“സല്‍മാന്‍ എന്റെ കുടുംബാംഗം പോലെയാണ്.” നബി (സ്വ).
സത്യം തേടി തീര്‍ഥയാത്ര നടത്തിയ ഒരു കഥയാണിത്. അല്ലാഹുവിനെ അന്വേഷിച്ചു കൊണ്ടുള്ള യാത്ര സല്‍മാന്‍ തന്നെ പറഞ്ഞു തുടങ്ങുന്നു:
‘ഞാന്‍ ഇസ്ഫഹാന്‍കാരനായ ഒരു പേര്‍ഷ്യന്‍ യുവാവായിരുന്നു. എന്റെ ഗ്രാമത്തിന് ജയ്യാന്‍ എന്നു പേര്‍. എന്റെ പിതാവ് ഗ്രാമത്തലവനായിരുന്നു. മഹാസമ്പന്നന്‍, അത്യുന്നതന്‍…ഞാന്‍ ജനിച്ചത് മുതല്‍ സര്‍വ്വരേക്കാളും അദ്ദേഹം എന്നെ ഇഷ്ടപ്പെട്ടുപോന്നു. ദിവസം ചെല്ലുന്തോറും എന്നോടുള്ള വാല്‍സല്യം കൂടിക്കൂടി വന്നു. അത് എന്നെ വീട്ടുതടങ്കലിലാക്കുന്ന സ്ഥിതി വരെയെത്തി… യുവതികളെ കാത്തുസൂക്ഷിക്കും പോലെ എന്നെയും പുറത്തു വിടാതെ സംരക്ഷിക്കുകയാണ്.
ഞാന്‍ അഗ്നിയാരാധകരുടെ മതത്തില്‍ പ്രാവീണ്യം നേടി. ഞങ്ങളുടെ ആരാധനാമൂര്‍ത്തിയായ അഗ്നിദേവന്റെ വിശ്വസ്ത പരിചാരകനായി നിയമിക്കപ്പെട്ടു. അവിടുത്തെ തീ നാളം രാപകല്‍ കെട്ടുപോകാതെ സംരക്ഷിക്കേണ്ട ചുമതല പൂര്‍ണ്ണമായും എനിക്കാണ്. എന്റെ പിതാവിന് കനത്ത വരുമാനം നേടിത്തരുന്ന ഒരു വലിയ ഭുസ്വത്തുണ്ടായിരുന്നു. അതിന്റെ കാര്യങ്ങള്‍ ക്കെല്ലാം അദ്ദേഹം തന്നെയായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്.
ഒരു ദിവസം., എന്റെ പിതാവിന് പോയിനോക്കാന്‍ സാധിക്കാത്തവിധം ജോലിത്തിരക്കുണ്ടയി. എന്നെ വിളിച്ചിട്ട് പിതാവ് പറഞ്ഞു: ‘മകനേ, ഇന്ന് തോട്ടത്തില്‍ പോകാന്‍ പറ്റാത്ത തിരക്കാണല്ലോ എനിക്ക്. അത്കൊണ്ട് എനിക്ക് പകരമായി ആ കൃത്യം നീ നിര്‍വ്വഹിക്കണം…’
ഞാന്‍ പുറപ്പെട്ടു… വഴിയില്‍ ഒരു കൃസ്ത്യന്‍ ചര്‍ച്ച് എന്റെ കാഴ്ചയില്‍പെട്ടു. അതില്‍ നിന്ന് പ്രാര്‍ഥനാസ്വരങ്ങള്‍ പുറത്തേക്കൊഴുകിക്കൊണ്ടിരുന്നു. അത് എന്റെ ശ്രദ്ധയാകര്‍ഷിച്ചു.
