വുളൂഇന് ആറ് അഭിവാജ്യ ഘടകങ്ങളു(ഫര്‍ളുകള്‍)ണ്ട്

(1) നിയ്യത്ത് നിര്‍വ്വഹിക്കല്‍.

 

വിശുദ്ധ ഖു ര്‍ആനിലെ മാഇദ സൂറയിലെ വുളൂഇനെ പരാമര്‍ശിക്കുന്ന വാക്യത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന പല പണ്ഢിതന്മാരും ആ വാക്യത്തില്‍ നിന്ന് തന്നെ നിയ്യത്ത് നിര്‍ബന്ധമാകുമെന്ന വിധി കണ്ടെടുത്തിട്ടുണ്ട്. ഇബ്നു ഹജറില്‍ അസ്ഖലാനി(റ) ഫത്ഹുല്‍ ബാരിയില്‍ ഇത് രേഖപ്പെടുത്തുന്നു.

നബി (സ്വ) പറഞ്ഞു : തീര്‍ച്ച, അല്ലാഹു നിങ്ങളുടെ (നിയ്യത്തില്ലാത്ത) കര്‍മ്മങ്ങളിലേക്ക് നോക്കുന്നില്ല. എങ്കിലും അവന്‍ നിങ്ങളുടെ നിയ്യത്തുകളിലേക്ക് നോക്കുന്നു.

ഇമാംശാഫിഈ(റ) പറഞ്ഞതായി മാവര്‍ദീ ഇമാം രേഖപ്പെടുത്തുന്നു. വുളൂഅ്, കുളി, എന്നീ ശുചീകരണങ്ങള്‍ നിയ്യത്തില്ലാതെ സാധുവാകില്ല,

(2) മുഖം കഴുകല്‍.

വുളൂഇന്റെ രണ്ടാമത്തെ അവിഭാജ്യ ഘടകമാണ് മുഖം കഴുകല്‍. വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായിത്തന്നെ പഠിപ്പിച്ച വിഷയവുമാണ്. നിങ്ങള്‍ നിങ്ങളുടെ മുഖങ്ങള്‍ കഴുകുക. നിസ്കാരത്തിന് വേണ്ടി മുഖം കഴുകണമെന്ന വിഷയത്തില്‍ പണ്ഢിതലോകത്ത് ഒരാള്‍ പോലും മറ്റൊരു വീക്ഷണം പ്രകടിപ്പിച്ചിട്ടില്ലെന്ന് വ്യക്തമായി ഇമാമുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മുഖം വെള്ളമുപയോഗിച്ച് കഴുകണമെന്നാണല്ലോ നിയമം. ഇക്കാരണത്താല്‍ വെള്ളം ഒഴുക്കാ തെ കേവലം നനക്കുന്നത് മതിയാവില്ലെന്നും അതിന് കഴുകലെന്ന് പറയില്ലെന്നും പണ്ഢിതന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സാധാരണ തലയിലെ മുടി മുളക്കുന്ന സ്ഥലം മുതല്‍ രണ്ട് താടിയെല്ലുകളുടെ താഴ്ഭാഗം വരെ നീളത്തിലും രണ്ട് ചെവിക്കുറ്റികള്‍ക്കിടയില്‍ അകലത്തിലുമുള്ള സ്ഥലങ്ങളാണ് മുഖമെന്ന് പറഞ്ഞത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മുഖത്തെ മീശ, താടി, പന്ന, ഇമ, പുരികം, കൃതാവ്, ഇടത്താടി തുടങ്ങിയ രോമങ്ങള്‍ മുഖത്തില്‍ പെട്ടതും കഴുകല്‍ നിര്‍ബന്ധവുമാണ്. ചുണ്ടിന്റെ ചുവന്ന ഭാഗങ്ങളും നെറ്റിയില്‍ രോമങ്ങള്‍ മുളക്കുന്ന ഭാഗവുമെല്ലാം മുഖത്തില്‍ പെട്ടതും കഴുകല്‍ നിര്‍ബന്ധവുമാണ്. ഇത്തരം രോമങ്ങള്‍ സാധാരണയില്‍ തിങ്ങി നിറയാറില്ല. ഇനി അപൂര്‍വ്വമായി ആര്‍ക്കെങ്കിലും തിങ്ങിയ രോമങ്ങളുണ്ടായാല്‍ അതിന്റെ ഉള്ളും പുറവുമെല്ലാം കഴുകല്‍ നിര്‍ബന്ധമാണ്. മുഖം മുഴുവനും കഴുകിയെന്നുറപ്പ് വരണമെങ്കില്‍ തലയുടെ അല്‍പ ഭാഗവും കൂടി കഴുകേണ്ടതനിവാര്യമാണ്. ഇക്കാരണത്താല്‍ അത് കൂടി കഴുകല്‍ നിര്‍ബന്ധമാണെന്ന് കര്‍ മ്മശാസ്ത്ര പണ്ഢിതന്മാര്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ കണ്ണിന്റെ ഉള്‍ഭാഗം കഴുകേണ്ടതില്ല. കഴുകല്‍ സുന്നത്ത് പോലുമില്ല. ചില പണ്ഢിതന്മാര്‍ കഴുകാന്‍ പാടില്ല, കറാഹത്താണെന്ന് വരെ പറഞ്ഞിട്ടുണ്ട്. കാരണം കണ്ണിന്റെ ഉള്ള് കഴുകുന്നത് കണ്ണിന്റെ സുരക്ഷയെ ബാധിക്കുന്ന തകരാറുകള്‍ക്ക് കാരണമായേക്കും. ഇക്കാര്യം തുഹ്ഫയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

