കാളകളെ ഉപയോഗിച്ചു കൊണ്‍ടുള്ള പല വിനോദങ്ങളുമുണ്‍ട്. കാളയോട്ട മത്സരം, കാളകുത്തു മത്സരം, കാളപ്പോര്, കാളപൂട്ട് എന്നിവ അവയില്‍പ്പെടുന്നു. കുതിരപ്പുറത്തെന്ന പോലെ കാളപ്പുറത്തു കയറിയിരുന്ന് ഓട്ടമത്സരം നടത്തുക ഇതാണ് കാളയോട്ട മത്സരം. പണം വെക്കാതെ, പന്തയ സ്വഭാവമില്ലാതെ, ഇവ്വിധം മത്സരം നടത്തുന്നത് സാധാരണ ഗതിയില്‍ അനുവദനീയമാണ് (തുഹ്ഫ 9/399). എന്നാല്‍ മൃഗങ്ങളെ ഉപദ്രവിക്കുന്നുവെങ്കില്‍ അതു നിഷിദ്ധമാകും. കാരണം ജീവികളെ അനാവശ്യമായി വേദനിപ്പിക്കല്‍ ഹറാമാണ് (ഹാശിയതുത്തുഹ്ഫ: ശര്‍വാനി 8/370, ഇബ്നുഖാസിം 8/371, സവാജിര്‍ 2/84,87). കാളകുത്ത് മത്സരം രണ്‍ടു കാളകളെ പ്രകോപിപ്പിച്ചു പരസ്പരം കുത്തിക്കുകയാണ്. ഇവ്വിധം മൃഗങ്ങളെ കടികൂട്ടുന്ന വിനോദങ്ങളെല്ലാം നബി(സ്വ) നിരോധിച്ചിട്ടുണ്‍ട് (അബൂദാവൂദ്, തുര്‍മുദി). കൂറ്റനാടുകളെ ഇങ്ങനെ പ്രകോപിപ്പിച്ചു പരസ്പരം കുത്തിക്കുന്നതും ഈയിനത്തില്‍ പെടുന്നു. അത്തരം വിനോദങ്ങള്‍ ഹറാമാണെന്ന കാര്യത്തില്‍ പക്ഷാന്തരമില്ല (തുഹ്ഫ 9/399). അങ്ങനെയുള്ള കളികള്‍ കണ്‍ടാസ്വദിക്കലും ഹറാമാണ് (ശര്‍വാനി 10/216).