കൃസ്ത്യാനികളെ കുറിച്ചോ ഇതര മതവിശ്വാസികളെ കുറിച്ചോ എനിക്കറിവുണ്ടായിരുന്നില്ല. നീണ്ടകാലം ജനസമ്പര്‍ക്കമില്ലാതെ വീട്ടുതടങ്കലിലായിരുന്നല്ലോ ഞാന്‍… ഞാന്‍ ചര്‍ച്ചിനുള്ളില്‍ പ്രവേശിച്ചു. അവരുടെ കര്‍മ്മങ്ങള്‍ നേരില്‍ കാണുകയാണ് ലക്ഷ്യം.
ഞാന്‍ എല്ലാം സാകൂതം വീക്ഷിച്ചു. അവരുടെ പ്രാര്‍ഥന എന്നെ ഹഠാദാകര്‍ഷിച്ചു. എനിക്ക് കൃസ്തുമതത്തോട് കടുത്ത ആഭിമുഖ്യം തോന്നി. ഞാന്‍ ചിന്തിച്ചു. ‘ദൈവമാണ് സത്യം… ഞങ്ങളുടെ വിശ്വാസാചാരങ്ങളെക്കാള്‍ ഉത്തമമാണിത്.’
പിതാവിന്റെ സ്വത്ത് നോക്കാന്‍ പോകാതെ സൂര്യാസ്തമയം വരെ ഞാനവിടെ തന്നെ ചെലവഴിച്ചു. ഞാനവരോട് ചോദിച്ചു: ‘നിങ്ങളുടെ മതത്തിന്റെ അടിസ്ഥാനം എന്താണ്…? നിങ്ങളില്‍ നിന്ന് വിജ്ഞാനം കരസ്ഥമാക്കാനും പ്രാര്‍ഥനയില്‍ പങ്ക് കൊള്ളാ നും എനിക്ക് താല്‍പര്യമുണ്ട്…’
അദ്ദേഹം സമ്മതിച്ചു. ഞാനവിടെ സേവകനായി. എന്നാല്‍ അധികം കഴിയും മുമ്പ് എനിക്ക് പിടികിട്ടി, അയാള്‍ കള്ളസന്യാസിയാണെന്ന്. കാരണം ജനങ്ങളോട് ദാനധര്‍മ്മങ്ങളുടെ ഗുണഗണങ്ങള്‍ പ്രസംഗിക്കുകയും അവരുടെ ദൈവമാര്‍ഗ്ഗത്തില്‍ ചെലവഴിക്കുന്ന കാശ് സ്വന്തം കീശയിലാക്കുകയും ചെയ്യുന്നയാളായിരുന്നു അയാള്‍. സാധുക്കള്‍ക്ക് നല്‍കേണ്ട ഈ സ്വത്ത് കൊണ്ട് അയാള്‍ സമ്പന്നനായി. ഏഴ് വലിയ പാത്രങ്ങള്‍ നിറയെ സ്വര്‍ണ്ണം അയാള്‍ സ്വരൂപിച്ചു.
ഞാന്‍ അദ്ദേഹത്തെ വല്ലാതെ വെറുത്തു. അധികം കഴിയും മുമ്പ് അയാള്‍ മരിച്ചു. കൃസ്തീയരെല്ലാം ശവസംസ്കാരത്തിനായി എത്തിച്ചേര്‍ന്നു. ആ സമയം ഞാനവരോട് പറഞ്ഞു:
‘ഈ മനുഷ്യന്‍ വാസ്തവത്തില്‍ മഹാമോശക്കാരനായിരുന്നു. ജനങ്ങളോട് ദാനധര്‍മ്മങ്ങളെക്കുറിച്ച് അയാള്‍ വാതോരാതെ ഉപദേശിക്കും. അത് കേട്ട് നിങ്ങള്‍ നല്‍കുന്ന സം ഭാവനകള്‍ അയാള്‍ സ്വന്തം സ്വത്താക്കി വെക്കുകയും ചെയ്യും. സാധുക്കള്‍ക്ക് ഒരു ചില്ലിക്കാശ് പോലും അയാള്‍ കൊടുത്തിട്ടില്ല.’ ആളുകള്‍ ചോദിച്ചു: ‘അത് നീ എങ്ങനെയറിഞ്ഞു?!’ ‘അയാളുടെ സമ്പത്ത് ഞാന്‍ കാണിച്ചു തരാം’
ഞാന്‍ സ്ഥലം കാണിച്ചു കൊടുത്തു. വെള്ളിയും സ്വര്‍ണ്ണവും നിറച്ച ഏഴ് വന്‍പാത്രങ്ങള്‍ കിട്ടി. അവര്‍ ആക്രോശിച്ചു.
