ഇമാം സുയൂഥ്വി (റ) പറയുന്നു.:“നിശ്ചയം തസ്വവ്വുഫ് ശ്രേഷ്ഠമായൊരു വിജ്ഞാന ശാഖയാണ്. അതിന്റെ അസ്ഥിവാരം തന്നെ സുന്നത്ത് (നബി ചര്യ) അനുധാവനം ചെയ്യലും ബിദ് അത്ത് (നവീനാശയം)തിരസ്കരിക്കലും ദേഹേഛകളിൽ നിന്ന് മുക്തമാകലും അല്ലാഹുവിന്റെ പ്രിയത്തെ മാത്രം കാംക്ഷിച്ചും അവന്റെ വിധികളിൽ ത്രിപ്തിപ്പെട്ട് അല്ലാഹുവിന് കീഴ്‌പെടലും ഇതില്ലാത്ത കാര്യങ്ങളെ നിന്ദ്യമായി കാണലുമാകുന്നു. തസ്വവ്വുഫിൽ കള്ളനാണയങ്ങൾ കടന്ന് കൂടിയിട്ടുണ്ടെന്ന സത്യം നിനക്കറിയാം. യഥാർത്ഥത്തിൽ സൂഫിയാക്കളിൽ പെട്ടവരല്ലാത്തവരും അവരുടെ വേഷ വിധാനം നടത്തി സാമ്യത പുലർത്തിയവരുമായ ഒരു വിഭാഗത്തിൽ നിന്നാണ് ഇത് സമ്പവിച്ചത്. അവർ തസ്വവ്വുഫിൽ പെടാത്ത ചിലതെല്ലാം അതിൽ കടത്തികൂട്ടി. ഇത് സർവ്വ സൂഫിയാക്കളെകുറിച്ചും തെറ്റിദ്ധാരണ ഉണ്ടാകാൻ ഹേതുവായി. അപ്പോൾ പണ്ഡിതന്മാർ ഇരു വിഭാഗത്തിനു മിടയിൽ വിവേജനം നടത്താൻ രംഗത്ത് വന്നു. വ്യാജന്മാരിൽ നിന്ന് സത്യവാന്മാരെ തിരിച്ചറിയാനാണിത്.സൂഫിയാക്കൾ എന്ന് പറയപ്പെടുന്നവരെ ശരീ അതിന്റെ ഇമാമുകൾ എതിർത്ത കാര്യങ്ങളെ കുറിച്ചെല്ലാം കുലങ്കശമായി ചിന്തിച്ചപ്പോൾ, ആ കാര്യങ്ങളിൽ ഒന്ന് പോലും യഥാർത്ഥ സ്വൂഫിയാക്കൾ പറഞ്ഞതായി ഞാൻ കണ്ടില്ല. പ്രത്യുത ബിദ് അത്ത് വെച്ച് പുലർത്തുന്നവരും ദീനിൽ അതിക്രമം നടത്തിയവരും മാത്രമാണ് അത് പറയുന്നതെന്ന് എനിക്ക് ബോധ്യപ്പെട്ടു. തങ്ങൾ സൂഫിയാക്കളാണെന്ന് സ്വയം വാദിക്കുന്നവരാണവർ. തീർച്ചയായും അവർ സ്വൂഫിയാക്കളിൽ പെട്ടവരല്ല.
ത അ് യീദുൽ ഹഖീഖത്തിൽ അലിയ്യ:പേജ് 95(19)
‘അഹ്‌ലുൽ ഇരാദത്തി (മുരീദുകൾ)ന്റെയും മശായിഖു(ശൈഖുമാർ) മാരുടെയും രൂപം അഭിനയിച്ച ചിലരെ സംബന്ധിച്ച് പറയുന്ന അധ്യായം ’ എന്ന ശീർഷകത്തിൽ ഇബ്‌നുൽ ഹാജ്ജ് (റ) എഴുതുന്നു:“ഇത് വിശാലമായ ഒരധ്യായമാണ്. ഇതിന്ന് ധാരാളം ശാഖകൾ ഉണ്ട്. ഇതു കൊണ്ടുണ്ടാകുന്ന നാശം ഇന്നതൊക്കെയാണെന്ന് നിർണ്ണയിക്കാനോ അതിന്റെ എണ്ണം ക്ലിപ്തമാക്കാനോ പറ്റില്ല. അത്രമാത്രം കൂടുതലാണത്. അതിനാൽ മറ്റുള്ളവർക്ക് രേഖയാക്കാൻ വേണ്ടി ചിലത് മാത്രം ഞാൻ സൂചിപ്പിക്കാം.
