“സൈദ്, നിങ്ങളില്‍ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്, വിവേകവും പക്വതയും.” മുഹമ്മദ് നബി(സ്വ).
ജനങ്ങള്‍ വിവിധയിനം വിളനിലങ്ങളാണ്. ഇരുണ്ടയുഗത്തില്‍ ഉത്തമരായവര്‍ ഇസ്ലാ മില്‍ പ്രവേശിച്ച ശേഷവും ഉന്നതര്‍ തന്നെ. മഹാനായ ഒരു സ്വഹാബിയുടെ തീര്‍ത്തും വിഭിന്നമായ രണ്ടു ചിത്രങ്ങള്‍ നാം ഇവിടെ കാണാന്‍ പോവുന്നു. ഒന്ന് ജാഹിലിയ്യത്തിന്റെ കരവിരുതാണെങ്കില്‍ ഇസ്ലാമിന്റെ കനകാംഗുലികള്‍ മനോഹരമായി കോറിയിട്ടതാണ് മറ്റേത്. ആദ്യത്തേത് ബനൂആമിറില്‍ പെട്ട ഒരാളല്‍ നിന്ന് ശൈബാനി നിവേദനം ചെയ്യുന്നു:
കഠിനമായ വരള്‍ച്ച അനുഭവപ്പെട്ട ഒരു വര്‍ഷം… കൃഷിയും കന്നുകാലികളും നശിച്ചുതുടങ്ങി. ഗത്യന്തരമില്ലാതെ ഞങ്ങളുടെ ഗോത്രക്കാരനായ ഒരാള്‍ ഹീറഃ എന്ന സ്ഥലത്തേക്ക് കുടുംബസമേതം മാറിത്താമസിച്ചു. അദ്ദേഹം തന്റെ കുടുംബത്തെ അവിടെ നര്‍ത്തിയിട്ട് പറഞ്ഞു: ‘ഞാന്‍ വരുന്നത് വരെ നിങ്ങള്‍ ഇവിടെ തന്നെ ഉണ്ടായിരിക്കണം….’
അദ്ദേഹം യാത്ര പറഞ്ഞിറങ്ങി…സമ്പത്ത് വല്ലതും കരസ്ഥമാക്കിയിട്ടല്ലാതെ വീട്ടിലേക്ക് മടങ്ങുന്ന പ്രശ്നമില്ലെന്നും സാധിച്ചില്ലെങ്കില്‍ മരണമാണ് അഭികാമ്യമെന്നും അദ്ദേഹം തീരുമാനിച്ചുറക്കുകയും ശപഥം ചെയ്യുകയും ചെയ്തു. അത്യാവശ്യമുള്ള വസ്തുക്കള്‍ ഒരു കീശയിലാക്കി അയാള്‍ നടന്നു തുടങ്ങി. അന്ന് ഇരുട്ടുവോളം നടത്തം തുടര്‍ന്നു.
സന്ധ്യ മയങ്ങി. മുമ്പിലതാ ഒരു ടെന്റ്.. സൂക്ഷിച്ചു നോക്കി…തമ്പിന് സമീപം ഒരു കുതിരക്കുട്ടിയെ കെട്ടിയിരിക്കുന്നു. അയാള്‍ ആത്മഗതം ചെയ്തു: ഇത് തന്നെയായിരിക്കട്ടെ തുടക്കം…
പതുങ്ങിച്ചെന്ന് കുതിരക്കുട്ടിയെ അഴിച്ച് മുതുകിലേക്ക് കാലെടുത്തുവെക്കാനാണ് ശ്രമം… പെട്ടെന്ന് പിറകില്‍ നിന്നൊരു ശബ്ദം: ‘കുതിരയെ തൊട്ടുപോകരുത്….’
അദ്ദേഹം വെറും കയ്യോടെ തിരിച്ചുനടന്നു. അതിന് ശേഷം തുടര്‍ച്ചയായി ഏഴ് ദിവസം വെറും നടത്തം മാത്രം. അവസാനം അദ്ദേഹം ഒരു ഒട്ടകമേച്ചില്‍പുറത്തെത്തി. തൊട്ടടുത്തായി ഒരു തുകല്‍ ടെന്റുമുണ്ട്. അതിന്റെ വലിപ്പവും വിസ്തൃതിയും നല്ല പ്രതാപം വിളിച്ചറിയിക്കുന്നുണ്ട്.
