ചില പള്ളികളില്‍ മാത്രം വാങ്ക് കൊടുത്ത് മറ്റെല്ലാ പള്ളികളിലും ആധുനിക രീതികള്‍ ഉപയോഗിച്ച് അതേ വാങ്ക് തന്നെ എത്തിക്കുന്ന രീതി പല നാടുകളിലും കണ്ടുവരുന്നു. ഇങ്ങനെ ചില പള്ളികളില്‍ മാത്രം വാങ്ക് കൊടുത്താല്‍ മതിയാകുമോ?
മതിയാകില്ല. ഇമാം നവവി(റ) പറയുന്നു: അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന പള്ളികളില്‍ ചിലതിലെ വാങ്ക് കൊണ്ട് മറ്റുള്ളവര്‍ മതിയാക്കാതിരിക്കല്‍ സുന്നത്താണ്. മറിച്ച്, എല്ലാ ഓരോ പള്ളിയിലും വാങ്ക് കൊടുക്കണം. ഈ വിഷയം സ്വാഹിബുല്‍ ഉദ്ദയും മറ്റു പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട് (ശറഹുല്‍ മുഹദ്ദബ്: 3/128).
ഇബ്നു ഹജര്‍(റ) എഴുതി: ഒരു നാടിന്‍റെ അറ്റത്തുനിന്ന് വാങ്ക് കൊടുത്താല്‍ കൊടുത്ത നാട്ടുകാര്‍ക്കാണ് സുന്നത്ത് ലഭിക്കുക. മറ്റുള്ളവര്‍ക്കല്ല-മറ്റ് നാട്ടുകാര്‍ വാങ്ക് കേട്ടാലും ശരി (തുഹ്ഫതുല്‍ മുഹ്താജ്: 1/ 491).
‘സമയമറിയിക്കുക’ എന്ന വാങ്കിന്‍റെ പ്രധാന ഉദ്ദേശ്യവും ഇത്തരം ആധുനിക സംവിധാനങ്ങള്‍ കൊണ്ട് കൃത്യമായി ലഭിക്കണമെന്നില്ല. കാരണം നാടിന്‍റെ സൂര്യോദയ സമയം മാറുന്നതനുസരിച്ച് വാങ്കിന്‍റെ സമയവും മാറും. കിഴക്കന്‍ നാടുകളില്‍ നിസ്കാര സമയം പ്രവേശിച്ചത് കൊണ്ട് പടിഞ്ഞാറന്‍ നാടുകളില്‍ സമയമാകണമെന്നില്ല. അപ്പോള്‍ സമയമറിയിക്കുക എന്ന ലക്ഷ്യവും ഇല്ലാതാകും.