പ്രാചീന ചരിത്ര സ്മരണകൾ അയവിറക്കി നിറഞ്ഞൊഴുകുന്ന ടൈഗ്രീസ് നദി.
അതിന്റെ കരയിലെ ഫലപുഷ്ടി നിറഞ്ഞ മനോഹരമായ പ്രദേശം. പൗരാണിക കാലത്ത് പല നാടുകളിലായി സഞ്ചരിക്കുന്ന ജനത ആ പ്രദേശത്തെത്തി.
അവർക്ക് അവിടം വിട്ടു പോവാൻ മനസ്സ് വന്നില്ല. വന്നു ചേർന്നവരിൽ ഏറെപ്പേരും അവിടെ താമസമാക്കി.
ജലസേചനം കൃഷിഭൂമിയെ സമ്പന്നമാക്കി.
ധാന്യക്കതിരുകൾ വിളഞ്ഞു നിൽക്കുന്ന വിശാലമായ കൃഷിയിടങ്ങൾ. പല തരം പഴങ്ങൾ പഴുത്തു പാകമായി നിൽക്കുന്ന മനോഹരമായ തോട്ടങ്ങൾ. അന്തിയുറങ്ങാൻ അനേകം വീടുകൾ. ഐശ്വര്യം അവർക്കിടയിൽ ഒഴുകി നടന്നു.
ജനവാസം കൂടിക്കൂടി വന്നു. അങ്ങനെ അതൊരു പട്ടണമായി മാറി. ആ പുരാതന പട്ടണം ചരിത്രത്തിൽ ‘നീനവ’ എന്നറിയപ്പെട്ടു. ഇറാഖിൽ മൗസിലിന്നടുത്താണ് ഈ പട്ടണം. നീനവ ജനനിബിഢമായ പട്ടണമായി മാറി. അവിടത്തെ ജനസംഖ്യ ഒരു ലക്ഷമായിരുന്നു. ഈസാ (അ) ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് നിലനിന്ന ഒരു പട്ടണത്തിൽ ഒരു ലക്ഷം ജനസംഖ്യയുണ്ടായിരുന്നുവെങ്കിൽ, ആ കാലഘട്ടത്തിൽ ആ പട്ടണത്തിന്റെ പ്രാധാന്യമെന്തായിരുന്നുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
അശ്ശൂർ രാജാക്കന്മാർ നീനവ ഭരിച്ചുവെന്ന് ചരിത്രത്തിൽ കാണാം. അസീറിയന്മാർക്കാണ് അശ്ശൂർ എന്ന് പറയുന്നത്. അശ്ശൂർ എന്ന പേരിൽ ഒരു പട്ടണം നില നിന്നിരുന്നു.
അശ്ശൂർ രാജാക്കന്മാരുടെ കൊട്ടാരങ്ങൾ നീനവയിൽ ഉയർന്നു വന്നു. രാജാക്കന്മാർ ആഢംബര പൂർണ്ണമായ ജീവിതം നയിച്ചു. നാട്ടിലെ പ്രമുഖന്മാർ ഉയർന്ന വീടുകളിൽ താമസിക്കുകയും സുഖ-സൗകര്യങ്ങൾ ആസ്വദിക്കുകയും ചെയ്തുപോന്നു. ധാരാളം തൊഴിലവസരങ്ങളുമുണ്ട്.
ജനങ്ങൾക്കാവശ്യമായ സാധനങ്ങൾ നിർമ്മിക്കാൻ നിപുണരായ തൊഴിലാളികൾ വേണം. കൈത്തൊഴിലുകൾ വളർന്നു വന്നു. തൊഴിലറിയുന്നവർക്ക് നല്ല വരുമാനം കിട്ടി. കൊത്തുവേലക്കാർക്കും കലാകാരന്മാർക്കും നല്ല അവസരങ്ങളുണ്ട്. അതൊന്നുമറിയാത്തവർക്ക് കൃഷിയിടങ്ങളിൽ ഇഷ്ടം പോലെ ജോലിയുണ്ട്. എല്ലാവർക്കും ജോലി. എല്ലാവർക്കും വരുമാനം. എല്ലാ വീടുകളിലും ഐശ്വര്യം കളിയാടി നിന്നു.
സമ്പത്തും സമൃദ്ധിയും വന്നപ്പോൾ നീനവക്കാരുടെ മനസ്സിൽ പല തരം ദുർമോഹങ്ങൾ വളർന്നു വരാൻ തുടങ്ങി. ഫലസ്തീനിനെ അക്രമിക്കുക. കൊള്ളയടിക്കുക. അവിടെയുള്ള ഇസ്രയേല്യരെ തടവുകാരാക്കുക.അവരെ നീനവായിൽ കൊണ്ടു വന്നു പണിയെടുപ്പിക്കുക…
രാജാവും കൂട്ടരും അതിനുള്ള പദ്ധതി തയ്യാറാക്കി. ആയിരക്കണക്കായ തടവുകാരെ കിട്ടിയാൽ അവരെക്കൊണ്ട് എന്തെല്ലാം പണികൾ ചെയ്യിക്കാം. കാലികളെ മേയ്ക്കാൻ ധാരാളം പേരെ വേണം. വീടുകളിലെ ശുചീകരണത്തിനും അടുക്കളപ്പണിക്കും ആളുകളെ വേണം. കൃഷിപ്പണിക്കും ആളെ വേണം. കൊട്ടാര കാര്യങ്ങൾ നോക്കാൻ തന്നെ എത്ര പേർ വേണം. ഇസ്രയേല്യരെ അടിമകളാക്കുക. എങ്കിൽ ഇതൊക്കെ നടക്കും. മനസ്സിൽ മോഹം വളർന്നു.
സൈനിക സജ്ജീകരണങ്ങൾ ഒരുങ്ങുകയായി. എല്ലാ കുടുംബക്കാരും അതിൽ പങ്കാളികളായി. വമ്പിച്ച സൈന്യം പുറപ്പെട്ടു. അവർ ഫലസ്തീനിലെത്തി. ക്രൂരമായ അക്രമണങ്ങൾ അഴിച്ചു വിട്ടു. എല്ലാ ഭാഗത്തും കൊള്ള നടന്നു. ഫലസ്തീനിലെ ജനങ്ങൾക്ക് അവരെ പ്രതിരോധിക്കാനായില്ല. ഇസ്രായേല്യരെ കൂട്ടത്തോടെ തടവിലാക്കി. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും തടവുകാരായി. അവരെ നീനവയിലേക്ക് കൊണ്ടു പോയി. ഫലസ്തീനിൽ കൃഷി ചെയ്തും സ്വത്തു വകകൾ നോക്കിയും സുഖമായി ജീവിച്ചവർ അടിമപ്പണി ചെയ്യാൻ നിർബന്ധിതരായി. അവരുടെ ആഗമനത്തോടെ നീനവയിൽ കൃഷിയും തൊഴിൽ രംഗവും അഭിവൃദ്ധിപ്പെട്ടു. മനുഷ്യാവകാശങ്ങൾ ധ്വംസിക്കപ്പെട്ടു. അശരണരുടെ ഗദ്ഗദം അവഗണിക്കപ്പെട്ടു. നാട്ടിൽ ബിംബാരാധന ശക്തിപ്പെട്ടു.
എല്ലാ അനുഗ്രഹങ്ങളും ചൊരിഞ്ഞു നൽകിയ കാരുണ്യവാനായ അല്ലാഹുവിനെ അവർ മറന്നു. ബിംബങ്ങളെ പൂജിച്ചു. ഒരു പ്രവാചകന്റെ സാന്നിധ്യം അനിവാര്യമായി. അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കണം. തിന്മകൾ നിരോധിക്കണം. അതിന്നൊരു പ്രവാചകൻ വരണം. സമയമായപ്പോൾ അല്ലാഹു നീനവയിലേക്ക് ഒരു പ്രവാചകനെ നിയോഗിച്ചു.
ആ പ്രവാചകൻ യൂനുസ് നബി (അ) ആയിരുന്നു. യൂസുഫ് നബി (അ) ന്റെ സഹോദരൻ ബിൻയാമിന്റെ സന്താന പരമ്പരയിലാണ് യൂനുസ് നബി (അ) ജനിച്ചത്. ആ സമൂഹത്തിലെ ഉന്നത വ്യക്തിയായിരുന്നു മത്താ. മത്തായുടെ മകനാണ് യൂനുസ് നബി (അ). മത്തായും ഭാര്യയും പ്രായം ചെന്ന കാലത്താണ് അവർക്ക് യൂനുസ് എന്ന കുഞ്ഞ് ജനിക്കുന്നത്.ഇല്യാസ് നബി (അ) ജീവിച്ചിരിക്കുന്ന കാലമാണ്. രാജാവ് ഇല്യാസ് നബി (അ) നെ വധിക്കാൻ വേണ്ടി കല്പ്പന പുറപ്പെടുവിച്ചിരിക്കുന്നു. രാജാവും പ്രജകളും ആരാധിക്കുന്ന ഒരു വലിയ വിഗ്രഹമുണ്ട്.