അദ്ദേഹം കണക്കു കൂട്ടി. ഈ മൈതാനിയില്‍ മേയുന്ന ഒരു ഒട്ടകക്കൂട്ടമുണ്ടാകുമല്ലോ. ഈ തമ്പിന് ഒരു ഉടമസ്ഥനുമുണ്ടാകും.
സൂര്യന്‍ അസ്തമിക്കാറായിരിക്കുന്നു. അദ്ദേഹം കൂടാരത്തിനുള്ളിലേക്കൊന്ന് കണ്ണയച്ചു. മദ്ധ്യഭാഗത്തായി ഒരു പടുവൃദ്ധന്‍ ഇരിപ്പുണ്ട്. വൃദ്ധന്റെ ശ്രദ്ധയില്‍ പെടാതെ പതുങ്ങിപ്പതുങ്ങിച്ചെന്ന് അയാളുടെ പിന്നില്‍ ഇരിപ്പുറപ്പിച്ചു.
അധികം കഴിഞ്ഞില്ല. സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തില്‍ ഊളിയിട്ടു കഴിഞ്ഞു. ആ സമയം മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഭീമാകാരനും ആജാനുബാഹുവുമായ ഒരു കുതിരക്കാരന്‍ അവിടെയെത്തി. നല്ല ആരോഗ്യവും ഉയരവുമുള്ള കുതിരപ്പുറത്താണ് വരവ്. അയാളുടെ ഇരുഭാഗത്തും ഓരോ അടിമകള്‍ നടക്കുന്നു. കൂടെ നൂറോളം പെണ്‍ ഒട്ടകങ്ങളും മുമ്പില്‍ മറ്റൊരു കൂറ്റന്‍ ഒട്ടകവും. ടെന്റിനടുത്തുവന്ന് ഒട്ടകക്കൂറ്റന്‍ മുട്ടുകത്തി. ചുറ്റും മറ്റ് ഒട്ടകങ്ങളും.
തടിച്ച ഒരു ഒട്ടകത്തെ ചൂണ്ടിക്കൊണ്ട് അശ്വഭടന്‍ ഒരടിമയോടു പറഞ്ഞു. ഈ ഒട്ടകത്തെ കറന്ന് വൃദ്ധന് പാല്‍ നല്‍കുക.
അടിമ ഒരു പാത്രം നിറയെ പാല്‍ കറന്നെടത്തു വൃദ്ധന്റെ മുമ്പില്‍ വെച്ചിട്ടു സ്ഥലം വിട്ടു. പാത്രമെടുത്ത് വൃദ്ധന്‍ ഒന്നോ രണ്ടോ ഇറക്ക് കുടിച്ചിട്ടുണ്ടാവും…അയാള്‍ പാത്രം താഴെ വച്ചു. പതിയിരിക്കുന്നയാള്‍ വയോധികന്റെ ശ്രദ്ധയില്‍ പെടാതെ പാല്‍ പാത്രം കൈക്കലാക്കി ഒറ്റവലിക്ക് മുഴുവനും കുടിച്ചു തീര്‍ത്തു.
ഭൃത്യന്‍ തിരിച്ചുവന്നു പാത്രം എടുത്തു കൊണ്ടുപോയി. അയാള്‍ തന്റെ യജമാനനോടു പറഞ്ഞു:
‘പ്രഭോ… അദ്ദേഹം അത് മുഴുവനും കുടിച്ചിരിക്കുന്നു….’
അശ്വഭടന്‍ സന്തുഷ്ടനായി… അയാള്‍ പറഞ്ഞു:
‘ഒരു ഒട്ടകത്തെ കൂടി കറന്നു കൊടുക്കൂ.’
അടിമ അപ്രകാരം ചെയ്തു. വൃദ്ധന്‍ ഒരിറക്ക് മാത്രം കുടിച്ച് പാത്രം തറയില്‍ വെച്ചു. മുഴുവന്‍ കുടിച്ചാല്‍ അവര്‍ക്കു വല്ല സംശയവും ഉണ്ടായെങ്കിലോ എന്ന് ഭയന്ന് ഞാനതെടുത്ത് പകുതി മാത്രം കുടിച്ചു….
