ത്വരീഖതില്‍ ശയ്ഖ് എന്ന പദം അര്‍ഥഗര്‍ഭമാണ്. കേവലം ശ്രേഷ്ഠത അവകാശപ്പെട്ടതു കൊണ്ടുമാത്രം ത്വരീഖതില്‍ ശയ്ഖ് രൂപപ്പെടില്ല. അനിവാര്യമായതും അസാധാരണവുമായ ആത്മീയ പദവി അലങ്കരിക്കാനാകണം. സാധാരണ ഗതിയില്‍ പാണ്ഢിത്യത്തിന്റെയും ഇബാദത്തിന്റെയും പേരില്‍ പലരെയും ശയ്ഖ് എന്നു വിശേഷിപ്പിക്കാറുണ്ട്. ആ അര്‍ഥത്തില്‍ മാത്രം തസ്വവ്വുഫില്‍ ശയ്ഖ് എന്ന പദവിക്ക് ആരും അര്‍ഹരാവുകയില്ല.
തന്റെ പിന്നില്‍ നിരന്നവരെ എല്ലാ വിധത്തിലും വഴി കാണിക്കുന്ന ഒരു മഹാനാകുന്നു ത്വരീഖതില്‍ ശയ്ഖ്. തസ്വവ്വുഫിന്റെ വീക്ഷണത്തില്‍ മനുഷ്യന്‍ നിരന്തര യാത്രയിലാണ്. കാരുണ്യവാനായ അല്ലാഹുവിലേക്കുള്ള പ്രയാണമാണ് അവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആ പ്രയാണത്തില്‍ വഴി തെറ്റാതെയിരിക്കാന്‍ അറിവും കഴിവും ജാഗ്രതയുമുള്ള ഒരു വഴി കാട്ടി ആവശ്യമാണ്. യാത്രയിലെ ദൂരം, അപകടങ്ങള്‍, നിയമങ്ങള്‍, പ്രതിസ ന്ധിക്കുള്ള പരിഹാരങ്ങള്‍ എല്ലാറ്റിനെയും പറ്റി തികഞ്ഞ ബോധമുള്ളവനായിരിക്കണം വഴി കാട്ടി. അത്തരമൊരു വഴി കാട്ടിയാകാന്‍ വേണ്ട എല്ലാ യോഗ്യതയും നിറഞ്ഞ ആത്മീയ പുരുഷനത്രെ ത്വരീഖതിലെ ‘ശയ്ഖ്’. അബ്ദുല്‍ റസാഖുല്‍ കാസാനി(റ) രേഖപ്പെടുത്തുന്നു:
“ശരീഅത്, ത്വരീഖത്, ഹഖീഖത് എന്നിവയില്‍ അങ്ങേഅറ്റത്തെ അറിവുള്ള, മനുഷ്യമനസ്സിന്റെ രോഗങ്ങളെപ്പറ്റിയും അവയുടെ ചികിത്സയെക്കുറിച്ചും തികഞ്ഞ ജ്ഞാനമുള്ള, രോഗങ്ങള്‍ മാറ്റാന്‍ കഴിവും ശക്തിയുമുള്ള, സന്മാര്‍ഗ ബോധമുള്ള പൂര്‍ണ വ്യക്തിത്വത്തെയാണു തസ്വവുഫില്‍ ശയ്ഖ് എന്നതു കൊണ്ടു വിവക്ഷിക്കുന്നത്”(മുഅ്ജമു ഇസ്ത്വിലാഹാതിസ്വൂഫിയ്യ: 172).
ശയ്ഖിന്റെ യോഗ്യതകള്‍
ത്വരീഖതില്‍ ശയ്ഖിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളില്‍ ചിലതു പരിശോധിക്കാം. സമുദ്ര സമാനമായ ശറഈ ജ്ഞാനമാണ് ഒന്ന്. ഇക്കാര്യം ത്വരീഖത് മേഖലയില്‍ അത്യുന്നതങ്ങള്‍ താണ്ടിയ മഹാന്മാരൊക്കെ സമ്മതിച്ചംഗീകരിച്ചതാണ്. ഇമാം അലിയ്യുല്‍ഖവ്വാസ്വ്(റ) പറയുന്നു: “ത്വരീഖതിന്റെ ഗുരുവര്യന്മാരൊക്കെ ഏകോപിച്ചു പറഞ്ഞ കാര്യമാണു മുരീദുകള്‍ക്കു ശിക്ഷണമേകുവാന്‍ ഒരുമ്പെടുന്നവനു ശരീഅതില്‍ സമുദ്ര സമാനമായ അറിവ് വേണമെന്നത്” (ലത്വാഇഫുല്‍മിനന്‍: 45).
ഇമാം അഹ്മദ് ള്വിയാഉദ്ദീന്‍(റ) പറയുന്നു: “ഒരു ശയ്ഖിനുണ്ടാകേണ്ട അത്യന്താപേക്ഷിതമായ ഗുണമാകുന്നു ശരിയായ ജ്ഞാനം” (ജാമിഉല്‍ ഉസ്വൂല്‍: 18).
അബ്ദുല്‍ഖാദിറുശ്ശഫ്ശാവാനി(റ) പറയുന്നു: “ഒരു ശയ്ഖില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ യോഗ്യത അങ്ങേ അറ്റത്തെ അറിവും വാക്കാലും പ്രവൃത്തിയാലും അവസ്ഥയാലും ശരീഅതിനെ സാധൂകരിക്കലുമാകുന്നു” (ഹിദായ: 187).
ജുനയ്ദുല്‍ബഗ്ദാദി(റ) പറയുന്നു: “ശറഇയ്യായ എല്ലാ ഇല്‍മിലും പരിപൂര്‍ണത സ്വന്തമാക്കിയവനാവുക ശയ്ഖിന്റെ നിബന്ധനയില്‍ പെട്ടതാകുന്നു” (ഹിദായ: 187).
അബ്ദുല്ലാഹില്‍ഹദ്ദാദ്(റ) പറയുന്നതു കാണുക: “ഒരു ശയ്ഖില്‍ അഞ്ചു ഗുണങ്ങള്‍ ഇല്ലായെങ്കില്‍ അവന്‍ ജനങ്ങളെ ജഹാലത്തിലേക്കു നയിക്കുന്ന ദജ്ജാലാണെന്നുറപ്പിക്കണം. ശരീഅതിന്റെ വിധി-വിലക്കുകള്‍ കൊണ്ടുള്ള തികഞ്ഞ അറിവാകുന്നു ആ ഗുണങ്ങളില്‍ പ്രധാനം (ശറഹു-ര്‍റാഇയ്യ: ഹിദായ: 197).
ഇമാം ശഅ്റാനി(റ) പറയുന്നു: “എന്റെ നേതാവ് അലിയ്യുല്‍ ഖവ്വാസ്വ്(റ) പറഞ്ഞു: വി ശുദ്ധമായ ശരീഅതുകൊണ്ടു പൊതുവിലും പ്രത്യേകവുമായ അറിഞ്ഞിരിക്കേണ്ടവ അത്രയും അറിയാത്തവനെ ത്വരീഖതിന്റെ ഗുരുഗണത്തില്‍ എണ്ണാന്‍ പറ്റുന്നതല്ല. വ്യാപകാര്‍ഥത്തില്‍ വന്നത്, പ്രത്യേകാര്‍ഥത്തെ സൂചിപ്പിക്കുന്നത്, ദുര്‍ബലമാക്കുന്നത്, ദുര്‍ബല മാക്കപ്പെട്ടത് തുടങ്ങിയ വിജ്ഞാന ശാഖ-സകലങ്ങളില്‍ നിന്ന് ഏതെങ്കിലും ഒന്നിനെപ്പറ്റി അജ്ഞനായാല്‍ തന്നെ ഗുരുക്കന്മാരുടെ പദവിയില്‍ നിന്നു നിലംപൊത്തിയതായി വിധിക്കാം” (ഹിദായ: 199).
