തിരു നബി صلى الله عليه وسلم യുടെ കാലത്ത് തനെ സ്വഹാബികൾ പലരും ഖുർ‌ആൻ എഴുതി വെച്ചിരുന്നു.ഓരോ സൂക്തവും ഏത് സൂക്തത്തിനു ശേഷം ചേർക്കണമെന്ന് നബി صلى الله عليه وسلم നിർദ്ദേശിച്ചിരുന്നു. സൂറത്തുകളുടെ ക്രമീകരണവും അത് പോലെതന്നെയായിരുന്നു. പക്ഷെ ഇന്നതേത് പോലുള്ള ക്രമികരണം സ്വഹാബത്തിന്റെ ഹൃദയത്തിൽ മാത്രമായിരുന്നു.

ഒന്നാം ഖലീഫ മഹാനായ സിദ്ദീഖ് رضي الله عنه ന്റെ ഭരണ കാലത്ത് (ഹിജ്‌റ 12 ൽ) മുസൈലിമത്തിൽ കദ്ദാബുമായുണ്ടായ യുദ്ധത്തിൽ ഖുർ‌ആൻ മന:പാഠമാക്കിയ നൂറുകണക്കിന് സ്വഹാബികൾ ശഹീദാ‍യപ്പോൾ ഖുർ‌ആൻ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയാൽ അത് ഒറ്റ ഏടായി എഴുതി സൂക്ഷിക്കുവാൻ ഉമർ رضي الله عنه സിദ്ദീഖ് رضي الله عنه നോട് ആവശ്യപ്പെട്ടു. അതൊരു നല്ല കാര്യമാണെന്നു ബോധ്യപ്പെട്ട സിദ്ദീഖ് رضي الله عنه ഈ മഹൽ കർമ്മത്തിന് സൈദുബ്നു സാബിത് رضي الله عنه നെ ചുമതലപ്പെടുത്തി. (ഇവർ നബി صلى الله عليه وسلم യുടെ കാലത്ത് തന്നെ ഖുർ‌ആൻ എഴുതിവെക്കുന്ന ചുമതലയുള്ള സഹാബിയായിരുന്നു.)

ഖലീഫ ഉസ്മാന്‍ (റ) കാലത്തുള്ള ഖുര്‍ആന്‍ കയ്യെഴുത്ത് പ്രതികള്‍ ഒരുമിച്ചു കോര്‍ത്തിണക്കി മുസഹഫായി പുന:സ്ഥാപിച്ചപ്പോള്‍( ( ഈജിപ്തിലെ അല്‍ ഹുസൈന്‍ മസ്ജിദില്‍)

അങ്ങിനെ നബി صلى الله عليه وسلم യുടെ കാലത്ത് എല്ലിലും മരക്കഷ്‌ണത്തിലും ഈത്തപ്പനമടലിലും തോലിലും കല്ലിലുമെല്ലാം എഴുതിവെച്ചിരുന്ന ഖുർ‌ആൻ വചനങ്ങളെ ഖുർ‌ആനിന്റെ ക്രമപ്രകാരം കടലാസിലേക്ക് പകർത്തി എഴുതി. സിദ്ദീഖ് رضي الله عنه ന്റെ മരണം വരെ ഈ മുസ്‌ഹഫ് അവരുടെ കൈവശവും പിന്നീട് ഉമർ رضي الله عنه ന്റെ കൈവശവും ശേഷം അവരുടെ മകൾ ഉമ്മുൽ മുഅ്മിനീൻ ഹഫ്സ്വ رضي الله عنها യുടെ പക്കലുമായിരുന്നു.  ഈ ക്രോഡീകരണം മൂലം വിശുദ്ധ ഖുർ‌ആൻ വള്ളിപുള്ളി വിത്യാസമില്ലാതെ നില നിൽക്കാൻ ഒരു ഔദ്യോഗിക അവലംബമെന്ന നിലയിൽ സൂക്ഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. പരായാണത്തിന് ഉപയോഗിച്ചിരുന്നില്ല.

