തിരുനബി(സ്വ)യുടെ വഫാത്തോടെ അബൂബക്കര്‍(റ)ന്റെ ഭരണകാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12 -ാം വര്‍ഷം നടന്ന യമാമ യുദ്ധവും ബിഅ്റ് മഊന യുദ്ധവും അതില്‍ പ്രധാനമാണ്. സ്വഹാബികളില്‍ നിന്ന് ഹാഫിളുകളായ 140 പേരാണ് ഇവ രണ്ടിലുമായി രക്തസാക്ഷികളായത്. ഇമാം ഖുര്‍ത്വുബി(റ) പറയുന്നു: യമാമ ദിവസത്തില്‍ 70 ഹാഫിളുകള്‍ വധിക്കപ്പെട്ടു. നബി(സ്വ)യുടെ കാലഘട്ടത്തില്‍ നടന്ന ബിഅ്റ് മഊന യുദ്ധത്തിലും അത്രത്തോളം പേര് വധിക്കപ്പെട്ടിട്ടുണ്ട് (മനാഹിലുല്‍ ഇര്ഫാന് 1/199). യമാമയില്‍ വധിക്കപ്പെട്ടത് അഞ്ഞൂറ് പേരാണെന്നും ചില പണ്ഡിതന്മാര് അഭിപ്രായപ്പെട്ടിട്ടുണ്ട്. അന്നു രക്തസാക്ഷികളായവരില്‍ പ്രധാനിയാണ് സാലിം(റ). ഖുര്‍ആന്‍ പഠിക്കാന്‍ വേണ്ടി സമീപിക്കാന്‍ നബി(സ്വ) നിര്‍ദേശിച്ച നാലു പ്രമുഖരിലൊരാളാണ് സാലിം(റ). അവിടുന്ന് പറയുന്നു: ‘നിങ്ങള്‍ നാലു പേരില്‍ നിന്ന് ഖുര്‍ആന്‍ പഠിക്കുക, അബ്ദുല്ലാഹിബ്നു മസ്ഊദ്(റ), സാലിം(റ), മുആദ്(റ), ഉബയ്യ്ബ്നു കഅ്ബ്(റ) എന്നിവരാണവര്‍’ (സ്വഹീഹുല്‍ ബുഖാരി/4999).
ഹാഫിളുകളുടേയും ഖാരിഉകളൂടേയും വഫാത്തിനെ തുടര്‍ന്ന് ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുമോ എന്ന ഭയം മൂലം നബി(സ്വ)യുടെ കാലത്ത് കല്ലിലും എല്ലിലും തോലിലുമെല്ലാം എഴുതി സൂക്ഷിച്ചിരുന്ന ഖുര്‍ആനിക വചനങ്ങള്‍ മുസ്വ്ഹഫ് രൂപത്തിലാക്കാനുള്ള ശ്രമം അബൂബക്കര്‍(റ)ന്റെ നേതൃത്വത്തില്‍ നടക്കുന്നത്. തിരുനബി(സ്വ)യുടെ കാലത്തില്ലാത്ത ഒരു കാര്യം ചെയ്യുന്നത് ബിദ്അത്താകുമോ എന്ന ഭയവും അബൂബക്കര്‍(റ)വിനുണ്ടായിരുന്നു. പിന്നീട് മുസ്വ്ഹഫ് രൂപത്തിലൂള്ള ക്രോഡീകരണം ബിദ്അത്തല്ലെന്നും ഖുര്‍ആന്‍ നഷ്ടപ്പെട്ടു പോകുന്നതും അതില്‍ പരിവര്‍ത്തനങ്ങള്‍ വരുന്നതും കാത്തുസൂക്ഷിക്കാന്‍ വേണ്ടിയുള്ള ഏറ്റവും നല്ല മാര്‍ഗമാണെന്നും അദ്ദേഹം മനസ്സിലാക്കുകയായിരുന്നു.