വിഗ്രഹാരാധന പാടില്ലെന്നും, അല്ലാഹുവിനെ ആരാധിക്കണമെന്നും ഇല്യാസ് നബി (അ) രാജാവിനെയും ജനങ്ങളെയും ഉപദേശിച്ചു. അതോടെ രാജാവും കൂട്ടരും. ഇല്യാസ് നബി (അ) ന്റെ ശത്രുക്കളായിത്തീർന്നു. ശപിക്കപ്പെട്ട ഇബ്ലീസ് ബിംബത്തിനകത്ത് കയറിയിരുന്ന് ചില ശബ്ദങ്ങൾ പുറപ്പെടുവിക്കും. ആ ശബ്ദങ്ങൾ കേട്ട് വ്യാഖ്യാനം നൽകാൻ കുറേയാളുകളെ രാജാവ് നിയോഗിച്ചിട്ടുണ്ട്. രാജാവും പ്രജകളും ചെയ്യേണ്ട കാര്യങ്ങൾ കൽപിക്കുകയാണ് ബിംബം. വ്യാഖ്യാതാക്കൾ അങ്ങനെ വിശ്വസിപ്പിച്ചു. ബിംബം പുതിയൊരു കൽപന പുറപ്പെടുവിച്ചിരിക്കുന്നു. സംഗതി ഒരു ശബ്ദം മാത്രം. അതിന് നൽകപ്പെട്ട വ്യാഖ്യാനം ഇങ്ങനെയാകുന്നു. ഇല്യാസിനെ വധിക്കുക. ദൈവത്തെ സന്തോഷിപ്പിക്കുക. രാജാവ് ഉടനെ കൽപന പുറപ്പെടുവിച്ചു.
ദൈവത്തെ സന്തോഷിപ്പിക്കണം. അതിന് ഇല്യാസിനെ വധിക്കുക. ഭടന്മാർ ഉടനെ പുറപ്പെട്ടു. ദൈവത്തെ പ്രസാദിപ്പിച്ചാൽ പല നേട്ടങ്ങളുണ്ട്. ദൈവ കോപം വന്നാൽ അപകടമാണ്.
ദൈവത്തെ സന്തോഷിപ്പിക്കാൻ ഭടന്മാരും നാട്ടുകാരും രംഗത്തിറങ്ങി. എല്ലാവരും ഇല്യാസ് നബി (അ) നെ അന്വേഷിക്കുകയാണ്
മാനം മുട്ടെ ഉയർന്നു നിൽക്കുന്ന മല.
മല നിറയെ പാറക്കൂട്ടങ്ങളും കാടും. കാട്ടിൽ കാട്ടു ജന്തുക്കൾ. ഒളിച്ചിരിക്കാൻ പറ്റിയ പൊത്തുകളും ഗുഹകളും. ഇല്യാസ് നബി (അ) പെട്ടെന്ന് ജനദൃഷിടിയിൽ നിന്ന് മറഞ്ഞു. എങ്ങോട്ട് പോയെന്ന് ആർക്കുമറിയില്ല. മലമുകളിലെ ഗുഹയിലാണ് താമസം. രാജാവിന്റെ കൽപന പ്രകാരം പട്ടാളം എല്ലാ പ്രദേശങ്ങളും അരിച്ചു പെറുക്കി നോക്കി. ഒരിടത്തുമില്ല.
വളരെ ചുരുങ്ങിയ അനുയായികൾ മാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളൂ. അവ൪ക്ക് തന്നെ നബിയെ സൗകര്യമായി കാണാൻ കഴിഞ്ഞിരുന്നില്ല. ഇല്യാസ് നബി (അ) ഗുഹയിൽ വർഷങ്ങളോളം താമസിച്ചു. താമസം മടുത്തു. ഒന്നു പുത്തിറങ്ങാൻ മോഹം.
പട്ടാളം ചുറ്റി നടക്കുകയാണ്. കണ്ടാൽ വിടില്ല. പിടി കൂടും. വധിക്കും. ഇല്യാസ് നബി (അ) പുറത്തിറങ്ങി. രഹസ്യമായി നടന്നു. ഒരു പ്രത്യേക വീട് ലക്ഷ്യമാക്കി നടന്നു. പാറക്കെട്ടുകളും, കുറ്റിക്കാടുകളും കടന്ന് കാൽനട യാത്ര തുടർന്നു. ഒരു കൊച്ചു വീടിന്റെ മുമ്പിലെത്തി. വീട്ടിൽ ഒരു ഉമ്മയും കുഞ്ഞും മാത്രം. വാർദ്ധക്യം എത്തിയ ഉമ്മ. മുലകുടി പ്രായത്തിലുള്ള കുഞ്ഞ്.
ഇല്യാസ് നബി (അ) ന്റെ സാന്നിധ്യമറിഞ്ഞു. ഉമ്മ വാതിൽ തുറന്നു. നബി അകത്ത് കടന്നു. വൃദ്ധ നബിയെ തിരിച്ചറിഞ്ഞു സ്വീകരിച്ചു. നബി ആഗമനോദ്ദേശ്യം അറിയിച്ചു.
‘കുറച്ച് കാലം ഇവിടെ ഒളിച്ചു താമസിക്കണം. കാട്ടിലെ ജിവിതം വയ്യാതായി.’
ആ കുടിലിൽ ദാരിദ്ര്യം കൊടികുത്തി വാഴുകയായിരുന്നു. ഇല്യാസ് (അ) വന്നതോടെ പ്രയാസങ്ങൾ നീങ്ങി. ശാന്തമായ ജീവിതം. മാസങ്ങൾ കടന്നു പോയി.
ആറ് മാസക്കാലം അവിടെ ഒളിച്ചു താമസിച്ചു. ഇടുങ്ങിയ മുറിയിലെ താമസം മടുത്തു. മലയുടെ വിശാലതയിലേക്ക് മടങ്ങാം. ഇവിടെ ഇനിയും താമസിച്ചാൽ ആരെങ്കിലുമറിയും. രഹസ്യം പുറത്താവും. കുഴപ്പമാവും.
‘ഞാൻ കാട്ടിലേക്ക് തന്നെ മടങ്ങുകയാണ്. ഇനിയും ഇവിടെ തങ്ങിയാൽ ബുദ്ധിമുട്ടാവും.
വൃദ്ധയുടെ മുഖം വാടി. മുഖത്ത് സങ്കടം പ്രകടമായിത്തുടങ്ങി.
എന്നോട് ക്ഷമിച്ചാലും. വല്ല അബദ്ധവും പറ്റിയിട്ടുണ്ടെങ്കിൽ മാപ്പാക്കണം’ അവർ വേദനയോടെ പറഞ്ഞു.
‘നിങ്ങളുടെ സേവനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകട്ടെ.’
ഒരു പ്രവാചകൻ അല്ലാഹുവിന്റെ കൽപന പ്രകാരമാണ് ഓരോ കാര്യങ്ങളും നി൪വ്വഹിക്കുകയെന്ന് അവർക്കറിയാം. ഇത്രയും കാലം ഇവിടെ വന്ന് താമസിക്കണമെന്ന് കൽപന കിട്ടിയപ്പോൾ വന്നു താമസിച്ചു. കാട്ടിലേക്ക് പോവാൻ കൽപന വന്നപ്പോൾ തിരിച്ചു പോവുന്നു. പ്രവാചകനിൽ നിന്ന് കിട്ടിയ ഉപദേശങ്ങൾ.
സന്മാ൪ഗ്ഗത്തിലേക്കുള്ള വഴി നടത്തൽ. എല്ലാം തനിക്ക് കിട്ടിയ സൗഭാഗ്യങ്ങൾ.
തന്റെ പൊന്നുമോൻ യൂനുസ് എന്ന കുഞ്ഞ്. നബിക്ക് വളരെ ഇഷ്ടമായിരുന്നു.
ഇല്യാസ് (അ) യാത്ര പറഞ്ഞിറങ്ങി . വിജനമായ മലമ്പാതയിലൂടെ വേഗത്തിൽ നടന്നു പോയി.
പ്രവാചകനെ ഇപ്പോൾ കാണാനില്ല. കണ്ണിൽ നിന്ന് അപ്രത്യക്ഷനായിരിക്കുന്നു.
ഉമ്മയും കുഞ്ഞും. അവരുടെ കൊച്ചു ലോകം! ഈ കുഞ്ഞിനെ ലാളിക്കുക, പരിചരിക്കുക, നന്നായി വളർത്തിയെടുക്കുക . അതിനു വേണ്ടിയാണ് ഈ ജീവിതം.
ഉമ്മ വലിയൊരു പരീക്ഷണം നേരിടാൻ പോവുകയാണ്!…
അല്ലാഹു നൽകിയ സമ്മാനമാണ് ഈ പൊന്നുമോൻ. അതിനെ അല്ലാഹു തിരിച്ചെടുക്കുകയാണ്. അങ്ങനെ സംഭവിക്കാൻ പോവുന്നുവെന്ന് ഉമ്മക്കറിയില്ല. ദിവസങ്ങൾ കടന്നു പോയി. കുഞ്ഞിന് നല്ല ക്ഷീണം. രോഗം വന്നു അവശനായി.
ഉമ്മ മാനോവേദനയാൽ തളർന്നു. ഊണും ഉറക്കവും മറന്നു. കിട്ടാവുന്ന ചികിത്സയൊക്കെ നൽകി. പുലരുവോളം കുഞ്ഞിന്റെ രോഗശയ്യക്കരികിൽ ഉറങ്ങാതെ കാത്തിരുന്നു. കുഞ്ഞിന്റെ കൺപോളകൾ അടഞ്ഞുപോയി. ശ്വാസം നിലച്ചു. കൊച്ചു ശരീരം നിശ്ചലമായി.
