വുളുഇൻ്റെ നിയ്യത്തോടുകൂടി കോരി ഒഴിച്ചു കുളിച്ചാൽ വുളു ലഭിക്കുമോ?

ലഭിക്കും. തർതീബ് ( ക്രമം) വേണം, ആദ്യം മുഖം, പിന്നെ കൈ, പിന്നെ തല, പിന്നെകാൽ എന്ന വിധത്തിൽ.

റീഫില്ലറിലെ മഷി ശീരത്തിൽ എവിടെയെങ്കിലും ആയാൽ വുളു, കുളി എന്നിവ സാധുവാകാതിരിക്കുമോ?

മഷി കാരണം വെള്ളം ചേരാതിരുന്നാൽ വുളുവും കുളിയും സഹീഹാവുകയില്ല.

വെള്ളം ചേരുന്നതിനെ തടയുന്ന ‘വിളഞ്ഞി’ പോലെയുള്ളത് വുളു,കുളി എന്നിവകഴിഞ്ഞതിനു ശേഷമാണ് ശരീരത്തിൽ കാണുന്നത്. എന്നാൽ എന്തുചെയ്യണം?

കുളി സഹീഹാവും. അവ നീക്കിയതിനു ശേഷം അവിടെ കഴുകിയാൽ മതിയാകുന്നതാണ്. വുളു എടുത്തു കഴിഞ്ഞതിന് ശേഷമാണ് കണ്ടതെങ്കിൽ വുളൂഇന്റെ ഏത് അവയവത്തിലാണ്കണ്ടതെങ്കിൽ അതു നീക്കം ചെയ്തതിന് ശേഷം ആ സ്ഥലവും അതിന് ശേഷമുള്ള വുളുവിന്റെഅവയവങ്ങളും ക്രമാനുസ്യതം ശുദ്ധിയാക്കേണ്ടതാണ്.

 വുളു മുറിയാതെ ജനാബത്തുണ്ടാകുമോ? എങ്കിൽ കുളിച്ചാൽ വുളു എടുക്കാത നിസ്കരിക്കാമോ?

വുളു മുറിയാതെ ജനാബത്തുണ്ടാകാം. ഇരിപ്പിടം ഭദ്രമാക്കി ഇരുന്നുറങ്ങുമ്പോൾ
സ്ഖലനമുണ്ടാവുക, വുളു ഉള്ളവൻ വികാരത്തോടെ നോക്കിയിട്ടോ, വികാര പരമായ കാര്യങ്ങൾആലോചിച്ചിട്ടോ സ്ഖലനമുണ്ടാവുക തുടങ്ങിയവ അതിനുദാഹരണങ്ങളാണ്. അങ്ങനെ സംഭവിച്ചവർക്ക് കുളിച്ച്, വുളു എടുക്കാതെ നിസ്കരിക്കാം. പക്ഷേ, കുളിക്കുമ്പോൾ വുളുമുറിയുന്ന കാര്യങ്ങളുണ്ടാവാതിരിക്കണം.

 നിർബന്ധമായ കുളിയോ,വുളുവോ കഴിഞ്ഞ ശേഷംഅവയവത്തിൽ വെള്ളം എത്തിയിട്ടില്ലെന്നു മനസ്സിലായാൽ വുളുഉം കുളിയും മടക്കേണ്ടതുണ്ടോ?

മടക്കേണ്ടതില്ല, ആ സ്ഥലത്ത് വെള്ളം ഒലിപ്പിച്ചു കഴുകണം. വുളുവിലാണെങ്കിൽ അതിനു ശേഷമുള്ള അവയവങ്ങൾ മടക്കി കഴുകണം. വുളുവിൽ തർത്തീബ് (ക്രമം) നിർബന്ധമാണല്ലോ കുളിയിൽ ആ സ്ഥലം കഴുകിയാൽ മാത്രം മതി.

കഞ്ഞിവെള്ളം കൊണ്ടും ഐസ് വെള്ളം കൊണ്ടും വുളു ചെയ്യാമോ?

