يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْمُشْرِكُونَ نَجَسٌ എന്ന ഖുര്‍ആനിക വചനത്തിന്റെയും മുസ്ലിം നജസാവുകയില്ല എന്ന നബിവചനത്തിന്റെയും വിവക്ഷ എന്താണ്?
ഖുര്‍ആന്‍ വചനത്തില്‍ നജസ് എന്ന് പറഞ്ഞതുകൊണ്ട് രക്തം, ഛര്‍ദി പോലുള്ള സാങ്കേതികാര്‍ത്ഥത്തിലുള്ള നജസല്ല ഉദ്ദേശ്യം. മറിച്ച് അവരുടെ വിശ്വാസം നജസാണ് എന്നതാണതിന്റെ താല്പര്യം. നബിവചനത്തില്‍ മുഅ്മിനായ മനുഷ്യന് മരണം കൊണ്ട് നജസാവുകയില്ല എന്നതുപോലെ അമുസ്ലിമും മരണം കൊണ്ട് നജസാവുകയില്ല.
ഇമാം നവവി(റ) പറയുന്നു: മയ്യിത്ത് ശുദ്ധിയുള്ളതാണ്. അതുകൊണ്ടാണ് കുളിപ്പിക്കപ്പെടുന്നത്. മുസ്ലിം ജീവനോടെയും മരിച്ചാലും നജസാവില്ലെന്നതാണ് മതനിയമം. ശുദ്ധിയുടെയും നജസിന്റെയും വിഷയത്തില്‍ അമുസ്ലിമിന്റെയും മുസ്ലിമിന്റെയും വിധി ഒന്നുതന്നെയാണ്. ഈ വിഷയത്തില്‍ ശാഫിഈ മദ്ഹബിന്റെയും ബഹുഭൂരിഭാഗം പണ്ഡിതന്മാരുടെയും സലഫ്, ഖലഫിന്റെയും അഭിപ്രായം ഇതുതന്നെയാണ്. ഇന്നമല്‍ മുശ്രികൂന നജസുന്‍ എന്ന ഖുര്‍ആന്‍ വചനം കൊണ്ടുള്ള ഉദ്ദേശ്യം അവരുടെ വിശ്വാസം നജസാണെന്നാണ്. അവരുടെ ശാരീരിക അവയവങ്ങളെല്ലാം മലം, മൂത്രം പോലെ നജസാണെന്ന് ഇതിനര്‍ത്ഥമില്ല. അപ്പോള്‍ മുസ്ലിമും അമുസ്ലിമും ശുദ്ധിയാണെന്ന് സ്ഥിരപ്പെട്ടാല്‍, അവന്റെ വിയര്‍പ്പും വായില്‍നിന്നു വരുന്ന നീരും കണ്ണുനീരുമെല്ലാം ശുദ്ധിയുള്ളതാകും. അത് ചെറിയ അശുദ്ധിക്കാരനോ വലിയ അശുദ്ധിക്കാരനോ ഹൈളുകാരിയോ നിഫാസുകാരിയോ ആണെങ്കിലും ശരി. ഈ വിഷയത്തിലെ മേല്‍ വിശദീകരണത്തിന് മുസ്ലിം ലോകത്തിന്റെ ഇജ്മാഉണ്ട് (ശറഹുന്നവവി അലാ സ്വഹീഹു മുസ്ലിം: 2/288).