കുഞ്ഞ് മരണപ്പെട്ടിരിക്കുന്നു!
കുഞ്ഞിനെ കൈവെടിയാനായില്ല. കുഞ്ഞിന്റെ ജീവൻ തിരികെ കിട്ടണം.
അല്ലാഹുവേ! എന്റെ മോനെ തിരിച്ചു തരൂ. എത്ര കരഞ്ഞു പ്രാർത്ഥിച്ചിട്ടും കുഞ്ഞ് കണ്ണ് തുറന്നില്ല.
നബിയെ കാണണം. ഇല്യാസ് നബി (അ) യെ കണ്ടുപിടിക്കണം. പ്രാർത്ഥിക്കാൻ നിർബന്ധിക്കണം. നബി പ്രാർത്ഥിച്ചാൽ ഫലമുണ്ടാവും.
പക്ഷെ,
നബി എവിടെ?..
എവിടെപ്പോയി കണ്ടുപിടിക്കും?
വയ്യാ… പോവാതിരിക്കാൻ വയ്യ! കുഞ്ഞിന്റെ മയ്യിത്തിന് കാവലിരിക്കാൻ ബന്ധുക്കളുണ്ട്. താൻ നബിയെ അന്വേഷിച്ചു പുറപ്പെടട്ടെ. ഉമ്മയുടെ വെപ്രാളം നിറഞ്ഞ പുറപ്പാട്. തുടികൊട്ടുന്ന പെൺമനസ്സ്. ഇടറുന്ന പാദങ്ങളിൽ ഓടുന്ന ഉമ്മ…
എന്റെ റബ്ബേ… നിന്റെ നബിയെ എന്റെ കണ്ണിൽ കാണിച്ചു തരേണമേ…!
എന്തൊരു ബദ്ധപ്പാട്! വനാന്തരത്തിലൂടെ ഓടി. പാറക്കെട്ടുകൾ കയറി. വയർത്തു കുളിച്ചു. ക്ഷീണിച്ചു. അവശയായി. അല്ലാഹുവിന്റെ കാരുണ്യം! അതാ നിൽക്കുന്നു ഇല്യാസ് നബി (അ).
കണ്ണീരിൽ കുതിർന്ന അഭ്യർത്ഥന. അല്ലാഹുവിന്റെ നബിയേ…! എന്റെ കുഞ്ഞ് മരിച്ചു പോയി. അവനെ മടക്കിത്തരാൻ റബ്ബിനോട് പ്രാർത്ഥിക്കൂ…
ഇല്യാസ് നബി (അ) ധൃതിയിൽ നടന്നു. മലയിറങ്ങി വന്നു. കുഞ്ഞ് മരണപ്പെട്ടിട്ട് പതിനാലാം ദിവസം. അന്ന് ഇല്യാസ് നബി (അ) കുഞ്ഞിന് സമീപത്തെത്തി. വുളൂ എടുത്തു. നിസ്കരിച്ചു. അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അപ്പോൾ അത്ഭുതം സംഭവിച്ചു! ഉമ്മ ഇമ വെട്ടാതെ നോക്കി നിൽക്കുന്നു. കുഞ്ഞിന്റെ അടഞ്ഞു പോയ കണ്ണുകൾ തുറന്നു!
കൊച്ചു മാറിടം ഉയരാനും താഴാനും തുടങ്ങി. നാഡികൾ സ്പന്ദിച്ചു.
അല്ലാഹുവിനു സ്തുതി.
അല്ഹംദുലില്ലാഹ് …☝
വല്ലാത്തൊരാവേശത്തോടെ ഉമ്മ കുഞ്ഞിനെ വാരിയെടുത്തു. കവിളുകളിൽ ചുംബിച്ചു.
കാരുണ്യവാനായ റബ്ബ് തന്റെ കുഞ്ഞിനെ തിരിച്ചുതന്നു. അൽഹംദുലില്ലാഹ്.
ഇല്യാസ് നബി (അ) വീണ്ടും കാട്ടിലേക്ക് യാത്രയായി. കാലങ്ങൾ കടന്നുപോയി.
യൂനുസ് എന്ന കുഞ്ഞ് വളർന്നുവന്നു.
യൗവ്വനം വിരുന്നുവന്നു. ആരോഗ്യവാനായ ചെറുപ്പക്കാരൻ. പാകതയും പക്വതയും കൈവന്നു.
അപ്പോൾ അല്ലാഹു യൂനുസിനെ നബിയായി നിയോഗിച്ചു.
‘നീനവയിലെ പ്രവാചകൻ’.
യൂനുസ് നബി (അ) നീനവയിലെ രാജാവിനെയും ജനങ്ങളെയും അല്ലാഹുവിന്റെ മാർഗ്ഗത്തിലേക്ക് ക്ഷണിച്ചു.
‘ഓ… ജനങ്ങളെ! സൃഷ്ടാവായ അല്ലാഹുവിനെ അനുസരിച്ചു ജീവിക്കുക. അവൻ കണക്കില്ലാത്ത അനുഗ്രങ്ങളാണ് നൽകിയിരിക്കുന്നത്. അവനോട് നിങ്ങൾ നന്ദിയുള്ളവരാവുക.
യൂനുസ് നബി (അ) യുടെ ശബ്ദം എല്ലാ ഭാഗത്തും മുഴങ്ങി…
ബിംബാരാധന അവസാനിപ്പിക്കാനും ഏകനായ അല്ലാഹുവിലേക്ക് മടങ്ങാനും ആഹ്വാനം ചെയ്തു. ആര് ചെവി കൊള്ളാൻ.
അവർ നന്ദികേട് കാണിച്ചു. ഉപദേശം ചെവികൊണ്ടില്ല. എത്ര നന്നായി ഉപദേശിച്ചിട്ടും ഫലം കണ്ടില്ല. എവിടെച്ചെന്നാലും നിരാശയാണ് ഫലം. താൻ പറയുന്ന കാര്യം ആരും പരിഗണിക്കുന്നില്ല. അതിനെപ്പറ്റി ചിന്തിക്കുന്നില്ലാ. കടുത്ത നിരാശ തന്നെ.
യൂനുസ് നബി (അ) ന്റെ ഭാര്യയോടും രണ്ട് പുത്രന്മാരോടും കൂടിയാണ് അവിടെ താമസിക്കുന്നത്. ഭാര്യ ഭർത്താവിനെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
അല്ലാഹുവിന്റെ സഹായം എപ്പോഴും തങ്ങളോടൊപ്പമുണ്ടാകുമെന്നവർക്കറിയാം.
കാലം നീങ്ങി. ഉപദേശം തുടർന്നു. വിശ്വസിച്ചവർ വളരെ ചുരുക്കം മാത്രം.
യൂനുസ് (അ) നീനവയെ വെറുത്തു. അന്നാട്ടുകാരെ നന്നാക്കാനാവില്ല എന്ന് മനസ്സിലായി.
കുടുംബസമേതം ആ നാട് വിട്ടു പോകാൻ തീരുമാനിച്ചു. തന്റെ ഉപദേശം സ്വീകരിച്ചില്ലെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ വന്നു ഭവിക്കുമെന്ന് മുന്നറിയിപ്പ് നൽകി. അതും അവർ പരിഹസിച്ചു തള്ളി.
ഒരു ദിവസം യൂനുസ് നബി (അ) കുടുംബത്തോടൊപ്പം നാട് വിട്ട് പോയി.
പിറ്റേന്ന് മുതൽ ഒരിടത്തും നബിയുടെ ശബ്ദം കേട്ടില്ല. ആളുകൾ അന്വേഷിച്ചുമില്ല.
(യൂനുസ് നബി (അ) അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകൻ. സന്തോഷവാർത്ത അറിയിക്കാനും താക്കീതുകാരനുമാകുന്നു. നീനവയുടെ മുക്കു മൂലകളിൽ സഞ്ചരിച്ചു അല്ലാഹുവിന്റെ സന്ദേശത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചു.
ക്ഷണം സ്വീകരിച്ചാലുണ്ടാവുന്ന മഹത്തായ നേട്ടങ്ങളെക്കുറിച്ച് സന്തോഷവാർത്ത അറിച്ചു. ജനം സ്വീകരിച്ചില്ല. ധിക്കാരപൂർവ്വം പെരുമാറി. അപ്പോൾ ധിക്കാരികൾക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന് താക്കീതു നൽകി. സന്തോഷവാർത്തയും താക്കീതും രണ്ടും ഫലം കണ്ടില്ല. ഫലം നിരാശമാത്രം. അങ്ങിനെയാണ് നബി നാട് വിട്ടത്).