ഇമാം ഗസ്സാലി(റ) പറയുന്നു: “ആത്മീയ ശിക്ഷണത്തിന് അര്‍ഹതപ്പെട്ട ശയ്ഖ് തികഞ്ഞ പണ്ഢിതനായിരിക്കല്‍ അത്യന്താപേക്ഷിതമാണ്” (രിസാലതു അയ്യുഹല്‍വലദ്: 17).
ശയ്ഖിന്റെ ശറഈ ജ്ഞാനത്തെപ്പറ്റിയുള്ള ഈ ചര്‍ച്ച ആധ്യാത്മ വിഷയത്തില്‍ സംസാരിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ അംഗീകരിച്ചതാണ്. വിജ്ഞാനത്തില്‍ ശയ്ഖിനുണ്ടായിരിക്കേണ്ട ആഴത്തെ പരാമര്‍ശിച്ചു ത്വരീഖതിന്റെ പണ്ഢിതന്മാരായ അബുല്‍ഹസനുശ്ശാദുലി, അബുല്‍ അബ്ബാസുല്‍മര്‍സി, സയ്യിദ് യാഖൂതുല്‍അര്‍ശീ, ശയ്ഖ് താജുദ്ദീന്‍ബ്ന്‍ അത്വാഉല്ലാഹ് (റ: അന്‍ഹും) തുടങ്ങിയവര്‍ പറഞ്ഞിരിക്കുന്നത്: “വൈജ്ഞാനിക സംവാദത്തില്‍ മഹാപണ്ഢിതന്മാരെ പ്രമാണങ്ങള്‍ കൊണ്ടു മുട്ടു കുത്തിക്കാന്‍ മാത്രം അറിവ് ഒരു ശയ്ഖീനു വേണം” എന്നാണ്.
ഇമാം ശഅ്റാനി(റ) പറയുന്നതു കാണുക: “വിലായതിന്റെ പദവി അലങ്കരിക്കുന്ന ആരും ത്വരീഖതില്‍ ഒരു ‘മുജ്തഹിദ്’ ആകാതെ തരമില്ല. ശരീഅത് വ്യക്തമാക്കിയതോ ഇജ്മാഓ അല്ലാതെ അദ്ദേഹം അനുകരണത്തിനു നില്‍ക്കരുത്. താന്‍ സമ്പൂര്‍ണനാണെ ന്നു അവകാശപ്പെടുകയും ഏതെങ്കിലും ഒരു പണ്ഢിതനെ തഖ്ലീദ് ചെയ്യുകയുമായാല്‍ അവന്‍ അസത്യവാനാണെന്നു വന്നു. മുജ്തഹിദുകള്‍ ജ്ഞാനങ്ങള്‍ നുകര്‍ന്നിടത്തു നിന്നു, ജ്ഞാനങ്ങള്‍ നുകരാന്‍ ആകാതെ ത്വരീഖതില്‍ ആരും പൂര്‍ണരാകുന്നതല്ലെന്ന് എന്റെ ഗുരു അലിയ്യുല്‍ഖവ്വാസ്വ്(റ) ആവര്‍ത്തിച്ചു പറഞ്ഞതു ഞാന്‍ കേട്ടിട്ടുണ്ട്” (അല്‍യവാഖീത് വല്‍ജവാഹിര്‍: 2/82).
മുകളില്‍ പറഞ്ഞതില്‍ നിന്നും ശയ്ഖാകാന്‍ ഇജ്തിഹാദിന്റെ പദവിയിലുള്ള മാത്രം അറിവ് വേണമെന്നു വരുന്നു. പ്രശ്നങ്ങളുടെ പരിഹാരത്തിനു നബി(സ്വ) ഒഴിച്ചുള്ള വരുടെ അറിവിനെതൊട്ട് ആവശ്യം തീര്‍ന്നവനാകല്‍ ശയ്ഖിന്റെ നിബന്ധനയാണെന്നു ചില പണ്ഢിതന്മാര്‍ പറഞ്ഞതിന്റെ പൊരുളും ഇതാണ്. അത്തരമൊരു പദവി ഒരു തിക ഞ്ഞ മുജ്തഹിദിനല്ലാതെ ലഭ്യമാകുന്നതല്ല. മുജ്തഹിദ് ചെയ്യുന്നതു, വിശുദ്ധ ഖുര്‍ആന് തിരുനബി(സ്വ) നല്‍കിയ വ്യാഖ്യാനങ്ങള്‍ ചികഞ്ഞെടുത്തു ശറഇനെ വ്യവഛേദിക്കുകയാണ്. ഈ ദൌത്യത്തില്‍ വിജയിച്ച ഇമാം ശാഫിഈ(റ)ന് പത്ത് ലക്ഷത്തില്‍ പരം ഹദീസുകളില്‍ പ്രാവീണ്യമുണ്ടായിരുന്നുവെന്നു ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പുറമെ മറ്റു വിജ്ഞാന ശാഖകളില്‍ വ്യുല്‍പത്തി സ്വന്തമാക്കാനായാലേ ഇജ്തിഹാദിന്റെ പദവി അലങ്കരിക്കാനാകൂ. ഈ വിധമൊരു ജ്ഞാന സമുദ്രമാകുക ഇന്നത്തെ സാഹചര്യത്തില്‍ അസാധ്യം തന്നെയാണ്.
ശറഈ വിജ്ഞാനത്തില്‍ സമുദ്രസമാനമായ പാണ്ഢിത്യം മാത്രം ഒരു ശയ്ഖിനെ രൂപപ്പെടുത്തില്ല. ബാഹ്യവും ആന്തരീകവുമായ ശറഈ ജീവിതം അയാള്‍ നയിക്കുക എന്ന തും പ്രധാനമാണ്. ആധ്യാത്മ രംഗത്തെ അതികായനായ ശയ്ഖ് അബ്ദുല്‍ഖാദിറുല്‍ ജീ ലാനി(റ) പറയുന്നതു കാണുക: “എല്ലാ രംഗത്തും അവസ്ഥകളിലും ശറഇനെ കൂട്ടുകാരനായി കൂട്ടാത്തവന്‍ അങ്ങേയറ്റത്ത നാശകാരികളില്‍ പെട്ടവനാണെന്നു മനസ്സിലാക്കണം” (അല്‍ഫത്ഹുര്‍റബ്ബാനി: 160). ശറഈ മര്യാദകള്‍ പാലിക്കുന്നവനെയല്ലാതെ ത്വരീഖതിന്റെ കാര്യത്തില്‍ വിശ്വസിക്കാന്‍ പറ്റുന്നതല്ലെന്നു മഹാന്മാര്‍ പറഞ്ഞിരിക്കുന്നതും ഇതിനോട് നാം കൂട്ടി വായിക്കേണ്ടതുണ്ട് (ഹിദായ: 190). ശയ്ഖിന്റെ യോഗ്യതകള്‍ വിശദീകരിക്കവെ ഇമാം ഗസാലി(റ) പറഞ്ഞു. “തര്‍ബിയതിനു യോഗ്യനാകണമെങ്കില്‍ ശയ്ഖ് തികഞ്ഞ പണ്ഡിതനാകണം. എന്നു കരുതി ഏതു പണ്ഡിതനും ശയ്ഖാകാന്‍ കഴിയുമെന്നു ധരിക്കരുത്. ശയ്ഖിന്റെ യോഗ്യതകളില്‍ പ്രധാനപ്പെട്ട ഒന്നാണു സ്വന്തമായി ശരീരത്തെ മെരുക്കിയെടുക്കല്‍. തീറ്റ, ഉറക്ക്, സംസാരം എന്നിവ കുറച്ചും നിസ് കാരവും ദാനധര്‍മവും നോമ്പും പെരുപ്പിച്ചുമാണ് ഈ സ്വയം സംസ്കരണം സാധ്യമാക്കേണ്ടത്” (രിസാലതു അയ്യുഹല്‍ വലദ്: 18).
