ബഹുദൈവത്വം മഹാപാപമാണെന്ന് ആ വര്‍ത്തിച്ചു പ്രഖ്യാപിക്കുന്ന ഖുര്‍ആന്‍, സത്യവിശ്വാസികളുടെ നേതാവും അല്ലാഹുവിന്റെ ഖലീലുമായ ഇബ്‌റാഹീം നബി(അ) സൂര്യ-ചന്ദ്ര-നക്ഷത്രാദികളെ ദൈവമാക്കിയെന്ന് 6: 76-78 ല്‍ പറയുന്നു. ഇബ്‌റാഹീം നബി(അ) ബഹുദൈവാരാധകനായിരുന്നുവെന്നല്ലേ ഇതിനര്‍ത്ഥം?

മറുപടി

ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) ശിര്‍ക്ക് ചെയ്തുവെന്ന് ഖുര്‍ആനിലൊരിടത്തും പറയുന്നില്ല. മഹാന്‍ ജനിക്കുമ്പോള്‍ ഭൂമുഖമാകമാനം അന്ധകാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. നബിയുടെ ജന്മനാടായ ബാബിലോണ്‍ ഒരു പുരാതന സംസ്‌കാര കേന്ദ്രമായിരുന്നു. ചില നക്ഷത്രങ്ങളുടെയും മറ്റും പേരില്‍ ബിംബങ്ങള്‍ നിര്‍മിച്ച് അവയെ പൂജിക്കുന്നവരായിരുന്നു അവിടത്തുകാര്‍. കൂട്ടത്തില്‍ അവരുടെ രാജാവിനെയും ഒരു ദൈവമായാണ് ജനങ്ങള്‍ കണ്ടിരുന്നത്.

ഇബ്‌റാഹീം നബി(അ) ചെറുപ്പകാലം മു തല്‍ക്കുതന്നെ വലിയ ചിന്താശീലനായിരുന്നു. ചെറുപ്രായത്തില്‍ തന്നെ ബിംബാരാധനയെ മഹാന്‍ ചോദ്യം ചെയ്തു. ‘ചോദിച്ചാല്‍ ഉത്തരം നല്‍കുകയോ പറഞ്ഞാല്‍ കേള്‍ക്കുകയോ ചെയ്യാത്ത ഈ വസ്തുക്കളെ എന്തിനാണ് ആരാധിക്കുന്നത്?’ എന്ന് തന്റെ പിതൃവ്യന്‍ ആസറിനോട് അദ്ദേഹം ചോദിക്കുകയുണ്ടായി. പ്രവാചകത്വലബ്ധിക്കുശേഷം ബിംബാരാധനക്കെതിരില്‍ സ്വജനതയെ ചിന്തിപ്പിക്കുവാന്‍ പല തീവ്രയത്‌നങ്ങളും ഇബ്‌റാഹീം(അ) നടത്തി. ഒന്നും ഫലിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ ഒരു ദിവസം താനും നിങ്ങളുടെ പക്ഷത്താണെന്ന് തോന്നിപ്പിക്കുംവിധം മഹാന്‍ പെരുമാറി. കാരണം സ്വന്തം പക്ഷത്തുള്ളവര്‍ പറയുന്നത് ചെവികൊള്ളാനും അതിനെ പറ്റി ചിന്തിക്കുവാനും ആളുകള്‍ തയ്യാറാകുമല്ലോ. അതേസമയം എതിര്‍പക്ഷത്തുള്ളവര്‍ പറയുന്നത് എന്തായാലും അത് ശ്രവിക്കുവാനോ അതേക്കുറിച്ച് ആലോചിക്കുവാനോ പലരും തയ്യാറാവുകയുമില്ല. ശത്രുതാമനോഭാവത്തോടെ മാത്രമേ അതിനെ നോക്കിക്കാണുകയുള്ളൂ.

