ഹുബ്ബുല്‍വഥനി മിനല്‍ ഈമാന്‍ – അഥവാ ദേശ സ്നേഹം വിശ്വാസത്തിന്‍റെ ഭാഗമാണ് എന്ന ഉദ്ധരണി സര്‍വ്വസാധാരണമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. പലപ്പോഴും നബി(സ)യുടെ ഹദീസായിട്ടുതന്നെയാണ് അത് ഉദ്ധരിക്കപ്പെടാറും. ഉന്നതരായ പലരുടെയും ഗ്രന്ഥങ്ങളിലും ഈ ഉദ്ധരണി കാണാവുന്നതാണ്. ഹിജ്റ 387ല്‍ വഫാതായ ഇബ്നു ബത്ത്വ തന്‍റെ ജിഹാദിനെ സംബന്ധിച്ച 70 ഹദീസുകള്‍ എന്ന ഗ്രന്ഥത്തില്‍ ഇത് ഹദീസ് ആയിട്ടു തന്നെ ഉദ്ധരിച്ചിട്ടുണ്ട്. അതുപോലെ ഹി. 854ല്‍ അന്തരിച്ച ഇബ്നു അറബ്ശാ തന്‍റെ ഫാകിഹതുല്‍ഖുലഫാ എന്ന ഗ്രന്ഥത്തില്‍ ഇത് റസൂല്‍ (സ)യുടെ വാക്കായിട്ടാണ് ഉദ്ധരിക്കുന്നത്. റിയാളുസ്സ്വാലിഹീനിന്‍റെ പ്രസിദ്ധ വ്യാഖ്യാന ഗ്രന്ഥമായ ദലീലുല്‍ഫാലിഹീനില്‍ ഇബ്നു അലാ ഇത് ഹദീസായിട്ടു തന്നെയാണ് ഉദ്ധരിക്കുന്നത്. പക്ഷേ, ഇവിടെ വഥന്‍ (ദേശം) എന്നതിനു സ്വര്ഗ്ഗം എന്ന വ്യാഖ്യാനമാണ് അദ്ദേഹം നല്‍കുന്നത്. മനുഷ്യന്‍റെ യഥാര്‍ത്ഥ ദേശം സ്വര്‍ഗമാണെന്നും അവിടയാണ് അവന്‍റെ ആദ്യമാതാപിതാക്കളുടെ സൃഷ്ടിപ്പും താമസവും. അവിടെ നിന്നു ഭൂമിയിലേക്കെത്തിയ നാം ഇവിടെ പരദേശികളാണ് എന്നുമാണ് വിശദീകരണം. റൂഹുല്‍ബയാനും മറ്റു പല ഗ്രന്ഥങ്ങളും ഇത് ഉദ്ധരിക്കുന്നുവെങ്കിലും റസൂല്‍(സ)യുടെ വാക്കായിട്ടോ ഹദീസായിട്ടോ ഇതിനെ പരിചയപ്പെടുത്തുന്നില്ല. ചിലര്‍ അവരുടെ എഴുത്തിലെ ഒരു വാചകം പോലെ ഇത് ഉദ്ധരിക്കുമ്പോള്‍ മറ്റു ചിലര്‍ റിപോര്‍ട്ടു ചെയ്യപ്പെട്ടതു പോലെ, പറയപ്പെട്ടതുപോലെ, ഉദ്ധരിക്കപ്പെട്ടതു പോലെ എന്നിങ്ങനെ ആരിലേക്കും പ്രത്യേകമായി ചേര്‍ത്തി പറയാതെയാണ് ഉദ്ധരിക്കുന്നത്.
എന്നാല്‍ വലിയ ഒരു പണ്ഡിത വ്യൂഹം ഇത് ഹദീസാണെന്നതിനു വ്യക്തമാ തെളിവുകളില്ലെന്ന വാദക്കാരാണ്. ഇമാം സുയൂഥി തന്‍റെ അദ്ദുററുല്‍മുന്തസിറിലും സഖാവി തന്‍റെ മഖാസ്വിദിലും ഇത് ഹദീസാണെന്ന് മനസ്സിലായിട്ടില്ലെന്നു പറയുന്നുണ്ട്. മാത്രമല്ല മുല്ലാ അലി അല്‍ഖാരി ഈ ഹദീസിനെ കുറിച്ച് അല്‍പം വിശദമായി തന്നെ തന്‍റെ അല്‍അസ്റാറുല്‍ മര്‍ഫൂഅ എന്ന ഗ്രന്ഥത്തില്‍ പറയുന്നതിങ്ങനെ.. സര്‍കശി ഇതിനെ കുറിച്ച് അറിയില്ല എന്നു പറഞ്ഞു. അസ്സ്വഫ്‍വി ഇത് സ്ഥിരപ്പെട്ടതല്ലെന്നു പറഞ്ഞു. ഇത് ചില മുന്ഗാമികളുടെ വാക്കുകളാണെന്നു പറയപ്പെടുന്നു. ഇതിന്‍റെ അര്‍ത്ഥം ശരിയാണെന്നും ഈ ഹദീസിനെ കുറിച്ചറിയില്ലെന്നും സഖാവി പറഞ്ഞു.
എന്നാല്‍ മുല്ലാ അല്‍ഖാരി തന്‍റെ അല്‍മസ്നൂഅ് ഫീ മഅ്റിഫതില്‍ ഹദീസില്‍ മൌദൂഅ് എന്ന ഗ്രന്ഥത്തില്‍ പറയുന്നത് ഹദീസ് പണ്ഡിതന്മാരുടെ അടുത്ത് ഇതിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ്. അദ്ദേഹം തന്നെ മിശ്കാതിന്‍റെ ശറഹായ മിര്‍ഖാതില്‍ ഇത് കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസാണ് എന്ന് അഭിപ്രായപ്പെടുന്നു. അതുപോലെ റിള സ്സ്വഗാനി (വഫാത് ഹി. 650) തന്‍റെ മൌദൂആത് (കെട്ടിച്ചമച്ചുണ്ടാക്കിയ ഹദീസുകള്‍) എന്ന ഗ്രന്ഥത്തില്‍ എണ്‍പത്തിയൊന്നാമത്തെ ഹദീസായി ഇതിനെ എണ്ണിയിരിക്കുന്നു.
ഹദീസില്‍ അവഗാഹമുള്ള പണ്ഡിതന്മാരില്‍ തന്നെ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ ഏറ്റവും സൂക്ഷ്മത ഇത് പ്രവാചക വചനം എന്ന നിലക്ക് ഉദ്ധരിക്കാതിരിക്കലാണ്.