ആത്മീയ ഗുരുവിന്റെ ഇബാദത്തിനെപ്പറ്റി ചരിത്രത്തില്‍ നിന്നു ധാരാളം പാഠങ്ങള്‍ ലഭിക്കുന്നതാണ്. നിര്‍ബന്ധ കര്‍മങ്ങളിലും തിരുനബി(സ്വ)യുടെ സുന്നത്തുകളിലും യാതൊ രു വീഴ്ചയും വരുത്താതിരിക്കുകയാണു പ്രധാനം. സല്‍കര്‍മ നിരതനായിരിക്കണം ശയ്ഖ്. പൂര്‍വ കാലത്തെ മഹാന്മാരുടെ ജീവിതത്തില്‍ നിന്നും ഇക്കാര്യം വ്യക്തമാകുന്നതാണ്. ശയ്ഖ് ജീലാനി(റ) ശരീഅതനുസൃത കര്‍മങ്ങള്‍ അത്ഭുതാവഹമായി കൊണ്ടു നടന്നിരുന്നതായി കാണാം. നാല്‍പതു വര്‍ഷത്തോളം അന്തിയുറക്കില്ലാതെ മഹാന്‍ ഇ ബാദത്തില്‍ കഴിച്ചുകൂട്ടിയതായി ചരിത്രം പറയുന്നു. ശയ്ഖ് അബൂഅബ്ദില്ലാ മുഹമ്മദ് കനാനി(റ) പറയുന്നു: ആധ്യാത്മ ജ്ഞാനികളുടെ ഗുരുവായ അബൂഅബ്ദില്ലാ മുഹമ്മദ്ബ്ന്‍ അബില്‍ ഫതഹുല്‍ ഹര്‍വീ(റ) പറയുന്നതായി ഞാന്‍ കേട്ടു: “എന്റെ ഗുരു ശയ്ഖ് ജീലാനി(റ)നു ഞാന്‍ നാല്‍പതു വര്‍ഷം സേവനം ചെയ്തു. അക്കാലയളവില്‍ ഇശാഇനെടുത്ത വുളു മുറിയാതെ ശയ്ഖവര്‍കള്‍ സ്വുബ്ഹ് നിസ്കരിക്കുക പതിവായിരുന്നു” (ബഹ്ജ: 85).
ഇതിനു സമാനമായ നിരവധി സംഭവങ്ങള്‍ ശയ്ഖിന്റെ ജീവിതത്തില്‍ നിന്നുദ്ധരിക്കാനുണ്ട്. അതുപോലെ അറിയപ്പെട്ട മറ്റെല്ലാ ശയ്ഖുമാരുടെ ജീവിതത്തിലും ഇബാദത്തിന്റെ കണിശതയും ധാരാളിത്തവും കണ്ടെത്താം. ത്വരീഖതിലൂടെ മറ്റുള്ളവരെ ആത്മീയ രംഗത്തേക്കു ആനയിക്കുന്ന മഹാപുരുഷന്‍ എന്ന നിലക്ക് ശരീഅതിന്റെ ജീവിക്കുന്ന പതിപ്പായി ശയ്ഖ് മാറണമെന്നത് ഏതു ബുദ്ധിയും സമ്മതിക്കുന്നതാണ്. വലിയ്യ് ആകണമെങ്കില്‍ തന്നെ നിര്‍ബന്ധങ്ങള്‍ക്കു പുറമെ സുന്നത്തുകള്‍ വര്‍ധിപ്പിക്കുകയാണ് ആവശ്യമെന്നു ഹദീസില്‍ കാണാം. വളരെ പ്രസിദ്ധനായി ജനങ്ങള്‍ മനസ്സിലാക്കിയ ഒരു ശയ്ഖ് ഖിബ്ലയുടെ ഭാഗത്തേക്കു തുപ്പിയതു കണ്ട അബൂയസീദുല്‍ബിസ്ത്വാമി(റ) തങ്ങള്‍ അ യാളെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ കൊള്ളില്ലെന്നു പറഞ്ഞു മുഖം കാണാന്‍ ഇഷ്ടപ്പെടാതെ മടങ്ങിയതു ചരിത്രത്തില്‍ കാണാം. തിരുനബി(സ്വ) തങ്ങള്‍ തുപ്പുന്ന കാര്യത്തില്‍ കാണിച്ചു തന്ന ഒരു മര്യാദ ഒഴിവാക്കി എന്നതാണ് അബൂയസീദ് തങ്ങളെ ചൊടിപ്പിച്ചത്. ശയ്ഖിന് ശറഈ ജീവിതം എത്രത്തോളം വേണമെന്ന് ഇപ്പറഞ്ഞതില്‍ നിന്നു ഗ്രഹിക്കാം.
അഗാധജ്ഞാനം, ഇബാദത്തില്‍ കണിശത എന്ന രണ്ടു കാര്യങ്ങളില്‍ തിളങ്ങാനാകാത്ത വരെ ഒരു നിലക്കും ത്വരീഖതിന്റെ പേരില്‍ മഹത്വപ്പെടുത്താവുന്നതല്ല. അങ്ങനെ മഹത്വപ്പെടുത്തുന്നതു ത്വരീഖതിനെയും ശരീഅതിനെയും ഒരുപോലെ അവമതിക്കുന്നതിനു തുല്യമാണ്.
മേല്‍ പറഞ്ഞതിനു പുറമെ ശയ്ഖിനുണ്ടായിരിക്കേണ്ട നിരവധി ഗുണങ്ങളെക്കുറിച്ചു പണ്ഢിതന്മാര്‍ വേറെയും വിവരിച്ചതായി കാണാം. ശയ്ഖ് അബ്ദുല്‍ അസീസ്(റ) ഉദ്ധരിക്കുന്നു: “തര്‍ബിയതിന്റെ ശയ്ഖിന് ഒരുപാടു ബാഹ്യഗുണങ്ങള്‍ ഉണ്ടായിരിക്കണം. ജനങ്ങളെ സംബന്ധിച്ചടത്തോളം ആരോടും നീരസം കാണിക്കാത്ത മനസ്സിന്റെ ഉടമയാവുക, സമുദായത്തില്‍ ഒരാളും ശത്രുവായി ഇല്ലാതിരിക്കുക, തികഞ്ഞ മാന്യനാവുക, ആരെങ്കിലും വല്ലതും ചോദിച്ചാല്‍ അതു നല്‍കുവാനും ആരെങ്കിലും തന്നോട് അവിവേകം ചെയ്താല്‍ അവനെ ഇഷ്ടപ്പെടുവാനും തയ്യാറാവുക, തന്റെ മുരീദുകളില്‍ നിന്നുണ്ടാകുന്ന പിഴവുകള്‍ക്കു മാപ്പു നല്‍കുക തുടങ്ങിയവ അക്കൂട്ടത്തില്‍ ചിലതാണ്. ഇത്തരം ലക്ഷണങ്ങള്‍ ബാഹ്യമായി തന്നെ പ്രകടമാകാത്തവന്‍ ശയ്ഖാവാന്‍ പറ്റിയവനല്ല. ഇല്‍മുല്‍ ഫിഖ്ഹില്‍ നിന്നും ഇല്‍മുത്തൌഹീദില്‍ നിന്നും വേണ്ടത്ര ജ്ഞാനം ഉണ്ടാ യിരിക്കലും ഈ കൂട്ടത്തില്‍ പെട്ടതാണ്. ആന്തരിക-ബാഹ്യജ്ഞാനങ്ങളില്‍ നിന്നും സ മ്പൂര്‍ണ വിഹിതം കിട്ടാത്തവന്‍ ശയ്ഖായി വന്നാല്‍ അവനെ പിന്തുടര്‍ന്നവര്‍ ഹലാകില്‍ എത്താന്‍ അധിക ദൂരം സഞ്ചരിക്കേണ്ടതായി വരുന്നതല്ല” (അല്‍ ഇബ്രീസ്: 235).