(3) കൈ കഴുകല്‍. വുളൂഇന്റെ മൂന്നാം ഫര്‍ള് കൈ കഴുകലാണ്. മുന്‍കൈ, മുഴന്‍കൈ, രണ്ട് മുട്ടുകള്‍ ഉള്‍പ്പെടെ കൈകള്‍ കഴുകണം. വിശുദ്ധ ഖുര്‍ആനില്‍ ‘മുട്ടുകള്‍ ഉള്‍പ്പെടെ നിങ്ങളുടെ കൈകള്‍ കഴുകണ’മെന്ന് പഠിപ്പിക്കുന്ന വാചകമാണ് ഇതിന്റെ ആധാരം. വുളൂഇല്‍ കൈ കഴുകണമെന്നതില്‍ സമുദായത്തില്‍ ഒരു വീക്ഷണ വ്യത്യാസവുമില്ലാത്ത വിഷയമാണ്. മുട്ടുകള്‍ ഉള്‍പ്പെടെ കൈ കഴുകണമെന്നതിന് മുസ്ലിം ലോകത്തിന്റെ ഇജ്മാഉം (ഏകാഭിപ്രായം) നബി   (സ്വ)യുടെ ചര്യയും വിശുദ്ധ ഖുര്‍ആനിലെ ഉദൃത വാചകവും തെളിവാണെന്ന് ഇമാം ഇബ്നുഹജറില്‍ ഹൈതമി(റ) തന്റെ തുഹ്ഫയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇമാം മഹല്ലി(റ) രേഖപ്പെടുത്തുന്നത് കാണുക:

മുട്ടുകള്‍വരെ നിങ്ങളുടെ കൈകള്‍ കഴുകണമെന്ന് അല്ലാഹു പറഞ്ഞു. മുട്ടുവരെ എന്നര്‍ഥം വരുന്ന ഖുര്‍ആനിക പ്രയോഗത്തില്‍ മുട്ടുകളും ഉള്‍പ്പെടുമെന്നതിന് നബിയുടെ പ്രവര്‍ത്തനമാണ് തെളിവ്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു: “അബൂഹുറൈറ(റ) വുളുഅ് നിര്‍വ്വഹിച്ചു. മുഖം പൂര്‍ണ്ണമായി കഴുകി, പിന്നെ വലതു കൈ കഴുകി, തോളന്‍കയ്യിന്റെ ആദ്യഭാഗമടക്കം കഴുകി. ശേഷം ഇടതു കൈ കഴുകി. തോളന്‍കയ്യിന്റെ ആദ്യഭാഗം ഉള്‍പ്പെടെ കഴുകി. പിന്നീട് തല തടവി പിറകെ വലതു കാല്‍ കഴുകി. കണങ്കാലിന്റെ തുടക്കവും കഴുകി. പിന്നീട് അബൂഹുറൈറ(റ) ഇങ്ങനെ പറഞ്ഞു: നബി(സ്വ) ഈ രൂപത്തില്‍ വുളുഅ് നിര്‍വ്വഹിക്കുന്നത് ഞാന്‍ ക ണ്ടിരിക്കുന്നു.