ഈ സംഭവം ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്നതിങ്ങനെ: സൈദുബ്നു സാബിത്ത്(റ)യില്‍ നിന്ന് നിവേദനം; യമാമ യുദ്ധം നടക്കുന്ന സമയത്ത് സിദ്ദീഖ്(റ) എന്റെയടുത്തേക്ക് ഒരാളെ വിട്ടു. ഞാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെയടുത്ത് ഉമര്‍(റ)വുമുണ്ടായിരുന്നു. സിദ്ദീഖ്(റ) പറഞ്ഞു: ‘എന്റെയടുത്ത് വന്ന് ഉമര്‍(റ) ഇപ്രകാരം പറയുന്നു: ‘ഖുര്‍ആന്‍ മനഃപാഠമുള്ള പലരും യമാമ യുദ്ധത്തില്‍ രക്തസാക്ഷികളായിട്ടുണ്ട്. പല സ്ഥലങ്ങളിലും ഖുര്‍ആന്‍ ഹൃദിസ്ഥമാക്കിയവര്‍ രക്ത സാക്ഷികളായതു മൂലം ഖുര്‍ആനില്‍ നിന്ന് പലതും നഷ്ടപ്പെടുമെന്ന ഭയം എനിക്കുണ്ട്. അതുകൊണ്ട് ഖുര്‍ആന്‍ ക്രോഡീകരിക്കാനുള്ള കല്പന താങ്കള്‍ പുറപ്പെടുവിക്കണം’. അപ്പോള്‍ ഉമര്‍(റ) നോട് ഞാന്‍ ചോദിച്ചു: നബി(സ്വ) ചെയ്യാത്തൊരു കാര്യം താങ്കള്‍ക്ക് എങ്ങനെ ചെയ്യാനാവും? അപ്പോള്‍ ഉമര്‍(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം. ഉറപ്പായും ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ ഉമര്‍(റ) ഈ വിഷയത്തില്‍ എന്നോട് കൂടിയാലോചന നടത്തിക്കൊണ്ടേയിരുന്നു. അവസാനം അത് സ്വീകരിക്കാന്‍ അല്ലാഹു എന്റെ മനസ്സിനെ പാകപ്പെടുത്തി. അങ്ങനെ ഉമറിന്റെ അഭിപ്രായം എന്റെയും അഭിപ്രായമായിത്തീര്‍ന്നു. സൈദ്(റ) പറയുന്നു: അബൂബക്കര്‍(റ) എന്നോട് പറഞ്ഞു: ‘നിശ്ചയം, നിങ്ങള്‍ ബുദ്ധിമാനായ ഒരു യുവാവാണ്. നിങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് യാതൊരു വിധ തെറ്റായ ധാരണയുമില്ല. നിങ്ങള്‍ നബി(സ്വ)യുടെ വഹ്യ് എഴുതുന്ന ആളായിരുന്നുവല്ലോ. അതിനാല്‍ നിങ്ങള്‍ ഖുര്‍ആന്‍ ക്രോഡീ കരിക്കണം.’ സൈദ്(റ) പറയുന്നു: ‘അല്ലാഹുവാണ് സത്യം, ഒരു മല നീക്കാനാണ് എന്നോട് അവര്‍ കല്പിച്ചി രുന്നതെങ്കില്‍ എനിക്കത് ഖുര്‍ആന്‍ ക്രോഡീകരിക്കുന്നതിനേക്കാള്‍ ഭാരമാകുമായിരുന്നില്ല.’ ഞാന്‍ ചോദിച്ചു; നബി(സ്വ) ചെയ്യാത്തൊരു കാര്യം നിങ്ങളെങ്ങനെ ചെയ്യും? അപ്പോള്‍ സിദ്ധീഖ്(റ) പറഞ്ഞു: ‘അല്ലാഹുവാണ് സത്യം, ഇതൊരു നല്ല കാര്യമാണ്.’ അങ്ങനെ സിദ്ദീഖ്(റ) ഇക്കാര്യത്തില്‍ എന്നോട് ആലോചന നടത്തിക്കൊണ്ടിരുന്നു. അങ്ങനെ സിദ്ധീഖ്(റ)ന്റേയും ഉമര്‍(റ)ന്റേയും മനസ്സിനെ പാകപ്പെടുത്തിയ അല്ലാഹു എന്നെയും അതിനു പാകപ്പെടുത്തി. തുടര്‍ന്നു ഞാന്‍ ഖുര്‍ആന്‍ ശേഖരണം ആരംഭിച്ചു. ഖുര്‍ആന്‍ മനഃപാഠമുള്ളവരുടെ ഹൃദയങ്ങളില്‍ നിന്നും കല്ല്, മട്ടല് തുടങ്ങി ഖുര്‍ആന്‍ എഴുതിവെച്ചിരുന്ന വസ്തുക്കളില്‍ നിന്നും അവ മുഴുവന്‍ ഞാന്‍ ശേഖരിച്ചു. തൗബ സൂറത്തിന്റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്സ്വാരിയില് നിന്ന് മാത്രമാണ് എനിക്കു കിട്ടിയത്. അദ്ദേഹമല്ലാത്ത മറ്റാരുടെയടുത്തും ഞാനതു കണ്ടില്ല. ‘നിങ്ങളില്‍ നിന്നു തന്നെ ഒരു ദൂതന് നിങ്ങളുടെയടുത്തേക്ക് ഇതാ വന്നിരിക്കുന്നു. നിങ്ങള്‍ ക്ലേശിക്കുന്നത് അവര്‍ക്ക് അസഹ്യമാണ്’ എന്ന് തുടങ്ങി ബറാഅത്ത് സൂറത്തിന്റെ അവസാനം വരെയുള്ള ഭാഗമാണത്. ഇങ്ങനെ ക്രോഡീകരിച്ച ഖുര്‍ആന്‍ സിദ്ദീഖ്(റ)ന്റെ കൈവശമാണുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിയോഗശേഷം ഉമര്‍(റ)വാണ് അത് സൂക്ഷിച്ചത്. പിന്നീട് മകള്‍ ഹഫ്സ്വ ബീവി(റ)യും (4986).
അബുബക്കര്‍(റ)ന്റെ കാലത്തു നടന്ന ഖുര്‍ആന്‍ ക്രോഡീകരണം വളരെ സൂക്ഷ്മതയോടെയാ യിരുന്നു. ഇബ്നു അബീ ദാവൂദ്(റ) കിതാബുല്‍ മസ്വാഹിഫില്‍ രേഖപ്പെടുത്തിയ ഒരു ഹദീസ് ഇമാം ഇബ്നു ഹജര്‍(റ) ഉദ്ധരിക്കുന്നത് കാണുക:
യഹ്യബ്നു അബ്ദിറഹ്മാന്‍(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ‘ഉമര്‍ (റ) ഇപ്രകാരം പ്രസ്താവിച്ചു. ‘നബി(സ്വ)യില്‍ നിന്ന് ഖുര്‍ആനില്‍ നിന്ന് വല്ലതും കേട്ടവരെല്ലാം അതുമായി വരണം.’ സ്വഹാബികള്‍ ഏടുകളിലും പലകകളിലും മട്ടലുകളിലുമായി ഖുര്‍ആന്‍ എഴുതി വെക്കാറുണ്ടായിരുന്നു.’