ശേഷം അയാള്‍ മറ്റേ ഭൃത്യനോട് ഒരാടിനെ അറുക്കാന്‍ ഉത്തരവിട്ടു. അയാള്‍ ആട്ടിറച്ചി വേവിച്ച് വൃദ്ധനെ ഭക്ഷിപ്പിച്ചു. ക്ഷുത്തടങ്ങിയെന്നു കണ്ടപ്പോള്‍ അയാളും ഭൃത്യരും കൂടി ഭക്ഷിക്കാന്‍ തുടങ്ങി.
ശേഷം അവരെല്ലാം ശയ്യയില്‍ ഗാഢനിദ്രയിലാണ്ടു. ഉച്ചത്തില്‍ കൂര്‍ക്കം വലി ഉയര്‍ന്നു… ഇത് തന്നെയാണ് നല്ല സന്ദര്‍ഭം… ഞാന്‍ ഒട്ടകക്കൂറ്റന്റെ ബന്ധനം അഴിച്ചു മാറ്റി. പുറത്തുകയറി മുന്നോട്ടു തെളിച്ചു. അതിന്റെ കൂടെ മറ്റ് ഒട്ടകങ്ങളും യാത്രയായി…
അന്നു രാത്രി മുഴുവനും യാത്ര.. നേരം പുലര്‍ന്നു കഴിഞ്ഞു. ഞാന്‍ ചുറ്റും കണ്ണോടിച്ചു.. ഇല്ല.. ആരും തന്നെ പിന്തുടരുന്നില്ല.
ഞാന്‍ ശീഘ്രം ഒട്ടകങ്ങളെ തെളിച്ചു. ഏകദേശം പകല്‍ പകുതി എത്തിയിരിക്കുന്നു. ഞാന്‍ വെറുതെ ഒന്നു തിരിഞ്ഞുനോക്കി.
അതാ… അങ്ങ് ദൂരെ പൊട്ടു പോലെ എന്തോ ഒന്ന്… അല്‍പം കഴിഞ്ഞപ്പോള്‍ അതൊന്നുകൂടി വലുതായി. ഞാന്‍ കൂക്ഷിച്ചു നോക്കി. കുതിരപ്പുറത്ത് അതിവേഗം വരുന്ന ഒരു യോദ്ധാവാണത്…. അയാള്‍ തന്റെ നേര്‍ക്ക് കുതിച്ച് വന്നുകൊണ്ടിരിക്കുകയാണ്.
എന്റെ കൈയിലുള്ള ഒട്ടകക്കൂട്ടങ്ങളുടെ ഉടമയാണയാള്‍ എന്ന് പെട്ടെന്ന്തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. അയാള്‍ കളവ് പോയ തന്റെ ഒട്ടകങ്ങളെ അന്വേഷിച്ച് വരികയാണ്.
ഞാന്‍ രണ്ടും കല്‍പിച്ച് ഒട്ടകത്തെ തളച്ചു… ആവനാഴിയില്‍ നിന്ന് ഒരസ്ത്രം വലിച്ചെടുത്തു. വില്ല് കുലച്ച് ജാഗരൂകനായി നില്‍പായി. ഒട്ടകങ്ങളെല്ലാം എന്റെ പിന്നിലാണ്. എന്റെ തയ്യാറെടുപ്പു കണ്ടിട്ടാവണം അയാള്‍ ദൂരെ വെച്ച് തന്നെ കുതിക്ക് കിഞ്ഞാണിട്ടു. അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു:
‘എന്റെ ഒട്ടകത്തെ വേഗം അഴിച്ച് വിടുക’
ഞാന്‍ വിളിച്ചു പറഞ്ഞു:
‘സാധ്യമല്ല….. വിശന്നുപൊരിയുന്ന കുറെ സ്ത്രീകളെയും വിട്ടാണ് ഞാന്‍ വരുന്നത്. അവര്‍ ഹീറഃയിലാണുള്ളത്. ഒന്നുകില്‍ ഭക്ഷണം, അല്ലെങ്കല്‍ മരണം, ഇതാണെന്റെ പ്രതിജ്ഞ.’