പിന്നീട് ഉസ്‌മാൻ رضي الله عنه വിന്റെ ഭരണ കാലത്ത് ഇസ്‌ലാമിക പ്രചരണാർത്ഥം പോയ അണികളുടെ ഇടയിൽ ഖുർ‌ആനിലെ ചില വാക്കുകളുടെ പരായണത്തെ സംബന്ധിച്ച് അഭിപ്രായ വിത്യാസമുണ്ടായപ്പോൾ സിദ്ദീഖ് رضي الله عنه ന്റെ കാലത്ത് എഴുതിവെച്ചതും ഇപ്പോൾ ഹഫ്സ്വ رضي الله عنها യുടെ കൈവശമുള്ളതുമായ മുസ്‌ഹഫിൽ നിന്ന് കൂടുതൽ കോപ്പികൾ പകർത്തിയെഴുതാൻ സൈദുബ്നു സാബിത്തുൽ അൻ‌സാരി رضي الله عنه യുടെ നേതൃത്വത്തിൽ പ്രത്യേകം കമ്മിറ്റിയെ ഉസ്‌മാൻ رضي الله عنه ചുമതലപ്പെടുത്തി. ഇവർ എട്ട് മുസ്‌ഹഫുകൾ പകർത്തി എഴുതിയിട്ടുണ്ട്. പകർപ്പുകൾ തയ്യാറായ ശേഷം അവ മൂന്ന് പ്രാവശ്യം ആവർത്തിച്ച് പരിശോധിക്കുകയും ചെയ്തു.

ഹിജറ ഒന്നാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ കയ്യെഴുത്ത് കോപ്പി,ഓരോ ആയത്തുകള്‍ നാല് ഡോട്ടുകളിട്ടു വേര്‍തിരിച്ചിരിക്കുന്നു

പന്ത്രണ്ടായിരത്തോളം സഹാബത്തിന്റെ സാന്നിദ്ധ്യത്തിൽ ഖുർ‌ആനിനെ സമ്പൂർണ്ണ രൂപം ഇതായി പ്രഖ്യപിക്കുകയും ,ഇതനുസരിച്ച് മാത്രമേ ഇനി ഖുർ‌ആൻ പാരായണം ചെയ്യാവൂ എന്ന് വിളംബരം ചെയ്യുകയും ചെയ്തു. ശേഷം മറ്റുള്ളവർ എഴുതി വെച്ച മറ്റെല്ലാ മുസ്‌ഹഫുകളും നശിപ്പിക്കുകയും ചെയ്തു.

ഈ മുസ്‌ഹഫിനെകുറിച്ചാണ് ‘മുസ്‌ഹഫുകളുടെ ഇമാം’ എന്ന് പറയുന്നത്. പിന്നീട് മുസ്‌ലിം ലോകം പാരായണത്തിന് അവലംബമാക്കിയത് ഈ മുസ്‌ഹഫുകളെയും അതിൽ നിന്ന് പകർത്തിയെഴുതിയവയേയുമാണ്. അത് കൊണ്ടാണ് പിന്നീട് മുസ്‌ഹഫുകൾക്ക് ‘റസ്മു ഉസ്‌മാനി’ എന്ന പേര് വരാനുണ്ടായ കാരണം.

 പുള്ളികളും ഹർക്കത്തുകളും

ഉസ്മാൻ رضي الله عنه എഴുതിച്ച മുസ്‌ഹഫുകളിൽ ‘ഫത്‌ഹ്’ ,‘കസ്‌റ്’, ‘ദ്വമ്മ്’, ‘മദ്ദ്’, ‘ശദ്ദ്’, തുടങ്ങിയ ഹർക്കത്തുകളോ സൂറത്തുകളുടെ പേരുകളോ, സൂ‍ക്തങ്ങൾ അവസാനിക്കുന്ന ചിഹ്നങ്ങളോ ഉണ്ടായിരുന്നില്ല. ബറാ‌അത്ത് ഒഴിച്ചുള്ള എല്ലാ സൂറത്തുകളുടെയും ആദ്യത്തിൽ ബിസ്മി ഉണ്ടായിരുന്നു. ഓരോ സൂറത്തിലെയും ഒരായത്താണ് ‘ബിസ്മി’ എന്ന് ഇമാം ശാഫി‌ഇ رحمه الله യും മറ്റു പറഞ്ഞതിനുള്ള കാരണവും ഇതാണ്.