യൂനുസ് നബി (അ) ജനങ്ങളോടിങ്ങനെ ഉപദേശിച്ചു:
എന്റെ സഹോദരന്മാരേ, എന്റെ വാക്കുകൾ നിങ്ങൾ വിശ്വസിക്കുന്നില്ല. നിങ്ങൾ ബിംബാരാധന തുടരുന്നു. ഞാൻ പറയുന്നതത്രയും കളവാക്കിത്തള്ളുന്നു. ഒരു കാര്യം ഓർത്തുകൊള്ളുക…
നബിയും കുടുംബവും യാത്ര തുടരുകയാണ് ദീർഘ യാത്ര കാരണം അവർ നന്നായി ക്ഷീണിച്ചിരിക്കുന്നു വിശപ്പും ദാഹവുമുണ്ട് എന്തെങ്കിലും കഴിക്കണം എവിടെ കിട്ടാൻ അൽപം ആഹാരം
നീനവായുടെ സമീപത്തെത്തിക്കഴിഞ്ഞു അവിടെ ഒരു ആട്ടിടയനെ കണ്ടു
ഞങ്ങൾ വഴിയാത്രക്കാരാണ് നല്ല വിശപ്പുണ്ട് കുറച്ചു പാൽ തന്ന് സഹായിക്കണം യൂനുസ് (അ)പറഞ്ഞു
ആടിടയൻ അതിശയത്തോടെ അവരെ നോക്കി
നിങ്ങൾ എവിടത്തുകാരാണ് ?നിങ്ങൾക്കിവിടത്തെ കഥയൊന്നുമറിയില്ലേ ? ആട്ടിടയൻ ചോദിച്ചു
ഞങ്ങൾ ദൂരെ നാട്ടിൽ നിന്ന് വരികയാണ് ഇവിടത്തെ കഥയൊന്നുമറിയില്ല എന്താണിവിടെ വിശേഷം ?
എന്നാൽ കേട്ടോളൂ ഇന്നാട്ടിലെ ആടുകൾക്കൊന്നും പാലില്ല യൂനുസ് നബി(അ)പിണങ്ങിപ്പോയ ശേഷം പാലില്ല വറ്റിപ്പോയി
യൂനുസ് (അ)എഴുന്നേറ്റു ആടിന്റെ അടുത്തേക്കു ചെന്നു അകിടിൽ തട്ടിക്കൊടുത്തു അത്ഭുതം അകിട് നിറയെ പാൽ
ആട്ടിടയൻ ആഹ്ലാദത്തോടെ പാൽ കറന്നെടുത്തു അതിഥികൾക്ക് നൽകി
താങ്കളാരാണ്? പറയൂ താങ്കൾ തന്നെയാണോ യൂനുസ് നബി(അ)?
അതെ ഞാൻ തന്നെയാണ് യൂനുസ്
പടച്ച തമ്പുരാനേ ഇതെന്തൊരാശ്ചര്യം ഈ നാട് മുഴുവൻ താങ്കളെ കാണാൻ കാത്തിരിക്കുകയാണ് ഇന്ന് ആഹ്ലാദത്തിന്റെ ദിവസമാണ് ഞാൻ വിളിച്ചു കൂവി ഈ സന്തോഷവാർത്ത എല്ലാവരേയും അറിയിക്കട്ടെയോ ?
സമ്മതം കിട്ടി ആട്ടിടയന്റെ ശബ്ദം ഉയർന്നു
ജനങ്ങളേ….. സന്തോഷിക്കുക സന്തോഷത്തിന്റെ ദിവസമാണിന്ന് അല്ലാഹുവിന്റെ ദൂതൻ യൂനുസ് എത്തിച്ചേർന്നിരിക്കുന്നു നാം ആകാംഷയോടെ കാത്തിരുന്ന ജനനായകൻ ഇതാ സന്നിഹിതനായിരിക്കുന്നു
തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് വാർത്ത ഒഴുകി വളരെപ്പെട്ടെന്ന് നീനവ പട്ടണം ഞെട്ടിയുണർന്നു യൂനുസ് നബി (അ)യെ സ്വീകരിക്കാൻ സജ്ജമായിക്കഴിഞ്ഞു
ചരിത്ര നിമിഷങ്ങൾ പിറന്നു യൂനുസ് (അ) കുടുംബത്തോടൊപ്പം പട്ടണത്തിൽ പ്രവേശിച്ചു
നാട്ടിനെന്ത് മാറ്റം സംഭവിച്ചിരിക്കുന്നു ധിക്കാരികളില്ല പഴയ ധിക്കാരികൾ ഇന്ന് വിനയാന്വിതരാണ് എല്ലാവരും ഭക്തന്മാർ അനുസരണശീലർ യൂനുസ് (അ)നെ സ്വീകരിക്കാൻ രാജാവ് തന്നെ വന്നു രാജാവും ജനനേതാക്കളും നബിയെ കണ്ടു സലാം ചൊല്ലി സ്വാഗതമോതി
പട്ടണത്തിലേക്ക് സ്വാഗതം
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹങ്ങളെക്കുറിച്ച് സംസാരിച്ചു തന്റെ ആഗമനം വിളിച്ചറിയിച്ച ആട്ടിടയനെ ഉന്നത സ്ഥാനം നൽകി സ്വീകരിച്ചു പിൽക്കാലത്ത് അദ്ദേഹം അവരുടെ നേതാവായിത്തീർന്നു
യൂനുസ് (അ) ആ ജനതയെ സന്മാർഗത്തിലേക്കു നയിച്ചു നീനവ ജനസംഖ്യ കൂടിയ പട്ടണമാണ് അവരുടെ ജനസംഖ്യ ഒരു ലക്ഷമോ അതിൽ കൂടുതലോ ആയിരുന്നുവെന്ന് ഖുർആൻ പറയുന്നു
സൂറത്തു സ്വാഫാത്തിൽ ഇങ്ങനെ കാണാം:
ഒരു ലക്ഷം അല്ലെങ്കിൽ അതിൽ കൂടുതൽ വരുന്ന ജനങ്ങളിലേക്ക് അദ്ദേഹത്തെ നാം അയക്കുകയും ചെയ്തു (37:147)
അവർ വിശ്വസിച്ചു അങ്ങനെ അവർക്ക് കുറെ കാലത്തോളം നാം സുഖജീവിതം നൽകുകയും ചെയ്തു (37:148)
അക്കാലത്തെ പട്ടണങ്ങളിൽ ഉന്നത സ്ഥാനമുള്ളതായിരുന്നു നീനവാ പട്ടണം കാരണം അവിടത്തെ ജനസംഖ്യ ഒരു ലക്ഷത്തിലേറെയായിരുന്നു അവർ മുസ്ലിംകളുമായിരുന്നു
ഒരു പ്രവാചകന്റെ കീഴിൽ അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ചു ജീവിക്കുന്ന ജനത അല്ലാഹു അവർക്ക് ശാന്തിയും ,സമാധാനവും സകലവിധ തരത്തിലുള്ള ഐശ്വര്യങ്ങളും നൽകി സുഖകരമായ ജീവിതം ഈ അവസ്ഥ വളരെക്കാലം നിലനിൽക്കുകയും ചെയ്തു ഈ അവസ്ഥ ചരിത്രത്തിലെ ഒരത്ഭുതം തന്നെയായിരുന്നു ശിക്ഷകൊണ്ട് താക്കീത് നൽകപ്പെട്ട ഒരു ജനത നന്നായിത്തീരുക ശിക്ഷ നീക്കപ്പെടുക
യൂനുസ് (അ) അവർക്കെതിരായി നിലപാട് സ്വീകരിച്ചതാണ് അങ്ങനെയാണ് നാട് വിട്ടുപോയത് മത്സ്യത്തിന്റെ വയറ്റിൽ വെച്ച് ഖേദിച്ചു മടങ്ങി വല്ലാതെ പശ്ചാത്തപിച്ചു പശ്ചാത്താപത്തിന്റെ കടുപ്പം കാരണം അല്ലാഹു അത് സ്വീകരിച്ചു ഉന്നത സ്ഥാനം നൽകി ആദരിക്കുകയും ചെയ്തു
അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫ (സ)തങ്ങൾക്ക് അല്ലാഹു ഈ സംഭവങ്ങളെല്ലാം അറിയിച്ചു കൊടുത്തു
നബി(സ)തങ്ങൾ ശത്രുക്കളിൽ നിന്ന് പലതരം പ്രയാസങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലമായിരുന്നു അത് എന്ത് പ്രയാസങ്ങൾ നേരിടേണ്ടിവന്നാലും ക്ഷമിക്കണം പിണങ്ങിപ്പോവരുത് താങ്കൾ ആ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത് എന്നായിരുന്നു അല്ലാഹുവിന്റെ ഉപദേശം
സൂറത്തുൽ ഖലം നോക്കിയാൽ ഇങ്ങനെ കാണാം :
നബിയേ…. താങ്കൾ താങ്കളുടെ റബ്ബിന്റെ വിധിക്ക് ക്ഷമിച്ചുകൊള്ളുക താങ്കൾ മത്സ്യത്തിന്റെ ആളെപ്പോലെയാവരുത് അദ്ദേഹം കോപം നിറഞ്ഞ അവസ്ഥയിൽ വിളിച്ചു പ്രാർഥിച്ച സന്ദർഭം (67:48)