‘ഇയാളെ സംസ്കരിക്കുന്ന പ്രശ്നമേയില്ല…!’
അവര്‍ ശവം കുരിശില്‍ കെട്ടി കല്ലെറിഞ്ഞ് ചിന്നഭിന്നമാക്കി. അയാളുടെ സ്ഥാനത്ത് മ റ്റൊരു പുരോഹിതന്‍ ഉടന്‍ തന്നെ അവരോധിതനായി. അദ്ദേഹം മഹാനായ ഒരു പ്രപഞ്ചത്യാഗിയും പാരത്രികചിന്തയില്‍ മുഴുകിയ ആളുമായിരുന്നു. രാപകല്‍ ഭേദമന്യേ അദ്ദേ ഹം ആരാധനയില്‍ തന്നെ.
ഞാന്‍ അയാളെ അത്യധികം സ്നേഹിച്ചു. നീണ്ടകാലം അദ്ദേഹത്തിന്റെ കൂടെ ഞാന്‍ വസിച്ചു… അവസാനം, മരണവക്രത്തിലെത്തിയ സമയം ഞാനദ്ദേഹത്തോട് ചോദിച്ചു: ‘നിങ്ങളുടെ കാലശേഷം ഞാനാരെയാണ് അനുകരിക്കേണ്ടത്.’
അദ്ദേഹം പറഞ്ഞു: ‘കുഞ്ഞേ…എന്റെ ജീവിതരീതിയില്‍ തന്നെ ജീവിക്കുന്ന ഒരാളെ മാ ത്രമേ ഞാന്‍ അിറയൂ. മൌസ്വില്‍ എന്ന സ്ഥലത്താണയാളുടെ വാസം. വേദഗ്രന്ഥമായ ബൈബിളിലെ സന്ദേശങ്ങളൊന്നും മാറ്റിത്തിരുത്താതെ ജീവിതത്തില്‍ പകര്‍ത്തുന്നയാളാണവര്‍. അത്കൊണ്ട് നീ അങ്ങോട്ട് പൊയ്ക്കൊള്ളുക…!’
പിന്നീട് ഞാന്‍ മൌസ്വില്‍ നാട്ടിലേക്ക് യാത്രയായി. നിര്‍ദ്ദിഷ്ട വ്യക്തിയുമായി സന്ധിച്ചു. അവിടെ വരാനുണ്ടായ എല്ലാ കാരണങ്ങളും കേള്‍പ്പിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘നീ ഇവിടെ താമസിക്കുക.’ ഞാന്‍ അവിടുത്തെ അന്തേവാസിയായി…അവരുടെ ജീവിതരീതി എനിക്ക് നന്നേ ഇഷ്ടപ്പെട്ടു.