‘ജനങ്ങളിൽ കുറെയാളുകൾ ദീനും സ്വലാഹും (നന്മ) അല്ലാഹുവിന്റെ സാമീപ്യവും വാദിക്കുന്നു. ഇതിന്ന് തെളിവായി മുങ്കാമികളുടെ ചരിത്രം ഉദ്ധരിക്കുകയും ചെയ്യുന്നു. വേണമെങ്കിൽ ആ ചരിത്രം അവതരിപ്പിക്കുമ്പോൾ തന്റെ സംസാരത്തിന്ന് തൊടിപ്പും തൂവലുമെല്ലാം വെക്കുകയും ചെയ്യുന്നു. ഈ ചരിത്രം ഉദ്ധരിക്കുന്നത് കൊണ്ട് സ്വയം ശരീരത്തിലേക്ക് സൂചിപ്പിക്കുകയാണ് എന്ന് സാന്ദർഭികമായി മനസ്സിലാകും. മുൻ ഗാമികളുടെ ചരിത്രത്തിൽ പെട്ട ചിലതോ അല്ലെങ്കിൽ അവയിൽ നിന്ന് അധികമോ തനിക്കുണ്ടെന്ന് അവൻ വരുത്തി തീർക്കും. മറ്റു ചിലർ ഇവ്വിശയത്തിൽ ചരിത്രങ്ങൾ രചിക്കാൻ തന്നെ പ്രാപ്തരാണ്. സ്വന്തം വകയായി കെട്ടിച്ചമച്ചുണ്ടാക്കുന്നവയാകും അവ. നബി (സ്വ)യെ സ്വപ്നത്തിൽ ദർശിച്ചതായും നബി (സ്വ) അദ്ധേഹത്തോട് നേരിട്ട് സംബോധന നടത്തി ചില കാര്യങ്ങൾ കൽപിക്കുകയും മറ്റു ചിലത് വിരോധിക്കുകയും ചെയ്തതായും വാദിക്കാൻ വരെ ധൈര്യപ്പെടുന്ന ചിലരുണ്ട്. മറ്റു ചിലർ ഉണർച്ചയിൽ തന്നെ നബി (സ്വ)യെ ദർശിച്ചതായും വാദിക്കുന്നു. ഇത് കൊണ്ട് നാശത്തിൽ അകപ്പെട്ടിരിക്കുകയാണവർ.
‘എന്നാൽ ഇതെല്ലാം വളരെ കുടുസ്സായ ഒരു അദ്ധ്യായമാണ്. ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കുന്നവർ വളരെ വിരളം. ഇക്കാലത്ത് അവ സംഭവിക്കാൻ പറ്റുന്ന ഗുണങ്ങൾ മേളിച്ചവർ അപൂർവ്വമാണെന്നല്ല മിക്കവാറും ഇല്ലെന്ന് തന്നെ പറയാം. ബാഹ്യമായും ആന്തരികമായും അല്ലാഹുവിന്റെ പ്രത്യേക കാവലുള്ള മഹാന്മാർക്ക് ഇത് സംഭവിക്കാമെന്ന കാര്യം നാം നിഷേദിക്കുന്നില്ല. ’
‘മറ്റു ചിലർ ഖളിർ (അ) നെ ദർശിച്ചതായും വാദിക്കുന്നു. കൂടുതൽ സ്വീകാര്യതക്ക് വേണ്ടി ഇതിനെ സത്യം ചെയ്തു ശക്തിപ്പെടുത്തുന്നവരുമുണ്ട്. ഇങ്ങനെയുണ്ടെന്ന് വിശേഷിക്കപ്പെടുന്ന ഒരാൾ ഖളിർ (അ) എല്ലാ ദിവസവും അദ്ധേഹത്തിന്റെ അരികിൽ വന്ന് തന്റെ വാതിലിനടുത്ത് നിൽക്കുകയോ തന്റെ പീടികയുടെ അടുക്കൽ വന്ന് നിൽക്കുകയോ ചെയ്യുന്നതായും താൻ കച്ചവടം ചെയ്ത് കൊണ്ടിരിക്കുമ്പോൾ ഖളിർ (അ) നോട് സംസീക്കുന്നതായും വരെ വാദിക്കുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതവും സ്വയം നിർമ്മിതവുമായ അസംബന്തങ്ങളാണ്. എന്നാൽ അർഹരായവരിൽ നിന്ന് പ്രത്യേക സന്ദർഭങ്ങളിൽ സംഭവിക്കാമെന്ന കാര്യം എതിർക്കപ്പെടാവതല്ല. ചുരുക്കത്തിൽ ഈ വ്യാജന്മാരുടെ മോശമായ അവസ്ഥകൾ എണ്ണിപ്പെറയുക സാധ്യമല്ല. നാം ഉണർത്തിയതു തന്നെ ധാരാളം മതി’.