ആഗതന്‍ കോപാക്രാന്തനായി വിളിച്ചു പറഞ്ഞു.
‘തന്തയില്ലാത്തവന്‍, മര്യാദക്ക് ഒട്ടകത്തെ അഴിച്ചുവിടുന്നതാണ് നല്ലത്. അല്ലെങ്കില്‍ മരണത്തിനൊരുങ്ങിക്കൊള്ളുക’.
ഞാന്‍ തറപ്പിച്ചു പറഞ്ഞു: ‘അഴിച്ചു വിടുന്ന പ്രശ്നമേയില്ല…!’
അദ്ദേഹം പറഞ്ഞു: ‘എങ്കില്‍ നീ നശിച്ചത് തന്നെ..! ‘ശേഷം അസ്ത്രവിദ്യയിലുള്ള തന്റെ പ്രാവീണ്യം തെളിയിക്കാനെന്നവണ്ണം അയാള്‍ പറഞ്ഞു:
‘ആ ഒട്ടകത്തിന്റെ മൂക്കുകയര്‍ ഉയര്‍ത്തിക്കാണിക്കുക…!’
ഞാന്‍ അപ്രകാരം ചെയ്തു. അതില്‍ മൂന്ന് ചെറിയ വളയങ്ങളുണ്ടായിരുന്നു. അയാള്‍ ചോദിച്ചു:
‘അതിലേത് വളയത്തിലൂടെയാണ് ശരം പായിക്കേണ്ടത്?’
മദ്ധ്യത്തിലുള്ള വളയത്തിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടി. അയാള്‍ നില്‍ക്കുന്നിടത്ത് നിന്നു തന്നെ അമ്പ് തൊടുത്തു വിട്ടു…
കറക്ട്.! വളയം പിടിച്ച് അതില്‍ കൊണ്ടുവന്ന് വെച്ച പോലെ..! പിന്നെയും. അതാ രണ്ടും മൂന്നും പ്രാവശ്യം അയാള്‍ അസ്ത്രപ്രയോഗം നടത്തി. അതെല്ലാം മുടിനാരിഴ വ്യത്യാസപ്പെടാതെ വ്യാസം കുറഞ്ഞ ആ മദ്ധ്യവളയത്തിലൂടെ ചീറിപ്പാഞ്ഞു കടന്നു പോയി.!
അജയ്യനായ അമ്പെയ്ത്തു വിദഗ്ധനാണ് എന്റെ പ്രതിയോഗിയെന്ന് ഞാന്‍ മനസ്സിലാക്കി… അയാളെ എതിരിടുന്നത് ആത്മഹത്യാപരമാണ്. എടുത്തുപിടിച്ചിരുന്ന അമ്പ് ആവനാഴിയില്‍ തന്നെ നിക്ഷേപിച്ച് ഞാന്‍ വിനയാന്വിതനായി നിന്നു.
അയാള്‍ എന്റെ അടുത്തു വന്നു. എന്റെ വാളും വില്ലും പിടിച്ചെടുത്ത് ഗംഭീരസ്വരത്തില്‍ പറഞ്ഞു:
‘കയറൂ എന്റെ പിന്നില്‍…!’
അതല്ലാതെ നിര്‍വ്വാഹമില്ലല്ലോ. ഞങ്ങള്‍ യാത്രയായി.
അയാള്‍ ചോദിച്ചു: ‘ഞാന്‍ നിന്നെ എന്ത് ചെയ്യുമെന്നാണ് നീ വിചാരിക്കുന്നത്.?!’
ഞാന്‍ മറുപടി പറഞ്ഞു:
‘എന്റെ ജീവന്‍ അപകടത്തിലാണെന്നു തന്നെ…!’
തേരാളി അന്വേഷിച്ചു: ‘എന്താണങ്ങനെ ചിന്തിക്കാന്‍…?’
ഞാന്‍ പറഞ്ഞു: ‘ഞാന്‍ നിങ്ങളുടെ സ്വത്തില്‍ അതിക്രമം കാട്ടി നിങ്ങളെ ബുദ്ധിമുട്ടിച്ചല്ലോ… ഇപ്പോഴാണെങ്കില്‍ ഞാന്‍ നിങ്ങളുടെ പിടിയിലുമാണ്. അതിനാല്‍ എന്റെ ചിന്ത ന്യായം തന്നെ.’