അധികം കഴിയും മുമ്പ് തന്നെ അലംഘനീയമായ മരണം അയാളെ തേടിയെത്തി. തത്സമയം ഞാന്‍ പറഞ്ഞു:
‘അല്ലാഹുവിന്റെ വിധിയിതാ എത്തിയിരിക്കുകയാണല്ലോ… എന്റെ അവസ്ഥകളെല്ലാം നിങ്ങള്‍ക്കറിയുകയും ചെയ്യാം. ഇനി ഞാന്‍ ആരുമായാണ് ബന്ധപ്പെടേണ്ടതെന്ന് പറഞ്ഞുതന്നാലും…’
അദ്ദേഹം പറഞ്ഞു: ‘മകനേ…! നാം ജീവിച്ചപോലെ ജീവിതം നയിച്ച ഒരാള്‍ ‘നസ്സീബീന്‍’ എന്ന സ്ഥലത്തുണ്ട്. നീയങ്ങോട്ട് പൊയ്ക്കൊള്ളുക…’
അദ്ദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഞാന്‍ ആ സാത്വികനെ തേടി പുറപ്പെട്ടു. അവരുമായി സന്ധിച്ച ശേഷം ഞാന്‍ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുകൊടുത്തു. എന്നോട് എന്റെ ഗുരു കല്‍പിച്ചതും അവരെ ധരിപ്പിച്ചു. അദ്ദേഹം അവിടെ താമസിക്കാന്‍ എന്നോട് ആവശ്യപ്പെട്ട പ്രകാരം ഞാനവിടെ താമസിച്ചു തുടങ്ങി. അദ്ദേഹവും സത്യസന്ധനായിരുന്നു. ഞാന്‍ ബന്ധപ്പെട്ട് അധികം കഴിയും മുമ്പ് അവര്‍ക്കും മരണമെത്തി. മരണാസന്നനായ അദ്ദേഹത്തോട് ഞാന്‍ ചോദിച്ചു:
‘ഞാന്‍ എന്തുദ്ദേശിച്ചാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്ന് അങ്ങേക്കറിയാമല്ലോ…. ആ ലക്ഷ്യപ്രാപ്തിക്കായി ഇനി ഞാനാരെയാണ് സമീപിക്കേണ്ടത്….?’
അവരുടെ പ്രതികരണം. ‘കുട്ടീ.. നമ്മെപ്പോലെ ജീവിക്കുന്ന ഒരേയൊരാളെ ഇനി ഭൂമുഖത്ത് ശേഷിക്കുന്നുള്ളൂ. അദ്ദേഹം തുര്‍ക്കിയിലെ അമ്മൂരിയ്യഃയിലാണ്. അവരുമായി ബന്ധപ്പെടുക…!’ ഞാന്‍ അമ്മൂരിയ്യഃയിലേക്ക് യാത്രയായി…പുരോഹിതനെ കാണുകയും ആഗമനോദ്ദേശ്യം അറിയിക്കുകയും ചെയ്തു.
അദ്ദേഹം പ്രതികരിച്ചു. ‘നീ ഇവിടെ താമസിച്ചുകൊള്ളുക.’
അദ്ദേഹവും എന്റെ പൂര്‍വ്വഗുരുക്കളെപ്പോലെ തന്നെ നിഷ്കാമ കര്‍മ്മിയായിരുന്നു. അ വര്‍ എന്നെ അദ്ധ്വാനിക്കാന്‍ പരിശീലിപ്പിച്ചു. ഞാന്‍ കുറെ പശുക്കളുടെയും ഒരാട്ടിന്‍പറ്റത്തിന്റെയും ഉടമയായിത്തിര്‍ന്നു. നീണ്ട കാലത്തിന് ശേഷം അദ്ദേഹവും അല്ലാഹുവിന്റെ വിളിക്കുത്തരം നല്‍കേണ്ട സമയം വന്നു. അപ്പോള്‍ ഞാന്‍ ചോദിച്ചു: ‘ഇനി ഞാനെന്തു ചെയ്യണം…?’
അദ്ദേഹം പറഞ്ഞു: ‘മകനേ… ഇനി സംശുദ്ധമായ ജീവിതം നയിക്കുന്ന ഒരാളും ഭൂമിയിലുള്ളതായി എനിക്കറിയില്ല. പക്ഷേ…,അറബികളുടെ നാട്ടില്‍ ഒരു പ്രവാചകന്‍ വരാന്‍ സമയമടുത്തിരിക്കുന്നു. ഇബ്രാഹീം നബിയുടെ മതം തന്നെയാണ് അവരുടെ മതം… പിന്നീട് അദ്ദേഹം സ്വന്തം നാടുപേക്ഷിച്ച് മറ്റൊരു നാട്ടിലേക്ക് ഹിജ്റഃ പോവും. ഈന്തപ്പനകളുടെ നാടാണത്. പാറക്കൂട്ടങ്ങളുള്ള ഭൂപ്രദേശം…അവര്‍ക്കുള്ള ചില വ്യക്തമായ അടയാളങ്ങള്‍ ഞാന്‍ പറഞ്ഞുതരാം.