മോതിരം ധരിച്ചവര്‍ കൈ കഴുകുമ്പോള്‍ മോതിരത്തിന്റെ സ്ഥലങ്ങളില്‍ വെള്ളമെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇബ്നു മാജ: ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇങ്ങനെ വന്നിട്ടുണ്ട്: അബൂറാഫിഅ്(റ) പറഞ്ഞു. നബി(സ്വ) നിസ്കാരത്തിന് വേണ്ടി വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ അവിടുത്തെ മോതിരം വിരലില്‍ വെച്ച് ചലിപ്പിക്കുമായിരുന്നു. മോതിരം ചലിപ്പിക്കല്‍ വുളൂഇന്റെ സുന്നത്തുകളില്‍ പെട്ടതായി ഇത്തരം ഹദീസുകളുടെ പശ്ചാത്തലത്തില്‍ ഇമാമുകള്‍ വിവരിച്ചിരിക്കുന്നു. മോതിരം ചലിപ്പിക്കാതെ വെള്ളമെത്തില്ലെന്ന ധാരണയുണ്ടെങ്കില്‍ ചലിപ്പിക്കല്‍ നിര്‍ബന്ധമാണെന്നും പണ്ഢിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്.

മുറിക്കപ്പെട്ട കൈ

കൈയുടെ അല്‍പഭാഗമോ മുട്ടുവരേയോ അതിനു മുകളില്‍ നിന്നോ മുറിച്ചു മാറ്റപ്പെട്ട വ്യക്തി വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ എങ്ങിനെ കഴുകും?  തുഹ്ഫയില്‍ രേഖപ്പെടുത്തുന്നു: “കൈ അല്‍പഭാഗം മുറിക്കപ്പെട്ടാല്‍ ശേഷിക്കുന്ന ഭാഗം കഴുകല്‍ നിര്‍ബന്ധമാകും. മുട്ടില്‍ നിന്ന് മുറിച്ചു മാറ്റപ്പെട്ടാല്‍ തോളെല്ലിന്റെ തുടക്ക ഭാഗം കഴുകല്‍ നിര്‍ബന്ധമാണെന്ന പണ്ഢിത വീക്ഷണമാണ് പ്രസിദ്ധമായത്. മുട്ടിന്റെ മുകളില്‍ നിന്ന് മുറിച്ചു നീക്കപ്പെട്ടുവെങ്കില്‍ തോളന്‍ കയ്യുടെ ബാക്കി ഭാഗം കഴുകല്‍ സുന്നത്താണ്” (തുഹ്ഫ).

സയാമീസ് ഇരട്ടകളുടെ വുളൂഅ്

വൈദ്യശാസ്ത്ര രംഗത്തെ പുതിയ ചര്‍ച്ചാവിഷയമാണെങ്കിലും സയാമീസ് ഇരട്ടകളെ സംബന്ധിച്ച വിശദീകരണങ്ങള്‍ക്ക് ഇസ്ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മുസ്ലിം പണ്ഢിതരുടെ ദീര്‍ഘവീക്ഷണവും കര്‍മ്മ ശാസ്ത്രത്തിന്റെ സമഗ്രതയും ഇസ് ലാമിക ശരീഅത്തിന്റെ വിശാലതയുമെല്ലാം ബോധ്യപ്പെടാനും സത്യവിശ്വാസിയുടെ വിശ്വാസം വര്‍ദ്ധിക്കാനും അത് കാരണമാകും. അതിനാല്‍ ഇത് സംബന്ധമായി വന്ന ഒരു ഉദ്ധരണി ഇവിടെ പകര്‍ ത്തുന്നു.