അൽമദ്ഖൽ വാള്യം 3 പേജ് 193-195(20)
ഇപ്പറഞ്ഞതെല്ലാം എട്ടാം നൂറ്റാണ്ടുകാരനായ ഇബ്‌നുൽ ഹാജ്ജി (റ) കാലഘട്ടത്തിലുള്ള വ്യാജ സിദ്ധന്മാരുടെ അവസ്ഥയാണെങ്കിൽ ഈ കാലഘട്ടത്തിൽ പെരുകി വന്ന വ്യാജന്മാരുടെ കാര്യം പറയേണ്ടതുണ്ടോ? സ്വന്തം കറാമത്ത് വാദിച്ചും ചില മഖ്‌ബറകളിലോ വനാന്തരങ്ങളിലോ തപസ്സിരുന്നപ്പോൾ തന്റെ ആത്മീയ ഏകാന്തതയിൽ പണ്ടെന്നോ ഈ ലോകത്തോട് വിട പറഞ്ഞ മശായിഖുമാരെ ദർശിച്ചതായോ അല്ലെങ്കിൽ, ഇന്ന് ജീവിച്ചിരിക്കുന്ന ശൈഖുമായി താൻ കണ്ടു മുട്ടിയതായോ വാദിച്ചും പ്രത്യക്ഷപ്പെടുന്ന വ്യാജന്മാരെയാണ് ഇന്ന് നാം കാണുന്നത്.
ഇബ്‌നുൽ ഹാജ്ജ് (റ)തന്നെ പറയുന്നു:“ചില മശായിഖുമാരെ കണ്ടതായും അവരുമായി ഒരുമിച്ചു കൂടിയതായും വാദിക്കുന്ന ചിലരുണ്ട്. അവർ ആ മശായിഖുമാരുമായി ഒരു മിച്ച് കൂടുകയോ കാണുകയോ ചെയ്തിട്ടില്ല. മറ്റു ചിലർ താൻ ഇന്ന ശൈഖിനോട് കൂടി സഹവസിച്ചതായും അദ്ധേഹത്തിലൂടെ തനിക്ക് നേർ മാർഗ്ഗ സിദ്ധി ലഭിച്ചതായും വാദിക്കുന്നു. യഥാർത്ഥത്തിൽ അവൻ ആ ശൈഖുമായി ഒരു മിച്ചു കൂടുക പോലും ചെയ്‌തിട്ടില്ല. ഇവൻ അദ്ധേഹത്തിന്റെ വഴിയിലുമല്ല. മറ്റു ചിലർ ചില ശൈഖുമാരുമായി സഹവസിച്ച് അവരിൽ നിന്നു കിട്ടിയ ജ്ഞാനങ്ങൾ തന്റേതായി ഉദ്ധരിക്കുന്നു.
അൽ മദ്‌ഖൽ വാള്യം:3 പേജ് 195 (21)
ചുരുക്കത്തിൽ തസ്വവ്വുഫെന്ന വിജ്ഞാനം ശാഖയിലെ കള്ള നാണയങ്ങൾ ഇബ്‌നു ഹാജ്ജ് (റ) ന്റെ കാലത്തു തന്നെ ധാരാളമുണ്ടെങ്കിൽ ഇന്ന് അവ എണ്ണിത്തീർക്കുക സാധ്യമല്ല്.
ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനി (റ)പറയുന്നു:“തസ്വവ്വുഫുകാർ പന്ത്രണ്ട് വിഭാഗങ്ങളുണ്ട്. ഒന്നാം വിഭാഗം സുന്നി വിഭാഗമാണ്. അവരുടെ വാക്കുകളും പ്രവൃത്തികളും ശരീ അത്തിനോടും ത്വരീഖത്തിനോടും യോജിച്ചതാണ്. അവർ അഹ്‌ലുസ്സുന്നത്തി വൽ ജമാ അ:യാകുന്നു. അവരിൽ ചിലർ ശിക്ഷയോ കണക്കു ചോദ്യങ്ങളോ ഇല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരാണ്. മറ്റു ചിലർ നേരിയ കണക്കു ചോദ്യത്തിനും കുറഞ്ഞ ശിക്ഷക്കും വിധേയമായി സ്വർഗ്ഗത്തിൽ പ്രവേഷിക്കുന്നവരും. നരഗത്തിൽ നിന്ന് മോചനം ലഭിച്ച് സ്വർഗ്ഗത്തിൽ പ്രവേഷീമെന്നും അവിശ്വാസികളും കപടവിശ്വാസികളും നരകീയ ശാശ്വത ശിക്ഷക്ക് വിധേയരാകും പോലെ ഇവർ വിധേയമാവുകയില്ലെന്നുമാണ് ഉദ്ദേശ്യം. ബാക്കിയുള്ള 11 വിഭാഗവും ബിദ ഈ കക്ഷികളണ്. ഖലൂലിയ്യത്ത്, ഹാലിയ്യത്ത്, ഔലിയാ ഇയ്യത്ത്, ശം റാനിയ്യത്ത്, ഹിബ്ബിയ്യത്ത്, ഹൂരിയ്യത്ത്, ഇബാഹിയ്യത്ത്, മുതകാസിലത്ത്, മുതജാഹിലത്ത്, വാഫിഖിയ്യത്ത്, ഇ ൽ ഹാമിയ്യത്ത് എന്നീ പതിനൊന്ന് വിഭാഗമാണവർ.
ഒന്ന്. ഖലൂലിയ്യത്ത്: ഇവർ ഇപ്രകാരം പറയുന്നു: അന്യസ്ത്രീയെയും അം റദിനെയും കണ്ടാസ്വദിക്കലും നൃത്തം വെക്കലും അനു വദനീയമാണ്. എന്നല്ല അവരെ ചുംബിക്കലും ആലിംഗനം ചെയ്യലും അനുവദനീയമാണ്. ഇത് തനിച്ച കുഫ്‌റാണ്.
രണ്ട്.ഹാലിയ്യത്ത്: ഇവർ പറയുന്നത് ഇപ്രകാരം: നൃത്തംവെക്കലും കൈമുട്ടലും അനുവദനീയമാകുന്നു. ശറ ഇനു ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ശൈഖുമാർക്കുണ്ടാകും. ഈ വാദം ബിദ് അത്തും നബി ചര്യയിൽ ഇല്ലാത്തതുമാണ്.
മൂന്ന്. ഔലിയാ ഇയ്യത്ത്: ഇവർ പറയുന്നു: ഒരു വ്യക്തി ഔലിയാ ഇന്റെ പതവിയിലേക്ക് ചേർന്നാൽ ശറ ഇന്റെ വിധിവിലക്കുകൾ അവന്ന് അനു വദനീയമാവുന്നില്ല. അവർ പറയുന്നത് നബിയെക്കാൾ ശ്രേഷ്ഠനാണ് വലിയ്യ് എന്നാണ്. ജിബ്‌രീൽ മാധ്യമമായിട്ടാണ് ഏത് നബിയുടെയും ജ്ഞാനമെന്നും ആരുടെയും മാധ്യമമില്ലാതെയാണ് വലിയ്യിന്റെ ജ്ഞാനമെന്നും ഇതിന് അവർ കാരണമായി പറയുന്നു. ഈ ന്യായീകരണം പിഴവും ഈ വിശ്വാസം കൊണ്ട് അവർ നാശകാരികളായവരുമാണ്. ഇതും കുഫ്‌റു തന്നെ.