ഒന്ന്: അഗതികള്‍ക്ക് നല്‍കുന്ന ദാനധര്‍മ്മങ്ങള്‍, സ്വദഖഃ അദ്ദേഹം സ്വീകരിക്കുകയില്ല.
രണ്ട്: ബഹുമാനാര്‍ഥം നല്‍കുന്ന വസ്തുക്കള്‍(ഹദിയ്യഃ) സ്വീകരിക്കുകയും ഉപയോഗിക്കുകയും ചെയ്യും.
മൂന്ന്: അവരുടെ രണ്ട് ചുമലുകള്‍ക്കിടയില്‍ പ്രവാചകത്വ മുദ്രയുണ്ടായിരിക്കും. നിനക്ക് ആ നാട് കണ്ടുപിടിക്കാന്‍ കഴിയുമെങ്കില്‍ പൊയ്ക്കൊള്ളുക..’ അദ്ദേഹം പറഞ്ഞു നി ര്‍ത്തി.
ആ നല്ല മനുഷ്യന്‍ മരണപ്പെട്ട ശേഷവും ഞാന്‍ അമ്മൂരിയ്യയില്‍ തന്നെ താമസിച്ചു. ആ യിടക്ക് അതുവഴി ഒരു കച്ചവട സംഘം വന്നു. കല്‍ബ് ഗോത്രക്കാരായ അറബികളായിരുന്നു അവര്‍.
ഞാന്‍ പറഞ്ഞു: ‘നിങ്ങളുടെ രാജ്യത്തേക്ക് എന്നെ കൊണ്ട് പോയാല്‍ എന്റെ പശുക്കളും ആട്ടിന്‍പറ്റവും നിങ്ങള്‍ക്ക് നല്‍കാം…’ അവര്‍ സമ്മതിച്ചു. ഞാന്‍ വാക്ക് പാലിച്ചു. എന്റെ സ്വത്തുക്കള്‍ ഞാനവര്‍ക്ക് നല്‍കി. ഞങ്ങള്‍ യാത്രയായി…
മദീനയുടെയും ശാമിന്റെയും ഇടയിലുള്ള ഒരു സ്ഥലം. വാദില്‍ഖുറാ, അവിടെ വെച്ച് അവര്‍ എന്നെ വഞ്ചിച്ച് ഒരു ജൂതന് വിറ്റു. ഞാനയാളുടെ പരിചാരകനായി കഴിഞ്ഞുകൂ ടേണ്ടി വന്നു. കുറച്ച് കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പിതൃവ്യപുത്രന്‍ സൌഹൃദ സന്ദര്‍ശനാര്‍ഥം അവിടെയെത്തി. ബനൂഖുറൈളക്കാരനായിരുന്നു അയാള്‍. അദ്ദേഹം എന്നെ വില കൊടുത്തു വാങ്ങി. ഞാനയാളുടെ കൂടെ യസ്രിബിലെത്തി.(മദീനയുടെ പഴയ പേര്‍) എന്റെ ഗുരു പറഞ്ഞുതന്നിരുന്ന ഈത്തപ്പനകളും മറ്റു വിശേഷണങ്ങളുമെല്ലാം ഞാനവിടെ കണ്ടു. സത്യപ്രവാചകനെ കാത്ത് ഞാനവിടെ താമസിച്ചു.
അതേസമയം നബി(സ്വ) മക്കയില്‍ ഇസ്ലാമിക പ്രബോധനം നടത്തുന്നുണ്ടായിരുന്നു. പക്ഷേ…, അടിമച്ചങ്ങലയില്‍ ബന്ധിതനായ ഞാനതൊന്നും അറിഞ്ഞതേയില്ല.
അധികം കഴിഞ്ഞില്ല. നബി(സ്വ) മദീനയിലേക്ക് വന്നു.