യൂനുസ് നബി (അ) കോപത്തോടെ തന്റെ ജനതക്കെതിരായി പ്രാർഥിച്ചു അങ്ങനെ താങ്കൾ ചെയ്യരുതെന്നാണ് ഉപദേശം പിന്നീട് അല്ലാഹുവിന്റെ കാരുണ്യം കാരണം യൂനുസ് (അ)രക്ഷപ്പെട്ടു അല്ലാഹുവിന്റെ കാരുണ്യം ലഭിച്ചിരുന്നില്ലെങ്കിലോ ? എങ്കിൽ നഷ്ടപ്പെട്ടത് തന്നെ പാഴ്ഭൂമിയിൽ തള്ളപ്പെടുമായിരുന്നു പറ്റെ അവഗണിക്കപ്പെടുമായിരുന്നു
വിശുദ്ധ ഖുർആൻ തന്നെ അക്കാര്യം പറയുന്നുണ്ട്
തന്റെ റബ്ബിൽ നിന്നുള്ള ഒരു മഹത്തായ അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുക്കുകയുണ്ടായിട്ടില്ലായിരുന്നുവെങ്കിൽ അദ്ദേഹം പാഴ്ഭൂമിയിൽ ആക്ഷേപിക്കപ്പെട്ടവനായി പുറംതള്ളപ്പെടുമായിരുന്നു (67:49)
ജനങ്ങളുടെ ദുഷ്ചെയ്തികൾ കണ്ട് മനസ് വെറുത്ത് സ്ഥലം വിട്ടു കളയരുതെന്ന് നബി(സ)തങ്ങളെ ഉപദേശിച്ച ശേഷം അല്ലാഹു യൂനുസ് നബി(അ)ന്റെ അവസ്ഥ പറഞ്ഞുകൊടുക്കുകയാണ്
അല്ലാഹുവിന്റെ പ്രത്യേകമായ അനുഗ്രഹം കൊണ്ടാണ് യൂനുസ് (അ)രക്ഷപ്പെട്ടത് അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം അദ്ദേഹത്തിന് ലഭിച്ചിട്ടില്ലായിരുന്നുവെങ്കിൽ ആക്ഷേപിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുമായിരുന്നു
പശ്ചാത്താപം അദ്ദേഹത്തെ രക്ഷപ്പെടുത്തി പാപങ്ങൾ സംഭവിച്ചു പോയാൽ പശ്ചാത്താപിക്കണം നിഷ്കളങ്കമായ പശ്ചാത്താപം ചെയ്തു പോയ പാപങ്ങൾ ഏറ്റു പറയുകയും മാപ്പിന്നപേക്ഷിക്കുകയും ചെയ്യുന്നവരെ അല്ലാഹു കൈവെടിയുകയില്ല കാരണം അവൻ പരമ കാരുണികനും കരുണാനിധിയുമാകുന്നു പശ്ചാത്തപിക്കുന്നവർക്ക് പൊറുത്തു കൊടുക്കൽ അവന്റെ ശ്രേഷ്ഠ ഗുണമാകുന്നു ഈ പാഠവും നാം ഇവിടെ പഠിക്കുന്നു
വിശുദ്ധ ഖുർആൻ യൂനുസ് നബി(അ)ന്റെ പശ്ചാത്താപം സ്വീകരിക്കപ്പെട്ടതിന് ശേഷമുള്ള അവസ്ഥ വിവരിക്കുന്നതിങ്ങനെയാകുന്നു
അദ്ദേഹത്തിന്റെ റബ്ബ് അദ്ദേഹത്തെ നല്ലവനായി തിരഞ്ഞെടുത്തു എന്നിട്ട് അദ്ദേഹത്തെ സ്വാലിഹീങ്ങളുടെ (സദൃ വൃത്തരുടെ ) കൂട്ടത്തിൽ ആക്കുകയും ചെയ്തു (67:50)
നിഷ്കളങ്കമായ പശ്ചാത്താപത്തിന് ലഭിക്കുന്ന മഹത്തായ പ്രതിഫലമാണ് നാമിവിടെ കാണുന്നത്
ഉപേക്ഷിച്ചുപോന്ന ജനങ്ങളിലേക്ക് വീണ്ടും ചെല്ലാനവസരം സിദ്ധിക്കുക പ്രബോധനം രണ്ടാം തവണയും നടത്തുക ഇതൊരു അപൂർവ്വ സംഭവമാണ് എന്നല്ല. അപൂർവ്വതയിൽ അപൂർവ്വമാണ് ചരിത്രം നമ്മെ അങ്ങനെയാണ് പഠിപ്പിക്കുന്നത്
പ്രവാചകന്മാർക്ക് പ്രബോധനത്തിന് ഒരു ഘട്ടമാണ് ലഭിക്കുക പ്രബോധനം സിദ്ധിച്ചവർ രക്ഷപ്പെട്ടു ധിക്കാരത്തോടെ അവഗണിച്ചവർ പരാജയപ്പെട്ടു പിന്നെ ശിക്ഷ വരികയായി നാശമായി മറ്റൊരു സമൂഹത്തിന്റെ വരവായി
ഇവിടെ അതല്ല സംഭവിച്ചത് നബി നാട് വിട്ടുപോയതിനുശേഷം ജനങ്ങൾ നന്നായിത്തീർന്നു ആ ജനതയിലേക്ക് യൂനുസ് (അ)വീണ്ടും വന്നു പ്രബോധനം നടത്തി ഇത് അത്യപൂർവ്വ സംഭവം തന്നെയാണ്
ഈ വചനത്തിന് ശേഷം നബി (സ) തങ്ങളോട് അല്ലാഹു എന്താണ് പറയുന്നതെന്ന് നോക്കാം
വിശ്വസിക്കാത്തവർ വിശുദ്ധ ഖുർആൻ കേൾക്കുന്ന അവസരത്തിൽ അവരുടെ ദൃഷ്ടികൾ പതിപ്പിച്ചുകൊണ്ട് താങ്കളെ അവർ ഇടറി വീഴുമാറാക്കുക തന്നെ ചെയ്യുന്നു അവർ പറയുകയും ചെയ്യുന്നു :നിശ്ചയമായും ഇവൻ ഒരു ഭ്രന്തൻ തന്നെ (68:51)
(ഖുർആൻ) ആകട്ടെ ലോകർക്കുള്ള പൊതുവായ ഉൽബോധമല്ലാതെ മറ്റൊന്നുമല്ലതാനും (68:52)
വിശുദ്ധ ഖുർആൻ വചനങ്ങൾ കേട്ടപ്പോൾ സത്യവിശ്വാസ നിഷേധികളിൽ കണ്ട കോപവും ,വിരോധവും ,ശത്രുതയുമാണ് ഇവിടെ വ്യക്തമായി കാണുന്നത്
വിശുദ്ധ ഖുർആൻ മനുഷ്യരാശിക്ക് മുഴുവനുള്ള ഉൽബോധനമാകുന്നു അതിൽ മനുഷ്യന്റെ സകല പുരോഗതിക്കുമുള്ള നിർദേശങ്ങളാണുള്ളത് എന്നിട്ടും ശത്രുത തന്നെ പ്രവാചകനെ ഭ്രാന്തനെന്ന് വിളിക്കാനുള്ള ധിക്കാരം കാട്ടി
വിശുദ്ധ ഖുർആനിൽ ദുന്നൂൻ എന്ന് യൂനുസ് നബി (അ)നെ വിശേഷിപ്പിച്ചിട്ടുണ്ട് മത്സ്യക്കാരൻ ,മത്സ്യത്തിന്റെയാൾ എന്നൊക്കെയണാണർത്ഥം
പഴയകാലത്ത് അറബിയിൽ മത്സ്യത്തിന് നൂൻ എന്നു പറഞ്ഞിരുന്നു മറ്റ് ചില പ്രാചീന ഭാഷകളിലും മത്സ്യത്തിന് നൂൻ എന്നു പറഞ്ഞിരുന്നു
സൂറത്ത് അമ്പിയാഇൽ യൂനുസ് (അ)നെപ്പറ്റി പറയുമ്പോൾ നൂൻ എന്ന പദമാണ് ഉപയോഗിച്ചത്
പ്രസ്തുത അധ്യായത്തിൽ ഇങ്ങനെ കാണാം:
ദുന്നൂനിനെയും (ഓർക്കുക) അദ്ദേഹം കോപിഷ്ഠനായിക്കൊണ്ട് പോയ സന്ദർഭം അപ്പോൾ നാം അദ്ദേഹത്തിന്റെ മേൽ നിശ്ചയമായും കുടുസ്സാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു അങ്ങനെ അന്ധകാരത്തിൽ വെച്ച് അദ്ദേഹം വിളിച്ചു പ്രാർഥിച്ചു (റബ്ബേ…) നീ അല്ലാതെ ആരാധ്യനില്ല നീ എത്രയോ പരിശുദ്ധൻ നിശ്ചയമായും ഞാൻ അക്രമികളിൽ പെട്ടവനായിരിക്കുന്നു (21:87)
അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകുകയും ആ ദുഃഖത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു അപ്രകാരം തന്നെ സത്യവിശ്വാസികളെ നാം രക്ഷപ്പെടുത്തുന്നതാണ് (21:88)
സത്യവിശ്വാസികൾക്കുള്ള ഒരു സന്തോഷവാർത്ത കൂടിയാണിത് എത്ര വലിയ അപകടത്തിൽ പെട്ടാലും അല്ലാഹുവിനെ വിളിച്ചു പ്രാർത്ഥിച്ചാൽ അവൻ രക്ഷപ്പെടുത്തും
മത്സ്യത്തിന്റെ വയറ്റിൽ പെട്ടുപോവുകയെന്നത് എത്ര വലിയ അപകടമാണ് അതിൽ നിന്നൊരിക്കലും രക്ഷപ്പെടുമോ ?