അങ്ങനെ ഒരുരാത്രി ഒരുസംഘം യുവാക്കളോടൊപ്പം അദ്ദേഹം പുറത്തിരിക്കുമ്പോള്‍ ആകാശത്തെ ഒരു നക്ഷത്രത്തെ ചൂണ്ടി ‘ഇത് എന്റെ രക്ഷിതാവാണ്’ എന്നദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ആ നക്ഷത്രം അസ്തമിച്ചപ്പോള്‍ ഇതു ദൈവമാകാന്‍ പറ്റില്ലല്ലോ എന്ന് കൂട്ടുകാരെ അദ്ദേഹം ധരിപ്പിച്ചു. പിന്നീട് ചന്ദ്രനെ നോക്കി ഇതാണെന്റെ ദൈവമെന്ന് കൂട്ടുകാരെ ഉണര്‍ത്തി. ചന്ദ്രന്‍ അസ്തമിച്ചപ്പോള്‍ ഇതിനെയും ദൈവമായി സ്വീകരിക്കാന്‍ പറ്റില്ലെന്ന് അവരെ അദ്ദേഹം ബോധിപ്പിച്ചു. പിന്നീട് സൂര്യനുദിച്ചുയര്‍ന്നു നില്‍ക്കുന്നതുകണ്ടപ്പോള്‍ ‘ഇതാണെന്റെ ദൈവം. ഇത് ഏറ്റവും വലുതാണ്. ലോകത്തിനു മുഴുവന്‍ വെളിച്ചം കാണിക്കുന്നു. ഇത്രയും വെളിച്ചം കാണിക്കാന്‍ മറ്റൊന്നിനും കഴിവില്ല’ എന്നെല്ലാം അദ്ദേഹം കൂട്ടുകാരോട് പറഞ്ഞു. സൂര്യന്‍ അസ്തമിച്ചപ്പോള്‍ അവരുടെ ചിന്തയെ തട്ടിയുണര്‍ത്തി അദ്ദേഹം പറഞ്ഞു: ദൈവമായി സ്വീകരിക്കുന്ന വസ്തു അഹോരാത്രം മനുഷ്യരെയും പ്രപഞ്ചത്തെയും മേല്‍നോട്ടംചെയ്തു സംരക്ഷിക്കുന്നതായിരിക്കണം. ചിലപ്പോള്‍ വരികയും പിന്നീട് മറയുകയും ചെയ്യുന്ന സ്വഭാവമുള്ളതൊന്നും ദൈവമാകാന്‍ കൊള്ളില്ല. അതിനാല്‍ ഇവയെക്കാളെല്ലാം ജ്ഞാനത്തിലും ശക്തിയിലും ഉയര്‍ന്നുനില്‍ക്കുന്ന ഒരു ദൈവത്തെയാണ് നാം സ്വീകരിക്കേണ്ടതെന്നും മറ്റും കൂട്ടുകാര്‍ക്ക് അദ്ദേഹം വിശദീകരിച്ചുകൊടുത്തു. അവര്‍ക്ക് അപ്പോള്‍ അതെല്ലാം ബോധ്യമായെങ്കിലും പഴയമാര്‍ഗത്തിലേക്കുതന്നെ അവര്‍ മടങ്ങുകയായിരുന്നു. ഇമാം റാസി(റ)യുടെ വിവരണം ശ്രദ്ധേയമാണ്: ‘ഇത് എന്റെ രക്ഷിതാവാണ്’ എന്ന് ഇബ്‌റാഹീം നബി(അ) പറഞ്ഞത് വിവരം അറിയിക്കുന്ന രൂപത്തിലല്ല. പ്രത്യുത അങ്ങനെ പറഞ്ഞതിന്റെ ലക്ഷ്യം ഇതാണ്: ഇബ്‌റാഹീം നബി(അ) നക്ഷത്രങ്ങളെ ആരാധിക്കുന്നവരോട് വാദപ്രതിവാദം നടത്തുകയായിരുന്നു. നക്ഷത്രങ്ങള്‍ തങ്ങളുടെ രക്ഷിതാവും ഇലാഹുകളുമാണെന്നായിരുന്നു അവരുടെ വീക്ഷണം. അതിനാല്‍ ഈ വീക്ഷണം അവര്‍ നടത്തുന്ന പദപ്രയോഗത്തിലൂടെ നബി പറഞ്ഞു. അത് നിരര്‍ത്ഥകമാണെന്ന് സമര്‍ത്ഥിക്കലായിരുന്നു ഇതിലൂടെ മഹാന്റെ ലക്ഷ്യം. പദാര്‍ത്ഥം അനാദിയാണെന്ന് വാദിക്കുന്ന ഒരാളുമായി വാദപ്രതിവാദം നടത്തുന്ന വ്യക്തി ഇപ്രകാരം പറയുന്നതുപോലെയാണിത്: ജിസ്മ് അനാദിയാണ്. പിന്നെ എന്തുകൊണ്ടാണ് കൂടിച്ചേര്‍ന്നുണ്ടായതായും പരിണാമത്തെ സ്വീകരിക്കുന്നതായും അതിനെ നാം കാണുന്നത്? ഇവിടെ ജിസ്മ് അനാദിയാണെന്ന് അയാള്‍ പറയുന്നത് പ്രതിയോഗിയുടെ ആശയം ആവര്‍ത്തിച്ചുപറഞ്ഞ് അതിനെ ഖണ്ഡിക്കാനാണല്ലോ. അതുപോലെയാണ് ഇബ്‌റാഹീം നബി(അ) പറഞ്ഞതും. ‘ഇത് എന്റെ രക്ഷിതാവാണ്’ എന്ന് നബി പറഞ്ഞു. പ്രതിയോഗിയുടെ വാദം എടുത്തുദ്ധരിക്കലാണ് ലക്ഷ്യം. ഉടനെ അത് ബാലിശമാണെന്നറയിക്കുന്ന ‘അസ്തമിക്കുന്നവയെ ഞാനിഷ്ടപ്പെടുന്നില്ല’ എന്ന പ്രമാണവും അവിടുന്ന് പറഞ്ഞു. ഈ സംശയത്തിനുള്ള പ്രബലമായ മറുപടി ഇപ്പറഞ്ഞതാണ്. ‘ഇബ്‌റാഹീമിന് തന്റെ ജനതക്കെതിരില്‍ നാം നല്‍കിയ ന്യായപ്രമാണമത്രെ അത്’ എന്നതിലൂടെ ഈ വാദപ്രതിവാദമാണ് അല്ലാഹു സൂചിപ്പിക്കുന്നത് (റാസി 6/ 346).