അദ്ദേഹത്തിന്റെ മറുപടി:
‘നിങ്ങള്‍ ഇന്നലെ രാത്രി മുഹല്‍ഹിലിന്റെ (തന്റെ പിതാവ്) കൂടെ ഭക്ഷിക്കുകയും കുടിക്കുകയും ചെയ്തയാളല്ലെ. പിന്നെയും ഞാന്‍ നിങ്ങളെ വധിക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ…?!’
മുഹല്‍ഹിലെന്ന് കേട്ടയുടന്‍ ഞാന്‍ ചോദിച്ചു:
‘സൈദുല്‍ഖൈല്‍ (അഭ്യാസിയായ സൈദ്) ആണോ താങ്കള്‍?’
മറുപടി: ‘അതെ’
ഞാന്‍ പറഞ്ഞു: ‘എങ്കില്‍ നിങ്ങളില്‍ നിന്ന് നല്ല സമീപനം മാത്രമെ ഞാന്‍ പ്രതീക്ഷിക്കുന്നുള്ളൂ.’
അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ഇനി ഭയപ്പെടേണ്ടതില്ല…!’
ഞങ്ങള്‍ അയാളുടെ വാസസ്ഥലത്ത് തന്നെ തിരിച്ചെത്തി… അദ്ദേഹം പറഞ്ഞു: ‘ഈ ഒട്ടകക്കൂട്ടം എന്റേതായിരുന്നെങ്കില്‍ പൂര്‍ണ്ണമായും നിനക്ക് തരുമായിരുന്നു. പക്ഷേ, ഇതെ ന്റെ സഹോദരിയുടേതാണ്. അത്കൊണ്ട് നീ ഇവിടെ നില്‍ക്ക്…ഞാന്‍ ഒരു കൊള്ളക്കായുള്ള തയ്യാറെടുപ്പിലാണ്… അതുകഴിഞ്ഞ് നിനക്കാവശ്യമുള്ളത് നല്‍കാം…!’
അല്‍പം ദിവസം കഴിഞ്ഞതേയുള്ളൂ..ബനൂനുമൈര്‍ ഗോത്രക്കാര്‍ താമസിക്കുന്ന ഗ്രാമം അദ്ദേഹം കൊള്ള ചെയ്തു. ഏകദേശം നൂറ് ഒട്ടകങ്ങള്‍ അദ്ദേഹം പിടിച്ചെടുത്തു. അവ പൂര്‍ണ്ണമായും എനിക്കുനല്‍കുകയും സുരക്ഷിതത്വത്തിനായി കുറച്ചുപേരെ എന്റെ കൂടെ അയക്കുകയുമുണ്ടായി… ഞാന്‍ എന്റെ കുടുംബം താമസിക്കുന്ന ഹീറഃയില്‍ സസന്തോഷം തിരിച്ചെത്തി…
ഇതായിരുന്നു സൈദുല്‍ഖൈലിന്റെ ജാഹിലിയ്യാജീവിതം.
ഇസ്ലാമില്‍ വന്ന ശേഷം അവരുടെ ചരിത്രം ചരിത്രഗ്രന്ഥങ്ങള്‍ അനാവരണം ചെയ്യുന്നത് കാണുക….
മുത്തുനബി(സ്വ)യെ കുറിച്ച് കേള്‍ക്കാനിടയായ സൈദ്, തന്റെ ജനതയില്‍ നിന്ന് ഉന്നതരായ നേതാക്കളെ വിളിച്ച് ചേര്‍ത്ത ശേഷം തന്നോടൊപ്പം മദീനയിലേക്ക് വരാനും നബി (സ്വ) യെ കാണാനും ക്ഷണിച്ചു. അദ്ദേഹത്തെ ഒരു വലിയ ജനക്കൂട്ടം അനുഗമിച്ചു. സു ര്‍റുബ്നു സദൂസ്, മാലികുബ്നുജുബൈര്‍, ആമിറുബ്നുജുവൈന്‍, എന്നിവരും മറ്റും കൂ ട്ടത്തിലുണ്ട്.