മുഹമ്മദ്ബ്ന്‍ ഉമര്‍(റ) പറയുന്നു: “സ്വൂഫീ ത്വരീഖതില്‍ ശയ്ഖിന്റെ പദവി മഹത്വം നിറഞ്ഞതാകുന്നു. ശരീഅതിന്റെയും ഹഖീഖതിന്റെയും ജ്ഞാനങ്ങള്‍ സമന്വയിച്ച, സ്വഭാവത്തിലും അനുഷ്ഠാനത്തിലും സമ്പൂര്‍ണനായ വ്യക്തിത്വത്തെയാണു ശയ്ഖ് എന്ന നില ക്ക് അവര്‍ അവതരിപ്പിക്കുന്നത്. പരിപക്വമായ അകംകാഴ്ചയുടെ പിന്‍ബലത്തോടെ അല്ലാഹുവിലേക്കു ക്ഷണിക്കുകയും തന്നെ പിന്തുടര്‍ന്നവരെ സത്യപാതയിലൂടെ ആനയിക്കുകയുമാണു ശയ്ഖിന്റെ ദൌത്യം. സത്യത്തില്‍ പ്രവാചകത്വത്തിന്റെ ഒരര്‍ഥത്തിലുള്ള പകരവും പ്രാതിനിധ്യവും വഹിക്കുകയാണ് ആത്മീയ ഗുരു ചെയ്യുന്നത്” (മഖാലതുന്നാസ്വിഹീന്‍: 62).
ശയ്ഖ് മുഹമ്മദ് അമീന്‍-അല്‍കുര്‍ദീ(റ) രേഖപ്പെടുത്തുന്നു: “മുര്‍ശിദില്‍ താഴെ പറയു ന്ന കാര്യങ്ങള്‍ അനിവാര്യമാകുന്നു. (1) തന്റെ മുരീദുകള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കാനുതകുന്ന വിശ്വാസ-കര്‍മ ശാസ്ത്രങ്ങളിലെ തികഞ്ഞ അറിവ്. (2) ഹൃദയത്തിന്റെ രോഗങ്ങള്‍ അവയുടെ മരുന്നുകള്‍ എന്നിവ അറിഞ്ഞിരിക്കുക. ദേഹേഛയുടെ ആപത്തുകളും അവ ശരിപ്പെടുത്താന്‍ ഉതകുന്ന ശിക്ഷണ രീതികളും അറിഞ്ഞിരിക്കുക. മാനസിക പൂര്‍ണതയില്‍ മുരീദിനെ എത്തിക്കാനുതകുന്ന ആത്മീയ ബോധം ഉണ്ടായിരിക്കുക. (3) മൊത്തത്തില്‍ മുസ്ലികളോടും വിശേഷിച്ചു മുരീദുകളോടും കാരുണ്യവും സ്നേഹവും. (4) മുരീദുകളില്‍ നിന്നു തന്നോടു പ്രകടമാകുന്ന ചില്ലറ അപാകതകള്‍ കണ്ടില്ലെന്നു നടിക്കാനള്ള സഹിഷ്ണുത. (5) മുരീദുകളുടെ സമ്പത്തില്‍ ആഗ്രഹം വെക്കാതിരിക്കലും അവരുടെ കൈവശമുള്ളതു കിട്ടണമെന്നു മോഹിക്കാതിരിക്കലും. (6) പറയുന്ന കാര്യങ്ങള്‍ അപ്പടി പ്രവര്‍ത്തിക്കലും വിലക്കുന്ന കാര്യങ്ങള്‍ ആദ്യം തന്നെ സ്വയം ഉപേക്ഷിക്കലും. (7) മുരീദുകള്‍ക്കൊത്ത് ആവശ്യത്തിനല്ലാതെ ഇരിക്കാതിരിക്കലും തങ്ങളുടെ ഇബാദത്ത് ശരിയാകാനും ചീത്ത ചിന്തകള്‍ പോയിമറയാനും ഉതകുന്നവിധം ശരീഅതിന്റെയും ത്വരീഖതിന്റെയും ഉല്‍ബോധനങ്ങള്‍ നല്‍കല്‍. (8) അനാവശ്യ സംസാരം, തമാശ, ദേഹേഛാനുസൃത കൃത്യങ്ങള്‍ അനാവശ്യ ചിന്ത എന്നിവയില്‍ നിന്നു പാടെ മുക്തമാവല്‍. (9) സ്വന്തം കാര്യത്തില്‍ സഹിഷ്ണുവാകലും തന്നെ ആദരിക്കണമെന്നും അംഗീകരിക്കണമെന്നുമുള്ള മോഹം ഉപേക്ഷിക്കലും. (10) മുരീദിന് ആവശ്യമായ ശിക്ഷണം നല്‍കുന്നതില്‍ തികഞ്ഞ ശ്രദ്ധാലുവാകല്‍. (11) ആരും കടന്നുവരാത്ത വിധം തനിക്കു മാത്രമായി ഏകാന്ത വാസത്തിനുതകുന്ന ഒരിടം ഉണ്ടാവല്‍. (12) ഭരണകര്‍ത്താക്കള്‍, പൌരപ്രമുഖര്‍ തുടങ്ങിയവരെ ചെന്നു കാണാതിരിക്കല്‍. ഇത്തരം ഒട്ടേറെ ഗുണങ്ങള്‍ ഒരു ശയ്ഖില്‍ അനിവാര്യമാകുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്വഹാബികള്‍ക്കിടയില്‍ തിരുനബി(സ്വ) വഹിച്ച പങ്ക് മുരീദുകള്‍ക്കിടയില്‍ വഹിക്കാന്‍ ശയ്ഖ് പ്രയത്നിക്കണം. തിരുനബി(സ്വ)യുടെ ചര്യയില്‍ അയാള്‍ മാതൃകായോഗ്യനാകണം (തന്‍വീറുല്‍ ഖുലൂബ്: 525-527).
