പേര് | ഉസ്മാന് |
ഓമനപ്പേര് | അബൂ അംറ് |
പിതാവ് | അഫ്ഫാന്‍ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ ആറാം വര്‍ഷം |
വയസ്സ് | എണ്‍പത്തി രണ്ട് |
വംശം | ബനൂ ഉമയ്യഃ |
സ്ഥാനപ്പേര് | ദുന്നൂറൈനി |
മാതാവ് | അര്‍വ |
വഫാത് | ഹിജ്റയുടെ മുപ്പത്തിയഞ്ചാം വര്‍ഷം |
ഭരണകാലം | പന്ത്രണ്ടു വര്‍ഷം |
ആദ്യമായി ഇസ്ലാമിലേക്ക് വന്ന പ്രമുഖരില്‍ ഒരാളായിരുന്നു ഉസ്മാനുബ്നു അഫ്ഫാന്‍ (റ). അതുകാരണം പിതൃവ്യനായ ഹകം അദ്ദേഹത്തെ പിടിച്ചുകെട്ടി ശിക്ഷിച്ചു. പക്ഷേ, എന്തു ശിക്ഷ നല്കിയാലും ഇസ്ലാം കയ്യൊഴിക്കില്ലെന്നു കണ്ടപ്പോള്‍ ഹകം അദ്ദേഹത്തെ അഴിച്ചു വിട്ടു. ഹബ്ശഃയിലേക്ക് ആദ്യമായി കുടുംബസമേതം ഹിജ്റ പോയത് ഉസ്മാന് (റ) ആണ്. നബി (സ്വ) യുടെ രണ്ടു പുത്രിമാരെ വിവാഹം ചെയ്തിട്ടുണ്ട്. ആദ്യം റുഖയ്യ (റ) യേയും അവരുടെ വഫാത്തിനു ശേഷം ഉമ്മുകുല്‍സൂം (റ) യേയും. അതുകൊണ്ടാണ് അദ്ദേഹത്തിനു ‘ദുന്നൂറൈനി’ എന്ന പേര് ലഭിച്ചത്.
ലജ്ജയും ഔദാര്യവും അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശിഷ്ട ഗുണങ്ങളായിരുന്നു. നബി (സ്വ) യോടൊപ്പം ബദര്‍ ഒഴിച്ചുള്ള എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ബദര്‍ യുദ്ധവേളയില്‍ റുഖയ്യ (റ) യുടെ രോഗം കാരണം അവരെ ശുശ്രൂഷിക്കാന്‍ നബി (സ്വ) കല്പിച്ചു. അതുകൊണ്ടാണ് ബദറില്‍ പങ്കെടുക്കാതിരുന്നത്.
ഉമര്‍ (റ) വിന് കുത്തേറ്റപ്പോള്‍ മൂന്നാം ഖലീഫയെ നിര്‍ദ്ദേശിക്കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഉസ്മാനുബ്നു അഫ്ഫാന്‍, അലിയ്യുബ്നു അബീത്വാലിബ്, അബ്ദുര്‍റഹ്മാ നുബ്നു ഔഫ്, സഅ്ദു ബ്നു അബീ വഖാസ്വ്, ത്വല്‍ഹത്തുബ്നു ഉബൈദില്ല, സുബൈറുബ് നുല് അവ്വാം (റ.ഹും) എന്നീ ആറുപേരെ തിരഞ്ഞെടുത്തു. ഈ ആറുപേര്‍ തന്റെ മരണശേഷം ആലോചന നടത്തി അവരിലൊരാളെ ഖലീഫയായി നിശ്ചയിക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. പ്രസ്തുത ആലോചനാ സമിതി തെരഞ്ഞെടുത്ത ഖലീഫയാണ് ഉസ്മാനുബ്നു അഫ്ഫാന്‍ (റ).
പ്രധാന പ്രവര്‍ത്തനങ്ങള്‍
കരാര്‍ ലംഘിച്ചു വിപ്ളവത്തിനൊരുങ്ങിയ രാജ്യങ്ങളോടു യുദ്ധം നടത്തി, അവരെ അമര്‍ച്ച ചെയ്തു.
പേര്‍ഷ്യന്‍ സാമ്രാജ്യം പൂര്‍ണ്ണമായും മുസ്ലിംകള്ക്ക് അധീനമാക്കി.
കപ്പലുകള്‍ നിര്‍മ്മിച്ചു നാവികയുദ്ധം ആരംഭിച്ചു.
മുആവിയ (റ) വിന്റെ നേതൃത്വത്തില്‍ റോമാക്കാരുടെ അധീനത്തിലായിരുന്ന ഖുബ്റുസ് (സൈപ്രസ്) ദ്വീപ് മുതലായ പല സ്ഥലങ്ങളും ഇസ്ലാമിന് കീഴിലാക്കി.
അബ്ദുല്ലാഹിബ്നു സഅദ് (റ) ന്റെ നേതൃത്വത്തില്‍ ത്വറാബല്‍സ് (ട്രിപ്പോളിയാ) മുതല്‍ ത്വന്‍ജാ (ടാഞ്ജര്‍) വരെയുള്ള ഉത്തരാഫ്രിക്കന്‍ പ്രദേശങ്ങളും ഇസ്ലാമിന്റെ കീഴിലായി.
അബൂബക്ര് (റ) എഴുതി സൂക്ഷിച്ച മുസ്വ്ഹഫ് ആധാരമാക്കി ഖുര്‍ആന്‍ പകര്‍പ്പുകള്‍ തയ്യാര്‍ ചെയ്തു അവ പഠിപ്പിക്കുവാനുള്ള ഖാരിഉകളോടൊപ്പം വിവിധ ഇസ്ലാമിക പട്ടണങ്ങളിലേക്ക് അയച്ചു കൊടുത്തു.
ജനങ്ങള്‍ വര്‍ദ്ധിച്ചു മഹല്ലുകള്‍ വിശാലമായപ്പോള്‍ ജുമുഅഃക്ക് ഒരു ബാങ്കു (ഒന്നാം ബാങ്ക്) കൂടി ഏര്‍പ്പെടുത്തി. ഉസ്മാന് (റ) സമാധാനപ്രിയനും ദയാലുവും നീതിമാനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ നടപടികളില്‍ ചിലര്‍ക്കെങ്കിലും വിയോജിപ്പുണ്ടായി. അതോടൊപ്പം ബാഹ്യത്തില്‍ മുസ്ലിമായ അബ്ദുല്ലാഹിബ്നു സബഅ് എന്ന ജൂതന് മുസ്ലിംകളെ തമ്മില്‍ അടിപ്പിക്കാന്‍ പല തെറ്റിദ്ധാരണകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. തന്നിമിത്തം പലരും കുഴപ്പത്തിനൊരുങ്ങി. അവര്‍ കൂഫ, ബസ്വറ, മിസ്വ്ര്‍ എന്നിവിടങ്ങളില്‍ നിന്നും സംഘടിച്ചു മദീനയില്‍ വന്നു ഉസ്മാന് (റ) ന്റെ വീട് വളയുകയും അവസാനം അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ഉസ്മാന് (റ) രക്തസാക്ഷിയാകുമെന്ന് നബി (സ്വ) പറഞ്ഞതായി ഹദീസില്‍ വന്നിട്ടുണ്ട്.