അവര്‍ മദീനയിലെത്തി… മസ്ജിദുന്നബവിയുടെ അടുത്ത് വാഹനങ്ങള്‍ നിര്‍ത്തി…പള്ളിമിമ്പറില്‍ നിന്ന് ഖുത്വുബ നിര്‍വ്വഹിച്ചുകൊണ്ടിരിക്കയായിരുന്നു നബി (സ്വ) അപ്പോ ള്‍…. ആ വാക്കുകള്‍ അവരുടെ ഹൃദയങ്ങളില്‍ ആഞ്ഞുപതിച്ചു. പ്രവാചനോട് മുസ് ലിംകള്‍ക്കുള്ള ആദരവും ബഹുമാനവും ആ വാക്കുകള്‍ അവരില്‍ ഉളവാക്കുന്ന പ്രതിഫലനവും അവരുടെ അച്ചടക്കവും ശാന്തതയുമെല്ലാം നവാഗതരെ ആശ്ചര്യഭരിതരാക്കി.
പുറത്ത് വന്നുനിന്ന ആളുകളെ കണ്ട നബി(സ്വ) വിശ്വാസികളോട് പറഞ്ഞു:
‘നിങ്ങള്‍ ആരാധിക്കുന്ന ഉസ്സയേക്കാള്‍ ഞാനാണുത്തമന്‍, നിങ്ങളുടെ ആരാധനാമൂര്‍ ത്തിയായ കറുത്ത മരുക്കപ്പലിനെക്കാള്‍ നിങ്ങള്‍ക്കുപകാരപ്പെടുക ഞാനാണ്.’
നബി(സ്വ) യുടെ വാക്കുകള്‍ സൈദുല്‍ഖൈലിന്റെയും കൂട്ടുകാരുടെയും ഹൃദയങ്ങളില്‍ വ്യത്യസ്ത പ്രതികരണങ്ങളാണുളവാക്കിയത്. ചിലര്‍ സത്യബോധനം ഉള്‍ക്കൊണ്ടു… മറ്റു ചിലര്‍ അഹങ്കാരത്തോടെ പുറം തിരിഞ്ഞുകളഞ്ഞു.
കൂട്ടത്തിലെ സുര്‍റുബ്നു സദൂസിന് നബി(സ്വ)യുടെ ജനസമ്മതിയും അത്യുന്നതസ്ഥാനവും ദര്‍ശിച്ച മാത്രയില്‍ കടുത്ത അസൂയയുണ്ടായി. അയാള്‍ ആശങ്കയോടെ കൂടെയുള്ളവരോട് പറഞ്ഞു: ‘അറബികളെ മുഴുവന്‍ അടക്കി ഭരിച്ചേക്കാവുന്ന ഒരു മനുഷ്യനെയാണ് ഇവിടെ കാണുന്നത്. അത്കൊണ്ട് ഞാന്‍ ഒരിക്കലും അയാളുടെ കീഴിലാകാന്‍ താല്പര്യപ്പെടുന്നില്ല…!’
അയാള്‍ സിറിയയില്‍ പോയി തല മുണ്ഡനം ചെയ്ത് കൃസ്തുമതത്തില്‍ അംഗമായി. എന്നാല്‍ സൈദുല്‍ഖൈലിനും കൂടെയുള്ളവര്‍ക്കും മറ്റൊരു കാഴ്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്.
റസൂലുള്ളാഹി(സ്വ)ഖുത്വുബഃ കഴിഞ്ഞ് മിമ്പറില്‍ നിന്നിറങ്ങി. തത്സമയം സൈദ് മുസ് ലിംകളുടെ ഇടയിലേക്ക് ചെന്നുനിന്നു. നല്ല സൌന്ദര്യവും അസാമാന്യ ഉയരവുമുള്ള ഒരു ആജാനുബാഹുവായിരുന്നു അദ്ദേഹം. കുതിരപ്പുറത്തു കയറിയിരുന്നാല്‍ അദ്ദേഹത്തി ന്റെ കാല്‍ ഭൂമിയില്‍ സ്പര്‍ശിക്കുമായിരുന്നു.