വുളു എടുക്കുന്നത് മുതലഖായ വെള്ളം കൊണ്ടായിരിക്കൽ ശർഥാണ്. മറ്റു വല്ലതും കലർന്നു പേരു മാറിപ്പോയാൽ അതിനു മുത് ലഖായ വെള്ളമെന്നു പറയുകയില്ല, അക്കാരണത്താൽ കഞ്ഞിവെള്ളം വുളുഇന് പറ്റുകയില്ല. എന്നാൽ ഐസ് വെള്ളം കൊണ്ട് വുളു എടുക്കാവുന്നതാണ്.

നഖങ്ങളിൽ ഇടുന്ന ‘ക്യൂട്ടക്സ്’ വുളുവിന് തടസ്സമാവുമോ?

വെള്ളം ചേരുന്നതിനെ തടയുന്നതൊന്നും വുളൂഇന്റെ അവയവങ്ങളിൽ പാടില്ല. ഇത് വുളൂഇന്റെ നിബന്ധനകളിൽ പെട്ടതാണ്. ക്യൂട്ടക്സിന്റെ കട്ടിയുള്ള പോളിഷ് നഖത്തിനെമറക്കും. ഈ ഭാഗത്ത് വെള്ളം ചേരില്ല. അതുകൊണ്ട് സാധാരണ ക്യൂട്ടക്സ് വുളുഇന്ന് തടസ്സമാണ്. മൈലാഞ്ചി ഇടുമ്പോഴുള്ള നിറംമാറ്റം മാത്രമേ ഉണ്ടാകുന്നുള്ളൂവെങ്കിൽ തകരാറില്ല.

വെള്ളം ചേരലിനെ തടയുന്ന വല്ലതും ശരീരത്തിലുള്ളപ്പോൾ വുളുഇന്റെ
നിയ്യതോടെ വെള്ളത്തിൽ മുങ്ങിയാൽ വുളു ലഭിക്കുമോ?

വുളുഇന്റെ നിയ്യത്തോടെ വെള്ളത്തിൽ മുങ്ങിയാൽ വുളു ലഭിക്കും. വെള്ളം ചേരുന്നതിനെ തടയുന്ന എന്തെങ്കിലും വസ്തുക്കൾ വുളുഇന്റെ അവയവങ്ങളിൽ ഉണ്ടാവാൻ പാടില്ല.ശരീരത്തിലെ ഇതര ഭാഗങ്ങളിൽ ഉണ്ടായതുകൊണ്ട് വുളുവിന്ന് പ്രശ്നമില്ല.

സുപ്പർവൈറ്റ് കയ്യിലായാൽ വുളുവിന് തടസ്സമാവുമോ?

ഇല്ല. കാരണം, സൂപ്പർവൈവറ്റ് വെള്ളം ചേരലിനെ തടയില്ല. അതുകൊണ്ട് വുളുഇൻ തകരാറൊന്നുമില്ല.

കയ്യിലെ മോതിരം, വള തുടങ്ങിയവ വുളുഇന്ന് തടസ്സമാകുമോ? വുളുഇൻ്റെസമയത്ത് ഊരിക്കേണ്ടതുണ്ടോ?

കഴുകപ്പെടുന്ന അവയവങ്ങളിൽ വെള്ളം ചേരുന്നതിന് തടസ്സമാവുന്ന ഒന്നും ഇല്ലാതിരിക്കൽ വുളൂഇന്റെ നിബന്ധനയാണ്. സാധാരണയിൽ വളയും മോതിരവുമൊന്നും ഇതിനു തടസ്സമാവാറില്ല. വിരലിനോട് ഒട്ടിനിൽക്കുന്ന മോതിരം വുളൂഇന്റെ സമയത്ത് അനക്കുകയും അവിടെ വെള്ളം ചേർക്കുകയും വേണം.

വുളു എടുക്കുമ്പോൾ മൂന്നു പ്രാവശ്യം കഴുകൽ നിർബന്ധമുണ്ടോ? മുന്നിലും അവയവം ആകമാനം നനയേണ്ടതുണ്ടോ?