ഒരു ദിവസം.. യജമാനന്റെ ഈത്തപ്പനത്തോട്ടത്തില്‍ ജോലി ചെയ്യുകയാണ് ഞാന്‍. യജമാനന്‍ താഴെ ഇരിക്കുന്നുണ്ട്. തത്സമയം അയാളുടെ ഒരു പിതൃവ്യപുത്രന്‍ വന്ന് പറ ഞ്ഞു:
‘കേട്ടില്ലേ… ഔസും ഖസ്റജും എല്ലാം ഖുബാഇല്‍ തമ്പടിച്ചിരിക്കുകയാണ്. അവിടെ ഒരു മക്കാ നിവാസി എത്തിയിരിക്കുന്നു. നബിയാണെന്നാണയാളുടെ വാദം, വിഢ്ഢികള്‍..!’
ആ വാക്കുകള്‍ എന്റെ കര്‍ണ്ണപുടങ്ങളില്‍ തട്ടി പ്രകമ്പനം കൊണ്ടു. എന്റെ ശരീരത്തിനാകെ വിറയല്‍ ബാധിച്ച പോലെ….
ഈത്തപ്പനയുടെ ഉച്ചിയില്‍ നിന്ന് യജമനന്റെ തലയിലേക്ക് നിലം പതിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഒട്ടും സമയം കളയാതെ ഞാന്‍ ഒരുവിദം ചാടിയിറങ്ങി. ഞാന്‍ ആഗതനോട് ചോദിച്ചു:
‘എന്താണ് നിങ്ങള്‍ പറഞ്ഞത്…!’
എന്റെ ബദ്ധപ്പാട് കണ്ട് ദേഷ്യപ്പെട്ട യജമാനന്‍ എന്നെ ശക്തിയായി പ്രഹരിച്ചു…അയാള്‍ പറഞ്ഞു: ‘നിനക്കെന്താണടോ ഇതില്‍ കാര്യം…? പോയി നിന്റെ ജോലി ചെയ്യ്….!’
അന്ന് വൈകുന്നേരം ശേഖരിച്ചു വെച്ചിരുന്ന കാരക്കയുമെടുത്ത് ഞാന്‍ ദൈവദൂതനെയും തേടി പുറപ്പെട്ടു. നബിയെ കണ്ടു ഞാന്‍ പറഞ്ഞു:
‘നിങ്ങള്‍ ഒരു നല്ല മനുഷ്യനാണെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. നിങ്ങളോട് ബന്ധപ്പെട്ട് ദരിദ്ര രായ കുറെ ആളുകളുമുണ്ടല്ലോ…. ഇത് ഞാന്‍ അഗതികള്‍ക്ക് ദാനം (സ്വദഖഃ) ചെയ്യാനായി നീക്കിവെച്ചിരുന്നതാണ്… അത് നല്‍കാന്‍ ഏറ്റവും അര്‍ഹതപ്പെട്ടവര്‍ നിങ്ങളാണെന്ന് ഞാന്‍ മനസ്സലാക്കുന്നു….’ ഞാന്‍ അത് അദ്ദേഹത്തിന്റെ അടുത്തേക്ക് നീക്കിവെച്ചു കൊടുത്തു.
അദ്ദേഹം അടുത്തുള്ളവരോടായി പറഞ്ഞു: ‘കഴിച്ചോളൂ…’
അദ്ദേഹം അത് തൊട്ടതേയില്ല. അത് ശ്രദ്ധിച്ച ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. ഗുരു പറഞ്ഞിരുന്ന മൂന്ന് അടയാളങ്ങളില്‍ നിന്നൊന്ന് പുലര്‍ന്നിരിക്കുന്നു. പ്രവാചകന്‍ സ്വദഖഃ ഭക്ഷിക്കുകയില്ല.. ഞാന്‍ തിരിച്ചു നടന്നു. കുറച്ച് കൂടി ഈത്തപ്പഴം സംഘടിപ്പിക്കണം. ഇനിയും ചില കാര്യങ്ങള്‍ കൂടി തെളിയിക്കപ്പെടേണ്ടതുണ്ടല്ലോ.