അഹ്മദ്ള്വിയാഉദ്ദീന്‍(റ) ഉദ്ധരിക്കുന്നു: “ശയ്ഖിന്റെ ഗുണങ്ങള്‍ അഞ്ചാണ്. വ്യക്തമായ ആത്മീയ ശുദ്ധി, ശരിയായ ജ്ഞാനം, ഉയര്‍ന്ന മനക്കരുത്ത്, സംതൃപ്തമായ അവസ്ഥ, തുളഞ്ഞ അകംകാഴ്ച. ഇനി പറയുന്ന അഞ്ചെണ്ണം ആരിലെങ്കിലും മേളിച്ചാല്‍ അവന്‍ ശയ്ഖാകാന്‍ യോഗ്യനല്ല. ദീന്‍കാര്യത്തില്‍ അജ്ഞത, മുസ്ലിംകളുടെ മാന്യത ഇടിച്ചു താഴ്ത്തല്‍, ആവശ്യമില്ലാത്തതില്‍ ഇടപെടല്‍, ദേഹേഛയെ പിന്‍പറ്റല്‍, ചീത്ത സ്വഭാ വം” (ജാമിഉല്‍ഉസ്വൂല്‍: 18).
സ്വൂഫീയുടെ ഗുണങ്ങള്‍ വിവരിക്കവെ ഇമാം ഗസ്സാലി(റ) എഴുതുന്നതു കാണുക: “സം സാരത്തില്‍ കഠിന പ്രയോഗങ്ങള്‍ വെടിയല്‍, ശരീഅതിന്റെ ജ്ഞാനം മുറുകെ പിടി ക്കല്‍, പ്രയത്നം പതിവാക്കല്‍, പരിശ്രമം നിത്യമാക്കല്‍, ജനങ്ങളില്‍ നിന്ന് ഒറ്റപ്പെടല്‍, വസ്ത്രങ്ങളില്‍ ആര്‍ഭാടം വെടിയല്‍, തവക്കുല്‍ പ്രകടമാക്കല്‍, ഇല്ലായ്മയെ തിരഞ്ഞെടുക്കല്‍, സദാസമയ ദിക്ര്‍, സഹവര്‍തിത്വം നന്നാക്കല്‍, കൌമാരക്കാരായ ആണ്‍കുട്ടികളെ കാണുമ്പോള്‍ ദൃഷ്ടിതാഴ്ത്തല്‍, പെണ്‍ സൌഹൃദം ഒഴിവാക്കല്‍, ഖുര്‍ആന്‍ പഠനം ജ്വരമാക്കല്‍” (അല്‍അദബു ഫിദ്ദീന്‍: 7).
മതപരമായി വിവരമില്ലാത്തവനു ശയ്ഖാകാന്‍ പോയിട്ടു വലിയ്യ് പോലുമാകാന്‍ വകുപ്പി ല്ലെന്നാണു പണ്ഢിതമതം. ഇബ്നു ഹജറില്‍ ഹയ്തമി(റ) പറയുന്നു: “അറിഞ്ഞിരിക്കല്‍ നിര്‍ബന്ധമായ കാര്യങ്ങള്‍ പഠിക്കാത്തവന്‍ വലിയ്യാകാന്‍ അര്‍ഹനല്ല. അതുകൊണ്ടു യാതൊരു വിവരവുമില്ലാത്ത ഒരുത്തന്‍ വലിയ്യാകണമെന്നു അല്ലാഹു ഉദ്ദേശിച്ചാല്‍ അവന്ന് ആദ്യം പഠിക്കാനുള്ള അവസരവും മന:സ്ഥിതിയും അല്ലാഹു സൃഷ്ടിച്ചു കൊ ടുക്കുന്നതാണ്. അവ പഠിച്ചു പ്രാവര്‍ത്തികമാക്കുന്നതിനനുസരിച്ച് ആത്മജ്ഞാനം നല്‍ കി ഉയര്‍ത്തും. ശരീഅതിന്റെ ജ്ഞാനം വ്യവസ്ഥാപിതമായി പഠിക്കാതെ കിട്ടുന്നതല്ല. ഇമാം ഇബ്നു അറഫല്‍ മാലികീ(റ) പറയുന്നു:
“ശരീഅതിന്റെ അറിവുകള്‍ പഠിക്കാതെ കിട്ടില്ലെന്നത് ഐക്യകണ്ഠേനയുള്ള അഭിപ്രാ യമാകുന്നു. അതേസമയം ഔലിയാഇന് ഇതിനപ്പുറം ലഭിക്കുന്ന ജ്ഞാനം ആത്മീയ മാണ്. അവ ഒരു മാധ്യമത്താല്‍ കരസ്ഥമാകുന്നതല്ല. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള ഔദാര്യത്താല്‍ കിട്ടുന്നതാണ്” (ഫതാവല്‍ഹദീസിയ്യ: 93).
ഈ പറഞ്ഞതില്‍ നിന്ന് രണ്ടു കാര്യങ്ങള്‍ മനസ്സിലായി. ഒന്ന്- അത്യന്താപേക്ഷിതമായ ശറഈ ജ്ഞാനങ്ങള്‍ വ്യവസ്ഥാപിതമായി പഠിക്കാതെ വലിയ്യുണ്ടാകില്ല. രണ്ട്- അങ്ങനെ പഠിച്ചു അനുഷ്ഠാന നിഷ്ട ഉണ്ടായാല്‍ ആത്മജ്ഞാനങ്ങള്‍ കിട്ടിക്കൊണ്ടിരി ക്കാതെയും വലിയുണ്ടാകില്ല. വലിയ്യിന്റെ വ്യവസ്ഥ തന്നെ ഇതാണെങ്കില്‍ പിന്നെ ശയ് ഖിന്റെ കാര്യം പറയാനില്ലല്ലോ.
മുറബ്ബിയായ ശയ്ഖ്
ഇതുവരെ ചര്‍ച്ച ചെയ്തതു ത്വരീഖതില്‍ ശയ്ഖിനുണ്ടായിരിക്കേണ്ട മര്യാദകളാണല്ലോ. മേല്‍പറഞ്ഞ ഗുണങ്ങള്‍ മേളിച്ച ഗുരുവിനെയാണു സ്വൂഫീ സാങ്കേതിക ഭാഷയില്‍ ‘മുറബ്ബിയായ ശയ്ഖ്’ എന്നു പറയുന്നത്. ത്വരീഖതില്‍ ശയ്ഖ് എന്നു നിരുപാധികം പറഞ്ഞാല്‍ അതു മുറബ്ബിയാണെന്നു മനസ്സിലാക്കണം. കാരണം, ത്വരീഖതിനെ പൂര്‍ണാര്‍ഥത്തില്‍ പ്രാപിക്കുന്നവനും പ്രചരിപ്പിക്കുന്നവനും മുറബ്ബി ആകണമെന്നതാണു തത്വം. ശയ്ഖുത്ത്വരീഖത് എന്നതു ശയ്ഖുത്തര്‍ബിയതിന്റെ മറ്റൊരു നാമമായി പണ്ഢിതന്മാര്‍ പരിചയപ്പെടുത്തിയതില്‍ നിന്നും ഇക്കാര്യം വ്യക്തമാകുന്നതാണ്.