നാല്. ശം റാനിയ്യത്ത്: ഇവർ പറയുന്നത് ഇപ്രകാരമാണ്: ‘(അല്ലാഹുവുമായി) അനാദിയായ സഹവാസം തങ്ങൾകുണ്ട്. അത് കൊണ്ട് തന്നെ (ശർ ഇന്റെ) വിധി വിലക്കുകൾ തങ്ങൾക്കു ബാധകമല്ല. മുട്ടു വിളിയും മറ്റു സംഗീതോപകരണങ്ങളും സർവ്വ സ്ത്രീകളും അവർക്ക് ഹലാലാണ്. ഇവർ അവിശ്വാസികൾ തന്നെ. അവരുടെ രക്തം അനുവദിക്കപ്പെട്ടവരാകുന്നു.
അഞ്ച്. ഹിബ്ബിയ്യത്ത്: ഇവർ പറയുന്നു: “അല്ലാഹുവിന്റെ പ്രീതി ലഭിക്കുന്ന പദവിയിലേക്ക് ഒരാൾ ചേർന്നാൽ ശർ ഇന്റെ വിധി അവന്ന് ബാധകമാവില്ല”. ഈ വിഭാഗം നാണം മറക്കാതെ നഗ്നരായിരിക്കുന്നുവരാണ്.
ആറ്. ഹൂരിയ്യത്ത്: ഇവർ രണ്ടാം വിഭാഗമായ ഹാലിയ്യത്തിനോട് സാമ്യത പുലർത്തുന്നവരാണ്. പക്ഷെ, അവരുടെ പ്രത്യേകാവസ്ഥയിൽ (സ്വർഗ്ഗത്തിലെ)ഹൂറുൽ ഈനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി വാദിക്കുകയും അവരുടെ അവസ്ഥ തെളിഞ്ഞ ശേഷം കുളിക്കുകയും ചെയ്യുന്നു. ഇത് ശുദ്ധ കളവും ഇത് കൊണ്ടവർ നാശകാരികളാവുന്നതുമാണ്.
ഏഴ്. ഇബാഹിയ്യത്ത്: നല്ലതു കൊണ്ടു കൽപിക്കുക, ചീത്ത വിരോധിക്കുക എന്നീ കാര്യങ്ങൾ ഉപേക്ഷിക്കുന്നവരും വിശിഷ്യാ സ്ത്രീകളെ അവ്മ്നുവദനീയമായി കാണുന്നവരുമാണ് ഇവർ.
എട്ട്. മുതകാസിലത്ത്: ജോലി ചെയ്യുന്ന പാടെ ഉപേക്ഷിക്കുകയും ജനങ്ങളുടെ വാതിലുകളിൽ ചെന്ന് യാചന നടത്തുന്നവരും ബാഹ്യത്തിൽ തങ്ങൾ ഐഹിക പരിത്യാഗികളാണെന്ന് വാദിക്കുന്നവരുമാണ് ഈ വിഭാഗം. ഇത് കൊണ്ട് അവരും നാശകാരികൾ തന്നെ
ഒമ്പത്. മുതജാഹിലത്ത്: ദുർ ജനങ്ങളുടെ വേഷവിധാനങ്ങൾ അണിഞ്ഞവരാണിവർ. (കോട്ടും ദൂട്ടും ധരിച്ച് താടി വടിച്ച് തലമറക്കാതെ ശൈഖായി ചമയുന്നവർ). അല്ലാഹു ഉൽബോധിക്കുന്നു. ‘അക്രമകരികളിലേക്ക് നിങ്ങൾ തെന്നി പോകരുത്’ നബി(സ്വ) പ്രഖ്യാപിക്കുന്നു.ഒരു ജനതയോട് ആര് സാമ്യത പുലർത്തുന്നുവോ അവൻ അവരിൽ പെട്ടവനാണ്.
പത്ത്. വാഖിഫിയ്യത്ത്: ഇവർ പറയുന്നു: ‘തീർച്ചയായും അല്ലാഹുവിനെ അല്ലാഹുവിനല്ലാതെ അറിയുക സാധ്യമല്ല.’ അതിനാൽ മ അ് രിഫത്തിന് (അല്ലാഹുവിനെ അറിയാൻ) വേണ്ടിയുള്ള പ്രവർത്തനം അവർ ഉപേക്ഷിച്ചിരിക്കുന്നു. ഈ അജ്ഞതയിലൂടെ അവരും നാശത്തിലകപ്പെട്ടു.