“ഒരു മനുഷ്യന് ഇരു മുഖം സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ രണ്ടും കഴുകല്‍ നിര്‍ബന്ധമാകും. കൈ കാലുകള്‍ മൂന്നോ അധികമോ സമമായി സൃഷ്ടിക്കപ്പെട്ടുവെങ്കില്‍ മുഴുവന്‍ കഴുകല്‍ നിര്‍ബന്ധ മാണ്. നിര്‍ബന്ധമായി കഴുകേണ്ട കൈക്കു മുകളില്‍ കൂടുതലായി സൃഷ്ടിക്കപ്പെട്ട കൈ അപൂ ര്‍ണ്ണമാണെങ്കിലും യഥാര്‍ഥ കൈ കഴുകുന്നതോടൊപ്പം അധികമുള്ള കൈയും കഴുകല്‍ നിര്‍ബന്ധമാകും. മുട്ടിന് മുകളില്‍ മുളച്ചു വന്നതും കഴുകല്‍ നിര്‍ബന്ധമായ കൈക്ക് നേരെയല്ലാതെ വളര്‍ന്നതുമായ കയ്യാണെങ്കില്‍ അത് കഴുകേണ്ടതില്ലെന്നും കഴുകല്‍ നിര്‍ബന്ധമായ കൈ കള്‍ക്ക് നേരെ വരുന്നുവെങ്കില്‍ ആ വരുന്ന ഭാഗം കഴുകല്‍ നിര്‍ബന്ധമാകുമെന്നാണ് സ്വീകരിക്കപ്പെടാവുന്ന ശരിയായ അഭിപ്രായം”.
(4) തല തടവല്‍ വുളൂഇന്റെ പ്രധാന ഘടകങ്ങളില്‍ നാലാമത്തേത് തല തടവലാണ്. തല തടവാതെ വുളൂഅ് നിര്‍വ്വഹിച്ചാല്‍ വുളൂഅ് സാധുവാകുന്നതല്ല. തലയിലെ തൊലിയോ തലയുടെ പരിധിയിലുള്ള മുടിയോ പേരിനെങ്കിലും തടവിയാല്‍ നിര്‍ബന്ധമായ തല തടവല്‍ നിര്‍വ്വഹിച്ചുവെന്ന് ഒരു വിധികര്‍ത്താവിന് വിധിക്കാം.

നിങ്ങള്‍ തല തടവണമെന്ന് വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു നിര്‍ദ്ദേശിച്ചതും ഈ നിര്‍ദ്ദേശത്തിന്റെ വ്യാഖ്യാനമെന്നോണം നബി(സ്വ) തലയുടെ നെറുകയിലും തലയില്‍ കെട്ടിലുമായി തടവിയെന്ന് ഇമാം മുസ്ലിം(റ) റിപ്പോര്‍ട്ട് ചെയ്തതും, അല്‍പമെങ്കിലും തല തടവല്‍ നിര്‍ബന്ധമാണെന്നതിന് തെളിവായി ഇമാം മഹല്ലി(റ) ചൂണ്ടിക്കാട്ടിയിരിക്കുന്നു. തലയുടെ പരിധിയില്‍ നിന്ന് ഇറങ്ങിപ്പോയ മുടി തടവിയാല്‍ അത് തല തടവിയതായി ഗണിക്കപ്പെടുകയില്ല. തല തടവുന്നതിന് പകരം ഒരാള്‍ തല വെള്ളമൊഴിച്ച് കഴുകിയാല്‍ അത് തല തടവലെന്ന നിര്‍ബന്ധം നിര്‍വ്വഹിക്കലാകുമെന്നതാണ് പ്രബലമായ വീക്ഷണം. ചലിപ്പിക്കാതെ വെള്ളമുള്ള കൈ തലയില്‍ വെച്ചാലും തല തടവലായി ഗണിക്കുമെന്നാണ് ഇമാം നവവി(റ) മിന്‍ഹാജില്‍ വിശദീകരിക്കുന്നത്.

തല തടവണമെന്ന ഉദ്ദേശ്യപൂര്‍വ്വം വെള്ളത്തുള്ളി തലക്കുമുകളില്‍ ഉറ്റിക്കുകയോ നനഞ്ഞ കൈ തലയില്‍ വെക്കുകയോ തല മഴക്ക് വിധേയമാക്കുകയോ ചെയ്താല്‍ സാധാരണപോലെ തടവിയില്ലെങ്കിലും മതിയാകുമെന്ന് അസ്നല്‍ മത്വാലിബില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഉരുകാത്ത മഞ്ഞ് കട്ടയോ ഐസ് കഷ്ണമോ ഉപയോഗിച്ച് തല തടവിയാലും മതിയാകും. എന്നാല്‍ ഇവ രണ്ടുമുപയോഗിച്ച് അവയവങ്ങള്‍ കഴുകുമ്പോള്‍ ഉരുകുകയും വെള്ളം ഒഴുകുകയും ചെയ്താല്‍ മാത്രമേ മതിയാകൂ. തല തടവിയ ശേഷം മുടി കളഞ്ഞാല്‍ തടവല്‍ ആവര്‍ ത്തിക്കേണ്ടതില്ലെന്ന് അസ്നല്‍ മത്വാലിബില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