ശയ്ഖുത്തര്‍ബിയതാണെന്ന വാദത്തിന്റെ പശ്ചാത്തലത്തിലാണു പല വ്യാജ ത്വരീഖതുകളും തങ്ങളുടെ നായകന്മാരെ അവതരിപ്പിക്കുന്നത്. തര്‍ബിയതിന്റെ ശയ്ഖുമാര്‍ പര ക്കെ പ്രത്യക്ഷപ്പെടുകയും ആത്മീയ ശിക്ഷണത്തിനു നേതൃത്വം നല്‍കുകയും ചെയ്യുന്നുവെന്ന് ഇവര്‍ വാദിക്കുന്നു. ഇക്കാര്യത്തില്‍ ആധികാരികമായി സംസാരിക്കാന്‍ അര്‍ഹതപ്പെട്ടവര്‍ ശയ്ഖുത്തര്‍ബിയതിന്റെ ഈ പെരുപ്പത്തെ അംഗീകരിച്ചു കാണുന്നില്ല. ഇമാം അഹ്മദ് സൂറൂഖ്(റ)ന്റെ വീക്ഷണപ്രകാരം തര്‍ബിയതിന്റെ ശയ്ഖുമാര്‍ ഹിജ്റ: 800-ല്‍ തന്നെ തിരോധാനം കൊണ്ടിട്ടുണ്ട്. ‘തര്‍ബിയത’ എന്ന ലേഖനത്തില്‍ ഇതു സംബന്ധമായ വിവരണം കാണാം. സൂറൂഖിന്റെ വീക്ഷണത്തെ ശരിവെച്ച് ഇമാം ശാലിയാതി(റ) പറഞ്ഞത്, കള്ള ശയ്ഖുമാര്‍ പെരുത്തതു കാരണം സമ്പൂര്‍ണ ശയ്ഖുമാര്‍ ഉണ്ടെങ്കില്‍ തന്നെ തര്‍ബിയത് നിറുത്തിവെച്ചിരിക്കുന്നുവെന്നും കാര്യങ്ങള്‍ അവതാളത്തിലായതിനാല്‍ അവര്‍ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കുകയാണെന്നും ആത്മീയ ശക്തികൊണ്ട് അവരെ കണ്ടെത്താനായാല്‍ തന്നെ തര്‍ബിയതിനു നില്‍ക്കാതെ തബര്‍റുകിനു വല്ലതും തന്ന് അവര്‍ തടി രക്ഷപ്പെടുത്തുമെന്നുമാണ് (ഫതാവല്‍അസ്ഹരിയ്യ: 1/55).
വസ്തുത ഇതായിരിക്കെ മുറബ്ബിയായ ശയ്ഖെന്നത് ഇക്കാലത്തു സ്വപ്നം മാത്രണ്. ഏ തെങ്കിലും ലോകത്ത് അങ്ങനെ ഒരാള്‍ ഉണ്ടെങ്കിലായി എന്നേ പറയാവൂ. ‘അന്‍ഖാഅ്’ എന്ന് പറയുന്ന ഒരു രാക്ഷസ പക്ഷിയോടാണു ശയ്ഖുത്ത്വരീഖതിനെ പണ്ഢിതന്മാര്‍ ഉപമിച്ചിരിക്കുന്നത്. പൂര്‍വീക പ്രവാചകന്മാരിലൊരാളായ ഹന്‍ളലതുബ്ന്‍ സഫ്വാന്റെ കാലത്തെ മനുഷ്യറാഞ്ചി പക്ഷിയാണത്രെ അന്‍ഖാഅ്. ആ പക്ഷി ഇന്നുണ്ടോ എന്നത് അജ്ഞാതമാണ്. ഉണ്ടെങ്കില്‍ തന്നെ മനുഷ്യനെ റാഞ്ചല്‍ എന്ന കൃത്യം അതു നിര്‍ത്തിവെച്ചിരിക്കും. ലോകത്ത് എവിടെയും അങ്ങനെ ഒരു പക്ഷി ഇല്ലെന്നു പറയാന്‍ കൃത്യമായ രേഖയില്ല. ഉണ്ടെന്നു വെക്കാന്‍ ഒറ്റപ്പെട്ട മനുഷ്യറാഞ്ചല്‍ പോലും നടക്കുന്നുമില്ല. ഈ അവസ്ഥയില്‍ ഉണ്ടാകാം. പക്ഷേ, പഴയ പണി ഉണ്ടാകില്ല എന്നു പറയുന്നതു പോലെ ശയ്ഖുത്തര്‍ബിയതും ഉണ്ടാകും. പക്ഷേ, തര്‍ബിയതില്ലെന്നുവെക്കണം എണാ ണു പണ്ഢിതന്മാര്‍ വാദിക്കുന്നത്. ശയ്ഖുത്തര്‍ബിയത് തീരെ ഇല്ലെന്നു പറയാന്‍ അവര്‍ ധൈര്യപ്പെടാത്തത് പൂര്‍വ കാലങ്ങളില്‍ അവര്‍ ഉണ്ടാവുകയും തര്‍ബിയത് വ്യാപകമായി തന്നെ നടന്നു വരികയും ചെയ്തിരുന്നതു കൊണ്ടു മാത്രമാണ്.
മുറബിയായ ശയ്ഖിന്റെ തിരോഭാവത്തെപ്പറ്റി പറയുമ്പോള്‍ നേരത്തെ ഇമാം ഖുശയ്രി (റ) രിസാലയില്‍ ഉദ്ധരിച്ചതു പ്രസ്താവ്യമാണ്. പൂര്‍ണരായ ത്വരീഖതിന്റെ പണ്ഢിതന്മാര്‍ കുറഞ്ഞു വന്നു എന്നാണു മഹാന്‍ സ്ഥാപിച്ചത്. ഈ യാഥാര്‍ഥ്യങ്ങള്‍ ത്വരീഖതിന്റെ കറകളഞ്ഞതും യാഥാര്‍ഥ്യപൂരിതവുമായ കാലം കഴിഞ്ഞെന്നു ബോധ്യപ്പെടുത്തുന്നു. ഇപ്പോള്‍ ഇക്കാര്യത്തില്‍ അവശേഷിക്കുന്നത് ഏതാനും സംജ്ഞകള്‍ മാത്രമാണ്. ത്വരീഖത്, ഹഖീഖത്, ശയ്ഖ്, മുരീദ് എന്നിങ്ങനെ കുറെ പേരുകള്‍മാത്രം നിലനില്‍ക്കുന്നു. പ്രസ്തുത നാമങ്ങള്‍ പൊരുളറിയാതെ പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു.
ശയ്ഖ് പലതരം
ത്വരീഖതില്‍ ശയ്ഖുത്തര്‍ബിയതാണു പ്രധാനം എന്നു നാം പറഞ്ഞു. എന്നാല്‍ പൊതുവില്‍ ശയ്ഖ് എന്ന കീര്‍ത്തിക്കു യോഗ്യരായവര്‍ പലരുമുണ്ടെന്നു പണ്ഢിതന്മാര്‍ പറയുന്നു. ശയ്ഖ് അഹ്മദ് സുറൂഖ്(റ) തന്റെ ഖവാഇദില്‍ ശയ്ഖുമാരെ മൂന്നായി തിരിച്ചിട്ടുണ്ട്. ഒന്ന് – ശയ്ഖുത്തര്‍ബിയത് തന്നെ. രണ്ടാമത്തേത് ശയ്ഖുത്തര്‍ഖിയയാകുന്നു. മുരീദിനെ ഞൊടിയിടകൊണ്ട് ആത്മീയ ലഹരിയില്‍ ആറാടിക്കാന്‍ ആവതുള്ള ശയ്ഖാണിത്. തര്‍ബിയതിന്റെ പദവി പ്രാപിച്ചവനേ ഈ അസാധാരണത്വത്തിനു കഴിയൂ. ‘തര്‍ബിയത്’ എന്ന ലഖേനത്തില്‍ ഈ വിഷയകമായുള്ള സൂചനയുണ്ട്.
