*നോമ്പിന്റെ മഹത്വം*
അല്ലാഹു പറഞ്ഞു: “സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും തിട്ടപ്പെടുത്തിയ ദിവസങ്ങൾ നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു നിങ്ങൾ സൂക്ഷിക്കാൻ വേണ്ടിയത്രേ അത്‌.”
അബ്ദുറഹ്‌മാനുബ്നുൽ ഔഫ്(റ)വിൽ നിന്ന്: നബി(സ) അരുൾ ചെയ്തു.റമദാൻ മാസത്തിലെ നോമ്പ് നിങ്ങൾക്ക് അള്ളാഹു നിർബന്ധമാക്കിയിരിക്കുന്നു. അതിലെ തറാവീഹ് നിസ്കാരം നിങ്ങൾക്ക് സുന്നത്താക്കുകയും ചെയ്തിരിക്കുന്നു. വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും ആരെങ്കിലും വ്രതമനുഷ്ഠിക്കുകയും നിസ്കരിക്കുകയും ചെയ്താൽ തന്റെ മാതാവ് പ്രസവിച്ച ദിവസത്തെ പോലെ അവൻ പാപത്തിൽനിന്നു മുക്തമാകുന്നതാണ്.” (ഇബ്നുമാജ, ബൈഹഖി)
അബൂഹുറൈറ(റ)വിൽ നിന്ന്: “വിശ്വാസത്തോടെയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും ആരെങ്കിലും നോമ്പനുഷ്ഠിച്ചാൽ അവൻറെ മുന്തിയതും പിന്തിയതുമായ സർവ്വപാപങ്ങളും പൊറുക്കപ്പെടുന്നതാണ്.”(അഹ്‌മദ്‌)
അബൂഹുറൈറ(റ)വിൽ നിന്ന്: “മുൻ റമളാനിലെ നോമ്പ് വീടാൻ ബാക്കിയുണ്ടായിരിക്കെ ആരെങ്കിലും റമളാനെ എത്തിച്ചാൽ അത് നോറ്റു വീട്ടും വരെ അവനിൽ നിന്ന് പൂർണമായ വിധത്തിൽ നോമ്പ് സ്വീകരിക്കപ്പെടുകയില്ല.”(അഹ്‌മദ്‌)
അനസ്‌(റ)വിൽ നിന്ന്: “റമളാൻ എന്ന് പേര് വെക്കാൻ കാരണം അത് പാപങ്ങളെ കരിക്കുന്നത് കൊണ്ടാണ്.(സംആനി)
നിങ്ങളുടെ റബ്ബ് പറയുന്നു എല്ലാ നന്മക്കും പത്തിരട്ടി മുതൽ എഴുനൂറ്‍ ഇരട്ടി വരെ പ്രതിഫലമാകുന്നു; നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാകുന്നു അതിൻറെ പ്രതിഫലം ഞാൻ നൽകും. വ്രതം നരകത്തെ കാക്കുന്ന പരിചയാകുന്നു. നോമ്പുകാരന്റെ വായയുടെ വാസന അല്ലാഹുവിങ്കൽ കസ്തൂരിയേക്കാൾ നല്ലതാകുന്നു. നിങ്ങൾ നോമ്പുകാരനായിരിക്കെ ഒരു അജ്ഞൻ എന്തെങ്കിലും അനാവശ്യം പറഞ്ഞാൽ ഞാൻ നോമ്പുകാരനാണെന്ന് പറയുക. നോമ്പുകാരന് രണ്ട് സന്തോഷാവസരമുണ്ട്: ഒന്ന് നോമ്പ് തുറക്കുമ്പോഴും മറ്റൊന്ന് തന്റെ റബ്ബിനെ ദർശിക്കുമ്പോഴും.”(തുർമുദി).