വടിവൊത്ത ആകാരവുമായി നിന്നശേഷം പ്രൌഢമായ ശബ്ദത്തില്‍ അദ്ദേഹം പറഞ്ഞു:
‘മുഹമ്മദ്…! അശ്ഹദുഅല്ലാ…. …. …….’
നബി(സ്വ) അദ്ദേഹത്തിന് അഭിമുഖം നിന്ന് ചോദിച്ചു:
നിങ്ങളാരാണ്…?
ആഗതന്‍ പറഞ്ഞു:
‘മുഹല്‍ഹിലിന്റെ പുത്രന്‍ സൈദുല്‍ഖൈല്‍…!’
ഇതു കേട്ട മാത്രയില്‍ നബി(സ്വ) പ്രതികരിച്ചു:
‘അല്ല, നിങ്ങള്‍ സൈദുല്‍ഖൈര്‍(നന്മയുടെ സൈദ്) ആകുന്നു. നിങ്ങളെ മലമ്പ്രദേശത്ത് നിന്ന് ഇവിടെ എത്തിക്കുകയും നിങ്ങളുടെ ഹൃദയത്തെ ഇസ്ലാമിന് പാകപ്പെടുത്തുകയും ചെയ്ത അല്ലാഹുവിന് സര്‍വ്വസ്തുതിയും….!’
അതിന് ശേഷം അദ്ദേഹം സൈദുല്‍ ഖൈര്‍(റ) എന്ന പേരില്‍ അറിയപ്പെട്ടു. മുത്തുനബി(സ്വ)യാണ് ഇങ്ങനെ പുനര്‍ നാമകരണം ചെയ്തത്.
നബി(സ്വ) അവരെയും കൂട്ടി വീട്ടിലേക്ക് നടന്നു. കൂടെ ഉമറുബ്നുല്‍ ഖത്ത്വാബ്(റ)വും മറ്റ് സ്വഹാബികളും ഉണ്ട്. വീട്ടിലെത്തിയപ്പോള്‍ നബി(സ്വ) സൈദുല്‍ഖൈറിന് ചാരിയിരിക്കാന്‍ ഒരു തലയിണ നീക്കിവെച്ചുകൊടുത്തു…!
പക്ഷേ…, അല്ലാഹുവിന്റെ തിരുദൂതരുടെ മുമ്പില്‍ ചാരിയിരിക്കാന്‍ ഒരു വിധത്തിലും സൈദ്(റ)വിന്റെ മനസ്സ് അനുവദിച്ചില്ല. അദ്ദേഹം തലയിണ തിരിച്ചുകൊടത്തു. മഹാനായ നബി(സ്വ) അത് രണ്ട് പ്രാവശ്യം കൂടി സൈദിന് നല്‍കുകയുണ്ടായി. അപ്പോഴെല്ലാം അദ്ദേഹം അത് ബഹുമാനപുരസ്സരം നിരസിച്ചു.
എല്ലാവരും ഇരുന്നപ്പോള്‍ നബി(സ്വ) പറഞ്ഞു:
‘സൈദ്…! എന്നോട് ഗുണങ്ങള്‍ പ്രകീര്‍ത്തിക്കപ്പെട്ട ആരെയും ഞാന്‍ നിരീക്ഷിച്ചു നോക്കിയപ്പോള്‍ അവര്‍ അത്രക്കൊന്നുമില്ലെന്ന് ബോധ്യപ്പെട്ടതാണ് അനുഭവം. എന്നാല്‍ അതിനപവാദമായി ഞാന്‍ നിങ്ങളെ മാത്രമേ കണ്ടിട്ടുള്ളൂ…!’
നബി(സ്വ) തുടര്‍ന്നു:
‘സൈദ്…! താങ്കളില്‍ അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന രണ്ട് കാര്യങ്ങളുണ്ട്….!’
സൈദ്(റ): ‘എതാണവ തിരുദൂതരേ…?!’
നബി(സ്വ): ‘പക്വതയും വിവേകവും…!’
സൈദ്(റ): ‘അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന വിശേഷണങ്ങള്‍ നല്‍കിയ അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുന്നു…!’