വുളുഇൽ ഒരു പ്രാവശ്യം കഴുകലാണ് നിർബന്ധം, രണ്ടും മൂന്നും പ്രാവശ്യം കഴുകൽ സുന്നത്തും. കഴുകൽ നിർബന്ധമായ ഭാഗം മുഴുവൻ നനഞ്ഞതിനശേഷമേ രണ്ടാമത്തതും മൂന്നാ മത്തതും സുന്നത്ത് പരിഗണിക്കുകയുള്ളൂ. ഒന്നിലധികം കഴുകിയില്ലെങ്കിൽ സുന്നത്ത്
പൂർണ്ണമായും കിട്ടില്ല, പൂർണ്ണമായും സുന്നത്ത് കിട്ടണമെങ്കിൽ മൂന്നിലും അവയവം ആകമാനം
നനഞ്ഞ് ഒലിക്കേണ്ടതുണ്ട്.

വുളുഇന്റ് നിയ്യത്തോടെ നഗ്നനായി മുങ്ങിയാൽ അയാൾക്ക് വുളൂഅ് ലഭിക്കുമോ?

ലഭിക്കും. നഗ്നനാവുകയെന്നത് വുളൂഇന്ന് തടസ്സമല്ല. നിയ്യത്ത് വേണമെന്നു മാത്രം.

വുളു നിസ്കാരത്തിന്റെ ശർഥാണല്ലോ. പിന്നെ എന്താണ് വുളു എന്ന ഫർളിനെ വീട്ടുന്നു എന്ന് കരുതുന്നത്?

ഫർള് എന്നതിന് ‘ഒഴിച്ചുകൂടാത്തത്’ എന്നർത്ഥമുണ്ട്. അതിനാൽ വുളുഇനെ ഫർള് എന്ന് വിളിക്കാം, പിന്നെ വുളൂഇന്റെ ഫർള് എന്നും കരുതാം. ഞാൻ വുളു എടുക്കുന്നു എന്നുമാത്രം കരുതിയാലും വുളു സഹീഹാകുന്നതാണ് (തുഹ്ഫ: 1/194).

കൃത്രിമമായി വെച്ച പല്ലുകൾ വുളു എടുക്കുമ്പോൾ ഊരിവെക്കേണ്ടതുണ്ടോ? ഇല്ലെങ്കിൽ വുളു ശരിയാകുമോ?

വായിൽ വെള്ളമെത്തിക്കൽ വുളു ഇൽ നിർബന്ധമില്ലല്ലോ. അതിനാൽ വുളു ശരിയാകാൻ പല്ല് ഊരിവെക്കേണ്ടതില്ല

ശക്തിയായ തണുപ്പായതിനാൽ അംഗസ്നാനം ചെയ്യുമ്പോൾ ഒരു പ്രാവശ്യം കഴുകിയാൽ മതിയാകുമോ? മൂന്നുപ്രാവശ്യം കഴുകേണ്ടതുണ്ടോ

ഒരു പ്രാവശ്യം കഴുകലാണ് നിർബന്ധം. ബാക്കിയുള്ളത് സുന്നത്താണ്. കഴുകൽ നിർബന്ധമായ അവയവങ്ങളിൽ മുഴുവൻ വെള്ളം ഒലിപ്പിക്കലാണ് പ്രധാനം.

നഗ്നനായി വുളു എടുത്താൽ സ്വഹീഹാകുമോ?

സ്വഹീഹാകും. വുളുവിന് ഔറത്ത് മറക്കൽ ശർഥില്ല.

നിസ്ക്കാരത്തിന് വുളു എടുക്കുമ്പോൾ നിസ്കാരത്തെ ഹലാലാക്കാൻ വുളുവിന്റെ ഫർളിനെ വീട്ടുന്നു എന്ന നിയ്യത്തോടെയാണ് വുളു എടുക്കാറുള്ളത്. എന്നാൽ ഒരാൾ ഉറങ്ങാൻ ഒരുങ്ങുമ്പോഴോ ഖുർആൻ പാരായണത്തിനോ വുളു ചെയ്യുമ്പോൾ എങ്ങനെ നിയ്യത്ത് ചെയ്യണം?

ഖുർആൻ പാരായണത്തിനായാലും മറ്റേതു കാര്യങ്ങൾക്കുവേണ്ടിയാലും ചോദ്യത്തിൽ വിവരിച്ച നിയ്യത്ത് മതിയാകുന്നതാണ്.