തല തടവലും മദ്ഹബുകളും

തല അല്‍പം തടവിയാല്‍ തന്നെ തല തടവലെന്ന ബാധ്യത നിര്‍വ്വഹിച്ചവനായി വിധിക്കാമെന്നാ ണ് ഇമാം ശാഫിഈ(റ)വിന്റെ മദ്ഹബ്. ഇതിന്റെ താല്‍പര്യം ശാഫിഈ മദ്ഹബുകാരന്‍ വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ അല്‍പം മാത്രമേ തടവാന്‍ പാടുള്ളൂ എന്നല്ല, മറിച്ച് അല്‍പം തടവി വുളൂഅ് നിര്‍വ്വഹിച്ചവന്റെ വുളൂഅ് അസാധുവാണെന്നും അങ്ങനെ നിസ്കരിച്ചവന്റെ നിസ് കാരം മടക്കി നിര്‍വ്വഹിക്കണമെന്നും വിധിക്കുന്നില്ലെന്നാണ്. എന്നാല്‍ വുളൂഅ് നിര്‍വ്വഹിക്കുമ്പോള്‍ ഏത് മദ്ഹബ്കാരനും തല മുഴുവനും തടവണമെന്നത്രെ ഇമാം ശാഫിഈ(റ) അടക്കം സര്‍വ്വത്ര പണ്ഢിതന്മാരുടെയും നിര്‍ദ്ദേശം. അഹ്മദ്ബ്നു ഹമ്പല്‍(റ)വും തന്റെ മദ്ഹബുകാരും മാലിക്(റ)വും അനുയായികളും തല മുഴുവന്‍ തടവല്‍ നിര്‍ബന്ധമാണെന്ന വീക്ഷണം പ്രകടിപ്പിച്ചവരും രേഖപ്പെടുത്തിയവരുമാണ്. ഇമാം അബൂഹനീഫ(റ)വും ശാഫിഈ(റ)വും തല മുഴുവനും തടകണമെന്ന് പഠിപ്പിച്ചുവെങ്കിലും മുഴുവനും നിര്‍ബന്ധമാണെന്ന് വിധിച്ചില്ല. ശാഫിഈ മദ്ഹബില്‍ തലയുടെ ഏത് ഭാഗവും എത്ര അളവും തടവിയാല്‍ മതിയാകും. അബൂഹനീഫ ഇമാമിന്റെ മദ്ഹബില്‍ മൂര്‍ദ്ദാവ് വരെ തടവണം. ആകയാല്‍ എല്ലാ മദ്ഹബിന്റെ ഇമാമുകളും തല മുഴുവന്‍ തടവല്‍ വളരെ പ്രധാനമായ ഒരു കര്‍മ്മമാണെന്ന് വിവരിക്കുന്നു. ഇതര വീക്ഷണക്കാരുടെ അഭിപ്രായത്തെ മാനിക്കുകയെന്നത് തന്നെ തല മുഴുവന്‍ തടവുന്നതിന്റെ പ്രാധാന്യത്തിന് കാരണമായി ഫത്ഹുല്‍ മുഈന്‍ ഉള്‍പ്പെടെ വിവിധ ഗ്രന്ഥങ്ങളില്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ശാഫിഈ(റ) തന്നെ പറഞ്ഞതായി ഇമാം മാവര്‍ദി(റ) ഉദ്ധരിക്കുന്ന വാചകം കാണുക: “പിന്നെ അവന്‍ തല മൂന്ന് പ്രാവശ്യം തടവണം. തല മുഴുവനും രണ്ട് ചെന്നികളും തടവാന്‍ ശ്രദ്ധിക്കുന്നത് ഞാനിഷ്ടപ്പെടുന്നു തലയുടെ മുന്‍ഭാഗം കൊണ്ട് അവന്‍ ആരംഭിക്കണം.”