സൈദ്(റ) തുടര്‍ന്നു: ‘അല്ലാഹുവിന്റെ ദൂതരെ…! അങ്ങ് മുന്നൂറ് അശ്വഭടന്മാരെ എന്റെ കൂടെ അയച്ചുതന്നാലും…! ഞാന്‍ റോമില്‍ പോയി കനത്ത സമ്പത്ത് പിടിച്ചു കൊണ്ട് വരുന്ന കാര്യം ഞാനേറ്റിരിക്കുന്നു…!’
ഇത് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ മനക്കരുത്തില്‍ നബി(സ്വ)ക്ക് വലിയ മതിപ്പുണ്ടായി. അവിടുന്ന് പറഞ്ഞു:
‘നിങ്ങളെ ഞാന്‍ സമ്മതിച്ചിരിക്കുന്നു സൈദ്…! നിങ്ങള്‍ ധീരന്‍ തന്നെയാണ്…!!’ അങ്ങനെ സൈദിനോടൊപ്പം വന്നിരുന്ന മുഴുവന്‍ പേരും സത്യവിശ്വാസികളായി മാറി.
മഹാനായ സൈദുല്‍ഖൈര്‍(റ)വും കൂട്ടുകാരും നജ്ദിലെ തങ്ങളുടെ നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുത്തു. അവര്‍ക്ക് യാത്രാമംഗളം നേര്‍ന്ന ശേഷം നബി(സ്വ) പറഞ്ഞു:
‘എന്തൊരു മനുഷ്യനാണദ്ദേഹം…! മദീനയില്‍ പടര്‍ന്നുപിടിച്ച പ്ളേഗില്‍ നിന്ന് രക്ഷപ്പെട്ടാല്‍ മഹത്തായ ഇതിഹാസം അദ്ദേഹത്താല്‍ വിരചിതമാകുമായിരുന്നു…!!’
മദീനാ മുനവ്വറയില്‍ അന്ന് ഭയങ്കര പനി പടര്‍ന്നിരിക്കുകയായിരുന്നു….മഹാനായ സൈ ദുല്‍ഖൈര്‍(റ) എന്നിട്ടും മദീന വിട്ടില്ല. അപ്പോഴേക്കും അദ്ദേഹത്തെ പനിബാധിച്ചു കഴിഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം കൂട്ടുകാരോട് പറഞ്ഞു:
‘നിങ്ങള്‍ എത്രയും വേഗം ഖൈസ് ഗോത്രക്കാരുടെ നാട്ടില്‍ നിന്ന് പോവുക… അങ്ങനെ പറയാന്‍ കാരണം ഞാനും അവരും ജാഹിലിയ്യത്തിലെ മിഥ്യാഭിമാനത്തിന്റെ പേരില്‍ പരസ്പരം പോരടിച്ചവരായിരുന്നു. അല്ലാഹുവാണ് സത്യം…! ഇനി ഞാന്‍ മരണം വരെ ഒരു മുസ്ലിമുമായി ഏറ്റുമുട്ടുകയില്ല…!!’
വന്ദ്യരായ സൈദുല്‍ഖൈര്‍(റ)തന്റെ നാട്ടിലേക്കുള്ള പ്രയാണത്തിലാണ്. എന്നാല്‍ പനി അദ്ദേഹത്തെ അനുനിമിഷം വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുകയാണ്. അപ്പോഴും സ്വ ന്തം ജനതയെ കാണുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യല്‍ അവരുടെ ഹൃദയത്തിലെ അടക്കാനാവാത്ത അഭിലാഷമാണ്.
അദ്ദേഹവും മരണവുമായി മത്സരം നടന്നുകൊണ്ടിരിക്കുകയാണ്…അധികം താമസിയാതെ ഇതിഹാസപുരുഷന്‍ മരണത്തിന് കീഴടങ്ങി. അവരുടെ ഇസ്ലാമിക പ്രവേശനത്തിനും അന്ത്യശ്വാസം വലിക്കുന്ന സമയത്തിനുമിടയില്‍ ഒരു തെറ്റുപോലും സംഭവിച്ചിട്ടുണ്ടായിരുന്നില്ല. അതിനുള്ള സന്ദര്‍ഭവുമുണ്ടായിരുന്നില്ലല്ലോ…! അല്ലാഹു അവരെ തൃ പ്തിപ്പെടട്ടെ. ആമീന്‍.