മൂന്നാമത്തേത് ശയ്ഖുത്തഅ്ലീമാണ്. ഇന്നും നിലനില്‍ക്കുന്നതും എന്നും നിലനില്‍ക്കേണ്ടതുമായ ഒരു ആത്മീയ ഗുരുവാണു ശയ്ഖുത്തഅ്ലീം. മതവിധികള്‍ പഠിപ്പിക്കുകയും ശരീഅതിന്റെ സജീവത ഉറപ്പാക്കുകയും ചെയ്യുന്ന ഈ വിഭാഗം മതപണ്ഢിതന്മാരായി പ്രവര്‍ത്തിക്കുന്നവരാണ്. ശയ്ഖുത്തര്‍ഖിയയും തര്‍ബിയയും പ്രവര്‍ത്തന ഗോഥയിലില്ലാത്ത ഇക്കാലത്തും ഈ ആത്മീയ ഗുരുക്കന്മാര്‍ അങ്ങേയറ്റത്തെ പ്രാധാന്യമര്‍ഹിക്കുന്നവരാണ്. ഇവരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കല്‍ മുസ്ലിം സമുദായത്തി ന്റെ ബാധ്യതയാണ്. സമുദായത്തിന്റെ മതപരമായ ഔന്നത്യത്തിന് ആവശ്യമായ പ്രവര്‍ ത്തനങ്ങള്‍ നടത്തല്‍ ഇവരുടെ കടമയാകുന്നു. വിജ്ഞാനസംബന്ധമായ ചര്‍ച്ചയില്‍ നീണ്ട വിവരണം ഇക്കാര്യത്തെപ്പറ്റി കാണാവുന്നതാണ്.
ശയ്ഖുത്തഅ്ലീമിന്റെ ദൌത്യം മഹത്തായതാണ്. ഒരിക്കലും നിറുത്തിവെക്കാന്‍ ആകാത്തതും പ്രവാചകത്വത്തിന്റെ പിന്തുടര്‍ച്ചയായി തന്നെ വരുന്നതുമാണത്. സമൂഹത്തിലെ സാധാരണക്കാരന്റെ ഏക ആശ്രയം ഈ വിഭാഗമാകുന്നു. നബി(സ്വ)യുടെ ജീവിതം ഈ വിഭാഗത്തിന് ഉത്തമ മാതൃകകള്‍ സമ്മാനിച്ചിട്ടുണ്ട്. എന്നെ ഒരു മുഅല്ലിമാക്കി അ ല്ലാഹു പറഞ്ഞയച്ചുവെന്നും ഉലമാഅ് നബിമാരുടെ അനന്തരാവകാശികള്‍ ആണെന്നുമൊക്കെയുള്ള വചനങ്ങള്‍ ഇതിനു മതിയായ തെളിവാണ്. പണ്ഢിതന്മാരുടെ ദൌത്യ ത്തെക്കുറിച്ചു വിവരിക്കവെ നബി(സ്വ) പറഞ്ഞത് – ‘സമൂഹത്തില്‍ പുത്തന്‍ ഭാവങ്ങള്‍ പ്രകടമാവുകയും പണ്ഢിതന്മാര്‍ മൌനം പാലിക്കുകയും ചെയ്താല്‍ അവര്‍ക്കുമേല്‍ ഇലാഹീ ശാപമുണ്ടാകുമെന്നാണ്.’ ശയ്ഖുത്തഅ്ലീമിന്റെ കടുത്ത ബാധ്യതയെയാണ് നബി(സ്വ) ഓര്‍മപ്പെടുത്തുന്നത്.
ദു:ഖകരമെന്നു പറയട്ടെ, പരലോകത്തെ മുന്നില്‍ കാണുന്നവരും ആത്മാര്‍ഥത പുലര്‍ത്തുന്നവരുമായ പണ്ഢിതന്മാര്‍ക്കു വരെ രക്ഷയില്ലാത്ത സ്ഥിതിയാണു വളരുന്നത്. ഒരുഭാഗത്തു ബിദ്അത്തുകാര്‍ ഉലമാഇന്റെ വില ഇടിച്ചു താഴ്ത്താന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നു. അല്‍പം പരിഷ്കരണ ബോധമുള്ളവര്‍ അതില്‍ അകപ്പെട്ടു മതം നഷ്ടപ്പെട്ടവരാകുന്നു. മറ്റൊരു ഭാഗത്തു ത്വരീഖതിന്റെ പേരില്‍ പണ്ഢിത വ്യൂഹത്തെ പ്രതിക്കൂട്ടില്‍ കയറ്റുന്ന വിരോധഭാസം നടക്കുന്നു. ത്വരീഖത് വിഷയത്തില്‍ ഉലമാഉശ്ശരീഅതിനു യാതൊരു പങ്കുമില്ലെന്നും അതുകൊണ്ടു ത്വരീഖതിന്റെ പേരില്‍ വിശ്വസിക്കുന്നതും ആചരിക്കുന്നതുമായ ആശയങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അവരുടെ ഭാഗത്തു നിന്ന് അന്വേഷണങ്ങളും പരാതികളും ഉയരരുതെന്നുമാണ് ഇവരുടെ വാശി. ഈ പശ്ചാത്തലത്തില്‍ നിസ്വാര്‍ഥരായ പണ്ഢിതന്മാരുടെ മാറ്റുരച്ചു കാണിക്കുകയും സമൂഹത്തെ കാര്യക്ഷമമായി ബോധവല്‍ക്കരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അല്ലാതിരുന്നാല്‍ നഷ്ടമാകുന്നതു വിശുദ്ധ ഇസ്ലാമിന്റെ ചൈതന്യമാകും. ഒരു കാര്യത്തിന് അടിവരയിടുക. ശരീഅതാകുന്ന പാത താണ്ടി വേണം ത്വരീഖതില്‍ പരിലസിക്കാന്‍. എന്നിരിക്കെ എങ്ങനെയാണു ത്വരീഖതില്‍ എത്തിപ്പെട്ട ഒരാള്‍ക്കു ശരീഅതിനെയോ ശറഈ പണ്ഢിതന്മാരെയോ അവഗണിക്കാന്‍ കഴിയുക?. ആദരവിന്റെയും സ്നേഹത്തിന്റെയും കണ്ണോടെ കാണാനല്ലെ സാധിക്കൂ. ഈ വവസ്തുത സത്യമായ ത്വരീഖതിന്റെ ചരിത്രത്തില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്. ഉഖ്റവിയായ പണ്ഢിതന്മാരെ ചെറുതായി കാണുന്നവര്‍ക്കു ത്വരീഖതധിഷ്ടിതമായ ജീവിതം ഒരിക്കലും സാധ്യമല്ല.
ശയ്ഖുത്തഅ്ലീമിന്റെ നിര്‍ദേശത്തിനും ഉപദേശത്തിനും മുതഅല്ലിമും സാധാരണക്കാരനും വില കല്‍പിക്കണം. മതപരമായ മുന്നേറ്റങ്ങളില്‍ അവരോടു നടത്തുന്ന മുശാവറ വളരെ വലുതാണ്. വിവരമുള്ളവരും ഇല്ലാത്തവരും തുല്യമാണോ എന്ന വിശുദ്ധ ഖുര്‍ആന്റെ ചോദ്യവും നിങ്ങളില്‍ നിന്ന് ജ്ഞാനികളെ അനുസരിക്കണമെന്ന ആജ്ഞയും ഈ കാര്യം അടിവരയിടുന്നുണ്ട്.