ഉസ്മാനി മുസ്‌ഹഫിന്റെ മൂല്യക്ഷരങ്ങൾക്കും ഘടനക്കും യാതൊരു മാറ്റവും വരുത്താതെ പാരായണ സൌകര്യത്തിന് വേണ്ടി ഖുർ‌ആനിൽ ഹറക്കത്ത്, പുള്ളി, ശദ്ദ്, മദ്ദ്, തുടങ്ങിയ നൽകുന്നത് സുന്നത്താണെന്നും നിർബന്ധമാണെന്നും പറഞ്ഞ ഇമാമുകളുണ്ട്.

അലിയുബ്നും അബീതാലിബിന്റെ ശിഷ്യനായ അബുൽ അസ്‌വദ് അൽ ദു‌അ്ലി (أبو الأسود الدؤلي رحمه الله) (മരണം ഹിജ്‌റ 69ൽ ) എന്നിവരാണ് ആദ്യമായി ഹറക്കത്തിന്റെ സൂചിപ്പിക്കുന്ന പുള്ളികൾ മുസ്‌ഹഫിൽ നൽകിയത്

വിവിധ കാലഘട്ടങ്ങളിലെ ഖുര്‍ആന്‍ കയ്യെഴുത്ത് കോപ്പികള്‍

ഹിജ്‌റ എഴുപത് വരെ അഥവാ 40 കൊല്ലം ഹർക്കത്തുകളോ പുള്ളികളോ ഇല്ലാത്ത ഉസ്‌മാനി മുസ്ഹഫിലായിരുന്നു ജനങ്ങൾ ഖുർ‌ആൻ പാരായണം ചെയ്തത. ഈ കാലത്ത് ഇസ്‌ലാം തഴച്ചു വളരുകയും അറബികളും അനറബികളും കലർന്നുള്ള ജിവിതമായിത്തീർന്നതോടുകൂടി ഖുർ‌ആന്റെ ഉച്ചാരണത്തിൽ പിശക് വരാൻ തുടങ്ങിയതാണ് അബുൽ അസ്‌വദ് ദു‌അ്ലിയെ ഈ മഹൽ കർമ്മത്തിന് പ്രേരിപ്പിച്ചത്. മുആവിയ رضي الله عنه ന്റെ ഭരണകാലത്ത് ബസ്വറയിലെ അമീറായിരുന്ന സിയാദുബ്നു അബീ സുഫ്‌യാന്റെ നിർദ്ദേശമനുസരിച്ചുമാണത്. പ്രധാന ഹർക്കത്തുകളായ ഫത്‌ഹിനു പകരം മുകളിൽ ഒരു പുള്ളിയും ദ്വമ്മിനു പകരം അക്ഷരങ്ങളുടെ ശേഷം ഒരു പുള്ളിയും കസ്‌റിനു ശേഷം അക്ഷരങ്ങളുടെ താഴെ ഒരു പുള്ളിയുമായിരുന്നു അദ്ദേഹം നൽകിയ പരിഷ്കരണം. സുകൂനിന് അടയാളങ്ങളൊന്നും ഇല്ലായിരുന്നു.

പിന്നീട് അബുൽ അസ്‌വദിന്റെ ശിഷ്യനായ ഇമാം ഖലീലുബ്നു അഹ്‌മദ് (മരണം 170 ഹിജ്‌റ) رحمه الله യാണ് ഇന്ന് മുസ്‌ഹഫുകളിൽ കാണുന്ന രൂപത്തിൽ ഹർക്കത്തുകളും ശദ്ദും മദ്ദുമെല്ലാം നൽകി ഖുർ‌ആൻ കൂടുതൽ മനോഹരമാക്കിയത്.

ഖുർആൻ ക്രോഡീകരണത്തെ നല്ല ബിദ്അത്തിന്റെ  ഉദാഹരണമായി പണ്ഡിതന്മാർ കണക്കാക്കുന്നുണ്ട്.ഇബ്നു ഹജർ അസ്ഖലാനി(റ) പറയുന്നു:

قال الخطابي وغيره : يحتمل أن يكون – صلى الله عليه وسلم – إنما لم يجمع القرآن في المصحف لما كان يترقبه من ورود ناسخ لبعض أحكامه أو تلاوته ، فلما انقضى نزوله بوفاته – صلى الله عليه وسلم – ألهم الله الخلفاء الراشدين ذلك وفاء لوعد الصادق بضمان حفظه على هذه الأمة المحمدية زادها الله شرفا ، فكان ابتداء ذلك على يد الصديق – رضي الله عنه – بمشورة عمر ، ويؤيده ما أخرجه ابن أبي داود في ” المصاحف ” بإسناد حسن عن عبد خير قال : ” سمعت عليا يقول : أعظم الناس في المصاحف أجرا أبو بكر ، رحمة الله على أبي بكر ، هو أول من جمع كتاب الله “(فتح الباري: ١٩٣/١٤)