രക്ഷപ്പെടുമെന്നാണ് യൂനുസ് നബി (അ)ന്റെ ചരിത്രം നമ്മെ പഠിപ്പിക്കുന്നത് കരയിലും കടലിലുമുള്ള സകല ജീവികളും അല്ലാഹുവിന്റെ സൃഷ്ടികളാവുന്നു അവയെല്ലാം അല്ലാഹുവിന്റെ കൽപനകൾ അനുസരിച്ച് ജീവിക്കുന്നു മത്സ്യത്തോട് യൂനുസ് നബി (അ)നെ വിഴുങ്ങാൻ കൽപിച്ചപ്പോൾ വിഴുങ്ങി കക്കി പുറത്തേക്കെറിയാൻ കൽപിച്ചപ്പോൾ എറിഞ്ഞു ഏത് ദുഷ്ട ജീവികളും അല്ലാഹുവിനെ അനുസരിക്കും ഇക്കാര്യം സത്യവിശ്വാസികൾ മനസ്സിലാക്കണം
ഒരിക്കൽ നബി (സ) ഇങ്ങനെ അരുൾ ചെയ്തു
ഒരു അടിയനും തന്നെ താൻ മത്തായുടെ മകൻ യൂനിസിനെക്കാൾ ഉത്തമനാണ് എന്ന് പറയാൻ പാടില്ല
യൂനുസ് (അ) അത്യുന്നത പദവിയിലാണുള്ളത് അത്യുന്നതന്മാർ നബിമാരാകുന്നു മനുഷ്യരിൽ ആരും അവരെക്കാൾ ഉയർന്നവരല്ല അത്തരം നബിമാരുടെ കൂട്ടത്തിൽ ചേർത്തു പറഞ്ഞുകൊണ്ടാണ് അല്ലാഹു യൂനുസ് (അ)നെ വാഴ്ത്തിയത്
മത്സ്യത്തിന്റെ വയറ്റിൽ കിടന്ന് പശ്ചാത്തപിക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തതിനാൽ യൂനുസ് (അ)നെ അല്ലാഹു രക്ഷപ്പെടുത്തി അല്ലായിരുന്നുവെങ്കിൽ മത്സ്യത്തിന്റെ വയർ യൂനുസ് (അ)ന്റെ ഖബർ ആകുമായിരുന്നു അന്ത്യനാൾ വരെ ആ ഖബറിൽ കഴിയേണ്ടിവരുമായിരുന്നു
എത്ര ദിവസമാണ് യൂനുസ് (അ)മത്സ്യത്തിന്റെ വയറ്റിൽ കഴിഞ്ഞത് ?
മുഖാത്തലുബ്നു സുലൈമാൻ രേഖപ്പെടുത്തിയത് നാൽപ്പത് ദിവസം എന്നാകുന്നു അൽ-ളഹ്ഹാക്ക് അഭിപ്രായപ്പെട്ടത് ഇരുപത് ദിവസം എന്നാകുന്നു അത്വാഹ് പറയുന്നത് ഏഴ് ദിവസം എന്നാകുന്നു മുഖാത്വലുബ്നു ഹയ്യാന്റെ അഭിപ്രായത്തിൽ മൂന്നു ദിവസമാകുന്നു
നബി (സ) സ്വഹാബികൾക്ക് യൂനുസ് (അ)ന്റെ സംഭവം വിവരിച്ചു കൊടുത്തതിങ്ങനെയായിരുന്നു
അല്ലാഹു യൂനുസ് നബിയെ മത്സ്യത്തിന്റെ വയറ്റിൽ ബന്ദിയാക്കി മത്സ്യത്തിന് സന്ദശം നൽകി അദ്ദേഹത്തിന്റെ മാംസം കടിക്കുകയോ എല്ലുകൾ പൊട്ടിക്കുകയോ ചെയ്യരുത് യൂനുസിനെയും കൊണ്ട് മത്സ്യം സമുദ്രാന്തർഭാഗത്തുള്ള തന്റെ താമസ കേന്ദ്രത്തിലേക്കു പോയി സമുദ്രത്തിന്റെ അടുത്തട്ടിലെത്തിയപ്പോൾ യൂനുസ് നബി (അ)നേർത്ത ശബ്ദം കേട്ടു എന്താണിത്? അദ്ദേഹം അങ്ങനെ ചോദിച്ചുപോയി
അല്ലാഹു യൂനുസ് നബിക്ക് ദിവ്യസന്ദേശം നൽകി
കടൽ ജീവികളുടെ തസ്ബീഹിന്റെ ശബ്ദമാണത് മത്സ്യത്തിന്റെ വയറ്റിലിരുന്നുകൊണ്ട് താങ്കളും തസ്ബീഹ് ചൊല്ലുക
ഞാൻ തസ്ബീഹ് ചൊല്ലാൻ തുടങ്ങി
യൂനുസ് (അ) പറഞ്ഞു: മലക്കുകളുടെ തസ്ബീഹ് ഞാൻ കേട്ടു അവർ ഇപ്രകാരം പറയുന്നതും ഞാൻ കേട്ടു
ഞങ്ങളുടെ റബ്ബേ ഞങ്ങൾ ഒരു തസ്ബീഹിന്റെ ശബ്ദം കേൾക്കുന്നു വളരെ പതിഞ്ഞ നേർത്ത ശബ്ദം അജ്ഞാതമായ ഏതോ ഭാഗത്ത് നിന്നാണ് ആ ശബ്ദം വരുന്നത്
അല്ലാഹു പറഞ്ഞു: അത് എന്റെ അടിമയായ യൂനുസ് ആകുന്നു ഒരു അബദ്ധം ചെയ്തു അപ്പോൾ ഞാൻ യൂനുസിനെ കടലിലുള്ള മത്സ്യത്തിന്റെ വയറ്റിൽ ബന്ധനസ്ഥനാക്കി
മലക്കുകൾ ചോദിച്ചു: അല്ലാഹുവേ എല്ലാ രാത്രിയും പകലും അദ്ദേഹത്തിന്റെ സൽക്കർമ്മങ്ങൾ നിന്നിലേക്ക് എത്തിക്കൊണ്ടിരിക്കുകയല്ലേ ?
അല്ലാഹു പറഞ്ഞു :അതെ
അപ്പോൾ മലക്കുകൾ യൂനുസ് നബിക്ക് ശുപാർശ ചെയ്തു അല്ലാഹു ശുപാർശ സ്വീകരിച്ചു മത്സ്യത്തിന് കൽപ്പന നൽകി യൂനുസിനെ കരയിലേക്ക് കക്കിയെറിയുക
നവജാത ശിശുവിനെപ്പോലെയായിരുന്നു അപ്പോൾ യൂനുസ് (അ)ന്റെ അവസ്ഥ ഉറപ്പ് കുറഞ്ഞ തൊലിയും മാംസവും അസ്ഥിയും ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു
അല്ലാഹുവിന്റെ കൽപ്പന കിട്ടിയപ്പോൾ കടലിന്റെ അടിത്തട്ടിൽ നിന്ന് മത്സ്യം ജലവിതാനത്തിലേക്കു ഉയർന്നു വന്നു
ഒരു കപ്പൽനീങ്ങി കൊണ്ടിരിക്കുകയായിരുന്നു മത്സ്യം തല അന്തരീക്ഷത്തിലേക്കുയർത്തിപ്പിടിച്ചു അപ്പോൾ യൂനുസ് (അ)നന്നായി ശ്വാസമയക്കുകയും തസ്ബീഹ് ചൊല്ലുകയും ചെയ്തു
മത്സ്യം കപ്പലിന്റെ കൂടെ സഞ്ചരിച്ചു കരകാണുംവരെ അത് തുടർന്നു മത്സ്യം കരയുടെ നേരെ വന്നു കരയിലേക്ക് കക്കിയെറിഞ്ഞു
ഒരു റിപ്പോർട്ടിൽ പറയുന്നത് കാണുക
യൂനുസ് (അ)കയറിയ കപ്പൽ കടലിൽ ശാന്തമായി നീങ്ങുകയായിരുന്നു പകൽ പോയി മറഞ്ഞു കടലിൽ അന്ധകാരം പരന്നു തണുത്ത കാറ്റ് വീശി പലരും ഉറക്കം തുടങ്ങി യാത്രാക്ഷീണം കാരണം യൂനുസ് (അ) ഉറങ്ങിപ്പോയി പെട്ടെന്നാണ് ശക്തമായ കാറ്റടിച്ചത് തിരമാലകൾ ഉയരുകയും തകരുകയും ചെയ്തു കൊണ്ടിരുന്നു കൂറ്റൻ തിരമാലകൾ കപ്പലിനെ തല്ലിതകർത്തുകളയുമെന്ന് തോന്നി കപ്പലിൽ ഉണർന്നിരുന്നവർ കൂട്ടത്തോടെ പ്രാർത്ഥിക്കാൻ തുടങ്ങി അല്ലാഹുവിനോട് മനസ്സ് തുറന്ന് പ്രാർഥിച്ചു
ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു: ഉറങ്ങുന്നവരെ വിളിച്ചുണർത്തുക അവരും നമ്മോടൊപ്പം ചേർന്നു പ്രാർത്ഥിക്കട്ടെ എല്ലാവരും ഉണർന്നു ഒന്നിച്ചിരുന്നു പ്രാർഥന തുടങ്ങി അപ്പോൾ ഒരു പടുകൂറ്റൻ മത്സ്യം ഉയർന്നു വന്നു അത് വാപിളർത്തി വന്നു കപ്പൽ അപ്പാടെ വിഴുങ്ങിക്കളയുമോ എന്ന് തോന്നിപ്പോയി അത് കണ്ടപ്പോൾ യൂനുസ് (അ) പറഞ്ഞു:
യാത്രക്കാരേ ആ മത്സ്യം വാപിളർക്കുന്നത് എനിക്ക് വേണ്ടിയാണ് എന്നെ കടലിൽ വലിച്ചെറിയൂ എന്നെ കടലിൽ എറിഞ്ഞാൽ കാറ്റ് ശമിക്കും നിങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാം നിങ്ങളിൽ നിന്ന് ഭയം അകന്നുപോവും ഞങ്ങൾ താങ്കളെ കടലിൽ എറിയുകയില്ല കപ്പൽക്കാർ ശഠിച്ചു പറഞ്ഞു
പലതവണ ഇതാവർത്തിച്ചു അവർ പറഞ്ഞു: ഞങ്ങൾ നറുക്കിട്ട് നോക്കട്ടെ നറുക്കിട്ടപ്പോൾ യൂനുസ് നബിക്കെതിരായി വന്നു എന്നെ കടലിലെറിയൂ നറുക്ക് എനിക്കെതിരാണ് ഒരിക്കൽ കൂടി നോക്കട്ടെ രണ്ടാം തവണയും നറുക്ക് യൂനുസ് നബിക്കെതിരായിവന്നു
എന്നെ കടലിലെറിയൂ നിങ്ങൾ രക്ഷപ്പെട്ടോളൂ ഒരിക്കൽ കൂടി നോക്കി മൂന്നാം തവണയും നബിക്കെതിരായി വന്നു കടലിലെറിയാൻ വേണ്ടി കപ്പൽക്കാർ യൂനുസ് നബിയെ കപ്പലിന്റെ ഒരു ഭാഗത്തേക്ക് കൊണ്ടുവന്നു കൂറ്റൻ മത്സ്യം വാപിളർത്തിക്കൊണ്ട് ആ ഭാഗത്ത് വന്നുനിന്നു
കപ്പൽക്കാർ യൂനുസ് നബിയെ കപ്പലിന്റെ മറുഭാഗത്തേക്ക് കൊണ്ടുപോയി മത്സ്യം ആ ഭാഗത്തെത്തി വാ പിളർന്നു വന്നു ഏത് ഭാഗത്ത് ചെന്നാലും അവിടെയെല്ലാം മത്സ്യം വരുന്നു അത് കണ്ട് യൂനുസ് (അ)സ്വയം ചാടി വീണത് മത്സ്യത്തിന്റെ വായിലേക്കായിരുന്നു അപ്പോൾ അല്ലാഹു മത്സ്യത്തിന് സന്ദേശം നൽകി ഞാൻ യൂനുസിനെ നിനക്ക് ഭക്ഷണമായി നൽകിയതല്ല മാംസത്തിനും എല്ലിനും ഒരു കുഴപ്പവും സംഭവിക്കരുത് നിന്റെ വയർ അദ്ദേഹത്തിനൊരു സുരക്ഷിത കേന്ദ്രമായിരിക്കട്ടെ
ഇബ്നു ഖുസൈത്വ് എന്ന പണ്ഡിതൻ രേഖപ്പെടുത്തുന്നു:
മത്സ്യം യൂനുസ് നബി (അ)നെ കരയിലേക്ക് കക്കിയെറിഞ്ഞു അല്ലാഹു അവിടെ ഒരു മരം മുളപ്പിച്ചു വളർത്തി എല്ലാ പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും പാൽ ലഭിക്കാനുള്ള സൗകര്യം ചെയ്തു അല്ലാഹു വളർത്തിയ മരത്തിന്റെ പേര് യഖ്ത്വീൻ എന്നായിരുന്നു ഈ മരത്തിൽ നിന്ന് തന്നെ പാൽ ലഭിച്ചു എന്നും പറയപ്പെട്ടിട്ടുണ്ട്
ഒരു ദിവസം നോക്കുമ്പോൾ മരം ഉണങ്ങിപ്പോയിരിക്കുന്നു അപ്പോൾ കടുത്ത ദുഃഖം വന്നു ദുഃഖം കാരണം കരഞ്ഞുപോയി അപ്പോൾ ഇങ്ങനെ ഒരു വചനം കേട്ടു
ഒരു മരം ഉണങ്ങിപ്പോയ കാര്യമോർത്തു താങ്കൾ ദുഃഖിക്കുകയാണോ ?അതോർത്ത് കരയുകയാണോ ?
ഒരു ലകഷത്തിലേറെ വരുന്ന ഇസ്രാഈല്യരുടെ കാര്യത്തിൽ താങ്കൾക്ക് ദുഃഖമില്ലേ ? അവർ ഖലീലുല്ലാഹി ഇബ്രാഹിം (അ)ന്റെ സന്താന പരമ്പരയിൽ പെട്ടവരല്ലേ ?അവർ ശത്രുക്കളുടെ ബന്ധനത്തിലല്ലേ ?അവർ നശിച്ചു പോയ്ക്കൊള്ളട്ടെ എന്നാണോ വിചാരിക്കുന്നത് ?
ഈ ചോദ്യം യൂനുസ് (അ)നെ അതീവ ദുഃഖിതനാക്കി
യൂനുസ് (അ)ന് വേണ്ടി കടൽ തീരത്ത് അല്ലാഹു വളർത്തിയത് അത്തിമരമായിരുന്നുവെന്ന് ചിലർ പറഞ്ഞിട്ടുണ്ട്
അതൊരു വാഴ ആയിരുന്നുവെന്ന് പറഞ്ഞവരുമുണ്ട് അതിന്റെ ഇലകൾ തണൽ നൽകിയെന്നും വാഴപ്പഴം ഭക്ഷിച്ചുവെന്നും പറയപ്പെട്ടിട്ടുണ്ട്
തന്റെ ജനതയിലേക്ക് പോവാനും അവരെ സന്മാർഗത്തിലേക്ക് നയിക്കാനും യൂനുസ് (അ)ന് കൽപ്പന കിട്ടി
യൂനുസ് (അ)തന്റെ ജനതയെ നോക്കി പുറപ്പെട്ടു നാളുകളോളം നീണ്ടുനിന്ന ദീർഘയാത്ര ഒരു ആട്ടിടയനെ കണ്ടുമുട്ടി തന്റെ ജനതയുടെ അവസ്ഥയെന്താണെന്ന് ആട്ടിടയനോട് ചോദിച്ചു
ആട്ടിടയൻ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു അവരെല്ലാം നന്മയിലും ഐശ്വര്യത്തിലുമാണ് യൂനുസ് (അ)എന്നെങ്കിലും മടങ്ങി വരുമെന്ന പ്രതീക്ഷയാണ് അവർക്കുള്ളത് അവർ നബിയെ കാത്തിരിക്കുകയാണ്
യൂനുസ് (അ)ആട്ടിടയനോട് പറഞ്ഞു:
നീ ആ ജനതയിലേക്ക് ചെല്ലുക യൂനുസ് ആഗതനായിട്ടുണ്ടെന്നും ഞാൻ അദ്ദേഹത്തെ കണ്ടിട്ടു വരികയാണെന്നും നീ ജനങ്ങളിൽ വിളംബരം ചെയ്യുക ഞാൻ വന്ന കാര്യം എല്ലാവരും അറിയട്ടെ ഇടയൻ പറഞ്ഞു: അവർ എന്നോട് തെളിവ് ആവശ്യപ്പെടും ഞാൻ യൂനുസ് നബിയെ കണ്ടുവെന്നതിന് തെളിവ് എന്താണ് ?