യഹ്യാ(റ) പറയുന്നു: ‘രണ്ടു സാക്ഷികളില്ലാതെ ഒരാളില്‍ നിന്നും അദ്ദേഹം യാതൊന്നും സ്വീകരിക്കുമായിരുന്നില്ല’. എഴുതി വെച്ചതു മാത്രമല്ല സൈദ്(റ) പരിഗണിച്ചതെന്നും നബി(സ്വ)യില്‍ നിന്ന് നേരിട്ട് കേട്ടവരുടെ സാക്ഷ്യം കൂടി ഉള്‍പ്പെടുത്തിയാണ് ക്രോഡീകരണം നടത്തിയതെന്നും ഈ ഹദീസ് വ്യക്തമാക്കുന്നു. കൂടാതെ സൈദ്(റ)നു തന്നെ ഖുര്‍ആന്‍ മനഃപാഠവുമുണ്ടായിരുന്നു. കൂടുതല്‍ സൂക്ഷ്മത കാണിച്ചതു കൊണ്ടാണ് സൈദ്(റ) ഇത്തരമൊരു സമീപനം സ്വീകരിച്ചത്.
ഹിശാമുബ്നു ഉര്‍വ(റ) പിതാവില്‍ നിന്നുദ്ധരിക്കുന്ന ഒരു ഹദീസും ഇബ്നു അബീ ദാവൂദ്(റ) രേഖപ്പെടുത്തുന്നുണ്ട്. ‘അബൂബക്കര്‍(റ) ഉമര്‍(റ)നോടും സൈദ്(റ)നോടും ഇപ്രകാരം പറയുകയുണ്ടായി: നിങ്ങള്‍ രണ്ടുപേരും പള്ളിയുടെ കവാടത്തിലിരിക്കുക. അല്ലാഹുവിന്റെ കിതാബില്‍ പെട്ടതാണെനതിന് രണ്ട് സാക്ഷികളുമായി ആരെങ്കിലും വന്നാല്‍ അത് നിങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുക’ (ഫത്ഹുല്‍ ബാരി 14/193).
എന്നാല്‍ ബറാഅത്ത് സൂറയുടെ അവസാന ഭാഗം അബൂ ഖുസൈമത്തില്‍ അന്‍സ്വാരി(റ)യില്‍ നിന്ന് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്ന സൈദ്(റ)ന്റെ പരാമര്‍ശം ഖുര്‍ആന്‍ ക്രോഡീകരണത്തിനു വേണ്ടി അതീവ സൂക്ഷ്മത പുലര്‍ത്തിയിട്ടുണ്ടെന്ന വാദത്തിനെതിരല്ല. ഇതു വ്യക്തമാക്കി കൊണ്ട് ഇമാം ഇബ്നു ഹജര്‍(റ) എഴുതുന്നു: തൗബ സൂറത്തിന്റെ അവസാന ഭാഗം അബൂഖുസൈമത്തില്‍ അന്‍സ്വാരി(റ)യുടെ പക്കല്‍ നിന്ന് മാത്രമാണ് എനിക്കു ലഭിച്ചതെന്ന സൈദ്(റ)ന്റെ പ്രസ്താവനയുടെ താല്പര്യം ആ ഭാഗം എഴുതപ്പെട്ടതായി ലഭിച്ചത് അദ്ദേഹത്തില്‍ നിന്ന് മാത്രമാണെന്നാണ് (സ്വഹാബികളില്‍ പെട്ട അസംഖ്യം ആളുകള്‍ക്ക് അവ മന:പാഠമുണ്ടായിരുന്നു. അക്കാലത്തെ പ്രധാന അവലംബം മന:പാഠം തന്നെയായിരുന്നു). കാരണം സൈദ്(റ) ഖുര്‍ആനിന്റെ ക്രോഡീകരണം നടത്തിയത് വെറും മനഃപാഠം നോക്കിയല്ല, എഴുത്ത് കൂടി പരിശോധിച്ചാണ്. പ്രസ്തുത ഭാഗം ആ സമയത്ത് ലഭിച്ചില്ലെന്നത് കൊണ്ട് നബി(സ്വ)യില്‍ നിന്ന് സ്വീകരിക്കാത്തവരുടെ അടുക്കല്‍ ആ ഭാഗം അനിഷേധ്യമാം വിധം സ്ഥിരപ്പെട്ടിട്ടില്ലെന്ന് വരില്ല. നബി(സ്വ)യില്‍ നിന്ന് നേരിട്ട് സ്വീകരിച്ചവരില്‍ നിന്ന് ഖുര്‍ആന്‍ ക്രോഡീകരിക്കുക വഴി കൂടുതല്‍ ഉറപ്പ് ലഭിക്കണമെന്നതായിരുന്നു സൈദ്(റ)ന്റെ താല്പര്യം. അബൂ ഖുസൈമ(റ)യില്‍ നിന്ന് ആ ഭാഗം ലഭിച്ചപ്പോള്‍ സൈദ്(റ)വിന് ഓര്‍മവന്നത് പോലെ മറ്റു സ്വഹാ ബികള്‍ക്കും ഓര്‍മ്മ വന്നിട്ടുണ്ടാവും. നബി(സ്വ)യുടെ സാന്നിധ്യത്തില്‍ എഴുതപ്പെട്ടതു മാത്രം ക്രോഡീകരിക്കണമെന്ന നിര്‍ബന്ധമുള്ളതു കൊണ്ടാണ് സൈദ്(റ) ഇത്രയും പരിശോധന നടത്തിയത് (ഫത്ഹുല്‍ ബാരി:14/193).
അബൂബക്കര്‍(റ), ഉമര്‍(റ) തുടങ്ങിയ സ്വഹാബീ പ്രമുഖരെല്ലാം ഇവ്വിഷയത്തില്‍ സൈദ് (റ)വിനെ സഹായിക്കുകയും ചെയ്തു. അങ്ങനെ അവര്‍ ഉദ്ദേശിച്ച ദൗത്യം ഭംഗിയായി പൂര്‍ത്തിയാക്കി. ‘സത്യനിഷേധികള്‍ ഇഷ്ടപ്പെട്ടില്ലെങ്കിലും തന്റെ പ്രകാശം പൂര്‍ത്തിയാക്കാന്‍ തന്നെയാണ് അല്ലാഹു തീരുമാനിച്ചിരിക്കുന്നത്’ (ഖുര്‍ആന്‍ 9/32).
അബുബക്കര്‍(റ)ന്റെ കാലത്തു നടന്ന ഈ ക്രോഡീകരണത്തിനു പല പ്രത്യേകതകളുമു ണ്ടായിരുന്നു. ഇലാഹീ വചനങ്ങളെ ഏറ്റവും സൂക്ഷ്മമായ അന്വേഷണത്തിലൂടെ സമാഹരിക്കാന്‍ കഴിഞ്ഞുവെന്നതും മുസ്ലിം സമുദായത്തിന്റെ മുഴുവന്‍ ഏകോപിതാഭിപ്രായം നേടാന്‍ സാധിച്ചുവെന്നതും ഖുര്‍ആനില്‍ ഉപയോഗിച്ചിട്ടുള്ള അറബി ഭാഷയില്‍ തന്നെയുള്ള ഏഴു തരം ശൈലികളും അവ ഉള്‍ക്കൊണ്ടിട്ടുണ്ടെന്നതും പാരായണം ദുര്‍ബലപ്പെടുത്താത്തവ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നതും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇബ്നു അബീദാവൂദ്(റ) അബ്ദു ഖയ്ര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യുന്നു: ‘അദ്ദേഹം പറയുന്നു: അലി(റ) പറയുന്നത് ഞാന്‍ കേട്ടു: ‘മുസ്വ്ഹഫുകളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്നത് അബൂബക്കര്‍(റ)നാണ്. അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ. അല്ലാഹുവിന്റ ഗ്രന്ഥത്തെ ആദ്യമായി ക്രോഡീകരിച്ചത് അദ്ദേഹമാണ്’ (കിതാബുല്‍ മസ്വാഹിഫ്).