ഇതിനിടെ നബി(സ്വ) ഖുബാഇല്‍ നിന്ന് മദീനയിലേക്ക് മാറിത്താമസിച്ചു. തയ്യാറാക്കി വെച്ചിരുന്ന ഈത്തപ്പഴവുമായി ഞാന്‍ അവരുടെയടുത്തേക്ക് യാത്രയായി. അവിടെ ചെന്ന് ഞാന്‍ പറഞ്ഞു.
‘അവിടുന്ന് സ്വദഖഃ ഭക്ഷിക്കില്ലെന്നറിഞ്ഞു. ഇതങ്ങയുടെ ബഹുമാനാര്‍ഥം കൊണ്ടുവന്നതാണ് സ്വീകരിച്ചാലും…!; നബിയത് സ്വീകരിക്കുകയും അനുചരരോടൊപ്പം ഭക്ഷിക്കുകയും ചെയ്തു. ഞാന്‍ ആത്മഗതം ചെയ്തു. ഇതാ രണ്ടാമത്തേത്…!!
മറ്റൊരു ദിവസം ഞാന്‍ നബിയുടെ അടുത്തു ചെന്നു. ജന്നത്തുല്‍ബഖീഇല്‍ ഒരു സ്വഹാബിയെ മറവ് ചെയ്യുന്ന ചടങ്ങിലായിരുന്നു അവര്‍. രണ്ട് ഷാളുകള്‍ കൊണ്ട് ശരീരം മറച്ചിട്ടുണ്ട്. അഭിവാദ്യം ചെയ്തശേഷം ഞാന്‍ അവരെ ഒന്നു വലം വെച്ചു. പ്രവാചകത്വമുദ്ര ചുമലിലുണ്ടോ എന്ന് നോക്കണം.
ഉദ്ദേശ്യം മനസ്സിലാക്കിയ അവര്‍ ഷാള്‍ ചുമലില്‍ നിന്ന് നീക്കം ചെയ്തു. ഞാന്‍ നല്ലവ ണ്ണം നോക്കി. അപ്പോഴതാ ആ ശ്രേഷ്ടമായ ചുമലില്‍ ഖാത്തമുന്നുബുവ്വത്ത്(പ്രവാചകത്വമുദ്ര) വ്യക്തമായി കിടക്കുന്നു. ഞാന്‍ അവരെ തിരിച്ചറിഞ്ഞു കഴിഞ്ഞു. എനിക്ക് സ്വയം നിയന്ത്രിക്കാനായില്ല. കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങിതേങ്ങിക്കരഞ്ഞു കൊണ്ട് ആ മുദ്രയില്‍ ഞാന്‍ തുരുതുരെ ചുംബിച്ചു.
അവിടുന്നു ചോദിച്ചു:’എന്താ…! നിങ്ങള്‍ക്കെന്തുപറ്റി?’
ഞാനെന്റെ മുഴുചരിത്രവും അവരെ കേള്‍പ്പിച്ചു. എല്ലാം കേട്ടപ്പോള്‍ അവര്‍ക്ക് വലിയ കൌതുകം തോന്നി. തന്റെ അനുചരര്‍ക്കെല്ലാം അതു കേള്‍പ്പിച്ചു കൊടുക്കാന്‍ അവിടുന്നു താല്‍പര്യപ്പെട്ടു. ഞാന്‍ എല്ലാം അവര്‍ക്ക് വിശദീകരിച്ചു കൊടുത്തു. കേട്ടവരെല്ലാം ഏറെ അല്‍ഭുതപ്പെടുകയും സന്തോഷിക്കുകയും ചെയ്തു.
സല്‍മാനുല്‍ഫാരിസി(റ)വിന്റെ മേല്‍ അല്ലാഹുവല്‍ നിന്നുള്ള ശാന്തിയുണ്ടാവട്ടെ. ആമീന്‍.