ഈ ആട് സാക്ഷി നിൽക്കും ഈ മരവും സാക്ഷി നിൽക്കും
ആട്ടിടയൻ ജനങ്ങൾ തിങ്ങിത്താമസിക്കുന്ന കേന്ദ്രത്തിൽ ചെന്നു ജനങ്ങളേ സന്തോഷവാർത്ത യൂനുസ് (അ)എത്തിയിരിക്കുന്നു ഞാൻ അദ്ദേഹത്തെ കണ്ടിട്ട് വരികയാണ്
ആളുകൾ അത് വിശ്വസിച്ചില്ല അവനെ കളവാക്കി തെളിവ് ആവശ്യപ്പെട്ടു
ഒരു ആടും മരവും സാക്ഷി നാളെ രാവിലെ അവ നിങ്ങളുടെ മുമ്പിൽ സാക്ഷി നിൽക്കും
പിറ്റേന്ന് പ്രഭാതം വരെ കാത്തുനിന്നു ആട്ടിടയൻ യൂനുസ് നബി(അ)നെ കണ്ടുമുട്ടിയ സ്ഥലത്തേക്ക് ജനങ്ങൾ കൂട്ടത്തോടെ വന്നു യൂനുസ് (അ)അവിടെ ഉണ്ടായിരുന്നില്ല ആടും മരവും സാക്ഷി നിന്നു ആൾകൾക്ക് വിശ്വാസമായി അവരുടെ പ്രതീക്ഷ വളർന്നു പിന്നീട് യൂനുസ് (അ)അവരുടെ മുമ്പിലേക്കു വന്നു ഹൃദ്യമായ സ്വീകരണം
യൂനുസ് നബി (അ)ന്റെ പേരിൽ ഒരു അദ്ധ്യായം തന്നെ വിശുദ്ധ ഖുർആനിലുണ്ട് സൂറത്ത് യൂനുസ്
വിശുദ്ധ ഖുർആനിലെ പത്താം അദ്ധ്യായത്തിനാണ് ഈ പേര് ലഭിച്ചിട്ടുള്ളത് മക്കയിലാണ് സൂറത്ത് യൂനുസ് അവതരിച്ചത് ഇതിൽ 109 വചനങ്ങളുണ്ട്
തൗഹീദ് സ്ഥാപിക്കുകയെന്നതാണ് മുഖ്യ ലക്ഷ്യം
ബഹുദൈവാരാധകരായ ഖുറയ്ശികൾക്കിടയിൽ ഏകദൈവ സിദ്ധാന്തം പ്രചരിപ്പിക്കുക
പരലോക ജീവിതത്തിലുള്ള വിശ്വാസം ഉറപ്പിക്കുക എല്ലാ കർമ്മങ്ങൾക്കും പ്രതിഫലമുണ്ടെന്ന സന്ദേശം പ്രചരിപ്പിക്കുക ഇവയൊക്കെയാണ് സൂറത്തിലെ മുഖ്യ പ്രതിപാദ്യം
ഈ അധ്യായത്തിലെ 98-ആം വചനത്തിലാണ് യൂനുസ് നബി(അ)ന്റെ ജനതയെക്കുറിച്ചു പറയുന്നത് അതിപ്രകാരമാകുന്നു
എന്നാൽ യൂനുസ് നബിയുടെ ജനത ഒഴിച്ച് ഒരൊറ്റ നാട്ടുകാരും (ശിക്ഷ ഇറങ്ങുന്നതിനു മുമ്പ്) എന്തുകൊണ്ട് വിശ്വസിക്കുകയും അങ്ങനെ അവരുടെ വിശ്വാസം അവർക്ക് പ്രയോജനപ്പെടുകയും ചെയ്യുന്നവരായില്ലേ ? യൂനുസ് നബിയുടെ ജനത സത്യത്തിൽ വിശ്വസിച്ചപ്പോൾ ഐഹിക ജീവിതത്തിലെ നിന്ദ്യമായ ശിക്ഷ അവരിൽ നിന്ന് നാം അകറ്റി ഒരു നിശ്ചിത കാലം വരെ അവർക്ക് നാം സൗഖ്യം നൽകുകയും ചെയ്തു (10:98)
വളരെ ശ്രദ്ധേയമായ വചനം യൂനുസ് നബി (അ)ന്റെ ജനതക്കുമാത്രം അവകാശപ്പെട്ട വിശേഷണം
യൂനുസ് നബി (അ)യുടെ ജനതക്കല്ലാത്ത മറ്റൊരു ജനതക്കും ഈ വിശേഷണത്തിന്നർഹരായില്ല
ഈ സത്യം ഉൾക്കൊള്ളുന്ന മഹത്തായ വചനം ആ വചനം ഉൾക്കൊള്ളുന്നതുകൊണ്ടാണ് ഈ അധ്യായത്തിന് സൂറത്ത് യൂനുസ് എന്ന പേർ വന്നത്
സത്യവിശ്വാസത്തിലേക്ക് വന്നപ്പോൾ യൂനുസ് (അ)ന്റെ ജനതക്ക് അല്ലാഹു സൗഖ്യവും ഐശ്വര്യവും നൽകി ഈ അവസ്ഥ കുറെകാലം നിലനിന്നു പിന്നെ എന്തുണ്ടായി ?
ഈസാ(അ) വരുന്നതിന്റെ എട്ട് നൂറ്റാണ്ട് മുമ്പുവരെ ഈ നില തുടർന്നു അപ്പോഴേക്കും എത്രയോ തലമുറകൾ കടന്നുപോയിക്കഴിഞ്ഞിരുന്നു
യൂനുസ് (അ)നെ കണ്ടവരുടെ കാലം കാലം കഴിഞ്ഞു അവരെ കണ്ടവരുടെ കാലവും കഴിഞ്ഞു പിന്നെയും തലമുറകൾ പലതു കടന്നുപോയി പിന്നെ സത്യവിശ്വാസം നഷ്ടപ്പെട്ട തലമുറകളുടെ കാലം വന്നു അതോടെ നേരത്തെ പറഞ്ഞ സൗഖ്യം നഷ്ടപ്പെടുകയും ചെയ്തു
യൂനുസ് (അ)ന്റെ തിരിച്ചുവരവിനുശേഷം വളരെ സജീവമായ ദീനീ പ്രവർത്തനമാണ് നീനവായിൽ നടന്നത് ശാന്തിയുടെയും സമാധാനത്തിന്റെയും കാലം എല്ലാ വിധ ഐശ്വര്യങ്ങളും കൈവന്നു കാലം പിന്നെയും ഒഴികിപ്പോയി നിരവധിയാളുകൾ മരിച്ചു പോയി പുതിയ തലമുറ വളർന്നു വന്നു അവർക്കൊരു നീതിമാനായ രാജാവിന്റെ ആവശ്യം വന്നു യൂനുസ് (അ)തിരിച്ചു വന്നപ്പോൾ ആദ്യമായി കണ്ടുമുട്ടിയ ആട്ടിടയനെ ഓർക്കുമല്ലോ ആ ആട്ടിടയനെ രാജാവായി വാഴിച്ചു ആ സമൂഹത്തിന് നീതിമാനായ രാജാവിനെ കിട്ടി ഇസ്രാഈലികൾ വിമോചിതരായി അവർക്ക് സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കാമെന്നായി പലരും ഫലസ്തീനിലേക്കു മടങ്ങിപ്പോയി ചിലർ നീനവായിൽ തങ്ങി രാഷ്ട്ര നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്ക് വഹിച്ചു
യൂനുസ് (അ) വാർദ്ധക്യത്തിലേക്ക് കടന്നു രാഷ്ട്ര ഭരണവും ദീനീ പ്രവർത്തനങ്ങളുമെല്ലാം നല്ല നിലയിൽ നടന്നു വരുന്നു തനിക്ക് ഇബാദത്തിന് കൂടുതൽ സമയം വേണം സയിഹൂൻ മലയിലേക്കു നീങ്ങാം അവിടത്തെ വിജനമായ പ്രദേശത്ത് ആരാധനകൾ നിർവ്വഹിക്കാം എഴുപത് അനുയായികൾ അദ്ദേഹത്തോടൊപ്പം മലയിലെത്തി അല്ലാഹുവിനെക്കുറിച്ചുള്ള ചിന്തയിൽ ലയിച്ചു പോയ ജീവിതം തന്റെ ജീവിത പാതയിലേക്ക് തിരിഞ്ഞുനോക്കാം കുട്ടിക്കാലം ഉമ്മായുടെ സ്നേഹം നിറഞ്ഞ പരിചരണം ഇല്യാസ് നബി(അ)തന്റെ കൊച്ചു വീട്ടിൽ വന്ന് താമസിച്ചത് ഉമ്മായുടെ മരണം തുടർന്നുള്ള ദുഃഖം നിറഞ്ഞ കാലഘട്ടം പിന്നെ എന്തെല്ലാം അനുഭവങ്ങൾ
തനിക്കനുവദിക്കപ്പെട്ട ആയുസ്സ് തീരുകയാണ് തന്റെ അന്നവും വെള്ളവും അവസാനിക്കുന്നു മരണത്തിന്റെ മാലഖയെത്തി മലമുകളിൽ വെച്ച് ആ ധന്യജീവിതത്തിന് അന്ത്യം കുറിച്ചു യൂനുസ് (അ)ന്റെ നിശ്ചലമായ ശരീരം അനുയായികൾ ശേഷക്രിയകളെല്ലാം നന്നായി നിർവ്വഹിച്ചു മലയിൽ ഖബർ നിർമ്മിച്ചു പുണ്യ പ്രവാചകന്റെ ഭൗതിക ശരീരം മണ്ണിലേക്ക് താഴ്ന്നു കാലം പിന്നെയും ഒഴുകി യൂനുസ് (അ )അതിശയം വിതറുന്ന ഓർമ്മയായി മനുഷ്യ മനസ്സുകളിൽ നിലനിന്നു അല്ലാഹു അവന്റെ അനുഗ്രഹീത ദാസന്മാരിൽ നമ്മെ പെടുത്തിത്തരട്ടെ ആമീൻ ഇതോടെ യൂനുസ് (അ)ന്റെ ചരിത്രം അവസാനിച്ചു
പ്രവാചകന്മാരുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ (അ) എന്നു കാണാം അലൈഹിസ്സലാം എന്ന അറബി പദത്തിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ രക്ഷ അദ്ദേഹത്തിൽ ഉണ്ടാവട്ടെ എന്നാണ് അർത്ഥം
സത്രീകളുടെ പേരിന്റെ കൂടെ ബ്രാക്കറ്റിൽ (റ) കൊടുത്തിട്ടുണ്ട് റളിയല്ലാഹു അൻഹാ എന്നതിന്റെ ചുരുക്കമാണ് അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്നാണ് അർത്ഥം
മുഹമ്മദ് നബിയുടെ കൂടെ ബ്രാക്കറ്റിൽ (സ)എഴുതുന്നു സല്ലല്ലാഹു അലൈഹി വസല്ലം എന്നതിന്റെ ചുരുക്കമാണത് അല്ലാഹുവിന്റെ ഗുണവും രക്ഷയും അദ്ദേഹത്തിലുണ്ടാവട്ടെ എന്ന് അർത്ഥം.