പതിനൊന്ന്. ഇ ൽ ഹാമിയ്യത്ത്: ദീനി വിജ്ഞാനത്തെ ഉപേക്ഷിച്ചവരും ദീനി അധ്യാപനത്തെ വിരോധിക്കുന്നവരുമാണീ വിഭാഗം. അവർ തത്വചിന്തകരെ അനുകമിച്ചവരാകുന്നു. അവർ പറയുന്നത് ‘ഖുർ ആൻ മനുഷ്യന്റെ ജ്ഞാനത്തിന്ന് മറയാണ്.’ ത്വരീഖത്തിന്റെ കാവ്യങ്ങൾ എന്ന് പറയുന്നത് ഖുർ ആനാണ്. ഈ വിശ്വാസം കൊണ്ട് ഖുർ ആൻ അവർ ഉപേക്ഷിക്കുകയും തങ്ങളുടെ സന്താനങ്ങൾക്ക് കാവ്യങ്ങൾ പടിപ്പിക്കുകയും ചെയ്യുന്നു. ഇക്കൂട്ടർ മറ്റു വിർദ്ദുകൾ ഉപേക്ഷിച്ചവരും നാശകാരികളുമാണ്”.
സർ റുൽ അസ് റാർ അദ്ധ്യായം: 24 പേജ് 55(22)
വിവിധ പേരുകളിൽ അറിയപ്പെടുന്നതും ശർ ഈ നിയമങ്ങൾക്ക് നിരക്കാത്തതുമായ ഇന്നത്തെ സൂഫി പട്ടവും വിലായത്ത് പട്ടവും അവകാശപ്പെടുന്നവർ ശൈഖ് ജീലാനി (റ) പറഞ്ഞ വ്യാജ സൂഫികളായ പതിനൊന്ന് വിഭാഗത്തിന്റെ സന്തതികളാണെന്ന് തീർച്ച. എന്നാൽ, അഹ്‌ലുസ്സുന്ന:യായ യഥാർത്ഥ സൂഫികൾ അല്ലാഹുവിന്റെ ഔലിയാക്കളാണെന്നതിൽ സംശയമില്ല.
“എന്റെ വല്ല വലിയ്യിനോടും ആരെങ്കിലും ശത്രുത പുലർത്തിയാൽ ഞാൻ അവരുമായി യുദ്ധം പ്രഖ്യാപനം നടത്തിയിരിക്കുന്നു.” എന്ന് അല്ലാഹു പറഞ്ഞിട്ടുണ്ടെന്ന ഖുദ്‌സിയ്യും സ്വഹീഹുമായ ഹദീസിന്റെ താക്കീതിന് പാത്രമാവുന്നത് ഗൗരവ പൂർവ്വം സൂക്ഷിക്കേണ്ടതാണ്. അന്ത്യം ചീത്തയാവുക (سوع الخاتمة) എന്ന ഏറ്റവും വലിയ അപകടമാണ് ഇതിന്റെ തിക്ത ഫലമെന്ന് ഉദ്ദേശ്യം. അത് കൊണ്ട് തന്നെ സൂഫിയാക്കളെ ഒന്നടങ്കവും ഔലിയാ ഇനെ വ്യാപകമായും തള്ളിപ്പറയുന്നതും ആക്ഷേപിക്കുന്നതും അന്ത്യ നാശത്തിലേക്ക് ചേർക്കുമെന്നത് ഓർത്തിരിക്കണം. മുജാഹിദ്, ജമാ അത്തെ ഇസ്ലാമി, തുടങ്ങിയ നവീനാശയക്കാരുടെ അടിസ്ഥാന പിയവ് തന്നെ ഇവിടെയാണ്.
എന്നാൽ, സത്യവും അസത്യവും ഒരിക്കലും തിരിച്ചറിയാൻ പറ്റാത്ത് വിധം കൂടിക്കലരുകയില്ല. ചിലപ്പോൾ അസത്യം ബാഹ്യത്തിൽ മികച്ചു നിന്നാലും സത്യം പുറത്ത് വരിക തന്നെ ചെയ്യും ഇതു ഖുർ ആൻ തന്നെ പ്രസ്താവിച്ചതാണ്. അപ്പോൾ സത്യാസത്യ വിവേചനത്തിന് ഒരു മാനദണ്ഡം അനിവാര്യമാണ്. ഈ മാനദണ്ഡം അടിസ്ഥാനമാക്കിയാണ് പണ്ഡിതന്മാർ തസ്വവ്വുഫിലെ സത്യവും വ്യാജവും വേർത്തിരിച്ചത്.