ചോദ്യം:

ബഹു. സഅദ്(റ) ബദ്ർ, ഉഹ്ദ്, ഖന്തക്ക് മുതലായ യുദ്ധങ്ങളിൽ പങ്കെടുത്ത മഹാനാണല്ലോ. അദ്ദേഹത്തിന്റെ ജനാസ ഖബറിൽ വച്ചപ്പോൾ തന്നെ ഖബർ ഇടുക്കി എന്ന് ഹദീസുകളിൽ കാണുന്നു. ബദ്റിൽ പങ്കെടുത്തവരെ സംബന്ധിച്ച് ദോഷമെല്ലാം പൊറുക്കപ്പെട്ടവരാണെന്നും കാണുന്നു. എന്നിരിക്കെ സഅദി(റ)ന് ഈ ശിക്ഷ എങ്ങനെ സംഭവിച്ചു?

ഉത്തരം:

*ഖബറിലെ ശിക്ഷയും ഖബറിന്റെ ഇടുക്കവും രണ്ടും വ്യത്യസ്തമാണ്. ശിക്ഷയിൽ നിന്ന് സജ്ജനങ്ങൾ മുക്തരാണെങ്കിലും ഖബറിന്റെ ഇടുക്കത്തിൽ നിന്ന് നബിമാരല്ലാതെ മറ്റാരും മുക്തരല്ല. അതുകൊണ്ടാണ് നബി(സ) തങ്ങൾ ഇങ്ങനെ പ്രസ്താവിച്ചത്. “ഖബറിന്റെ ഇടുക്കത്തിൽ നിന്ന് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കിൽ സഅദ്(റ) രക്ഷപ്പെടുമായിരുന്നു. അദ്ദേഹത്തെ ഇടുക്കപ്പെടുകയും മോചനം നൽകപ്പെ ടുകയും ചെയ്തു.”(തിർമദി) എന്നാൽ അലി(റ)യുടെ മാതാവ് ഫാതിമ (റ)യുടെ സംസ്കരണത്തിന് മുമ്പ് തിരുനബി(സ) അവരുടെ ഖബറിൽ അവിടുത്തെ പുണ്യശരീരം സ്പർശിക്കുമാറ് കിടന്നുവെന്നും അതിനാൽ മഹതിയും ഖബറിന്റെ ഇറുകലിൽ നിന്ന് രക്ഷപ്പെട്ടവരാണെന്നും ഇമാം ശഅ്റാനീ(റ) തന്റെ തദ്കിറത്ത് പേജ്: 29, 30ൽ ഉദ്ധരിച്ചിട്ടുണ്ട്.*

*സജ്ജനങ്ങൾക്കനുഭവപ്പെടുന്ന ഇടുക്കം ദയാവായ്പോടും സ്നേഹത്തോടും കൂടിയതും നൈമിഷികവുമാണെങ്കിൽ ദുർജ്ജനങ്ങളുടേത് ഗൗരവം നിറഞ്ഞതും നീണ്ടു നിൽക്കുന്നതുമായിരിക്കും. ഇതാണ് രണ്ടും തമ്മിലുള്ള വ്യത്യാസമെന്നും ഇമാം സുയൂഥി(റ)യെ പോലുള്ളവർ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു കനിഞ്ഞേകിയ ഏതെങ്കിലും നിഅ്മത്തുകൾക്ക് ശുക്റ് ചെയ്യാതിരിക്കുക, ചെറുദോഷം ചെയ്യാൻ കരുതുക മുതലായത് സജ്ജനങ്ങൾക്കനുഭവപ്പെടുന്നതും ഉടൻ നീങ്ങിപ്പോകുന്നതുമായ ഇടുക്കത്തിന്റെ കാരണങ്ങളായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ശർഹുസ്സുദൂർ പേ 45, 46 നോക്കുക.