തല മുഴുവന്‍ തടവുന്നതിന്റെ അംഗീകൃതവും പൂര്‍ണ്ണവുമായ രൂപം ഇമാം മഹല്ലിയും മറ്റും ഇങ്ങനെ രേഖപ്പെടുത്തുന്നു: “വുളൂഅ് നിര്‍വ്വഹിക്കുന്ന വ്യക്തി തന്റെ ചൂണ്ടുവിരലുകള്‍ തമ്മില്‍ ചേര്‍ത്ത് തലയുടെ മുന്‍ഭാഗത്തും തള്ളവിരലുകള്‍ രണ്ട് ചെന്നികളിലും വെച്ച് രണ്ട് കൈകളും പിരടിവരെ കൊണ്ടുപോകലാണ് തല മുഴുവന്‍ തടവുന്നതിന്റെ  സുന്നത്തായ പൂര്‍ണ്ണരൂപം.”

തലയില്‍ മറിഞ്ഞുവീഴും വിധം മുടിയുണ്ടെങ്കില്‍ പിരടിയില്‍ നിന്ന് മുന്‍ഭാഗത്തേക്ക് കൈ കൊണ്ടുപോകലും സുന്നത്തുണ്ട്. മുടിയുടെ എല്ലാ ഭാഗത്തും നനവ് എത്തുകയാണ് ഇതിന്റെ ഫലം. മുടി മെടഞ്ഞിടുക, നീളമുള്ളതാവുക, വളരെ വളരെ ചെറിയതാവുക, മുടി തന്നെ ഇല്ലാതിരിക്കുക തുടങ്ങിയ കാരണങ്ങളാല്‍ മറിഞ്ഞു വീഴുന്ന മുടി ഇല്ലെങ്കില്‍ പിരടിയില്‍ നിന്ന് ആരംഭിച്ച സ്ഥലത്തേക്ക് തിരികെ കൈ കൊണ്ടുവരേണ്ടതില്ലെന്ന് പൂര്‍ണ്ണതയുടെ വിവരണത്തില്‍ ഇമാം സകരിയ്യല്‍ അന്‍സ്വാരി(റ)വിനെ പോലെ പല പ്രമുഖരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ തല മുഴുവന്‍ തടവുന്നത് പുരുഷന് മാത്രമല്ല സ്ത്രീക്കും ഹിജഡക്കുമെല്ലാം ഇതേ രൂപത്തില്‍ സുന്നത്താണെന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കട്ടെ. അവള്‍ മക്കനയുടേയോ തട്ടത്തിന്റേയോ ഉള്ളിലൂടെ തല തടവുകയും അന്യപുരുഷന്മാര്‍ കാണാത്ത വിധം വുളൂഅ് നിര്‍വ്വഹിക്കുകയും വേണം.

