദ്ദബ് വാ:1, പേ:294)
ഈ പറഞ്ഞതിൽ നിന്ന് മുടി കറുത്തതാണെങ്കിലും കറുപ്പ് ചായം കൊടുക്കൽ നിഷിദ്ധമാണെന്ന് ഗ്രഹിക്കാം. എന്നാൽ ചില ഫിഖ്ഹ് ഗ്രന്ഥ ങ്ങളിൽ തന്നെ നരച്ച മുടിക്ക് കറുപ്പ് ചായം കൊടുക്കൽ നിഷിദ്ധമാണെന്ന് കാണാം. ഇതിൽ നിന്ന് മുടി കറുത്തതാണെങ്കിൽ കറുത്ത ചായം കൊടു ക്കൽ ഹറാമില്ലെന്ന് ഗ്രഹിക്കാവുന്നതല്ല. – വെള്ളം ചേരലും ചേരാതിരിക്കലുമല്ല മാനദണ്ഡം. പക്ഷെ, അതിനെ ആശ്രയിച്ച് നിൽക്കുന്നതാണ് വുളുഅ്, കുളി എന്നിവയുടെ സാധുതയും അസാധുതയും.
എന്നാൽ യുദ്ധത്തിൽ പുരുഷന്മാർക്ക് ഇതിൽ ഇളവുണ്ടെന്ന് ശറഹുൽ മുഹദ്ദബ് വാ:1, പേ:294ൽ പ്രസ്താവിച്ചിട്ടുണ്ട്.