ഖാത്ത്വാബ് (റ) യും മറ്റും പറയുന്നു: നബി(സ) ഒരു മുസ്വഹഫിൽ ഖുർആൻ ക്രോഡീകരിക്കാതിരുന്നത് ഖുർആനിന്റെ ചില നിയമങ്ങളെയോ പാരായണത്തെയോ ദുർബ്ബലപ്പെടുത്തുന്ന വചനം പ്രതീക്ഷിക്കുന്നത്കൊണ്ടാകാം. നബി(സ) യുടെ വഫാത്തോടെ ഖുർആനിന്റെ അവതരണം അവസാനിച്ചപ്പോൾ ഖുലഫാഉർറാഷിദുകൾക്ക് അക്കാര്യം അല്ലാഹു തോന്നിപ്പിച്ചുകൊടുത്തു. മുഹമ്മദിയ്യ സമുദായത്തിന്റെ മേൽ ഖുർആൻ സംരക്ഷിക്കുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം നടപ്പാകുന്നതിന്റെ ഭാഗമാണ്. അങ്ങനെ ഉമർ(റ) ന്റെ മുശാവറ പ്രകാരം സിദ്ദീഖ് (റ) അതിനു തുടക്കം കുറിച്ചു. ‘അൽമസ്വാഹിഫ്’ എന്ന ഗ്രന്ഥത്താൽ അബൂദാവൂദി(റ) ന്റെ മകൻ ഹസനായ പരമ്പരയിലൂടെ അബ്ദുഖൈറി(റ) നെ നിവേദനം ചെയ്തത് ഇതിനു ഉപോൽബലകമാണ്. അതിങ്ങനെ: “അലി(റ) ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു’:”മുസ്വഹഫ്കളുടെ കാര്യത്തിൽ ജനങ്ങളിൽ വെച്ച് ഏറ്റവും കൂലി ലഭിക്കുന്നയാൾ അബൂബക്ക്റാ(റ) ണ്. അല്ലാഹുവിന്റെ കിതാബ് ആദ്യം ക്രോഡീകരിച്ചത് അദ്ദേഹമാണ്” (ഫത് ഹുൽബാരി   : 14/193)

ഇബ്നു ഹജര്(റ) തുടരുന്നു:

وإذا تأمل المنصف ما فعله أبو بكر من ذلك جزم بأنه يعد في فضائله وينوه بعظيم منقبته ، لثبوت قوله – صلى الله عليه وسلم – ” من سن سنة حسنة فله أجرها وأجر من عمل بها ” فما جمع القرآن أحد بعده إلا وكان له مثل أجره إلى يوم القيامة(فتح الباري: ١٩٣/١٤)
ഖുർആൻ ക്രോഡീകരണവുമായി ബന്ധപ്പെട്ട് അബൂബക്റി(റ) ന്റെ പ്രവർത്തനം നിഷ്പക്ഷമായി വിലയിരുത്തുന്നവർ അദ്ദേഹത്തിൻറെ ശ്രേഷ്ടതകളുടെയും സ്ഥാനങ്ങളുടെയും ഭാഗമായി മാത്രമേ അതിനെ കാണൂ.കാരണം “ഒരു നല്ല സുന്നത്ത് ഒരാള് സ്ഥാപിച്ചാൽ അവന്ന് അതിന്റെയും അതനുസരിച്ച് പ്രവർത്തിക്കുന്നവരുടെയും പ്രതിഫലമുണ്ട്” എന്ന നബി(സ)യുടെ പ്രസ്താവന സ്ഥിരപെട്ടിട്ടുണ്ടല്ലോ.അതിനാല സിദ്ദിഖ്(റ) ന്റെ ശേഷം അന്ത്യനാൾ വരെ ഏതൊരാൾ ഖുർആൻ ക്രോഡീകരിച്ചാലും അവര്ക്ക് ലഭിക്കുന്ന പ്രതിഫലത്തോട് തത്തുല്യമായ ഒന്ന് അദ്ദേഹത്തിനു ലഭിക്കും.(ഫത് ഹുൽബാരി   : 14/193)