എന്നാല്‍ തലയില്‍ക്കെട്ട്, തൊപ്പി, തുടങ്ങിയവ ഉയര്‍ത്താന്‍ പ്രയാസപ്പെടുകയോ അത് നീക്കാനുദ്ദേശിക്കാതിരിക്കുകയോ ചെയ്താല്‍ അല്‍പം തടകി ബാക്കി ഇവക്ക് മുകളില്‍ പൂര്‍ത്തിയാക്കണമെന്ന് ഇമാമുകള്‍ വിവരിക്കുന്നു. നബി(സ്വ)തങ്ങള്‍ മൂര്‍ദ്ദാവ് തടവുകയും ബാക്കി തലയില്‍ക്കെട്ടിന് മുകളില്‍ പൂര്‍ത്തീകരിക്കുകയും ചെയ്തുവെന്ന് ഇമാം മുസ്ലിം ഉദ്ധരിച്ച സംഭവമാണ് ഇതിന്റെ ഒരു തെളിവ്. ഇങ്ങനെ തടവുമ്പോള്‍ അത് നിറുകയായിരിക്കുന്നത് നല്ലതാണെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് രണ്ട് തലയുണ്ടെങ്കില്‍ ശാഫിഈ മദ്ഹബ് പ്രകാരം ഒന്ന് (അല്‍പം) തടവിയാല്‍ മതിയാകുമെന്ന് ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
(5) കാല്‍ കഴുകല്‍. വുളൂഇന്റെ അഞ്ചാം ഫര്‍ള് നെരിയാണിയുള്‍പ്പെടെ കാല്‍ കഴുകലാണ്. നെരിയാണി വരെ കാല്‍ കഴുകണമെന്ന വിശുദ്ധഖുര്‍ആനിലെ അദ്ധ്യാപനവും ഈ അദ്ധ്യാപനത്തിന്റെ വ്യാഖ്യാനമായി നബി(സ്വ) അവിടുന്ന് വുളൂഅ് വിര്‍വ്വഹിക്കുമ്പോഴെല്ലാം നെരിയാണി ഉള്‍പ്പെടെ കാലുകള്‍ കഴുകിയെന്നതുമാണ് ഇതിന് തെളിവ്. കാലില്‍ രൂപം കൊണ്ടിട്ടുള്ള കീറുകളുടെയും ഓട്ടകളുടെയും ഉള്ളുകള്‍ കഴുകല്‍ നിര്‍ബന്ധമാണ്. കാലില്‍ തറച്ച മുള്ള് പൊങ്ങി നില്‍ക്കുകയും അതിന്റെ അല്‍പ ഭാഗം പുറത്തേക്ക് തള്ളുകയും ചെയ്തുവെങ്കില്‍ അത് നീക്കം ചെയ്തു ആ സ്ഥലം കഴുകല്‍ നിര്‍ബന്ധമാണെന്ന് ഫത്ഹുല്‍ മുഈനിലും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്ളിലേക്കിറങ്ങിയ മുള്ള് നീക്കം ചെയ്തില്ലെങ്കില്‍ വുളൂഇനെ ബാധിക്കുകയില്ല. കാലില്‍ കീറ് വരാതെ പ്രത്യക്ഷപ്പെട്ട കുമിളകളുടെ ഉള്ള് കഴുകേണ്ടതില്ല. കീറിയ കുമിളകളാണെങ്കില്‍ അതിന്റെ ഉള്ള് കൂടി വൃത്തിയാക്കേണ്ടതനിവാര്യമാണ്. കാല്‍ കഴുകുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന ഭാഗമാണ് മടമ്പ്. ശൈത്യകാലത്ത് പ്രത്യേകിച്ച് മടമ്പില്‍ വെള്ളം നനയാതിരിക്കാനുള്ള സാധ്യത കൂടുതലാണെന്നും ശ്രദ്ധിക്കണമെന്നും പണ്ഢിതന്മാര്‍ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ഇമാം ബുഖാരിയും മുസ്ലിമും(റ) ഉദ്ധരിക്കുന്നു:

അബ്ദുല്ലാഹിബ്നു അംര്‍(റ) പറയുകയാണ്. നബി(സ്വ)യോടൊപ്പം മക്കയില്‍ നിന്ന് മദീനയിലേ ക്ക് പോകുന്ന വഴിയില്‍ ഒരു വെള്ളമുള്ള സ്ഥലത്ത് ഞങ്ങളെത്തി. അസ്വ്ര്‍ നിസ്കാരത്തിന്റെ സമയത്ത് ചിലര്‍ വുളൂഅ് ചെയ്യാന്‍ ധൃതി കാണിച്ചു. അവര്‍ ധൃതിയില്‍ തന്നെ വുളൂഅ് നിര്‍വ്വഹിച്ചു. അവരുടെ അടുത്ത് ഞങ്ങളെത്തിയപ്പോള്‍ വെള്ളമെത്താതെ മടമ്പുകള്‍ തിളങ്ങുകയാണ്. ഇത് കണ്ടപ്പോള്‍ നബി(സ്വ പറഞ്ഞു. (കഴുകുന്നതില്‍ വീഴ്ച വരുത്തിയ) മടമ്പുകാര്‍ക്ക് വലിയ ശിക്ഷ. വുളൂഅ് പൂര്‍ണ്ണമായി നിര്‍വ്വഹിക്കുവീന്‍ (മുസ്ലിം).