ശയ്ഖുത്തബര്‍റുക്
ശയ്ഖുത്തബര്‍റുക് എന്ന പേരില്‍ ഒരു വിഭാഗത്തെ ചില പണ്്ഢിതന്മാര്‍ പരിചയപ്പെടുത്തിയതു കാണാം. തബര്‍റുക് എന്ന പദത്തിന്റെ അര്‍ഥം ‘പുണ്യം കൊള്ളല്‍’ എന്നാണ്. ജനങ്ങള്‍ക്കു ബറകതിനു വേണ്ടി നിലകൊള്ളുന്ന വ്യക്തിത്വങ്ങളാണിവര്‍. ശയ്ഖുല്‍ ഇര്‍ശാദ് എന്ന പേരിലും ഇവര്‍ അറിയപ്പെടാറുണ്ട്. ഇര്‍ശാദ് എന്ന പദം കൊണ്ടര്‍ഥമാക്കുന്നത് സന്മാര്‍ഗദര്‍ശനമാണ്. ഈ ശയ്ഖിന്റെ ദൌത്യം ശിഷ്യന്മാര്‍ക്കു പ്രത്യേക ദിക്റുകളും മറ്റും പഠിപ്പിക്കുകയും അവ ചൊല്ലാന്‍ ഇജാസത് (അനുവാദം) നല്‍കുകയും നല്ല ഉപദേശങ്ങള്‍ നല്‍കുകയുമാണ്.
ശയ്ഖുല്‍ ഇര്‍ശാദ് ഒരിക്കലും ത്വരീഖതിന്റെ ശയ്ഖാകാന്‍ യോഗ്യനല്ല. അതില്‍ കുറ ഞ്ഞ പദവി ഉള്ള ഒരു നാമമാത്ര ഗുരുവായിരിക്കും. ത്വരീഖതിന്റെ പിന്തുടര്‍ച്ചയുടെ പേ രില്‍ സത്യവിശ്വാസികള്‍ക്ക് ആശ്വാസം പകരുന്നു എന്നതു മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രാധാന്യം. അതേ സമയം ഇയാള്‍ ചില്ലറക്കാരനാകാനും പാടില്ല.
ശയ്ഖുല്‍ ഇര്‍ശാദിനും പണ്ഢിതന്മാര്‍ പല നിബന്ധനകളും പറഞ്ഞതു കാണാം. അസ്സയ്ല്‍ വസ്സുലുക് എന്ന ഗ്രന്ഥത്തിലെ പരാമര്‍ശം കാണുക: “സുഹൃത്തേ, അറിഞ്ഞു കൊള്‍ക. ശയ്ഖുല്‍ ഇര്‍ശാദ് തികഞ്ഞ പണ്ഢിതനാകണം. മുരീദിന് ആവശ്യമാകുന്ന, കര്‍മശാസ്ത്രമടക്കമുള്ള അത്യാവശ്യ കാര്യങ്ങളില്‍ അവഗാഹം ഉണ്ടായിരിക്കണം. സമുദ്ര സമാനമായ ദീനീജ്ഞാനം വേണമെന്നില്ല. എങ്കിലും മുരീദിന്റെ സംശയങ്ങള്‍ ക്കു നിവാരണം നല്‍കാന്‍ കഴിവു വേണം. എല്ലാറ്റിനും പുറമെ മുരീദിന്റെ മാനസിക പ്രശ്നങ്ങളും ചപലതകളും അവയ്ക്കുള്ള പരിഹാരങ്ങളും ഗ്രഹിച്ചിരിക്കണം” (130, 131).
മുകളില്‍ പറഞ്ഞതനുസരിച്ചു ശയ്ഖുത്തബര്‍റുകാവല്‍ തന്നെ ശ്രമകരമാണെന്നു വരുന്നു. ഇക്കാലത്തു ത്വരീഖതിന്റെ പേരില്‍ പ്രസിദ്ധരായ വലിയ മഹാന്മാര്‍ തന്നെ ഈ പദവി അവകാശപ്പെടണമെന്നില്ല. ഒരു കാര്യം അടിവരയിടാവുന്നതാണ്. തര്‍ബിയതിന്റെ യുഗം അവസാനിച്ചിട്ടും ലോകത്തു നിലനില്‍ക്കുന്നുവെന്നു പറയുന്ന സത്യമായ ത്വരീഖതുകള്‍ എല്ലാം തന്നെ സ്വീകരിച്ചു വരുന്നതു തബര്‍റുകിന്റെ നിബന്ധനകളും നിയമങ്ങളും ഒത്ത ശയ്ഖുമാരെയാണ്. അതിനകത്താണു കള്ളനാണയങ്ങള്‍ ചേക്കേറിയിരിക്കുന്നത്. അതുകൊണ്ടു പ്രാപ്തരായ പണ്ഢിതന്മാരുടെ കരങ്ങളില്‍ നിന്നല്ലാതെ ത്വരീഖതധിഷ്ഠിത തബര്‍റുക് സ്വീകരിക്കാവുന്നതല്ല.
ശയ്ഖുല്‍ ഇര്‍ശാദ് മുരീദുകള്‍ക്കു മാതൃകയും മാര്‍ഗദര്‍ശിയുമായിട്ടാണു നിലകൊള്ളേണ്ടത്. യഥാര്‍ഥത്തില്‍ പരലോക പണ്ഢിതന്റെ ദൌത്യമാണ് അയാള്‍ നിര്‍വഹിക്കുന്നത്. അതിന് ഒരു പ്രത്യേക ത്വരീഖതിന്റെ പരമ്പരാഗത കാര്‍ക്കശ്യങ്ങളും നിര്‍ബന്ധങ്ങളും നടപ്പില്‍ വരുത്തിയേക്കാവുന്നതാണ്. എന്തായിരുന്നാലും രണ്ടു കാര്യങ്ങള്‍ അടിസ്ഥാനമായി കാണണം. ഒന്നു ഏതു നിര്‍ബന്ധങ്ങളും നിയമങ്ങളും ശരീഅത്തധിഷ്ഠിതമാകണം. രണ്ടാമത്തേത് പാണ്ഢിത്യവും അതിന്റെ അടയാളവും ഉണ്ടാവുകയും വേണം.
ശയ്ഖുല്‍ ഇര്‍ശാദ് മുരീദുകള്‍ക്കു നല്‍കിവരുന്ന ദിക്റുകള്‍ തിരുനബി(സ്വ) പഠിപ്പിച്ചവയോ പഠിപ്പിച്ചതിന്റെ പാശ്ചാത്തലത്തില്‍ വരുന്നവയോ ആയിരിക്കണം. അല്ലാതെ സ്വന്തം തല്‍പര്യത്തിന്റെയും ഇഛയുടെയും പിന്‍ബലത്താല്‍ പണിതുണ്ടാക്കിയവ ആകരുത്. സത്യമായ ത്വരീഖതിന്റെ പാതയില്‍ സഞ്ചരിച്ച മഹാന്മാര്‍ക്കു മാത്രമേ സത്യത്തില്‍ ഇജാസത്തിനു സാധിക്കൂ. അത്തരക്കാരില്‍ നിന്നു കിട്ടുന്ന അദ്കാറുകള്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഉതകും.
ശയ്ഖുല്‍ ഇര്‍ശാദുമാര്‍ ഇക്കാലത്തു വളരെ കൂടുതലുണ്ടാകാമെന്നു വിശ്വസിക്കുന്നതും അബദ്ധമാണ്. അവരും നാമമാത്രമാണെന്നതാണു സത്യം. പേരുകളില്‍ മാത്രമാണ് അധികവും ജീവിക്കുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായേ യഥാര്‍ഥ ഗുണ വിശേഷങ്ങള്‍ ഉള്ളവര്‍ കാണൂ