വുളുവിന്റെ നാലാമത്തെ ഫർളായ തലയിൽനിന്ന് അൽപം തടവൽ നെറ്റിയിലായാൽ സ്വീകാര്യമാവുമോ?

സ്വീകാര്യമാവുകയില്ല. തലയുടെ പരിധിയിൽപ്പെട്ട മുടിയിലോ ചർമ്മത്തിലോ തന്നെ തടവണം.

ചെറിയ പാത്രത്തിലുള്ള വെളളത്തിൽനിന്ന് കൈ ഇട്ടു കോരിയെടുത്തു വുളു ചെയ്യുന്നതിന്റെ വിധിയെന്താണ്?

വെള്ളം കോരിയെടുക്കുന്നു എന്ന നിയ്യത്താടെയാണെങ്കിൽ വുളു സഹീഹാകും. അല്ലാത്തപക്ഷം മുഖം കഴുകിയശേഷം കൈ വെള്ളത്തിൽ സ്പർശിക്കുന്നതോടെ അത് ഫർളിൽ ഉപയോഗിക്കപ്പെട്ടതാവുകയും തദ്വാരാ പ്രസ്തുത വെള്ളം ശുദ്ധീകരണത്തിന് പറ്റാതെ വരികയുംചെയ്യുന്നു.

കുട്ടികൾക്ക് വുളുവിന്റെ രൂപം ആംഗ്യത്തിലൂടെ പഠിപ്പിക്കാമോ?

മത നിയമങ്ങൾ പദ്യരൂപത്തിൽ പഠിപ്പിക്കുന്നതിൽ തെറ്റില്ല. പഠിപ്പിക്കുമ്പോൾആംഗ്യത്തിലൂടെയും പ്രാവർത്തികരൂപേണയും ആകുന്നതിനും തെറ്റില്ല.

വുളു എടുക്കാൻ മറ്റൊരാൾ ഒഴിച്ചു തരികയാണെങ്കിൽ കൈ കഴുകിത്തുടങ്ങേണ്ടത് മുട്ടിൽ നിന്നാണല്ലോ. ടാപ്പിൽ നിന്ന് വെള്ളമൊഴിച്ച് വുളു ചെയ്യുകയാണെങ്കിലും വിധി ഇതുതന്നെയാണോ?

വുളു ചെയ്യുമ്പോൾ മുഖം കഴുകേണ്ടത് നെറ്റിയിൽ നിന്നാരംഭിച്ചും കൈകാലുകൾ കഴുകേണ്ടത് വിരൽത്തുമ്പിൽ നിന്നാരംഭിക്കലുമാണ് സുന്നത്ത് (ഫത്ഹുൽമുഈൻ 4).

കൺമഷി ഇട്ടശേഷം വുളു ചെയ്താൽ വുളു ശരിയാകുമോ?

ജലസ്പർശത്തെ തടയുകയാണെങ്കിൽ കൺമഷി കഴുകിക്കളഞ്ഞാണ് വുളു ചെയ്യേണ്ടത്.

പല്ല് ഇല്ലാത്തവൻ മിസ് വാക് ചെയ്യുന്നതിന്റെ വിധി എന്ത്?

പല്ലില്ലാത്തവർക്കും മിസ് വാക് സുന്നത്താണ്

സംസം വെള്ളം കൊണ്ട് ശുദ്ധിയാക്കാൻ പറ്റുമോ?

സംസം വെള്ളം കൊണ്ട് ശുദ്ധിയാക്കൽ കറാഹത്തില്ല. അനുവദനീയമാണ്. പക്ഷെ,അതുകൊണ്ട് നജസിനെ ശുദ്ധിയാക്കാതിരിക്കലാണ് നല്ലത് (തുഹ്ഫ: 1/16).

നഖം മുറിച്ചാൽ അവിടം കഴുകേണ്ടതുണ്ടോ ?

നഖംമുറിച്ച സ്ഥലം ഉടനെ കഴുകേണ്ടത് അനിവാര്യമാണ്. കഴുകാതെ അവിടംകൊണ്ട് ചൊറിയുക, ഭക്ഷണം കഴിക്കുക എന്നിവ കൊണ്ട് രോഗങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചില വിദഗ്ധന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (തുഹ്ഫ: 2/476)