ഉപദേശ നിര്‍ദേശങ്ങളിലൂടെ വിഗ്രഹാരാധന നിരര്‍ത്ഥകമാണെന്ന് വ്യക്തമാക്കാന്‍ ഇബ്‌റാഹീം നബി(അ) ശ്രമിച്ചതായി 21: 51-56 ല്‍ പറയുന്നു. ഇതിനായി പ്രവാചകര്‍ അവരോട് വാദപ്രതിവാദം നടത്തിയതായി 6: 80-83 ലും പറയുന്നു. അതിന്റെ പേരില്‍ ഇബ്‌റാഹീം(അ) അവരെ ശക്തമായി വിമര്‍ശിച്ചിരുന്നതായി 6: 74-75 ല്‍ പറയുന്നു. അവരെ ചിന്തിപ്പിക്കുന്നതിനായി വിഗ്രഹങ്ങള്‍ തച്ചുടക്കുകയും വലിയ വിഗ്രഹത്തിന്റെ കഴുത്തില്‍ കോടാലി തൂക്കി അതിനെ കുറ്റപ്പെടുത്തിയതായും 21: 57-67 ല്‍ പരാമര്‍ശിക്കുന്നു.

6: 78, 79 വചനങ്ങള്‍ ഇപ്രകാരമാണ്: ‘അനന്തരം പ്രശോഭിക്കുന്ന സൂര്യനെ കണ്ടപ്പോള്‍ ഇബ്‌റാഹീം പറഞ്ഞു: ‘ഇതാ, എന്റെ രക്ഷിതാവ്; ഇതു വളരെ വലുതാണ്’. പിന്നീട് അതും അസ്തമിച്ചപ്പോള്‍ നബി പറഞ്ഞു: ‘എന്റെ സമൂഹമേ, നിശ്ചയം നിങ്ങള്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്നെല്ലാം ഞാന്‍ ഒഴിവാകുന്നു. സത്യമതത്തില്‍ ഉറച്ചുനിന്ന്  ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനിലേക്ക് എന്റെ ശരീരം ഞാനിതാ തിരിച്ചിരിക്കുന്നു. ഞാന്‍ ബഹുദൈവ വിശ്വാസികളില്‍ പെട്ടവനല്ല’ (അന്‍ആം 6: 78-79).

സൂര്യ-ചന്ദ്ര-നക്ഷത്രാദികള്‍ ദൈവങ്ങളാണെന്ന വിശ്വാസം ഇബ്‌റാഹീം നബി(അ)ക്കുണ്ടായിരുന്നില്ലെന്ന് ഇതില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്. എന്നിരിക്കെ തന്റെ ജനതയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതിനായി ഇത്തരമൊരു തന്ത്രം പ്രയോഗിച്ചതിന്റെ പേരില്‍ ഇബ്‌റാഹീം(അ) ശിര്‍ക്ക് ചെയ്തുവെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല. അതുവഴി ഖുര്‍ആനില്‍ വൈരുദ്ധ്യം തെളിയിക്കാനുള്ള സ്വപ്നം ഒട്ടും വിജയിക്കുകയില്ല.