(6) ക്രമം പാലിക്കല്‍(തര്‍ത്തീബ്). നിയ്യത്തോടുകൂടി മുഖം കഴുകുക, ശേഷം കൈ കഴുകുക, പിന്നീട് തല തടവുക ശേഷം കാല്‍ കഴുകുക എന്നിങ്ങനെ കര്‍മ്മങ്ങള്‍ ക്രമമായി ചെയ്യുകയാണ് ആറാം ഘടകം. നബി(സ്വ) ഈ ക്രമം പാലിച്ചുകൊണ്ട് മാത്രമെ വുളൂഅ് നിര്‍വ്വഹിച്ചിട്ടുള്ളൂ. മാത്രമല്ല വിശുദ്ധ ഖുര്‍ആന്‍ വുളൂഇന്റെ അദ്ധ്യാപനങ്ങളുള്‍ക്കൊള്ളുന്ന വാക്യത്തില്‍ കഴുകല്‍ നിര്‍ബന്ധമുള്ള അവയവങ്ങള്‍ മുഖം, കൈ, എന്നിവ പരാമര്‍ശിച്ച ശേഷം കഴുകേണ്ട കാലിനെ സംബന്ധിച്ച് പരാമര്‍ശിക്കുന്നതിന് മുമ്പ് തല തടവണമെന്ന പരാമര്‍ശം കൊണ്ടുവന്നത് ക്രമം പരിഗണിക്കണമെന്നതിലേക്ക് സൂചനയാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു ആരംഭിച്ചത് കൊണ്ട് നിങ്ങളും ആരംഭിക്കുക എന്ന ഹദീസ് വചനവും തര്‍തീബിന് തെളിവായി പലരും രേഖപ്പെടുത്തുന്നു.

വുളൂഇന്റെ നിയ്യത്തോടെ ഒരാള്‍ മുങ്ങിയാല്‍ തര്‍തീബിന് സൌകര്യമാകുന്ന സമയം മുങ്ങി താമസിച്ചില്ലെങ്കിലും വുളൂഅ് ലഭിക്കുമെന്നും എന്നാല്‍ വുളൂഇനെ കരുതി കോരി കുളിക്കുകയാണെങ്കില്‍ തര്‍തീബ് അക്ഷരാര്‍ഥത്തില്‍ പാലിക്കണമെന്നും പണ്ഢിതന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ വുളൂഇന്റേതല്ലാത്ത അവയവങ്ങളില്‍ ഏതെങ്കിലും ഭാഗത്ത് വെള്ളം എത്താതിരിക്കുകയോ എത്തുന്നതിന് തടസ്സം ഉണ്ടാവുകയോ ചെയ്താല്‍ പ്രശ്നമില്ലെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. ചെറിയ അശുദ്ധിയും വലിയ അശുദ്ധിയുമുള്ള ഒരാള്‍ വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നുവെന്ന നിയ്യത്തോടെ കുളി നിര്‍വ്വഹിച്ചാല്‍ വുളൂഇന് പകരം അത് മതിയാകുമെന്ന് പണ്ഢിതന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇവിടെ വുളൂഇന്റെ അവയവങ്ങള്‍ ശുദ്ധിയാക്കിയ ശേഷം വുളൂഅ് മുറിയുന്ന കാര്യങ്ങള്‍ സംഭവിച്ചാല്‍ വീണ്ടും വുളൂഅ് നിര്‍വ്വഹിക്കണമെന്ന് പറയേണ്ടതില്ലല്ലോ. അവയവങ്ങളില്‍ വെള്ളം എത്തിയിട്ടുണ്ടെന്ന മികച്ച ധാരണ ഉണ്ടായാല്‍ തന്നെ ശുദ്ധീകരണം സാധുവാകും.

വുളൂഅ് നിര്‍വ്വഹിക്കുന്നവന്‍ ഒരവയവം ശുദ്ധിയാക്കി കഴിയുന്നതിന് മുമ്പ് ആ അവയവം പൂര്‍ണ്ണമായി ശുദ്ധിയാക്കിയതിലോ കഴുകിയതില്‍ തന്നെയോ സംശയിച്ചാല്‍ അത് ശുദ്ധിയാക്കിയെന്ന് ഉറപ്പ് വരുത്തുകയും അതിന് ശേഷമുള്ള അവയവങ്ങള്‍ ശുദ്ധിയാക്കുകയും വേണം. വുളൂഅ് പൂര്‍ണ്ണമായി നിര്‍വ്വഹിച്ച് കഴിഞ്ഞതിന് ശേഷം ഇത്തരം സംശയങ്ങളുണ്ടാവുന്നുവെങ്കില്‍ അതിന് ഒരു പരിഗണനയും നല്‍കേണ്ടതില്ല. ഈ സംശയം നിയ്യത്തിലാണെങ്കില്‍ പോലും പരിഗണിക്കേണ്ടതില്ലെന്ന് ഇമാം ഇബ്നുഹജര്‍(റ) വ്യക്തമാക്കിയിരിക്കുന്നു